നാം അവതരിപ്പിക്കുകയും നിയമമാക്കിവെക്കുകയും ചെയ്തിട്ടുള്ള ഒരു അദ്ധ്യായമത്രെ ഇത്. നിങ്ങള്‍ ആലോചിച്ചു മനസ്സിലാക്കുന്നതിനു വേണ്ടി വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ നാം ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.
വ്യഭിചരിക്കുന്ന സ്ത്രീ പുരുഷന്‍മാരില്‍ ഓരോരുത്തരെയും നിങ്ങള്‍ നൂറ് അടി അടിക്കുക.(1) നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരാണെങ്കില്‍ അല്ലാഹുവിന്‍റെ മതനിയമത്തില്‍ (അത് നടപ്പാക്കുന്ന വിഷയത്തില്‍) അവരോടുള്ള ദയയൊന്നും നിങ്ങളെ ബാധിക്കാതിരിക്കട്ടെ. അവരുടെ ശിക്ഷ നടക്കുന്നേടത്ത് സത്യവിശ്വാസികളില്‍ നിന്നുള്ള ഒരു സംഘം സന്നിഹിതരാകുകയും ചെയ്യട്ടെ.
1) വിവാഹിതന്‍ (അഥവാ വിവാഹിത) വ്യഭിചരിച്ചതായി നാലു സാക്ഷികള്‍ വഴിയോ, കുറ്റസമ്മതം വഴിയോ തെളിഞ്ഞാല്‍ എറിഞ്ഞുകൊല്ലുകയാണ് വേണ്ടതെന്ന് സ്ഥിരപ്പെട്ട നബിചര്യവഴി സ്ഥാപിതമായിട്ടുള്ളതിനാല്‍ ഈ ആയത്തിലെ വിധി അവിവാഹിതരായ വ്യഭിചാരികള്‍ക്ക് മാത്രം ബാധകമാണ്.
വ്യഭിചാരിയായ പുരുഷന്‍ വ്യഭിചാരിണിയെയോ ബഹുദൈവവിശ്വാസിനിയെയോ അല്ലാതെ വിവാഹം കഴിക്കാറില്ല. വ്യഭിചാരിണിയെ വ്യഭിചാരിയോ ബഹുദൈവവിശ്വാസിയോ അല്ലാതെ വിവാഹം കഴിക്കാറുമില്ല.(2) സത്യവിശ്വാസികളുടെ മേല്‍ അത് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു.
2) ധര്‍മനിഷ്ഠയുള്ള ഒരു പുരുഷനോ സ്ത്രീയോ സാധാരണനിലയില്‍ അവിഹിതവേഴ്ചക്കാരെ ബോധപൂര്‍വം ജീവിതപങ്കാളിയായി സ്വീകരിക്കാറില്ല.
ചാരിത്രവതികളുടെ മേല്‍ (വ്യഭിചാരം) ആരോപിക്കുകയും, എന്നിട്ട് നാലു സാക്ഷികളെ കൊണ്ടു വരാതിരിക്കുകയും ചെയ്യുന്നവരെ നിങ്ങള്‍ എണ്‍പത് അടി അടിക്കുക. അവരുടെ സാക്ഷ്യം നിങ്ങള്‍ ഒരിക്കലും സ്വീകരിക്കുകയും ചെയ്യരുത്. അവര്‍ തന്നെയാകുന്നു അധര്‍മ്മകാരികള്‍.
തങ്ങളുടെ ഭാര്യമാരുടെ മേല്‍ (വ്യഭിചാരം) ആരോപിക്കുകയും, അവരവര്‍ ഒഴികെ മറ്റു സാക്ഷികളൊന്നും തങ്ങള്‍ക്ക് ഇല്ലാതിരിക്കുകയും ചെയ്യുന്നവരാരോ അവരില്‍ ഓരോരുത്തരും നിര്‍വഹിക്കേണ്ട സാക്ഷ്യം തീര്‍ച്ചയായും താന്‍ സത്യവാന്‍മാരുടെ കൂട്ടത്തിലാകുന്നു എന്ന് അല്ലാഹുവിന്‍റെ പേരില്‍ നാലു പ്രാവശ്യം സാക്ഷ്യം വഹിക്കലാകുന്നു.
തീര്‍ച്ചയായും അവന്‍ കളവ് പറയുന്നവരുടെ കൂട്ടത്തിലാകുന്നു' എന്ന് അല്ലാഹുവിന്‍റെ പേരില്‍ അവള്‍ നാലു പ്രാവശ്യം സാക്ഷ്യം വഹിക്കുന്ന പക്ഷം, അതവളെ ശിക്ഷയില്‍ നിന്ന് ഒഴിവാക്കുന്നതാണ്.
അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവും നിങ്ങളുടെ മേല്‍ ഇല്ലാതിരിക്കുകയും, അല്ലാഹു ഏറെ പശ്ചാത്താപം സ്വീകരിക്കുന്നവനും, യുക്തിമാനും അല്ലാതിരിക്കുകയും ചെയ്തിരുന്നെങ്കില്‍ (നിങ്ങളുടെ സ്ഥിതി എന്താകുമായിരുന്നു?)
തീര്‍ച്ചയായും ആ കള്ള വാര്‍ത്തയും(3) കൊണ്ട് വന്നവര്‍ നിങ്ങളില്‍ നിന്നുള്ള ഒരു സംഘം തന്നെയാകുന്നു. അത് നിങ്ങള്‍ക്ക് ദോഷകരമാണെന്ന് നിങ്ങള്‍ കണക്കാക്കേണ്ട. അല്ല, അത് നിങ്ങള്‍ക്ക് ഗുണകരം തന്നെയാകുന്നു. അവരില്‍ ഓരോ ആള്‍ക്കും താന്‍ സമ്പാദിച്ച പാപം ഉണ്ടായിരിക്കുന്നതാണ്. അവരില്‍ അതിന്‍റെ നേതൃത്വം ഏറ്റെടുത്തവനാരോ അവന്നാണ് ഭയങ്കര ശിക്ഷയുള്ളത്.(4)
3) പ്രവാചകപത്‌നിയായ ആഇശ(رضي الله عنها)യെപ്പറ്റി ലൈംഗികാപവാദം പറഞ്ഞുപരത്തിയ ചില ആളുകളെപ്പറ്റിയാണ് ഈ വചനത്തില്‍ പരാമര്‍ശിക്കുന്നത്.
4) കപടവിശ്വാസികളുടെ നേതാവായ അബ്ദുല്ലാഹിബ്‌നു ഉബയ്യാണ് ഈ അപവാദപ്രചാരണത്തിന് നേതൃത്വം നല്‍കിയത്.
നിങ്ങള്‍ അത് കേട്ട സമയത്ത് സത്യവിശ്വാസികളായ സ്ത്രീകളും പുരുഷന്‍മാരും തങ്ങളുടെ സ്വന്തം ആളുകളെപ്പറ്റി എന്തുകൊണ്ട് നല്ലതു വിചാരിക്കുകയും,(5) ഇതു വ്യക്തമായ നുണ തന്നെയാണ് എന്ന് പറയുകയും ചെയ്തില്ല?
5) ഏതൊരു സത്യവിശ്വാസിക്കും മറ്റൊരു സത്യവിശ്വാസിയെപ്പറ്റി നല്ല വിചാരം മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂ.
