അലിഫ്-ലാം-റാ. ഒരു പ്രമാണഗ്രന്ഥമത്രെ ഇത്. അതിലെ വചനങ്ങള്‍ ആശയഭദ്രതയുള്ളതാക്കപ്പെട്ടിരിക്കുന്നു. പിന്നീടത് വിശദീകരിക്കപ്പെട്ടിരിക്കുന്നു. യുക്തിമാനും സൂക്ഷ്മജ്ഞാനിയുമായ അല്ലാഹുവിന്‍റെ അടുക്കല്‍ നിന്നുള്ളതത്രെ അത്.
നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുകയും എന്നിട്ട് അവനിലേക്ക് ഖേദിച്ചുമടങ്ങുകയും ചെയ്യുക. എങ്കില്‍ നിര്‍ണിതമായ ഒരു അവധിവരെ അവന്‍ നിങ്ങള്‍ക്ക് നല്ല സൗഖ്യമനുഭവിപ്പിക്കുകയും, ഉദാരമനസ്ഥിതിയുള്ള എല്ലാവര്‍ക്കും തങ്ങളുടെ ഉദാരതയ്ക്കുള്ള പ്രതിഫലം നല്‍കുകയും ചെയ്യുന്നതാണ്. നിങ്ങള്‍ തിരിഞ്ഞുകളയുന്ന പക്ഷം ഭയങ്കരമായ ഒരു ദിവസത്തിലെ ശിക്ഷ നിങ്ങളുടെ മേല്‍ ഞാന്‍ നിശ്ചയമായും ഭയപ്പെടുന്നു.
ശ്രദ്ധിക്കുക: അവനില്‍ നിന്ന് (അല്ലാഹുവില്‍ നിന്ന്) ഒളിക്കാന്‍ വേണ്ടി അവര്‍ തങ്ങളുടെ നെഞ്ചുകള്‍ മടക്കിക്കളയുന്നു.(2) ശ്രദ്ധിക്കുക: അവര്‍ തങ്ങളുടെ വസ്ത്രങ്ങള്‍കൊണ്ട് പുതച്ച് മൂടുമ്പോള്‍ പോലും അവര്‍ രഹസ്യമാക്കുന്നതും പരസ്യമാക്കുന്നതും അവന്‍ അറിയുന്നു. തീര്‍ച്ചയായും അവന്‍ നെഞ്ചുകളിലുള്ളത് അറിയുന്നവനാകുന്നു.
2) സത്യത്തിലേക്ക് ക്ഷണിക്കപ്പെട്ടാല്‍ തല പറ്റെ താഴ്ത്തിക്കൊണ്ട് ഒളിച്ചുപതുങ്ങി പോയിരുന്ന ആളുകളെ പറ്റിയാണ് ഈ വചനമെന്നാണ് ഒരു വ്യാഖ്യാനം. 'നെഞ്ചുകള്‍ മടക്കുന്നു' എന്നതിന് ദേഷ്യം ഉളളിലൊതുക്കുന്നു എന്ന് അര്‍ത്ഥം കല്പിച്ച വ്യാഖ്യാതാക്കളുമുണ്ട്.
ഭൂമിയില്‍ യാതൊരു ജന്തുവും അതിന്‍റെ ഉപജീവനം അല്ലാഹു ബാധ്യത ഏറ്റതായിട്ടല്ലാതെ ഇല്ല. അവയുടെ താമസസ്ഥലവും സൂക്ഷിപ്പുസ്ഥലവും(3) അവന്‍ അറിയുന്നു. എല്ലാം സ്പഷ്ടമായ ഒരു രേഖയിലുണ്ട്.
3) 'സൂക്ഷിപ്പുസ്ഥലം' എന്ന വാക്കിന് ഗര്‍ഭാശയം, താല്‍ക്കാലിക സങ്കേതം എന്നൊക്കെ വ്യാഖ്യാനം നല്‍കപ്പെട്ടിട്ടുണ്ട്.
ആറുദിവസങ്ങളിലായി ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചത് അവനത്രെ. അവന്‍റെ അര്‍ശ് (സിംഹാസനം) വെള്ളത്തിന്‍മേലായിരുന്നു.(4) നിങ്ങളില്‍ ആരാണ് കര്‍മ്മം കൊണ്ട് ഏറ്റവും നല്ലവന്‍ എന്നറിയുന്നതിന് നിങ്ങളെ പരീക്ഷിക്കുവാന്‍ വേണ്ടിയത്രെ അത്. 'തീര്‍ച്ചയായും നിങ്ങള്‍ മരണത്തിന് ശേഷം ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്നവരാണ്' എന്ന് നീ പറഞ്ഞാല്‍ അവിശ്വസിച്ചവര്‍ പറയും; 'ഇത് സ്പഷ്ടമായ ജാലവിദ്യയല്ലാതെ മറ്റൊന്നുമല്ല.'
4) ആകാശഭൂമികളെ സൃഷ്ടിക്കുന്നതിനു മുൻപ് അല്ലാഹു അവൻ്റെ അർശ് സൃഷ്ടിച്ചുവെന്നും അത് ജലത്തിനു മുകളിലായിരുന്നുവെന്നും ഹദീസുകളിൽ കാണാം. അദൃശ്യജ്ഞാനത്തില്‍ നിന്ന് അല്ലാഹു നമുക്ക് അറിയിച്ചു തന്നതിനപ്പുറം പോകാന്‍ നമുക്കാവില്ല.
ഒരു നിര്‍ണിത കാലപരിധി വരെ അവരില്‍ നിന്നും നാം ശിക്ഷ മാറ്റിവെച്ചാല്‍ അവര്‍ പറയുക തന്നെ ചെയ്യും; 'അതിനെ തടഞ്ഞു നിര്‍ത്തുന്ന കാര്യമെന്താണ്' എന്ന്. ശ്രദ്ധിക്കുക. അതവര്‍ക്ക് വന്നെത്തുന്ന ദിവസം അതവരില്‍ നിന്ന് തിരിച്ചുകളയപ്പെടുന്നതല്ല. എന്തൊന്നിനെപ്പറ്റി അവര്‍ പരിഹസിച്ചിരുന്നുവോ അതവരെയാകെ ബാധിക്കുകയും ചെയ്യും.
മനുഷ്യന്ന് നാം നമ്മുടെ പക്കല്‍ നിന്നുള്ള വല്ല കാരുണ്യവും ആസ്വദിപ്പിക്കുകയും, എന്നിട്ട് നാം അതവനില്‍ നിന്ന് എടുത്തുനീക്കുകയും ചെയ്താല്‍ തീര്‍ച്ചയായും അവന്‍ നിരാശനും ഏറ്റവും നന്ദികെട്ടവനുമായിരിക്കും.
അവന്ന് ഒരു കഷ്ടത ബാധിച്ചതിന് ശേഷം നാമവന്ന് ഒരു അനുഗ്രഹം ആസ്വദിപ്പിച്ചുവെങ്കിലോ നിശ്ചയമായും അവന്‍ പറയും; തിന്‍മകള്‍ എന്നില്‍ നിന്ന് ഒഴിഞ്ഞ് പോയിരിക്കുന്നു എന്ന്. തീര്‍ച്ചയായും അവന്‍ ആഹ്ളാദഭരിതനും പൊങ്ങച്ചക്കാരനുമാകുന്നു.
ഇയാള്‍ക്ക് ഒരു നിധി ഇറക്കപ്പെടുകയോ, ഇയാളോടൊപ്പം ഒരു മലക്ക് വരികയോ ചെയ്യാത്തതെന്ത് എന്ന് (നിന്നെപറ്റി) അവര്‍ പറയുന്ന കാരണത്താല്‍ നിനക്ക് നല്‍കപ്പെടുന്ന സന്ദേശങ്ങളില്‍ ചിലത് നീ വിട്ടുകളയുകയും, അതിന്‍റെ പേരില്‍ നിനക്ക് മനഃപ്രയാസമുണ്ടാകുകയും ചെയ്തേക്കാം.(5) എന്നാല്‍ നീ ഒരു താക്കീതുകാരന്‍ മാത്രമാകുന്നു. അല്ലാഹു എല്ലാ കാര്യത്തിന്‍റെയും സംരക്ഷണമേറ്റവനാകുന്നു
5) നിരന്തരം എതിര്‍പ്പുകള്‍ നേരിടുമ്പോള്‍, അസഹ്യമായ പരിഹാസവാക്കുകള്‍ കേള്‍ക്കുമ്പോള്‍ നബി(ﷺ)ക്ക് വിഷമം തോന്നുക സ്വാഭാവികമാണ്. എതിരാളികള്‍ക്ക് ഇഷ്ടപ്പെടാത്ത ചില ഖുര്‍ആന്‍ വാക്യങ്ങള്‍ അവരെ കേള്‍പിക്കാതിരിക്കുന്നതല്ലേ നല്ലതെന്നും ചിലപ്പോള്‍ തോന്നിപ്പോകും. പ്രവാചകന്‍റെ ചുമതല അല്ലാഹുവിൻ്റെ സന്ദേശം പുര്‍ണ്ണമായി ജനങ്ങള്‍ക്ക് എത്തിച്ചു കൊടുക്കുക മാത്രമാണെന്നും, ജനങ്ങളെ വിശ്വസിപ്പിക്കാന്‍ അവിടുന്ന് (ﷺ) ബാദ്ധ്യസ്ഥനല്ലെന്നും അല്ലാഹു ഉണര്‍ത്തുന്നു.