അവര്‍ എന്തുകൊണ്ട് അതിനു നാലു സാക്ഷികളെ കൊണ്ടു വന്നില്ല? എന്നാല്‍ അവര്‍ സാക്ഷികളെ കൊണ്ടുവരാത്തതിനാല്‍ അവര്‍ തന്നെയാകുന്നു അല്ലാഹുവിങ്കല്‍ വ്യാജവാദികള്‍.
നിങ്ങള്‍ നിങ്ങളുടെ നാവുകള്‍ കൊണ്ട് അതേറ്റു പറയുകയും, നിങ്ങള്‍ക്കൊരു വിവരവുമില്ലാത്തത് നിങ്ങളുടെ വായ്കൊണ്ട് മൊഴിയുകയും ചെയ്തിരുന്ന സന്ദര്‍ഭം. അതൊരു നിസ്സാരകാര്യമായി നിങ്ങള്‍ ഗണിക്കുന്നു. അല്ലാഹുവിന്‍റെ അടുക്കല്‍ അത് ഗുരുതരമാകുന്നു.
നിങ്ങള്‍ അത് കേട്ട സന്ദര്‍ഭത്തില്‍ 'ഞങ്ങള്‍ക്ക് ഇതിനെ പറ്റി സംസാരിക്കുവാന്‍ പാടുള്ളതല്ല. (അല്ലാഹുവേ,) നീ എത്ര പരിശുദ്ധന്‍! ഇത് ഭയങ്കരമായ ഒരു അപവാദം തന്നെയാകുന്നു' എന്ന് നിങ്ങള്‍ എന്തുകൊണ്ട് പറഞ്ഞില്ല?
അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവും നിങ്ങളുടെ മേല്‍ ഇല്ലാതിരിക്കുകയും, അല്ലാഹു ദയാലുവും കരുണ ചൊരിയുന്നവനും അല്ലാതിരിക്കുകയും ചെയ്തിരുന്നെങ്കില്‍ (നിങ്ങളുടെ സ്ഥിതി എന്താകുമായിരുന്നു?)
സത്യവിശ്വാസികളേ, പിശാചിന്‍റെ കാല്‍പാടുകളെ നിങ്ങൾ പിന്‍പറ്റരുത്. വല്ലവനും പിശാചിന്‍റെ കാല്‍പാടുകള്‍ പിന്‍പറ്റുന്ന പക്ഷം തീര്‍ച്ചയായും അവന്‍ (പിശാച്) കല്‍പിക്കുന്നത് നീചവൃത്തിയും ദുരാചാരവും ചെയ്യാനായിരിക്കും. നിങ്ങളുടെ മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹവും കാരുണ്യവും ഇല്ലാതിരുന്നെങ്കില്‍ നിങ്ങളില്‍ ഒരാളും ഒരിക്കലും പരിശുദ്ധി പ്രാപിക്കുകയില്ലായിരുന്നു. പക്ഷെ, അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് പരിശുദ്ധി നല്‍കുന്നു. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമത്രെ.
നിങ്ങളുടെ കൂട്ടത്തില്‍ ശ്രേഷ്ഠതയും കഴിവുമുള്ളവര്‍ കുടുംബബന്ധമുള്ളവര്‍ക്കും സാധുക്കള്‍ക്കും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സ്വദേശം വെടിഞ്ഞു വന്നവര്‍ക്കും ഒന്നും കൊടുക്കുകയില്ലെന്ന് ശപഥം ചെയ്യരുത്. അവര്‍ മാപ്പുനല്‍കുകയും വിട്ടുവീഴ്ച കാണിക്കുകയും ചെയ്യട്ടെ.(6) അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തുതരാന്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ലേ?(7) അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണ ചൊരിയുന്നവനുമാകുന്നു.
6) ആഇശ (رضي الله عنها) യുടെ പിതാവായ അബൂബക്കര്‍ സിദ്ദീഖി(رضي الله عنه)ന്റെ ബന്ധുക്കളില്‍ ഒരാളായ മിസ്ത്വഹ് (رضي الله عنه) എന്നയാളും അപവാദം പ്രചരിപ്പിക്കുന്നവരുടെ കൂട്ടത്തിലുണ്ടായിരുന്നു. അതറിഞ്ഞപ്പോള്‍ അബൂബക്കര്‍ (رضي الله عنه) മിസ്ത്വഹിന് മേലില്‍ സഹായം നല്‍കുകയില്ലെന്ന് ശപഥം ചെയ്തു. അത്തരം ആത്യന്തികനടപടികള്‍ ശരിയല്ലെന്ന് അല്ലാഹു ഈ വചനത്തിലൂടെ ഉണര്‍ത്തുന്നു.
7) അല്ലാഹു നമുക്ക് മാപ്പ് നല്‍കുവാന്‍ നാം ആഗ്രഹിക്കുന്നുവെങ്കില്‍ നാം നമ്മുടെ സഹജീവികള്‍ക്കും മാപ്പു നല്‌കേണ്ടതാണ്.
ഹേ; സത്യവിശ്വാസികളേ, നിങ്ങളുടെതല്ലാത്ത വീടുകളില്‍ നിങ്ങള്‍ കടക്കരുത്; നിങ്ങള്‍ അനുവാദം തേടുകയും ആ വീട്ടുകാര്‍ക്ക് സലാം പറയുകയും ചെയ്തിട്ടല്ലാതെ. അതാണ് നിങ്ങള്‍ക്ക് ഗുണകരം.(8) നിങ്ങള്‍ ആലോചിച്ചു മനസ്സിലാക്കാന്‍ വേണ്ടിയത്രെ (ഇതു പറയുന്നത്) .
8) അന്യരുടെ വ്യക്തിജീവിതത്തിലോ, കുടുംബജീവിതത്തിലോ അവിഹിതമായി ഇടപെടാതിരിക്കുകയും, സമ്പര്‍ക്കങ്ങളില്‍ പരമാവധി മാന്യത പുലര്‍ത്തുകയും ചെയ്യുന്നത് വ്യക്തിക്കും സമൂഹത്തിന്നും ഒരുപോലെ ഗുണകരമത്രെ.
ഇനി നിങ്ങള്‍ അവിടെ ആരെയും കണ്ടെത്തിയില്ലെങ്കില്‍ നിങ്ങള്‍ക്ക് സമ്മതം കിട്ടുന്നത് വരെ നിങ്ങള്‍ അവിടെ കടക്കരുത്. നിങ്ങള്‍ തിരിച്ചുപോകൂ എന്ന് നിങ്ങളോട് പറയപ്പെട്ടാല്‍ നിങ്ങള്‍ തിരിച്ചുപോകണം. അതാണ് നിങ്ങള്‍ക്ക് ഏറെ പരിശുദ്ധമായിട്ടുള്ളത്. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി നന്നായി അറിയുന്നവനാകുന്നു.
ആള്‍ പാര്‍പ്പില്ലാത്തതും, നിങ്ങള്‍ക്ക് എന്തെങ്കിലും ഉപയോഗമുള്ളതുമായ ഭവനങ്ങളില്‍ നിങ്ങള്‍ പ്രവേശിക്കുന്നതിന് നിങ്ങള്‍ക്ക് കുറ്റമില്ല.(9) നിങ്ങള്‍ വെളിപ്പെടുത്തുന്നതും ഒളിച്ചുവെക്കുന്നതും അല്ലാഹു അറിയുന്നു.