അതല്ല, അദ്ദേഹം അത് കെട്ടിച്ചമച്ചു എന്നാണോ അവര്‍ പറയുന്നത്? പറയുക: എന്നാല്‍ ഇതുപോലെയുള്ള പത്ത് അദ്ധ്യായങ്ങള്‍ ചമച്ചുണ്ടാക്കിയത് നിങ്ങള്‍ കൊണ്ട് വരൂ. അല്ലാഹുവിന് പുറമെ നിങ്ങള്‍ക്ക് സാധിക്കുന്നവരെയെല്ലാം നിങ്ങള്‍ വിളിച്ചുകൊള്ളുകയും ചെയ്യുക. നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍.
അവരാരും നിങ്ങളുടെ വിളിക്ക് ഉത്തരം നല്‍കിയില്ലെങ്കില്‍, അല്ലാഹുവിന്‍റെ അറിവോട് കൂടി മാത്രമാണ് ഇത് അവതരിപ്പിക്കപ്പെട്ടിട്ടുള്ളതെന്നും, അവനല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ലെന്നും നിങ്ങള്‍ മനസ്സിലാക്കുക. ഇനിയെങ്കിലും നിങ്ങള്‍ കീഴ്പെടാന്‍ (മുസ്‌ലിംകളാകാൻ) സന്നദ്ധരാണോ?
ഐഹികജീവിതത്തെയും അതിന്‍റെ അലങ്കാരത്തെയുമാണ് ആരെങ്കിലും ഉദ്ദേശിക്കുന്നതെങ്കില്‍(6) അവരുടെ പ്രവര്‍ത്തനങ്ങള്‍ അവിടെ (ഇഹലോകത്ത്) വെച്ച് അവര്‍ക്ക് നാം നിറവേറ്റികൊടുക്കുന്നതാണ്. അവര്‍ക്കവിടെ യാതൊരു കുറവും വരുത്തപ്പെടുകയില്ല.
6) ഭൗതികജീവിതത്തിന്‍റെ ലക്ഷ്യം അനശ്വരമായ പരലോകവിജയമായിരിക്കണം. നശ്വരമായ ഐഹികനേട്ടങ്ങള്‍ മഹനീയമായ മനുഷ്യജീവിതത്തിന്‍റെ ആത്യന്തിക ലക്ഷ്യമായിരിക്കാന്‍ യോഗ്യമല്ല. ഭൗതികമായ സുഖസൗകര്യങ്ങളൊക്കെ വെടിയണമെന്നല്ല അവയെ ആത്യന്തിക ലക്ഷ്യത്തിലെത്താനുളള ഉപാധികളായി സ്വീകരിക്കണമെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. എന്നാല്‍ ഇഹലോകത്തെ തന്നെ ജീവിതലക്ഷ്യമായി സ്വീകരിക്കുന്നവരാണ് മനുഷ്യരില്‍ ഭൂരിഭാഗം. അവര്‍ക്ക് ദുന്‍യാവില്‍ അവര്‍ അഭിലഷിക്കുന്നത് നല്‍കാന്‍ അല്ലാഹു മടിക്കുകയില്ല. പക്ഷെ, പരലോകത്ത് അവര്‍ക്ക് നരകമല്ലാതൊന്നും ഉണ്ടാവുകയില്ല.
എന്നാല്‍ ഒരാള്‍ തന്‍റെ രക്ഷിതാവിങ്കല്‍ നിന്ന് ലഭിച്ച വ്യക്തമായ തെളിവിനെ അവലംബിക്കുന്നു. അവങ്കല്‍ നിന്നുള്ള ഒരു സാക്ഷി (ഖുര്‍ആന്‍) അതിനെ തുടര്‍ന്ന് വരുകയും ചെയ്യുന്നു. അതിന് മുമ്പ് മാതൃകയും കാരുണ്യവുമായിക്കൊണ്ട് മൂസായുടെ ഗ്രന്ഥം വന്നിട്ടുമുണ്ട്. (അങ്ങനെയുള്ള ഒരാള്‍ ആ ദുന്‍യാ പ്രേമികളെ പോലെ ഖുര്‍ആന്‍ നിഷേധിക്കുമോ? ഇല്ല.) അത്തരക്കാര്‍ അതില്‍ വിശ്വസിക്കും.(17) വിവിധ സംഘങ്ങളില്‍ നിന്ന് അതില്‍ അവിശ്വസിക്കുന്നവരാരോ അവരുടെ വാഗ്ദത്തസ്ഥാനം നരകമാകുന്നു. ആകയാല്‍ നീ അതിനെപ്പറ്റി സംശയത്തിലാവരുത്. തീര്‍ച്ചയായും അത് നിന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള സത്യമാകുന്നു. പക്ഷെ ജനങ്ങളില്‍ അധികപേരും വിശ്വസിക്കുന്നില്ല
7) ഈ ആയത്തിലെ 'യത്‌ലൂ' എന്ന വാക്കിന് 'തുടര്‍ന്നു വരുന്നു' എന്നും, 'വായിച്ചു കേള്‍പിക്കുന്നു' എന്നും അര്‍ത്ഥമാകാവുന്നതാണ്. 'ബയ്യിനത്ത്' (തെളിവ്) എന്നതു കൊണ്ടുളള ഉദ്ദേശ്യം ബുദ്ധിപരമായ തെളിവും വേദപ്രമാണവും ആകാവുന്നതാണ്. ഈ വചനം ക്രിസ്ത്യാനികളുടെ കൂട്ടത്തില്‍ നിന്ന് ഖുര്‍ആനില്‍ വിശ്വസിച്ചവരെപറ്റി ആയിരിക്കാന്‍ കൂടുതല്‍ സാദ്ധ്യതയുണ്ട്. ഇന്‍ജീലി (സുവിശേഷം) നെയാണല്ലോ അവര്‍ അവലംബിച്ചിരുന്നത്. അതിന്‍റെ മൂലം അല്ലാഹുവിങ്കൽ നിന്നുള്ളതാണെന്നതിന് സാക്ഷ്യം വഹിക്കുന്ന ഖുര്‍ആന്‍ അതിനെ തുടര്‍ന്നു വരുന്നു. അതിന്‍റെ മുമ്പ് വന്ന മൂസാ(عليه السلام)യുടെ വേദഗ്രന്ഥമായ തൗറാത്തും അവരുടെ പക്കലുണ്ട്. അതുകൊണ്ട് സംശയരഹിതമായി അവര്‍ ഖുര്‍ആനില്‍ വിശ്വസിക്കുന്നു.
അപ്പോള്‍ അദ്ദേഹത്തിന്‍റെ ജനതയില്‍ നിന്ന് അവിശ്വസിച്ചവരായ പ്രമാണിമാര്‍ പറഞ്ഞു: ഞങ്ങളെപോലെയുള്ള മനുഷ്യനായിട്ട് മാത്രമേ നിന്നെ ഞങ്ങള്‍ കാണുന്നുള്ളൂ. ഞങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും നിസ്സാരന്‍മാരായിട്ടുള്ളവര്‍ പ്രഥമവീക്ഷണത്തില്‍ (ശരിയായി ചിന്തിക്കാതെ) നിന്നെ പിന്തുടര്‍ന്നതായിട്ട് മാത്രമാണ് ഞങ്ങള്‍ കാണുന്നത്. നിങ്ങള്‍ക്ക് ഞങ്ങളെക്കാള്‍ യാതൊരു ശ്രേഷ്ഠതയും ഞങ്ങള്‍ കാണുന്നുമില്ല. പ്രത്യുത, നിങ്ങള്‍ വ്യാജവാദികളാണെന്ന് ഞങ്ങള്‍ കരുതുന്നു.
അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, നിങ്ങള്‍ ചിന്തിച്ചുനോക്കിയിട്ടുണ്ടോ? ഞാന്‍ എന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള വ്യക്തമായ തെളിവിനെ അവലംബിക്കുന്നവനായിരിക്കുകയും അവന്‍റെ അടുക്കല്‍ നിന്നുള്ള കാരുണ്യം അവന്‍ എനിക്ക് തന്നിരിക്കുകയും, എന്നിട്ട് നിങ്ങള്‍ക്ക് (അത് കണ്ടറിയാനാവാത്ത വിധം) അന്ധത വരുത്തപ്പെടുകയുമാണ് ഉണ്ടായിട്ടുള്ളതെങ്കില്‍ (ഞാന്‍ എന്ത് ചെയ്യും?) നിങ്ങള്‍ അത് ഇഷ്ടപ്പെടാത്തവരായിരിക്കെ നിങ്ങളുടെ മേല്‍ നാം അതിന് നിര്‍ബന്ധം ചെലുത്തുകയോ?(8)
8) ജനങ്ങള്‍ സത്യം ഇഷ്ടപ്പെടുന്നില്ലെങ്കില്‍ അവരുടെമേല്‍ അത് അടിച്ചേല്പിക്കുകയെന്നത് പ്രവാചകന്മാരുടെ ദൗത്യമല്ല.