9) പൊതു ഉപയോഗത്തിന്നുവേണ്ടി നിര്‍മിച്ചിട്ടുള്ള കെട്ടിടങ്ങളില്‍ ബന്ധപ്പെട്ട ആവശ്യത്തിന്നുവേണ്ടി പ്രവേശിക്കുന്നതിന് പ്രത്യേകം അനുവാദം തേടേണ്ടതില്ലെന്ന് ഇതില്‍ നിന്ന് ഗ്രഹിക്കാം. സ്ഥിരമായി ആള്‍പ്പാര്‍പ്പുള്ള ഏതു സ്ഥലത്ത് പ്രവേശിക്കണമെങ്കിലും അനുവാദം തേടുക തന്നെ വേണം.
(നബിയേ,) നീ സത്യവിശ്വാസികളോട് അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും, ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും പറയുക. അതാണ് അവര്‍ക്ക് ഏറെ പരിശുദ്ധമായിട്ടുള്ളത്.(10) തീര്‍ച്ചയായും അല്ലാഹു അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു.
സത്യവിശ്വാസിനികളോടും അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും അവരുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും, അവരുടെ ഭംഗിയില്‍ നിന്ന് പ്രത്യക്ഷമായതൊഴിച്ച്(11) മറ്റൊന്നും വെളിപ്പെടുത്താതിരിക്കുവാനും നീ പറയുക. അവരുടെ മക്കനകള്‍ കുപ്പായമാറുകള്‍ക്ക് മീതെ അവര്‍ താഴ്ത്തിയിട്ടുകൊള്ളട്ടെ. അവരുടെ ഭര്‍ത്താക്കന്‍മാര്‍, അവരുടെ പിതാക്കള്‍, അവരുടെ ഭര്‍തൃപിതാക്കള്‍, അവരുടെ പുത്രന്‍മാര്‍, അവരുടെ ഭര്‍തൃപുത്രന്‍മാര്‍, അവരുടെ സഹോദരന്‍മാര്‍, അവരുടെ സഹോദരപുത്രന്‍മാര്‍, അവരുടെ സഹോദരീ പുത്രന്‍മാര്‍, മുസ്ലിംകളില്‍ നിന്നുള്ള സ്ത്രീകള്‍, അവരുടെ വലംകൈകള്‍ ഉടമപ്പെടുത്തിയവര്‍ (അടിമകള്‍), ലൈംഗികാസക്തി ഉള്ളവരല്ലാത്ത പുരുഷന്‍മാരായ പരിചാരകര്‍, സ്ത്രീകളുടെ രഹസ്യങ്ങള്‍ മനസ്സിലാക്കിയിട്ടില്ലാത്ത കുട്ടികള്‍ എന്നിവരൊഴിച്ച് മറ്റാര്‍ക്കും തങ്ങളുടെ ഭംഗി അവര്‍ വെളിപ്പെടുത്തരുത്. തങ്ങള്‍ മറച്ചു വെക്കുന്ന തങ്ങളുടെ അലങ്കാരം അറിയപ്പെടുവാന്‍ വേണ്ടി അവര്‍ കാലിട്ടടിക്കുകയും ചെയ്യരുത്.(12) സത്യവിശ്വാസികളേ, നിങ്ങളെല്ലാവരും അല്ലാഹുവിങ്കലേക്ക് ഖേദിച്ചുമടങ്ങുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം.
11) 'പ്രത്യക്ഷമായത്' എന്നത് കൊണ്ടുള്ള വിവക്ഷ മുഖവും കൈപടങ്ങളുമാണെന്നാണ് പണ്ഡിതന്മാരില്‍ ഒരു വിഭാഗത്തിന്റെ അഭിപ്രായം. എന്നാൽ അന്യപുരുഷന്മാരുടെ മുൻപിൽ ശരീരം മുഴുവൻ മറക്കൽ സ്ത്രീകൾക്ക് നിർബന്ധമാണെന്നാണ് പ്രബലമായ അഭിപ്രായം.
12) പാദസരങ്ങളുടെ കിലുക്കം കേള്‍പ്പിക്കാന്‍ വേണ്ടി കാല്‍ അമര്‍ത്തിച്ചവിട്ടി നടക്കുന്നതും അതുപോലെ ശ്രദ്ധ ക്ഷണിക്കുവാനോ, സൗന്ദര്യം പ്രകടിപ്പിക്കുവാനോ സ്ത്രീകള്‍ സ്വീകരിക്കുന്ന തന്ത്രങ്ങളും നിഷിദ്ധമാണെന്ന് ഇതില്‍ നിന്ന് ഗ്രഹിക്കാം.
നിങ്ങളിലുള്ള അവിവാഹിതരെയും,(13) നിങ്ങളുടെ അടിമകളില്‍ നിന്നും അടിമസ്ത്രീകളില്‍ നിന്നും നല്ലവരായിട്ടുള്ളവരെയും നിങ്ങള്‍ വിവാഹബന്ധത്തില്‍ ഏര്‍പെടുത്തുക. അവര്‍ ദരിദ്രരാണെങ്കില്‍ അല്ലാഹു തന്‍റെ അനുഗ്രഹത്തില്‍ നിന്ന് അവര്‍ക്ക് ഐശ്വര്യം നല്‍കുന്നതാണ്. അല്ലാഹു വിശാലതയുള്ളവനും സര്‍വ്വജ്ഞനുമത്രെ.
13) വിവാഹം കഴിച്ചിട്ടില്ലാത്ത സ്ത്രീ പുരുഷന്മാരും, വിവാഹമുക്തരായ സ്ത്രീപുരുഷന്മാരും, 'അയാമാ' എന്ന പദത്തിന്റെ അര്‍ത്ഥപരിധിയില്‍പെടുന്നു.
വിവാഹം കഴിക്കാന്‍ കഴിവ് ലഭിക്കാത്തവര്‍ അവര്‍ക്ക് അല്ലാഹു തന്‍റെ അനുഗ്രഹത്തില്‍ നിന്ന് സ്വാശ്രയത്വം നല്‍കുന്നത് വരെ സന്മാര്‍ഗനിഷ്ഠ നിലനിര്‍ത്തട്ടെ. നിങ്ങളുടെ വലതുകൈകള്‍ ഉടമപ്പെടുത്തിയവരില്‍ (അടിമകളില്‍) നിന്ന് മോചനക്കരാറില്‍ ഏര്‍പെടാന്‍ ആഗ്രഹിക്കുന്നവരാരോ അവരുമായി നിങ്ങള്‍ മോചനക്കരാറില്‍ ഏര്‍പെടുക; അവരില്‍ നന്‍മയുള്ളതായി നിങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടെങ്കില്‍.(14) അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയിട്ടുള്ള സമ്പത്തില്‍ നിന്ന് അവര്‍ക്ക് നിങ്ങള്‍ നല്‍കുകയും ചെയ്യുക.(15) നിങ്ങളുടെ അടിമസ്ത്രീകള്‍ ചാരിത്രശുദ്ധിയോടെ ജീവിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഐഹികജീവിതത്തിന്‍റെ വിഭവം ആഗ്രഹിച്ചു കൊണ്ട് നിങ്ങള്‍ അവരെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കരുത്.(16) വല്ലവനും അവരെ നിര്‍ബന്ധിക്കുന്ന പക്ഷം അവര്‍ നിര്‍ബന്ധിതരായി തെറ്റുചെയ്തതിന് ശേഷം തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണ കാണിക്കുന്നവനുമാകുന്നു.
14) അടിമകളെ വാങ്ങാന്‍ കനത്ത വില കൊടുത്ത ഉടമകളോട് ഒരു നഷ്ടപരിഹാരവുംകൂടാതെ അവരെ മോചിപ്പിക്കാന്‍ ആവശ്യപ്പെടുന്നത് എല്ലായ്‌പ്പോഴും നീതിപൂര്‍വകമായിരുന്നില്ല. കാരണം അടിമകള്‍ മുഖേനയല്ലാതെ മറ്റു വരുമാനമൊന്നുമില്ലാത്ത നിര്‍ധനരായ ഉടമകള്‍ ഉണ്ടായിരുന്നു. അതിനാല്‍ നിരുപാധികം അടിമകളെ മോചിപ്പിക്കുന്നത് അതിമഹത്തായ പുണ്യകര്‍മമായി പ്രഖ്യാപിക്കുകയും, അതിന്ന് സാധിക്കാത്തവരോട് അടിമകളുമായി മോചനക്കരാറിലേര്‍പ്പെടാന്‍ ആഹ്വാനം ചെയ്യുകയുമാണ് ഇസ്‌ലാം ചെയ്തത്.
ഒരു നിശ്ചിത സംഖ്യ താന്‍ യജമാനന്ന് ഒന്നിച്ചോ ഗഡുക്കളായോ അടച്ചുതീര്‍ത്തുകൊള്ളാമെന്ന വ്യവസ്ഥയിലാണ് അടിമ യജമാനനുമായി മോചനക്കരാറിലേര്‍പ്പെടുന്നത്. അതോടെ അടിമക്ക് സാമ്പത്തിക സ്വാതന്ത്ര്യം കൈവരുന്നു. താന്‍ അധ്വാനിച്ച് മിച്ചമുണ്ടാക്കിയതില്‍ നിന്ന് നിശ്ചിതസംഖ്യ അടച്ചുതീര്‍ക്കുന്നതോടെ അവന്‍ എല്ലാ അര്‍ത്ഥത്തിലും സ്വതന്ത്രനായിത്തീരുകയും ചെയ്യുന്നു.
മോചനം അടിമയ്ക്ക് ഗുണകരമായിത്തീരുമെന്ന് യജമാനന് ഉത്തമവിശ്വാസമില്ലെങ്കില്‍, അടിമ ആവശ്യപ്പെട്ടാലും മോചനക്കരാറിലേര്‍പ്പെടാതിരിക്കാന്‍ യജമാനന് അവകാശമുണ്ടെന്ന് ഈ വചനം സൂചിപ്പിക്കുന്നു. അടിമ നിത്യരോഗിയോ, പ്രായാധിക്യമുള്ളവനോ ആണെങ്കില്‍ സംരക്ഷണം ഉറപ്പുനല്‍കാത്ത സ്വാതന്ത്ര്യത്തേക്കാള്‍ അടിമത്വമായിരിക്കും ചിലപ്പോള്‍ കൂടുതല്‍ ഗുണകരം.
15) മോചനക്കരാറിലേര്‍പ്പെട്ട അടിമകള്‍ക്ക് സാമ്പത്തികസഹായം നല്‍കുന്നതും, അടിമകളെ മോചിപ്പിക്കാന്‍ സന്നദ്ധരാകാത്ത ഉടമകളില്‍നിന്ന് അടിമകളെ വിലകൊടുത്തു വാങ്ങി മോചിപ്പിക്കുന്നതും മഹത്തായ പുണ്യകര്‍മമാകുന്നു. സകാത്തില്‍ നിന്ന് ഒരു വിഹിതം ഇതിന് വിനിയോഗിക്കാന്‍ അല്ലാഹു വിശുദ്ധഖുര്‍ആനിലൂടെ (9:60) അനുശാസിക്കുന്നു.
16) അടിമസ്ത്രീകളെക്കൊണ്ട് നിര്‍ബന്ധപൂര്‍വം വേശ്യാവൃത്തി ചെയ്യിച്ചിട്ട് വരുമാനമുണ്ടാക്കുന്നത് അത്യന്തം ഹീനമാകുന്നു. തെറ്റുചെയ്യാന്‍ നിര്‍ബന്ധിതരാകുന്നവര്‍ക്ക് -അവരുടെ മനസ്സ് പാപപങ്കിലമല്ലെങ്കില്‍- അല്ലാഹു മാപ്പു നല്‍കുന്നതാണ്.
തീര്‍ച്ചയായും നിങ്ങള്‍ക്ക് നാം വ്യക്തമായ ദൃഷ്ടാന്തങ്ങളും, നിങ്ങളുടെ മുമ്പ് കഴിഞ്ഞുപോയവരുടെ (ചരിത്രത്തില്‍ നിന്നുള്ള) ഉദാഹരണങ്ങളും, ധര്‍മ്മനിഷ്ഠപാലിക്കുന്നവര്‍ക്ക് വേണ്ടിയുള്ള ഉപദേശവും അവതരിപ്പിച്ചു തന്നിരിക്കുന്നു.
അല്ലാഹു ആകാശങ്ങളുടെയും ഭൂമിയുടെയും പ്രകാശമാകുന്നു. അവന്‍റെ പ്രകാശത്തിന്‍റെ ഉപമയിതാ: (ചുമരില്‍ വിളക്ക് വെക്കാനുള്ള) ഒരു മാടം(17) അതില്‍ ഒരു വിളക്ക്. വിളക്ക് ഒരു സ്ഫടികത്തിനകത്ത് . സ്ഫടികം ഒരു ജ്വലിക്കുന്ന നക്ഷത്രം പോലെയിരിക്കുന്നു. അനുഗൃഹീതമായ ഒരു വൃക്ഷത്തില്‍ നിന്നാണ് അതിന് (വിളക്കിന്) ഇന്ധനം നല്‍കപ്പെടുന്നത്. അതായത് കിഴക്ക് ഭാഗത്തുള്ളതോ പടിഞ്ഞാറ് ഭാഗത്തുള്ളതോ അല്ലാത്ത ഒലീവ് വൃക്ഷത്തില്‍ നിന്ന്.(18) അതിന്‍റെ എണ്ണ തീ തട്ടിയില്ലെങ്കില്‍ പോലും പ്രകാശിക്കുമാറാകുന്നു. (അങ്ങനെ) പ്രകാശത്തിന്‍മേല്‍ പ്രകാശം.(19) അല്ലാഹു തന്‍റെ പ്രകാശത്തിലേക്ക് താന്‍ ഉദ്ദേശിക്കുന്നവരെ നയിക്കുന്നു. അല്ലാഹു ജനങ്ങള്‍ക്ക് വേണ്ടി ഉപമകള്‍ വിവരിച്ചുകൊടുക്കുന്നു. അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനത്രെ.