എന്‍റെ ജനങ്ങളേ, ഇതിന്‍റെ പേരില്‍ നിങ്ങളോട് ഞാന്‍ ധനം ചോദിക്കുന്നില്ല. എനിക്കുള്ള പ്രതിഫലം അല്ലാഹു തരേണ്ടത് മാത്രമാകുന്നു. വിശ്വസിച്ചവരെ ഞാന്‍ ആട്ടിയോടിക്കുന്നതല്ല.(9) തീര്‍ച്ചയായും അവര്‍ അവരുടെ രക്ഷിതാവിനെ കണ്ടുമുട്ടാന്‍ പോകുന്നവരാണ്.(10) എന്നാല്‍ ഞാന്‍ നിങ്ങളെ കാണുന്നത് വിവരമില്ലാത്ത ഒരു ജനവിഭാഗമായിട്ടാണ്(11)
9) നൂഹ്‌നബി(عليه السلام)യുടെ കൂടെ അണിനിരന്നിട്ടുളളത് അധസ്ഥിതരായ കുറച്ച് പേര്‍ മാത്രമാണെന്ന് പറഞ്ഞ് പരിഹസിക്കുകയും, അവരെ ആട്ടിയോടിച്ചാല്‍ തങ്ങളും കൂടെ ചേരാമെന്ന് വാഗ്ദാനം നല്‍കുകയും ചെയ്ത പ്രമാണിമാര്‍ക്കുളള മറുപടിയാണിത്.
10) അവര്‍ അധസ്ഥിതരോ ഉന്നതരോ എന്ന് അപ്പോള്‍ അല്ലാഹു തീരുമാനിച്ചുകൊളളും.
11) വിവരക്കേട് പറ്റിയത് പാവപ്പെട്ട സത്യവിശ്വാസികള്‍ക്കല്ല ആഢ്യന്മാര്‍ക്കാണ്.
അല്ലാഹുവിന്‍റെ ഖജനാവുകള്‍ എന്‍റെ പക്കലുണ്ടെന്ന് ഞാന്‍ നിങ്ങളോട് പറയുന്നുമില്ല. ഞാന്‍ അദൃശ്യകാര്യം അറിയുകയുമില്ല. ഞാൻ ഒരു മലക്കാണ് എന്ന് ഞാൻ പറയുന്നുമില്ല. നിങ്ങളുടെ കണ്ണുകള്‍ നിസ്സാരമായി കാണുന്നവരെപറ്റി, അവര്‍ക്ക് അല്ലാഹു യാതൊരു ഗുണവും നല്‍കുന്നതേയല്ല എന്നും ഞാന്‍ പറയുകയില്ല. അല്ലാഹുവാണ് അവരുടെ മനസ്സുകളിലുള്ളതിനെപ്പറ്റി നല്ലവണ്ണം അറിയുന്നവന്‍. അപ്പോള്‍ (അവരെ ദുഷിച്ച് പറയുന്ന പക്ഷം) തീര്‍ച്ചയായും ഞാന്‍ അക്രമികളില്‍ പെട്ടവനായിരിക്കും.
അവര്‍ പറഞ്ഞു: നൂഹേ, നീ ഞങ്ങളോട് തര്‍ക്കിച്ചു. വളരെയേറെ തര്‍ക്കിച്ചു. എന്നാല്‍ നീ സത്യവാന്‍മാരുടെ കൂട്ടത്തിലാണെങ്കില്‍ നീ ഞങ്ങള്‍ക്ക് താക്കീത് നല്‍കിക്കൊണ്ടിരിക്കുന്നത് (ശിക്ഷ) ഞങ്ങള്‍ക്ക് നീ ഇങ്ങു കൊണ്ടുവരൂ.
അല്ലാഹു നിങ്ങളെ വഴിതെറ്റിച്ചുവിടാന്‍ ഉദ്ദേശിക്കുന്ന പക്ഷം ഞാന്‍ നിങ്ങള്‍ക്ക് ഉപദേശം നല്‍കാന്‍ ഉദ്ദേശിച്ചാലും എന്‍റെ ഉപദേശം നിങ്ങള്‍ക്ക് പ്രയോജനപ്പെടുകയില്ല. അവനാണ് നിങ്ങളുടെ രക്ഷിതാവ്. അവങ്കലേക്കാണ് നിങ്ങള്‍ മടക്കപ്പെടുന്നത്.
നിന്‍റെ ജനതയില്‍ നിന്ന് വിശ്വസിച്ചുകഴിഞ്ഞിട്ടുള്ളവരല്ലാതെ ഇനിയാരും വിശ്വസിക്കുകയേയില്ല. അതിനാല്‍ അവര്‍ ചെയ്തുകൊണ്ടിരിക്കുന്നതിനെപ്പറ്റി നീ സങ്കടപ്പെടരുത് എന്ന് നൂഹിന് സന്ദേശം നല്‍കപ്പെട്ടു.
നമ്മുടെ മേല്‍നോട്ടത്തിലും, നമ്മുടെ നിര്‍ദേശപ്രകാരവും നീ കപ്പല്‍ നിര്‍മിക്കുക. അക്രമം ചെയ്തവരുടെ കാര്യത്തില്‍ നീ എന്നോട് സംസാരിക്കരുത്. തീര്‍ച്ചയായും അവര്‍ മുക്കി നശിപ്പിക്കപ്പെടാന്‍ പോകുകയാണ്.
അദ്ദേഹം കപ്പല്‍ നിര്‍മിച്ചുകൊണ്ടിരിക്കുന്നു. അദ്ദേഹത്തിന്‍റെ ജനതയിലെ ഓരോ പ്രമാണിക്കൂട്ടം അദ്ദേഹത്തിന്‍റെ അടുത്ത് കൂടി കടന്നുപോയപ്പോഴല്ലാം അദ്ദേഹത്തെ പരിഹസിച്ചു. അദ്ദേഹം പറഞ്ഞു: നിങ്ങള്‍ ഞങ്ങളെ പരിഹസിക്കുന്ന പക്ഷം തീര്‍ച്ചയായും നിങ്ങള്‍ പരിഹസിക്കുന്നത് പോലെത്തന്നെ ഞങ്ങള്‍ നിങ്ങളെയും പരിഹസിക്കുന്നതാണ്.
അങ്ങനെ നമ്മുടെ കല്‍പന വരികയും അടുപ്പ് ഉറവപൊട്ടി ഒഴുകുകയും(12) ചെയ്തപ്പോള്‍ നാം പറഞ്ഞു: എല്ലാ വര്‍ഗത്തില്‍ നിന്നും രണ്ട് ഇണകളെ വീതവും, നിന്‍റെ കുടുംബാംഗങ്ങളെയും അതില്‍ കയറ്റികൊള്ളുക. (അവരുടെ കൂട്ടത്തില്‍ നിന്ന്) ആര്‍ക്കെതിരില്‍ (ശിക്ഷയുടെ) വചനം മുന്‍കൂട്ടി ഉണ്ടായിട്ടുണ്ടോ അവരൊഴികെ. വിശ്വസിച്ചവരെയും (കയറ്റികൊള്ളുക.) അദ്ദേഹത്തോടൊപ്പം കുറച്ച് പേരല്ലാതെ വിശ്വസിച്ചിട്ടുണ്ടായിരുന്നില്ല.
12) സത്യനിഷേധികളെ മുക്കിക്കൊല്ലാന്‍ വേണ്ടി അല്ലാഹു ഉണ്ടാക്കിയ ആ മഹാപ്രളയത്തിൻ്റെ ആരംഭം കുറിക്കുന്ന സംഭവമായിരുന്നു അടുപ്പില്‍ നിന്ന് ഉറവ പൊട്ടി ഒഴുകല്‍.
പര്‍വ്വതതുല്യമായ തിരമാലകള്‍ക്കിടയിലൂടെ അത് (കപ്പല്‍) അവരെയും കൊണ്ട് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. നൂഹ് തന്‍റെ മകനെ വിളിച്ചു. അവന്‍ അകലെ ഒരു സ്ഥലത്തായിരുന്നു. എന്‍റെ കുഞ്ഞുമകനേ, നീ ഞങ്ങളോടൊപ്പം കയറിക്കൊള്ളുക. നീ സത്യനിഷേധികളുടെ കൂടെ ആയിപ്പോകരുത്.
അവന്‍ പറഞ്ഞു: വെള്ളത്തില്‍ നിന്ന് എനിക്ക് രക്ഷനല്‍കുന്ന വല്ല മലയിലും ഞാന്‍ അഭയം പ്രാപിച്ചുകൊള്ളാം. അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്‍റെ കല്‍പനയില്‍ നിന്ന് ഇന്ന് രക്ഷനല്‍കാന്‍ ആരുമില്ല; അവന്‍ കരുണ ചെയ്തവര്‍ക്കൊഴികെ. (അപ്പോഴേക്കും) അവര്‍ രണ്ട് പേര്‍ക്കുമിടയില്‍ തിരമാല മറയിട്ടു. അങ്ങനെ അവന്‍ മുക്കി നശിപ്പിക്കപ്പെട്ടവരുടെ കൂട്ടത്തിലായി.