17) വിളക്ക് വെക്കാന്‍ വേണ്ടി ചുമരില്‍ അര്‍ദ്ധവൃത്താകൃതിയില്‍ ഉണ്ടാക്കുന്ന പഴുതിനാണ് മിശ്കാത്ത് എന്ന പേര് പറയുന്നത്. വിളക്ക് കാറ്റില്‍ അണഞ്ഞ് പോകാതിരിക്കാനും, വെളിച്ചം ഒരു പ്രത്യേക ഭാഗത്ത് കേന്ദ്രീകരിക്കാനും ഇത് സഹായിക്കുന്നു.
18) ഒരു കുന്നിന്റെ കിഴക്ക് ഭാഗത്ത് നില്‍ക്കുന്ന മരത്തിന് ഉച്ചക്ക്‌ശേഷം സൂര്യന്‍ കുന്നിന്റെ പടിഞ്ഞാറ് ഭാഗത്ത് മറയുമ്പോള്‍ വെയില്‍ ലഭിക്കുകയില്ല. കുന്നിന്റെ പടിഞ്ഞാറ് ഭാഗത്ത് നില്‍ക്കുന്ന മരത്തിന് ഉച്ചക്ക് മുമ്പ് കുറെസമയം വെയില്‍ കിട്ടാതെപോകും. ഇത് രണ്ടുമല്ലാത്ത-പകല്‍ മുഴുവന്‍ വെയില്‍ ലഭിക്കുന്ന-ഒലീവ് വൃക്ഷമാണ് ഇവിടെ ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതെന്നാണ് പല വ്യാഖ്യാതാക്കളും പറഞ്ഞിട്ടുള്ളത്. പകല്‍ മുഴുവന്‍ വെയിലേറ്റു നില്‍ക്കുന്ന ഒലീവ് വൃക്ഷത്തിന്റെ എണ്ണ കൂടുതല്‍ തെളിഞ്ഞതായിരിക്കും.
19) എണ്ണയുടെ തെളിച്ചവും, സ്ഫടികത്തിന്റെ തിളക്കവും, വിളക്കുമാടത്തിന്റെ ആകൃതിയും എല്ലാം കൂടി പ്രകാശത്തെ പരമാവധി തെളിഞ്ഞതാക്കിത്തീര്‍ക്കുന്നു.
ചില ഭവനങ്ങളിലത്രെ (ആ വെളിച്ചമുള്ളത്.) അവ ഉയര്‍ത്തപ്പെടാനും അവയില്‍ തന്‍റെ നാമം സ്മരിക്കപ്പെടാനും അല്ലാഹു ഉത്തരവ് നല്‍കിയിരിക്കുന്നു.(20) അവയില്‍ രാവിലെയും സന്ധ്യാസമയങ്ങളിലും അവന്‍റെ മഹത്വം പ്രകീര്‍ത്തിച്ചു കൊണ്ടിരിക്കുന്നു.
20) അല്ലാഹുവിന്റെ ഭവനങ്ങളായ മസ്ജിദുകളത്രെ വിവക്ഷ. സത്യസന്മാര്‍ഗത്തിന്റെ വെളിച്ചം അവിടെ നിന്ന് സദാ പ്രസരിച്ചുകൊണ്ടിരിക്കുന്നു. ദൈനംദിന ജീവിത വ്യവഹാരങ്ങള്‍ക്കിടയിലും സത്യവിശ്വാസികള്‍ ആ ഭവനങ്ങള്‍ സന്ദര്‍ശിക്കാനും,തങ്ങളുടെ മനസ്സിനെ ചൈതന്യപൂര്‍ണ്ണമാക്കാനും സമയം കണ്ടെത്തുന്നു.
ചില പുരുഷന്മാർ (അവരാണ് ആ മസ്ജിദുകളിലുള്ളത്). അല്ലാഹുവെ സ്മരിക്കുന്നതില്‍ നിന്നും, നമസ്കാരം മുറപോലെ നിര്‍വഹിക്കുന്നതില്‍ നിന്നും, സകാത്ത് നല്‍കുന്നതില്‍ നിന്നും കച്ചവടമോ ക്രയവിക്രയമോ അവരുടെ ശ്രദ്ധതിരിച്ചുവിടുകയില്ല. ഹൃദയങ്ങളും കണ്ണുകളും ഇളകിമറിയുന്ന ഒരു ദിവസത്തെ അവര്‍ ഭയപ്പെട്ടു കൊണ്ടിരിക്കുന്നു.
അല്ലാഹു അവര്‍ക്ക് അവര്‍ പ്രവര്‍ത്തിച്ചതിനുള്ള ഏറ്റവും നല്ല പ്രതിഫലം നല്‍കുവാനും, അവന്‍റെ അനുഗ്രഹത്തില്‍ നിന്ന് അവര്‍ക്ക് കൂടുതലായി നല്‍കുവാനും വേണ്ടിയത്രെ അത്. അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് കണക്കില്ലാതെ തന്നെ നല്‍കുന്നു.
അവിശ്വസിച്ചവരാകട്ടെ അവരുടെ കര്‍മ്മങ്ങള്‍ മരുഭൂമിയിലെ മരീചിക പോലെയാകുന്നു. ദാഹിച്ചവന്‍ അത് വെള്ളമാണെന്ന് വിചാരിക്കുന്നു. അങ്ങനെ അവന്‍ അതിന്നടുത്തേക്ക് ചെന്നാല്‍ അങ്ങനെ ഒന്ന് ഉള്ളതായി തന്നെ അവന്‍ കണ്ടെത്തുകയില്ല. എന്നാല്‍ തന്‍റെ അടുത്ത് അല്ലാഹുവെ അവന്‍ കണ്ടെത്തുന്നതാണ്.(21) അപ്പോള്‍ (അല്ലാഹു) അവന്ന് അവന്‍റെ കണക്ക് തീര്‍ത്തു കൊടുക്കുന്നതാണ്. അല്ലാഹു അതിവേഗം കണക്ക് നോക്കുന്നവനത്രെ.
21) അല്ലാഹുവിനെ നിഷേധിച്ചവരും, ബഹുദൈവവിശ്വാസികളുമൊക്കെ തങ്ങളുടെ ജീവിതത്തിന് നിദാനമായി കരുതിയിരുന്ന പ്രവര്‍ത്തനങ്ങളൊക്കെ തികച്ചും പ്രയോജനരഹിതമായിപ്പോയെന്ന് പരലോകത്ത് ചെല്ലുമ്പോള്‍ അവര്‍ക്ക് ബോധ്യപ്പെടും. എന്നാല്‍ അല്ലാഹുവിന്റെ വിചാരണയും ശിക്ഷയുമൊക്കെ പ്രവാചകന്മാര്‍ മുന്നറിയിപ്പ് നല്‍കിയത് പോലെതന്നെ യാഥാര്‍ത്ഥ്യമായി അവര്‍ കണ്ടെത്തുകയും ചെയ്യും.