ഭൂമീ! നിന്‍റെ വെള്ളം നീ വിഴുങ്ങൂ. ആകാശമേ! മഴ നിര്‍ത്തൂ! എന്ന് കല്‍പന നല്‍കപ്പെട്ടു. വെള്ളം വറ്റുകയും ഉത്തരവ് നിറവേറ്റപ്പെടുകയും ചെയ്തു. അത് (കപ്പല്‍) ജൂദി(13) പര്‍വ്വതത്തിന് മേല്‍ ഉറച്ചുനില്‍ക്കുകയും ചെയ്തു. അക്രമികളായ ജനതയ്ക്ക് (അല്ലാഹുവിൻ്റെ കാരുണ്യത്തിൽ നിന്ന്) വിദൂരത എന്ന് പറയപ്പെടുകയും ചെയ്തു.
13) ആര്‍മീനിയയിലെ അറാറത്ത് മലനിരകളിലെ ഒരു മലയാണ് 'ജൂദി' എന്നാണ് കരുതപ്പെടുന്നത്.
നൂഹ് തന്‍റെ രക്ഷിതാവിനെ വിളിച്ചുകൊണ്ട് പറഞ്ഞു: എന്‍റെ രക്ഷിതാവേ, എന്‍റെ മകന്‍ എന്‍റെ കുടുംബാംഗങ്ങളില്‍ പെട്ടവന്‍ തന്നെയാണല്ലോ. തീര്‍ച്ചയായും നിന്‍റെ വാഗ്ദാനം സത്യമാണുതാനും.(14) നീ വിധികര്‍ത്താക്കളില്‍ വെച്ച് ഏറ്റവും നല്ല വിധികര്‍ത്താവുമാണ്.
അദ്ദേഹം (നൂഹ്) പറഞ്ഞു: എന്‍റെ രക്ഷിതാവേ, എനിക്ക് അറിവില്ലാത്ത കാര്യം നിന്നോട് ആവശ്യപ്പെടുന്നതില്‍ നിന്ന് ഞാന്‍ നിന്നോട് ശരണം തേടുന്നു. നീ എനിക്ക് പൊറുത്തുതരികയും, നീ എന്നോട് കരുണ കാണിക്കുകയും ചെയ്യാത്ത പക്ഷം ഞാന്‍ നഷ്ടക്കാരുടെ കൂട്ടത്തിലായിരിക്കും.
(അദ്ദേഹത്തോട്) പറയപ്പെട്ടു: നൂഹേ, നമ്മുടെ പക്കല്‍ നിന്നുള്ള(16) ശാന്തിയോടുകൂടിയും, നിനക്കും നിന്‍റെ കൂടെയുള്ളവരില്‍ നിന്നുള്ള സമൂഹങ്ങള്‍ക്കും അനുഗ്രഹങ്ങളോടുകൂടിയും നീ ഇറങ്ങിക്കൊള്ളുക. എന്നാല്‍ (വേറെ) ചില സമൂഹങ്ങളുണ്ട്. അവര്‍ക്ക് നാം സൗഖ്യം നല്‍കുന്നതാണ്. പിന്നീട് നമ്മുടെ പക്കല്‍ നിന്നുള്ള വേദനയേറിയ ശിക്ഷയും അവര്‍ക്ക് ബാധിക്കുന്നതാണ്.
16) 'അലാ ഉമമിന്‍ മിമ്മന്‍ മഅക' എന്നതിന് 'നിൻ്റെ കൂടെയുളളവരില്‍ നിന്നുളള വിവിധ വിഭാഗങ്ങള്‍ക്ക്' എന്നും, 'നിൻ്റെ കൂടെയുളളവരില്‍ നിന്ന് ജന്മം കൊളളുന്ന അനന്തര തലമുറകള്‍ക്ക്' എന്നും അര്‍ത്ഥം കല്പിക്കപ്പെട്ടിട്ടുണ്ട്.
(നബിയേ,) അവയൊക്കെ അദൃശ്യവാര്‍ത്തകളില്‍ പെട്ടതാകുന്നു. നിനക്ക് നാം അത് സന്ദേശമായി നല്‍കുന്നു. നീയോ, നിന്‍റെ ജനതയോ ഇതിനു മുമ്പ് അതറിയുമായിരുന്നില്ല. അതുകൊണ്ട് ക്ഷമിക്കുക. തീര്‍ച്ചയായും അനന്തരഫലം സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് അനുകൂലമായിരിക്കും.
എന്‍റെ ജനങ്ങളേ, ഞാന്‍ നിങ്ങളോട് ഇതിന്‍റെ പേരില്‍ യാതൊരു പ്രതിഫലവും ആവശ്യപ്പെടുന്നില്ല. എനിക്കുള്ള പ്രതിഫലം എന്നെ സൃഷ്ടിച്ചവന്‍ തരേണ്ടത് മാത്രമാണ്. നിങ്ങള്‍ ചിന്തിച്ച് ഗ്രഹിക്കുന്നില്ലേ?
എന്‍റെ ജനങ്ങളേ, നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുക. എന്നിട്ട് അവങ്കലേക്ക് ഖേദിച്ചുമടങ്ങുകയും ചെയ്യുക. എങ്കില്‍ അവന്‍ നിങ്ങള്‍ക്ക് സമൃദ്ധമായി മഴ അയച്ചുതരികയും, നിങ്ങളുടെ ശക്തിയിലേക്ക് അവന്‍ കൂടുതല്‍ ശക്തി ചേര്‍ത്തുതരികയും ചെയ്യുന്നതാണ്. നിങ്ങള്‍ കുറ്റവാളികളായിക്കൊണ്ട് പിന്തിരിഞ്ഞു പോകരുത്.
അവര്‍ പറഞ്ഞു: ഹൂദേ, നീ ഞങ്ങള്‍ക്ക് വ്യക്തമായ ഒരു തെളിവും കൊണ്ടുവന്നിട്ടില്ല. നീ പറഞ്ഞതിനാല്‍ മാത്രം ഞങ്ങള്‍ ഞങ്ങളുടെ ദൈവങ്ങളെ വിട്ടുകളയുന്നതല്ല. ഞങ്ങള്‍ നിന്നെ വിശ്വസിക്കുന്നതുമല്ല.
ഞങ്ങളുടെ ദൈവങ്ങളില്‍ ഒരാള്‍ നിനക്ക് എന്തോ ദോഷബാധ ഉളവാക്കിയിരിക്കുന്നു എന്ന് മാത്രമാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്.(17) ഹൂദ് പറഞ്ഞു: നിങ്ങള്‍ പങ്കാളികളായി ചേര്‍ക്കുന്ന യാതൊന്നുമായും എനിക്ക് ബന്ധമില്ല എന്നതിന് ഞാന്‍ അല്ലാഹുവെ സാക്ഷി നിര്‍ത്തുന്നു. (നിങ്ങളും) അതിന്ന് സാക്ഷികളായിരിക്കുക.
17) ഹൂദ് നബി(عليه السلام)ക്ക് ഏതോ ദൈവത്തിൻ്റെ 'കുരുത്തക്കേട്' തട്ടിയതാണെന്നും, അതുകൊണ്ടാണ് അദ്ദേഹം അവര്‍ക്ക് പരിചയമില്ലാത്ത എന്തൊക്കെയോ പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും ആയിരുന്നു ബഹുദൈവാരാധകരായ നാട്ടുകാരുടെ കണ്ടുപിടുത്തം.
അല്ലാഹുവിന് പുറമെ (നിങ്ങൾ പങ്കാളികളായി ചേര്‍ക്കുന്ന യാതൊന്നുമായും എനിക്ക് ബന്ധമില്ല). അതുകൊണ്ട് നിങ്ങളെല്ലാവരും കൂടി എനിക്കെതിരില്‍ തന്ത്രം പ്രയോഗിച്ച് കൊള്ളുക. എന്നിട്ട് നിങ്ങള്‍ എനിക്ക് ഇടതരികയും വേണ്ട.
ഇനി നിങ്ങള്‍ പിന്തിരിഞ്ഞുകളയുകയാണെങ്കില്‍, ഞാന്‍ നിങ്ങളുടെ അടുത്തേക്ക് അയക്കപ്പെട്ടത് ഏതൊരു കാര്യവുമായിട്ടാണോ അത് ഞാന്‍ നിങ്ങള്‍ക്ക് എത്തിച്ചുതന്നിട്ടുണ്ട്. നിങ്ങളല്ലാത്ത ഒരു ജനതയെ എന്‍റെ രക്ഷിതാവ് പകരം കൊണ്ടുവരുന്നതുമാണ്. അവന്ന് യാതൊരു ഉപദ്രവവും വരുത്താന്‍ നിങ്ങള്‍ക്കാവില്ല. തീര്‍ച്ചയായും എന്‍റെ രക്ഷിതാവ് എല്ലാ കാര്യവും സംരക്ഷിക്കുന്നവനാകുന്നു.
നമ്മുടെ കല്‍പന വന്നപ്പോള്‍ ഹൂദിനെയും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരെയും നമ്മുടെ കാരുണ്യം കൊണ്ട് നാം രക്ഷിച്ചു. കഠിനമായ ശിക്ഷയില്‍ നിന്ന് നാം അവരെ രക്ഷപ്പെടുത്തി.
അതാണ് ആദ് ജനത. തങ്ങളുടെ രക്ഷിതാവിന്‍റെ ദൃഷ്ടാന്തങ്ങളെ അവര്‍ നിഷേധിക്കുകയും, അവന്‍റെ ദൂതന്‍മാരെ അവര്‍ ധിക്കരിക്കുകയും, മര്‍ക്കടമുഷ്ടിക്കാരായ എല്ലാ സ്വേച്ഛാധിപതികളുടെയും കല്‍പന അവന്‍ പിന്‍പറ്റുകയും ചെയ്തു.
ഈ ഐഹികജീവിതത്തിലും ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളിലും ശാപം അവരുടെ പിന്നാലെ അയക്കപ്പെട്ടു. ശ്രദ്ധിക്കുക: തീര്‍ച്ചയായും ആദ് ജനത തങ്ങളുടെ രക്ഷിതാവിനോട് നന്ദികേട് കാണിച്ചിരിക്കുന്നു.(19) ശ്രദ്ധിക്കുക: ഹൂദിന്‍റെ ജനതയായ ആദ് ഗോത്രത്തിന് (അല്ലാഹുവിൻ്റെ കാരുണ്യത്തിൽ നിന്ന്) വിദൂരത!
19) 'കഫറ' എന്ന പദത്തിന് അവിശ്വസിച്ചു, നിഷേധിച്ചു, നന്ദികേട് കാണിച്ചു എന്നൊക്കെ അര്‍ത്ഥമുണ്ട്.
ഥമൂദ് ജനതയിലേക്ക് അവരുടെ സഹോദരനായ സ്വാലിഹിനെയും (നാം നിയോഗിക്കുകയുണ്ടായി.) അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുക. നിങ്ങള്‍ക്ക് അവനല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. അവന്‍ നിങ്ങളെ ഭൂമിയില്‍ നിന്ന് സൃഷ്ടിച്ച് വളര്‍ത്തുകയും നിങ്ങളെ അവിടെ അധിവസിപ്പിക്കുകയും ചെയ്തിരിക്കുന്നു. ആകയാല്‍ നിങ്ങള്‍ അവനോട് പാപമോചനം തേടുകയും, എന്നിട്ട് അവനിലേക്ക് ഖേദിച്ചുമടങ്ങുകയും ചെയ്യുക. തീര്‍ച്ചയായും എന്‍റെ രക്ഷിതാവ് അടുത്തു തന്നെയുള്ളവനും (പ്രാര്‍ത്ഥനക്ക്) ഉത്തരം നല്‍കുന്നവനുമാകുന്നു.
അവര്‍ പറഞ്ഞു: സ്വാലിഹേ, ഇതിനു മുമ്പ് നീ ഞങ്ങള്‍ക്കിടയില്‍ അഭിലഷണീയനായിരുന്നു. ഞങ്ങളുടെ പിതാക്കന്‍മാര്‍ ആരാധിച്ചു വരുന്നതിനെ ഞങ്ങള്‍ ആരാധിക്കുന്നതില്‍ നിന്ന് നീ ഞങ്ങളെ വിലക്കുകയാണോ? നീ ഞങ്ങളെ ക്ഷണിച്ച് കൊണ്ടിരിക്കുന്ന കാര്യത്തെപ്പറ്റി ഞങ്ങള്‍ അവിശ്വാസജനകമായ സംശയത്തിലാണ്.
അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? ഞാന്‍ എന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള വ്യക്തമായ തെളിവിനെ അവലംബിക്കുന്നവനായിരിക്കുകയും, അവന്‍റെ പക്കല്‍ നിന്നുള്ള കാരുണ്യം അവനെനിക്ക് നല്‍കിയിരിക്കുകയുമാണെങ്കില്‍ -അല്ലാഹുവോട് ഞാന്‍ അനുസരണക്കേട് കാണിക്കുന്ന പക്ഷം- അവന്‍റെ ശിക്ഷയില്‍ നിന്ന് (രക്ഷിച്ചുകൊണ്ട്) എന്നെ സഹായിക്കാനാരുണ്ട്? അപ്പോള്‍ (കാര്യം ഇങ്ങനെയാണെങ്കില്‍) നിങ്ങള്‍ എനിക്ക് കൂടുതല്‍ നഷ്ടം വരുത്തിവെക്കുക മാത്രമേ ചെയ്യൂ.
എന്‍റെ ജനങ്ങളേ, ഇതാ നിങ്ങള്‍ക്കു ഒരു ദൃഷ്ടാന്തമായിക്കൊണ്ട് അല്ലാഹുവിന്‍റെ ഒട്ടകം. അല്ലാഹുവിന്‍റെ ഭൂമിയില്‍ നടന്ന് തിന്നുവാന്‍ നിങ്ങളതിനെ വിട്ടേക്കുക. നിങ്ങളതിന് ഒരു ദോഷവും വരുത്തിവെക്കരുത്. അങ്ങനെ ചെയ്യുന്ന പക്ഷം അടുത്തു തന്നെ ശിക്ഷ നിങ്ങളെ പിടികൂടുന്നതാണ്.
എന്നിട്ട് അവരതിനെ വെട്ടിക്കൊന്നു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: നിങ്ങള്‍ മൂന്ന് ദിവസം നിങ്ങളുടെ വീടുകളില്‍ സൗഖ്യമനുഭവിച്ചു കൊള്ളുക. (അതോടെ ശിക്ഷ വന്നെത്തും.) തെറ്റാകാനിടയില്ലാത്ത ഒരു വാഗ്ദാനമാണിത്.
അങ്ങനെ നമ്മുടെ കല്‍പന വന്നപ്പോള്‍ സ്വാലിഹിനെയും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരെയും നമ്മുടെ കാരുണ്യം കൊണ്ട് നാം രക്ഷപ്പെടുത്തി. ആ ദിവസത്തെ അപമാനത്തില്‍ നിന്നും (അവരെ നാം മോചിപ്പിച്ചു.) തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് തന്നെയാണ് ശക്തനും പ്രതാപവാനും.
നമ്മുടെ ദൂതന്‍മാര്‍ ഇബ്റാഹീമിന്‍റെ അടുത്ത് സന്തോഷവാര്‍ത്തയും കൊണ്ട് വരികയുണ്ടായി. അവര്‍ പറഞ്ഞു:
'സലാം'. അദ്ദേഹം പ്രതിവചിച്ചു: 'സലാം'. വൈകിയില്ല, അദ്ദേഹം ഒരു പൊരിച്ച മൂരിക്കുട്ടിയെ കൊണ്ടുവന്നു.
എന്നിട്ട് അവരുടെ കൈകള്‍ അതിലേക്ക് നീളുന്നില്ലെന്ന് കണ്ടപ്പോള്‍ അദ്ദേഹത്തിന് അവരുടെ കാര്യത്തില്‍ പന്തികേട് തോന്നുകയും അവരെപ്പറ്റി ഭയം അനുഭവപ്പെടുകയും ചെയ്തു.(20) അവര്‍ പറഞ്ഞു: ഭയപ്പെടേണ്ട. ഞങ്ങള്‍ ലൂത്വിന്‍റെ ജനതയിലേക്ക് നിയോഗിക്കപ്പെട്ടിരിക്കുകയാണ്.
20) സാധാരണ അതിഥികളെപ്പോലെയാണ് അല്ലാഹുവിൻ്റെ ദൂതന്മാരായ മലക്കുകള്‍ ഇബ്രാഹീം നബി(عليه السلام)യുടെ അടുത്തു കടന്നു ചെന്നത്. ആ നിലയ്ക്കാണ് അദ്ദേഹം സല്‍ക്കരിച്ചതും. അവര്‍ മലക്കുകളാണെന്ന വസ്തുത വൈകിയാണ് അദ്ദേഹം മനസ്സിലാക്കിയത്.
അദ്ദേഹത്തിന്‍റെ (ഇബ്റാഹീം നബി (عليه السلام) യുടെ) ഭാര്യ അവിടെ നില്‍ക്കുന്നുണ്ടായിരുന്നു. അവര്‍ ചിരിച്ചു. അപ്പോള്‍ അവൾക്ക് ഇസ്ഹാഖിനെപ്പറ്റിയും, ഇസ്ഹാഖിന്‍റെ പിന്നാലെ യഅ്ഖൂബിനെപ്പറ്റിയും നാം സന്തോഷവാര്‍ത്ത അറിയിച്ചു.(21)
21) ഇബ്റാഹീം നബി (عليه السلام)ക്ക് ഇസ്ഹാഖ് എന്ന മകനും, യഅ്ഖൂബ് എന്ന പൗത്രനും ഉണ്ടാകുമെന്നാണ് മലക്കുകള്‍ അദ്ദേഹത്തിന്‍റെ ഭാര്യയായ സാറയെ സന്തോഷവാര്‍ത്ത അറിയിച്ചത്.