അല്ലെങ്കില്‍ ആഴക്കടലിലെ ഇരുട്ടുകള്‍ പോലെയാകുന്നു. (അവരുടെ പ്രവര്‍ത്തനങ്ങളുടെ ഉപമ) . തിരമാല അതിനെ പൊതിയുന്നു. അതിനു മീതെ വീണ്ടും തിരമാല. അതിനു മീതെ കാര്‍മേഘം. അങ്ങനെ ഒന്നിനു മീതെ മറ്റൊന്നായി അനേകം ഇരുട്ടുകള്‍. അവന്‍റെ കൈ എടുത്താൽ അതുപോലും അവന്‍ കാണുമാറാകില്ല. അല്ലാഹു ആര്‍ക്ക് പ്രകാശം നല്‍കിയിട്ടില്ലയോ അവന്ന് യാതൊരു പ്രകാശവുമില്ല.(22)
22) സത്യവിശ്വാസത്തിന്റെയും സന്മാര്‍ഗത്തിന്റെയും വെളിച്ചം ലഭിക്കാത്തവരൊക്കെ ഇരുട്ടില്‍ തപ്പുന്നവരാകുന്നു. ഭൗതികജീവിതത്തിന്റെ തിളക്കം എത്രമാത്രം അവര്‍ക്ക് ലഭിച്ചാലും ശരി.
ആകാശങ്ങളിലും ഭൂമിയിലുമുള്ളവരും, ചിറക് നിവര്‍ത്തിപ്പിടിച്ചു കൊണ്ട് പക്ഷികളും അല്ലാഹുവിന്‍റെ മഹത്വം പ്രകീര്‍ത്തിച്ചു കൊണ്ടിരിക്കുന്നു എന്ന് നീ കണ്ടില്ലേ? ഓരോരുത്തര്‍ക്കും തന്‍റെ പ്രാര്‍ത്ഥനയും കീര്‍ത്തനവും എങ്ങനെയെന്ന് അറിവുണ്ട്.(23) അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അല്ലാഹു അറിയുന്നവനത്രെ.
23) 'ഓരോരുത്തരുടെയും പ്രാര്‍ത്ഥനയും, കീര്‍ത്തനവും അല്ലാഹുവിന്നറിയാം' എന്നും വ്യാഖ്യാനം നല്‍കപ്പെട്ടിട്ടുണ്ട്.
അല്ലാഹു കാര്‍മേഘത്തെ തെളിച്ച് കൊണ്ടുവരികയും, എന്നിട്ട് അത് തമ്മില്‍ സംയോജിപ്പിക്കുകയും, എന്നിട്ടതിനെ അവന്‍ അട്ടിയാക്കുകയും ചെയ്യുന്നുവെന്ന് നീ കണ്ടില്ലേ? അപ്പോള്‍ അതിന്നിടയിലൂടെ മഴ പുറത്തുവരുന്നതായി നിനക്ക് കാണാം. ആകാശത്തു നിന്ന് - അവിടെ മലകള്‍ പോലുള്ള മേഘകൂമ്പാരങ്ങളില്‍ നിന്ന് - അവന്‍ ആലിപ്പഴം ഇറക്കുകയും എന്നിട്ട് താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അത് അവന്‍ ബാധിപ്പിക്കുകയും താന്‍ ഉദ്ദേശിക്കുന്നവരില്‍ നിന്ന് അത് തിരിച്ചുവിടുകയും ചെയ്യുന്നു. അതിന്‍റെ മിന്നല്‍ വെളിച്ചം കാഴ്ചകള്‍ റാഞ്ചിക്കളയുമാറാകുന്നു.
എല്ലാ ജന്തുക്കളെയും അല്ലാഹു വെള്ളത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു. അവരുടെ കൂട്ടത്തില്‍ ഉദരത്തില്‍മേല്‍ ഇഴഞ്ഞ് നടക്കുന്നവരുണ്ട്. രണ്ട് കാലില്‍ നടക്കുന്നവരും അവരിലുണ്ട്. നാലുകാലില്‍ നടക്കുന്നവരും അവരിലുണ്ട്. അല്ലാഹു താന്‍ ഉദ്ദേശിക്കുന്നത് സൃഷ്ടിക്കുന്നു. തീര്‍ച്ചയായും അല്ലാഹു എല്ലാകാര്യത്തിനും കഴിവുള്ളവനാകുന്നു.
അവര്‍ പറയുന്നു; ഞങ്ങള്‍ അല്ലാഹുവിലും റസൂലിലും വിശ്വസിക്കുകയും, അനുസരിക്കുകയും ചെയ്തിരിക്കുന്നു എന്ന്. പിന്നെ അതിന് ശേഷവും അവരില്‍ ഒരു വിഭാഗമതാ പിന്‍മാറിപ്പോകുന്നു. അവര്‍ വിശ്വാസികളല്ല തന്നെ.
തങ്ങള്‍ക്കിടയില്‍ (റസൂല്‍) തീര്‍പ്പുകല്‍പിക്കുന്നതിനായി അല്ലാഹുവിലേക്കും അവന്റെ റസൂലിലേക്കും വിളിക്കപ്പെട്ടാല്‍ സത്യവിശ്വാസികളുടെ വാക്ക്, 'ഞങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു' എന്ന് പറയുക മാത്രമായിരിക്കും. അവര്‍ തന്നെയാണ് വിജയികള്‍.
അവരോട് കല്‍പിക്കുകയാണെങ്കില്‍ അവര്‍ പുറപ്പെടുക തന്നെ ചെയ്യുമെന്ന് - അവര്‍ക്ക് സത്യം ചെയ്യാന്‍ കഴിയുന്ന വിധത്തിലെല്ലാം - അല്ലാഹുവിന്‍റെ പേരില്‍ അവര്‍ സത്യം ചെയ്ത് പറഞ്ഞു. നീ പറയുക: നിങ്ങള്‍ സത്യം ചെയ്യേണ്ടതില്ല. ന്യായമായ അനുസരണമാണ് വേണ്ടത്. തീര്‍ച്ചയായും അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു.
നീ പറയുക: നിങ്ങള്‍ അല്ലാഹുവെ അനുസരിക്കുവിന്‍. റസൂലിനെയും നിങ്ങള്‍ അനുസരിക്കുവിന്‍. എന്നാല്‍ നിങ്ങള്‍ പിന്തിരിയുന്ന പക്ഷം അദ്ദേഹം (റസൂല്‍) ചുമതലപ്പെടുത്തപ്പെട്ട കാര്യത്തില്‍ മാത്രമാണ് അദ്ദേഹത്തിന് ബാധ്യതയുള്ളത്. നിങ്ങള്‍ക്ക് ബാധ്യതയുള്ളത് നിങ്ങള്‍ ചുമതല ഏല്‍പിക്കപ്പെട്ട കാര്യത്തിലാണ്. നിങ്ങള്‍ അദ്ദേഹത്തെ അനുസരിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് സന്‍മാര്‍ഗം പ്രാപിക്കാം. റസൂലിന്‍റെ ബാധ്യത വ്യക്തമായ പ്രബോധനം മാത്രമാകുന്നു.