അങ്ങനെ ഇബ്റാഹീമില്‍ നിന്ന് ഭയം വിട്ടുമാറുകയും, അദ്ദേഹത്തിന് സന്തോഷവാര്‍ത്ത വന്നുകിട്ടുകയും ചെയ്തപ്പോള്‍ അദ്ദേഹമതാ ലൂത്വിന്‍റെ ജനതയുടെ കാര്യത്തില്‍ നമ്മോട് തര്‍ക്കിക്കുന്നു.
ഇബ്രാഹീമേ, ഇതില്‍ നിന്ന് പിന്തിരിഞ്ഞേക്കുക. തീര്‍ച്ചയായും നിന്‍റെ രക്ഷിതാവിന്‍റെ കല്‍പന വന്നു കഴിഞ്ഞു. തീര്‍ച്ചയായും അവര്‍ക്ക് റദ്ദാക്കപ്പെടാത്ത ശിക്ഷ വരുകയാകുന്നു.(23)
23) കുഫ്‌റിൽ നിന്നും പ്രകൃതിവിരുദ്ധ ലൈംഗികതയില്‍ നിന്നും വിരമിക്കാന്‍ കൂട്ടാക്കാത്ത ആ ജനതയെ ശിക്ഷിക്കാന്‍ അല്ലാഹുവിന്‍റെ കല്‍പന വന്നു കഴിഞ്ഞു. ഇനി അവരുടെ കാര്യത്തില്‍ തര്‍ക്കിച്ചിട്ട് കാര്യമില്ല.
നമ്മുടെ ദൂതന്‍മാര്‍ (മലക്കുകള്‍) ലൂത്വിന്‍റെ അടുക്കല്‍ ചെന്നപ്പോള്‍ അവരുടെ കാര്യത്തില്‍ അദ്ദേഹത്തിന് ദുഃഖം തോന്നുകയും അവരെ പറ്റി ചിന്തിച്ചിട്ട് അദ്ദേഹത്തിന് മനഃപ്രയാസമുണ്ടാവുകയും ചെയ്തു. ഇതൊരു വിഷമകരമായ ദിവസം തന്നെ എന്ന് അദ്ദേഹം പറയുകയും ചെയ്തു.(24)
24) കാണാന്‍ കൊളളാവുന്ന ആരെയും ലൈംഗിക വൈകൃതത്തിന് ഇരയാക്കുന്ന ആ അധമന്മാര്‍ തന്‍റെ അതിഥികളെയും അപമാനിക്കുമോ എന്നതായിരുന്നു ലൂത്വ് നബി(عليه السلام)യുടെ ആശങ്ക.
ലൂത്വിന്‍റെ ജനങ്ങള്‍ അദ്ദേഹത്തിന്‍റെ അടുത്തേക്ക് ഓടിവന്നു. മുമ്പു തന്നെ അവര്‍ ദുര്‍നടപ്പുകാരായിരുന്നു. അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, ഇതാ എന്‍റെ പെണ്‍മക്കള്‍. അവരാണ് നിങ്ങള്‍ക്ക് കൂടുതല്‍ പരിശുദ്ധിയുള്ളവര്‍. (അവരെ നിങ്ങള്‍ക്ക് വിവാഹം കഴിക്കാമല്ലോ?) അതിനാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും എന്‍റെ അതിഥികളുടെ കാര്യത്തില്‍ എന്നെ അപമാനിക്കാതിരിക്കുകയും ചെയ്യുക. നിങ്ങളുടെ കൂട്ടത്തില്‍ വിവേകമുള്ള ഒരു പുരുഷനുമില്ലേ?
അവര്‍ പറഞ്ഞു: ലൂത്വേ, തീര്‍ച്ചയായും ഞങ്ങള്‍ നിന്‍റെ രക്ഷിതാവിന്‍റെ ദൂതന്‍മാരാണ്. അവര്‍ക്ക് (ജനങ്ങള്‍ക്ക്) നിന്‍റെ അടുത്തേക്കെത്താനാവില്ല. ആകയാല്‍ നീ രാത്രിയില്‍ നിന്നുള്ള ഒരു യാമത്തില്‍ നിന്‍റെ കുടുംബത്തേയും കൊണ്ട് യാത്ര പുറപ്പെട്ടുകൊള്ളുക. നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് ഒരാളും തിരിഞ്ഞ് നോക്കരുത്. നിന്‍റെ ഭാര്യയൊഴികെ. തീര്‍ച്ചയായും അവര്‍ക്ക് (ജനങ്ങള്‍ക്ക്) വന്നുഭവിച്ച ശിക്ഷ അവള്‍ക്കും വന്നുഭവിക്കുന്നതാണ്. തീര്‍ച്ചയായും അവര്‍ക്ക് നിശ്ചയിച്ച അവധി പ്രഭാതമാകുന്നു. പ്രഭാതം അടുത്തുതന്നെയല്ലേ?
അങ്ങനെ നമ്മുടെ കല്‍പന വന്നപ്പോള്‍ ആ രാജ്യത്തെ നാം കീഴ്മേല്‍ മറിക്കുകയും, അട്ടിയട്ടിയായി ചൂളവെച്ച ഇഷ്ടികക്കല്ലുകള്‍ നാം അവരുടെ മേല്‍ വര്‍ഷിക്കുകയും ചെയ്തു.
മദ്‌യൻകാരിലേക്ക് അവരുടെ സഹോദരനായ ശുഐബിനേയും (നാം നിയോഗിക്കുകയുണ്ടായി.) അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുക. നിങ്ങള്‍ക്ക് അവനല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. അളവിലും തൂക്കത്തിലും നിങ്ങള്‍ കുറവ് വരുത്തരുത്. തീര്‍ച്ചയായും നിങ്ങളെ ഞാന്‍ കാണുന്നത് ക്ഷേമത്തിലായിട്ടാണ്. നിങ്ങളെ ആകെ വലയം ചെയ്യുന്ന ഒരു ദിവസത്തെ ശിക്ഷ നിങ്ങളുടെ മേല്‍ തീര്‍ച്ചയായും ഞാന്‍ ഭയപ്പെടുന്നു.
അവര്‍ പറഞ്ഞു: ശുഐബേ, ഞങ്ങളുടെ പിതാക്കന്‍മാര്‍ ആരാധിച്ച് വരുന്നതിനെ ഞങ്ങള്‍ ഉപേക്ഷിക്കണമെന്നോ, ഞങ്ങളുടെ സ്വത്തുക്കളില്‍ ഞങ്ങള്‍ക്ക് ഇഷ്ടമുള്ള പ്രകാരം പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നോ നിനക്ക് കല്‍പന നല്‍കുന്നത് നിന്‍റെ ഈ നമസ്കാരമാണോ? തീര്‍ച്ചയായും നീ സഹനശീലനും വിവേകശാലിയുമാണല്ലോ?(26)
26) ഇത് അദ്ദേഹത്തില്‍ വിശ്വാസമര്‍പ്പിച്ചുകൊണ്ട് പറയുന്നതല്ല; പരിഹാസവാക്കാണ്.
അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? ഞാന്‍ എന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള വ്യക്തമായ തെളിവിനെ അവലംബിക്കുന്നവനായിരിക്കുകയും, അവന്‍ എനിക്ക് അവന്‍റെ വകയായി ഉത്തമമായ ഉപജീവനം(27) നല്‍കിയിരിക്കുകയുമാണെങ്കില്‍ (എനിക്കെങ്ങനെ സത്യം മറച്ചു വെക്കാന്‍ കഴിയും.) നിങ്ങളെ ഞാന്‍ ഒരു കാര്യത്തില്‍ നിന്ന് വിലക്കുകയും, എന്നിട്ട് നിങ്ങളില്‍ നിന്ന് വ്യത്യസ്തനായിക്കൊണ്ട് ഞാന്‍ തന്നെ അത് പ്രവര്‍ത്തിക്കുകയും ചെയ്യണമെന്ന് ഞാൻ ഉദ്ദേശിക്കുന്നുമില്ല.(28) എനിക്ക് സാധ്യമായത്ര നന്മ വരുത്താനല്ലാതെ മറ്റൊന്നും ഞാന്‍ ഉദ്ദേശിക്കുന്നില്ല. അല്ലാഹു മുഖേന മാത്രമാണ് എനിക്ക് (അതിന്) ഉതവി ലഭിക്കുന്നത്. അവന്‍റെ മേലാണ് ഞാന്‍ ഭരമേല്‍പിച്ചിരിക്കുന്നത്. അവനിലേക്ക് ഞാന്‍ താഴ്മയോടെ മടങ്ങുകയും ചെയ്യുന്നു.
27) 'രിസ്ഖ്' എന്ന പദം ഉപജീവനം, വിഭവം, ദാനം, അനുഗ്രഹം എന്നീ അര്‍ത്ഥങ്ങളില്‍ പ്രയോഗിക്കപ്പെടാറുണ്ട്.
28) പ്രവാചകന്മാര്‍ ജനങ്ങള്‍ക്ക് ഉപദേശ നിര്‍ദ്ദേശങ്ങളും, വിധിവിലക്കുകളും നല്‍കുക മാത്രമല്ല, സ്വന്തം ജീവിതത്തില്‍ കൃത്യമായി അവ പകര്‍ത്തി മാതൃക കാണിക്കുക കൂടി ചെയ്യുന്നു.
നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുകയും എന്നിട്ട് അവനിലേക്ക് ഖേദിച്ചുമടങ്ങുകയും ചെയ്യുക. തീര്‍ച്ചയായും എന്‍റെ രക്ഷിതാവ് ഏറെ കരുണചൊരിയുന്നവനും ഏറെ സ്നേഹമുള്ളവനുമത്രെ.
അവര്‍ പറഞ്ഞു: ശുഐബേ, നീ പറയുന്നതില്‍ നിന്ന് അധികഭാഗവും ഞങ്ങള്‍ക്ക് മനസ്സിലാകുന്നില്ല. തീര്‍ച്ചയായും ഞങ്ങളില്‍ ബലഹീനനായിട്ടാണ് നിന്നെ ഞങ്ങള്‍ കാണുന്നത്. നിന്‍റെ കുടുംബങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ നിന്നെ ഞങ്ങള്‍ എറിഞ്ഞ് കൊല്ലുക തന്നെ ചെയ്യുമായിരുന്നു. ഞങ്ങളെ സംബന്ധിച്ചേടത്തോളം നീയൊരു പ്രതാപവാനൊന്നുമല്ല.
അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, എന്‍റെ കുടുംബങ്ങളാണോ നിങ്ങളെ സംബന്ധിച്ചിടത്തോളം അല്ലാഹുവെക്കാള്‍ കൂടുതല്‍ പ്രതാപമുള്ളവര്‍? എന്നിട്ട് അവനെ നിങ്ങള്‍ നിങ്ങളുടെ പിന്നിലേക്ക് പുറം തള്ളിക്കളഞ്ഞിരിക്കുകയാണോ? തീര്‍ച്ചയായും എന്‍റെ രക്ഷിതാവ് നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു.
നമ്മുടെ കല്‍പന വന്നപ്പോള്‍ ശുഐബിനെയും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരെയും നമ്മുടെ കാരുണ്യം കൊണ്ട് നാം രക്ഷപ്പെടുത്തി. അക്രമം ചെയ്തവരെ ഘോരശബ്ദം പിടികൂടുകയും ചെയ്തു. അങ്ങനെ നേരം പുലര്‍ന്നപ്പോള്‍ അവര്‍ തങ്ങളുടെ പാര്‍പ്പിടങ്ങളില്‍ കമിഴ്ന്നു വീണുകിടക്കുകയായിരുന്നു.
ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ അവന്‍ (ഫിര്‍ഔന്‍) തന്‍റെ ജനതയുടെ മുമ്പിലുണ്ടായിരിക്കും. എന്നിട്ട് അവരെ അവന്‍ നരകത്തിലേക്കാനയിക്കും. (അവര്‍) ആനയിക്കപ്പെടുന്ന ആ സ്ഥാനം എത്ര ചീത്ത!
വിവിധ രാജ്യങ്ങളുടെ വൃത്താന്തങ്ങളില്‍ ചിലതത്രെ അത്. നാമത് നിനക്ക് വിവരിച്ചുതരുന്നു. അവയില്‍ (ആ രാജ്യങ്ങളില്‍) ചിലതു നിലനില്‍ക്കുന്നുണ്ട്. ചിലത് ഉന്‍മൂലനം ചെയ്യപ്പെട്ടിട്ടുമുണ്ട്.
നാം അവരോട് അക്രമം ചെയ്തിട്ടില്ല. പക്ഷെ അവര്‍ അവരോട് തന്നെ അക്രമം പ്രവര്‍ത്തിക്കുകയാണുണ്ടായത്. എന്നാല്‍ നിന്‍റെ രക്ഷിതാവിന്‍റെ കല്‍പന വന്ന സമയത്ത് അല്ലാഹുവിന് പുറമെ അവര്‍ വിളിച്ച് പ്രാര്‍ത്ഥിച്ച് കൊണ്ടിരിക്കുന്ന അവരുടെ ദൈവങ്ങള്‍ അവര്‍ക്ക് യാതൊരു ഉപകാരവും ചെയ്തില്ല. അവര്‍ (ദൈവങ്ങള്‍) അവര്‍ക്ക് നാശം വര്‍ദ്ധിപ്പിക്കുക മാത്രമാണ് ചെയ്തത്.
വിവിധ രാജ്യക്കാര്‍ അക്രമികളായിരിക്കെ അവരെ പിടികൂടി ശിക്ഷിക്കുമ്പോള്‍ നിന്‍റെ രക്ഷിതാവിന്‍റെ പിടുത്തം അപ്രകാരമാകുന്നു. തീര്‍ച്ചയായും അവന്‍റെ പിടുത്തം വേദനയേറിയതും കഠിനമായതുമാണ്.
പരലോകശിക്ഷയെ ഭയപ്പെടുന്നവര്‍ക്ക് തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തമുണ്ട്. സര്‍വ്വ മനുഷ്യരും സമ്മേളിപ്പിക്കപ്പെടുന്ന ഒരു ദിവസമാണത്. സാക്ഷ്യം വഹിക്കപ്പെടുന്ന ഒരു ദിവസവുമാകുന്നു അത്.
ആ അവധി വന്നെത്തുന്ന ദിവസം യാതൊരാളും അവന്‍റെ (അല്ലാഹുവിന്‍റെ) അനുമതിയോടെയല്ലാതെ സംസാരിക്കുകയില്ല. അപ്പോള്‍ അവരുടെ കൂട്ടത്തില്‍ നിര്‍ഭാഗ്യവാനും സൗഭാഗ്യവാനുമുണ്ടാകും.
ആകാശങ്ങളും ഭൂമിയും നിലനില്‍ക്കുന്നേടത്തോളം(29) അവരതില്‍ നിത്യവാസികളായിരിക്കും. നിന്‍റെ രക്ഷിതാവ് ഉദ്ദേശിച്ചതൊഴികെ.(30) തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് താന്‍ ഉദ്ദേശിക്കുന്നത് തികച്ചും നടപ്പിലാക്കുന്നവനാകുന്നു.
29) അനന്തകാലത്തേക്ക് എന്ന അര്‍ത്ഥത്തിലുളള ഒരു പ്രയോഗമാണിത്.
30) അല്ലാഹുവിൽ പങ്കുചേർത്തവർക്ക് നരകശിക്ഷയില്‍ യാതൊരു ഇളവും ഉണ്ടായിരിക്കുകയില്ല. ശിർക്കിലായി മരിച്ചവർ നരകത്തിൽ ശാശ്വതരാണ്. ഒരുകാലത്തും നരകത്തിൽ നിന്ന് പുറത്തുകടക്കാൻ അവർക്കാവില്ല. എന്നാൽ അതല്ലാത്ത പാപങ്ങൾ സംഭവിച്ചുപോയ മുസ്‌ലിംകൾ പശ്ചാത്തപിക്കാതെ മരിച്ചുപോവുകയാണെങ്കിൽ അവർ അല്ലാഹുവിൻ്റെ ഉദ്ദേശത്തിന് കീഴിലായിരിക്കും. അവൻ ഉദ്ദേശിക്കുന്ന ചിലരെ ഒരു നിശ്ചിത കാലത്തെ ശിക്ഷക്ക് ശേഷം അവന്‍ നരകത്തില്‍ നിന്ന് മോചിപ്പിച്ച് സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കും. മറ്റു ചിലർക്ക് അല്ലാഹു പൊറുത്തുകൊടുക്കുകയും അവരെ അവൻ നേരെ സ്വർഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്യും.
എന്നാല്‍ സൗഭാഗ്യം സിദ്ധിച്ചവരാകട്ടെ, അവര്‍ സ്വര്‍ഗത്തിലായിരിക്കും. ആകാശങ്ങളും ഭൂമിയും നിലനില്‍ക്കുന്നിടത്തോളം അവരതില്‍ നിത്യവാസികളായിരിക്കും. നിന്‍റെ രക്ഷിതാവ് ഉദ്ദേശിച്ചതൊഴികെ.(31) നിലച്ചുപോകാത്ത ഒരു ദാനമായിരിക്കും അത്.
31) സ്വര്‍ഗ്ഗ പ്രവേശത്തിന് മുമ്പായി നരകശിക്ഷ അനുഭവിക്കാന്‍ വിധിക്കപ്പെടുന്ന ചിലരുണ്ടാകുമെന്ന് പറഞ്ഞുവല്ലോ. അവരെപറ്റിയായിരിക്കാം ഈ വാക്ക്. 'നിൻ്റെ രക്ഷിതാവ് ഉദ്ദേശിച്ചതൊഴികെ' എന്ന വാക്കിന് വേറെയും വ്യാഖ്യാനങ്ങള്‍ നല്‍കപ്പെട്ടിട്ടുണ്ട്.