നിങ്ങളില്‍ നിന്ന് വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരോട് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു; അവരുടെ മുമ്പുള്ളവര്‍ക്ക് പ്രാതിനിധ്യം നല്‍കിയത് പോലെതന്നെ തീര്‍ച്ചയായും ഭൂമിയില്‍ അവന്‍ അവര്‍ക്ക് പ്രാതിനിധ്യം നല്‍കുകയും, അവര്‍ക്ക് അവന്‍ തൃപ്തിപ്പെട്ട് കൊടുത്ത അവരുടെ മതത്തിന്‍റെ കാര്യത്തില്‍ അവര്‍ക്ക് അവന്‍ സ്വാധീനം നല്‍കുകയും, അവരുടെ ഭയപ്പാടിന് ശേഷം അവര്‍ക്ക് നിര്‍ഭയത്വം പകരം നല്‍കുകയും ചെയ്യുന്നതാണെന്ന്. എന്നെയായിരിക്കും അവര്‍ ആരാധിക്കുന്നത്. എന്നോട് യാതൊന്നും അവര്‍ പങ്കുചേര്‍ക്കുകയില്ല.(24) അതിന് ശേഷം ആരെങ്കിലും നന്ദികേട് കാണിക്കുന്ന പക്ഷം അവര്‍ തന്നെയാകുന്നു ധിക്കാരികള്‍.
24) പരലോക മോക്ഷത്തിനെന്നപോലെ ഐഹികജീവിതത്തില്‍ അല്ലാഹു നല്‍കുന്ന വിജയത്തിനും, സ്വാധീനത്തിനും അവര്‍ ഉപാധിയായി നിശ്ചയിച്ചിട്ടുള്ളത് ഏകനായ അല്ലാഹുവിലുള്ള, ശിര്‍ക്കില്‍ നിന്ന് മുക്തമായ വിശ്വാസവും അല്ലാഹു അനുശാസിക്കുന്ന സല്‍ക്കര്‍മ്മങ്ങളും സ്വീകരിക്കുകയത്രെ.
സത്യവിശ്വാസികളേ, നിങ്ങളുടെ വലതുകൈകള്‍ ഉടമപ്പെടുത്തിയവ(അടിമകള്‍)രും, നിങ്ങളില്‍ പ്രായപൂര്‍ത്തി എത്തിയിട്ടില്ലാത്തവരും മൂന്ന് സന്ദര്‍ഭങ്ങളില്‍ നിങ്ങളോട് (പ്രവേശനത്തിന്) അനുവാദം തേടിക്കൊള്ളട്ടെ.(25) പ്രഭാതനമസ്കാരത്തിനു മുമ്പും, ഉച്ചസമയത്ത് (ഉറങ്ങുവാന്‍) നിങ്ങളുടെ വസ്ത്രങ്ങള്‍ മാറ്റിവെക്കുന്ന സമയത്തും, ഇശാ നമസ്കാരത്തിന് ശേഷവും. നിങ്ങളുടെ മൂന്ന് സ്വകാര്യ സന്ദര്‍ഭങ്ങളത്രെ ഇത്. ഈ സന്ദര്‍ഭങ്ങള്‍ക്ക് ശേഷം നിങ്ങള്‍ക്കോ അവര്‍ക്കോ (കൂടിക്കലര്‍ന്ന് ജീവിക്കുന്നതിന്) യാതൊരു കുറ്റവുമില്ല. അവര്‍ നിങ്ങളുടെ അടുത്ത് ചുറ്റി നടക്കുന്നവരത്രെ. നിങ്ങള്‍ അന്യോന്യം ഇടകലര്‍ന്ന് വര്‍ത്തിക്കുന്നു. അപ്രകാരം അല്ലാഹു നിങ്ങള്‍ക്ക് തെളിവുകള്‍ വിവരിച്ചുതരുന്നു. അല്ലാഹു സര്‍വ്വജ്ഞനും യുക്തിമാനുമാകുന്നു.
25) അന്യരുടെ വാസസ്ഥലങ്ങളില്‍ അനുവാദം കൂടാതെ കടന്ന് ചെല്ലരുതെന്ന് 27-ാം വചനത്തില്‍ പറഞ്ഞു. എന്നാല്‍ ഒരാളോട് ഏറ്റവും അടുത്ത് പെരുമാറുന്ന കുട്ടികള്‍, ഭൃത്യന്മാര്‍ എന്നിവര്‍ പോലും സ്വകാര്യ സന്ദര്‍ഭങ്ങളില്‍ - ഗോപ്യഭാഗങ്ങള്‍ വെളിപ്പെടാന്‍ സാധ്യതയുള്ള സന്ദര്‍ഭങ്ങളില്‍ - അയാളുടെ സമ്മതം ലഭിച്ചശേഷമേ അയാളുടെ മുറിയില്‍ കടന്നു ചെല്ലാവൂ എന്ന് ഈ വചനത്തിലൂടെ അല്ലാഹു അനുശാസിക്കുന്നു.
നിങ്ങളില്‍ നിന്നുള്ള കുട്ടികള്‍ പ്രായപൂര്‍ത്തിയെത്തിയാല്‍ അവരും അവര്‍ക്ക് മുമ്പുള്ളവര്‍ സമ്മതം ചോദിച്ചത് പോലെത്തന്നെ സമ്മതം ചോദിക്കേണ്ടതാണ്.(26) അപ്രകാരം അല്ലാഹു നിങ്ങള്‍ക്ക് അവന്‍റെ തെളിവുകള്‍ വിവരിച്ചുതരുന്നു. അല്ലാഹു സര്‍വ്വജ്ഞനും യുക്തിമാനുമാകുന്നു.
26) കുട്ടികള്‍ പ്രായപൂര്‍ത്തിയായിക്കഴിഞ്ഞാല്‍ മാതാപിതാക്കളുടെയും അടുത്ത ബന്ധുക്കളുടെയും അടുത്തുപോലും അനുവാദം തേടിയിട്ടേ കടന്നുചെല്ലാവൂ എന്ന് ഈ വചനം വ്യക്തമാക്കുന്നു. അത് ഏത് സമയത്താണെങ്കിലും ശരി.
വിവാഹ ജീവിതം പ്രതീക്ഷിക്കാത്ത കിഴവികളെ(27) സംബന്ധിച്ചടത്തോളം സൗന്ദര്യം പ്രദര്‍ശിപ്പിക്കാത്തവരായിക്കൊണ്ട് തങ്ങളുടെ മേല്‍വസ്ത്രങ്ങള്‍ മാറ്റിവെക്കുന്നതില്‍ അവര്‍ക്ക് കുറ്റമില്ല. അവര്‍ മാന്യത കാത്തുസൂക്ഷിക്കുന്നതാണ് അവര്‍ക്ക് കൂടുതല്‍ നല്ലത്.(28) അല്ലാഹു എല്ലാം കേള്‍ക്കുന്നവനും എല്ലാം അറിയുന്നവനുമാകുന്നു.
27) 'ഖവാഇദ്' എന്ന പദത്തിനാണ് കിഴവികള്‍ എന്ന് അര്‍ത്ഥം നല്‍കിയത്. ആര്‍ത്തവം നിലച്ചുപോയ സ്ത്രീകള്‍ അഥവാ ഗര്‍ഭധാരണത്തിന് സാദ്ധ്യതയില്ലാത്ത സ്ത്രീകള്‍ എന്നാണ് കുറേക്കൂടി സൂക്ഷ്മമായ അര്‍ത്ഥം.
28) വാര്‍ദ്ധക്യത്തിലും മാന്യമായ വസ്ത്രധാരണം സ്ത്രീക്ക് മഹത്വമണിയിക്കുന്നു.