അപ്പോള്‍ ഇക്കൂട്ടര്‍ ആരാധിച്ച് വരുന്നതിനെ സംബന്ധിച്ച് നീ യാതൊരു സംശയത്തിലും അകപ്പെടരുത്. മുമ്പ് ഇവരുടെ പിതാക്കന്‍മാര്‍ ആരാധിച്ചിരുന്ന അതേ രീതിയില്‍ ആരാധന നടത്തുക മാത്രമാണിവര്‍ ചെയ്യുന്നത്. തീര്‍ച്ചയായും അവര്‍ക്കുള്ള ഓഹരി കുറവൊന്നും വരുത്താതെ നാമവര്‍ക്ക് നിറവേറ്റികൊടുക്കുന്നതാണ്.
മൂസായ്ക്ക് നാം വേദഗ്രന്ഥം നല്‍കുകയുണ്ടായി. എന്നിട്ട് അതിന്‍റെ കാര്യത്തില്‍ അഭിപ്രായഭിന്നതകള്‍ ഉണ്ടായി. നിന്‍റെ രക്ഷിതാവിങ്കല്‍ നിന്ന് ഒരു വചനം മുന്‍കൂട്ടി ഉണ്ടായിരുന്നില്ലെങ്കില്‍ അവര്‍ക്കിടയില്‍ വിധി നടത്തപ്പെടുമായിരുന്നു. തീര്‍ച്ചയായും അവര്‍ ഇതിനെപ്പറ്റി അവിശ്വാസജനകമായ സംശയത്തിലാകുന്നു.
തീര്‍ച്ചയായും അവരില്‍ ഓരോ വിഭാഗത്തിനും നിന്‍റെ രക്ഷിതാവ് അവരവരുടെ കര്‍മ്മങ്ങള്‍ക്കുള്ള പ്രതിഫലം പൂര്‍ണ്ണമായി നല്‍കുകതന്നെ ചെയ്യും. തീര്‍ച്ചയായും അവന്‍ അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു.
പകലിന്‍റെ രണ്ടറ്റങ്ങളിലും, രാത്രിയിലെ ആദ്യയാമങ്ങളിലും നീ നമസ്കാരം മുറപോലെ നിര്‍വഹിക്കുക.(32) തീര്‍ച്ചയായും സല്‍കര്‍മ്മങ്ങള്‍ ദുഷ്കര്‍മ്മങ്ങളെ നീക്കികളയുന്നതാണ്. ചിന്തിച്ചു ഗ്രഹിക്കുന്നവര്‍ക്ക് ഒരു ഉല്‍ബോധനമാണത്
32) അഞ്ചുനേരത്തെ നമസ്‌കാരങ്ങളുടെ കണിശമായ സമയനിര്‍ണ്ണയമല്ല. ദിനരാത്രങ്ങളില്‍ മുറ തെറ്റാതെ പ്രാര്‍ത്ഥന നടത്താനുളള ഉല്‍ബോധനമാണ് ഈ വചനത്തില്‍ അടങ്ങിയിട്ടുളളത്. പലരുടെയും വീക്ഷണത്തില്‍ പകലിൻ്റെ ഒരറ്റത്തെ നമസ്‌കാരം സുബ്ഹും, മറ്റേ അറ്റത്തെത് അസ്റുമാണ്. മദ്ധ്യാഹ്നത്തിന് ശേഷമുളളവ എന്ന നിലയില്‍ ചിലര്‍ ദ്വുഹ്‌റിനെയും അസ്റിനെയും ചേര്‍ത്താണ് പറഞ്ഞിട്ടുളളത്. 'സുലഫ്' എന്ന പദത്തിന് (പകലിനോട്) അടുത്ത യാമങ്ങള്‍ എന്നാണ് അര്‍ത്ഥം. മഗ്‌രിബും ഇശാഉമാണ് ഈ സമയത്തെ നമസ്‌കാരങ്ങള്‍.
ഭൂമിയില്‍ നാശമുണ്ടാക്കുന്നതില്‍ നിന്ന് (ജനങ്ങളെ) തടയുന്ന, (നന്മയുടെ) പാരമ്പര്യമുള്ള ഒരു വിഭാഗം നിങ്ങള്‍ക്കുമുമ്പുള്ള തലമുറകളില്‍ നിന്ന് എന്തുകൊണ്ട് ഉണ്ടായില്ല? അവരില്‍ നിന്ന് നാം രക്ഷപ്പെടുത്തി എടുത്ത കൂട്ടത്തില്‍പെട്ട ചുരുക്കം ചിലരൊഴികെ. എന്നാല്‍ അക്രമകാരികള്‍ തങ്ങള്‍ക്ക് നല്‍കപ്പെട്ട സുഖാഡംബരങ്ങളുടെ പിന്നാലെ പോകുകയാണ് ചെയ്തത്. അവര്‍ കുറ്റവാളികളായിരിക്കുന്നു.
നിന്‍റെ രക്ഷിതാവ് കരുണ ചെയ്തവരൊഴികെ. അതിന്നുവേണ്ടിയാണ് അവന്‍ അവരെ സൃഷ്ടിച്ചത്.(33) 'ജിന്നുകള്‍, മനുഷ്യര്‍ എന്നീ രണ്ട് വിഭാഗത്തെയും കൊണ്ട് ഞാന്‍ നരകം നിറക്കുക തന്നെ ചെയ്യുന്നതാണ്' എന്ന നിന്‍റെ രക്ഷിതാവിന്‍റെ വചനം നിറവേറിയിരിക്കുന്നു.
33) വിഭിന്നമായ ആശയാദര്‍ശങ്ങള്‍ സ്വീകരിക്കാന്‍ സ്വാതന്ത്ര്യമുളള നിലയിലാണ് അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചിട്ടുളളത്. അതുകൊണ്ടു തന്നെ സ്വന്തം കര്‍മ്മങ്ങളുടെ ഫലം അനുഭവിക്കാന്‍ അവര്‍ വിധിക്കപ്പെടുകയും ചെയ്തിരിക്കുന്നു.
(അല്ലാഹുവിൻ്റെ) ദൂതന്‍മാരുടെ വൃത്താന്തങ്ങളില്‍ നിന്ന് നിന്‍റെ മനസ്സിന് സ്ഥൈര്യം നല്‍കുന്നതെല്ലാം നിനക്ക് നാം വിവരിച്ചുതരുന്നു. ഇതിലൂടെ യഥാര്‍ത്ഥ വിവരവും, സത്യവിശ്വാസികള്‍ക്ക് വേണ്ട സദുപദേശവും, ഉല്‍ബോധനവും നിനക്ക് വന്നുകിട്ടിയിരിക്കുകയാണ്.
ആകാശഭൂമികളിലെ അദൃശ്യയാഥാര്‍ത്ഥ്യങ്ങളെപ്പറ്റിയുള്ള അറിവ് അല്ലാഹുവിന്നാണുള്ളത്. അവങ്കലേക്ക് തന്നെ കാര്യമെല്ലാം മടക്കപ്പെടുകയും ചെയ്യും. ആകയാല്‍ നീ അവനെ ആരാധിക്കുകയും, അവന്‍റെ മേല്‍ ഭരമേല്‍പിക്കുകയും ചെയ്യുക. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിയൊന്നും നിന്‍റെ രക്ഷിതാവ് അശ്രദ്ധനല്ല.
Contents of the translations can be downloaded and re-published, with the following terms and conditions:
1. No modification, addition, or deletion of the content.
2. Clearly referring to the publisher and the source (QuranEnc.com).
3. Mentioning the version number when re-publishing the translation.
4. Keeping the transcript information inside the document.
5. Notifying the source (QuranEnc.com) of any note on the translation.
6. Updating the translation according to the latest version issued from the source (QuranEnc.com).
7. Inappropriate advertisements must not be included when displaying translations of the meanings of the Noble Quran.
Suchergebnisse:
API specs
Endpoints:
Sura translation
GET / https://quranenc.com/api/v1/translation/sura/{translation_key}/{sura_number} description: get the specified translation (by its translation_key) for the speicified sura (by its number)
Parameters: translation_key: (the key of the currently selected translation) sura_number: [1-114] (Sura number in the mosshaf which should be between 1 and 114)
Returns:
json object containing array of objects, each object contains the "sura", "aya", "translation" and "footnotes".
GET / https://quranenc.com/api/v1/translation/aya/{translation_key}/{sura_number}/{aya_number} description: get the specified translation (by its translation_key) for the speicified aya (by its number sura_number and aya_number)
Parameters: translation_key: (the key of the currently selected translation) sura_number: [1-114] (Sura number in the mosshaf which should be between 1 and 114) aya_number: [1-...] (Aya number in the sura)
Returns:
json object containing the "sura", "aya", "translation" and "footnotes".