അന്ധന്‍റെ മേല്‍ കുറ്റമില്ല. മുടന്തന്‍റെ മേലും കുറ്റമില്ല. രോഗിയുടെമേലും കുറ്റമില്ല.(29) നിങ്ങളുടെ വീടുകളില്‍ നിന്നോ, നിങ്ങളുടെ പിതാക്കളുടെ വീടുകളില്‍ നിന്നോ, നിങ്ങളുടെ മാതാക്കളുടെ വീടുകളില്‍ നിന്നോ, നിങ്ങളുടെ സഹോദരന്‍മാരുടെ വീടുകളില്‍ നിന്നോ, നിങ്ങളുടെ സഹോദരിമാരുടെ വീടുകളില്‍ നിന്നോ, നിങ്ങളുടെ പിതൃവ്യന്‍മാരുടെ വീടുകളില്‍ നിന്നോ, നിങ്ങളുടെ പിതൃസഹോദരികളുടെ വീടുകളില്‍ നിന്നോ, നിങ്ങളുടെ മാതൃസഹോദരന്‍മാരുടെ വീടുകളില്‍ നിന്നോ, നിങ്ങളുടെ മാതൃസഹോദരികളുടെ വീടുകളില്‍ നിന്നോ, താക്കോലുകള്‍ നിങ്ങളുടെ കൈവശത്തിലിരിക്കുന്ന വീടുകളില്‍ നിന്നോ,(30) നിങ്ങളുടെ സ്നേഹിതന്‍റെ വീട്ടില്‍ നിന്നോ നിങ്ങള്‍ ഭക്ഷണം കഴിക്കുന്ന കാര്യത്തില്‍ നിങ്ങള്‍ക്കും കുറ്റമില്ല. നിങ്ങള്‍ ഒരുമിച്ചോ വെവ്വേറെയോ ഭക്ഷണം കഴിക്കുന്നതിന് നിങ്ങള്‍ക്ക് കുറ്റമില്ല. എന്നാല്‍ നിങ്ങള്‍ വല്ല വീടുകളിലും പ്രവേശിക്കുകയാണെങ്കില്‍ അല്ലാഹുവിങ്കല്‍ നിന്നുള്ള അനുഗൃഹീതവും പാവനവുമായ ഒരു ഉപചാരമെന്ന നിലയില്‍ നിങ്ങള്‍ അന്യോന്യം സലാം പറയണം. നിങ്ങള്‍ ചിന്തിച്ചു ഗ്രഹിക്കുന്നതിന് വേണ്ടി അപ്രകാരം അല്ലാഹു നിങ്ങള്‍ക്ക് തെളിവുകള്‍ വിവരിച്ചുതരുന്നു.
29) വികലാംഗരെ വീട്ടില്‍ കയറ്റി ആഹാരം നല്‍കുന്ന കാര്യത്തില്‍ വീട്ടുകാര്‍ക്കും, മറ്റുള്ളവരോടൊപ്പം ഭക്ഷണം കഴിക്കുന്ന കാര്യത്തില്‍ വികലാംഗര്‍ക്കും ഉണ്ടായിരുന്ന മനഃപ്രയാസം ഒഴിവാക്കുകയാണ് ഈ വചനത്തിന്റെ ഉദ്ദേശ്യമെന്ന് പല വ്യാഖ്യാതാക്കളും വ്യക്തമാക്കിയിട്ടുണ്ട്. സഹഭോജനത്തിന്റെ കാര്യത്തില്‍ വേറെയും പല അബദ്ധധാരണകളും അറബികള്‍ക്കിടയില്‍ നിലവിലുണ്ടായിരുന്നു.
30) ഒരു വീട്ടിലെ കൈകാര്യകര്‍തൃത്വം ഏല്പിക്കപ്പെട്ട വ്യക്തിക്ക് ആ വീട്ടുകാരോടൊപ്പം അവിടെ നിന്ന് ഭക്ഷണം കഴിക്കുന്നതിന് വിരോധമില്ല.
അല്ലാഹുവിലും അവന്‍റെ റസൂലിലും വിശ്വസിച്ചവര്‍ മാത്രമാകുന്നു സത്യവിശ്വാസികള്‍. അദ്ദേഹത്തോടൊപ്പം അവര്‍ വല്ല പൊതുകാര്യത്തിലും ഏര്‍പെട്ടിരിക്കുകയാണെങ്കില്‍ അദ്ദേഹത്തോട് അനുവാദം ചോദിക്കാതെ അവര്‍ പിരിഞ്ഞു പോകുകയില്ല. തീര്‍ച്ചയായും നിന്നോട് അനുവാദം ചോദിക്കുന്നവരാരോ അവരാകുന്നു അല്ലാഹുവിലും അവന്‍റെ റസൂലിലും വിശ്വസിക്കുന്നവര്‍. അങ്ങനെ അവരുടെ എന്തെങ്കിലും ആവശ്യത്തിന് വേണ്ടി (പിരിഞ്ഞ് പോകാന്‍) അവര്‍ നിന്നോട് അനുവാദം ചോദിക്കുകയാണെങ്കില്‍ അവരില്‍ നീ ഉദ്ദേശിക്കുന്നവര്‍ക്ക് നീ അനുവാദം നല്‍കുകയും, അവര്‍ക്കുവേണ്ടി നീ അല്ലാഹുവോട് പാപമോചനം തേടുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണ ചൊരിയുന്നവനുമാകുന്നു.
നിങ്ങള്‍ക്കിടയില്‍ റസൂലിന്‍റെ വിളിയെ നിങ്ങളില്‍ ചിലര്‍ ചിലരെ വിളിക്കുന്നത് പോലെ നിങ്ങള്‍ ആക്കിത്തീര്‍ക്കരുത്.(31) (മറ്റുള്ളവരുടെ) മറപിടിച്ചുകൊണ്ട് നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് ചോര്‍ന്ന് പോകുന്നവരെ അല്ലാഹു അറിയുന്നുണ്ട്. ആകയാല്‍ അദ്ദേഹത്തിന്‍റെ കല്‍പനയ്ക്ക് എതിര്‍ പ്രവര്‍ത്തിക്കുന്നവര്‍ തങ്ങള്‍ക്ക് വല്ല ആപത്തും വന്നുഭവിക്കുകയോ, വേദനയേറിയ ശിക്ഷ ബാധിക്കുകയോ ചെയ്യുന്നത് സൂക്ഷിച്ചു കൊള്ളട്ടെ.
31) റസൂല്‍ (ﷺ) നിങ്ങളെ ഒരു കാര്യത്തിന് വിളിച്ചാല്‍ നിങ്ങളില്‍ ഒരാള്‍ മറ്റൊരാളെ വിളിക്കുന്നത് പോലെ നിങ്ങളത് പരിഗണിച്ചാല്‍ പോരാ. റസൂലി(ﷺ)ന്റെ ആഹ്വാനം സര്‍വ്വാത്മനാ സ്വീകരിച്ചാല്‍ മാത്രമെ നിങ്ങള്‍ യഥാര്‍ത്ഥ മുസ്‌ലിംകളാവുകയുള്ളു.
'റസൂലി(ﷺ)നെ നിങ്ങള്‍ വിളിക്കുന്നത് നിങ്ങള്‍ അന്യോന്യം വിളിക്കുന്നത് പോലെയാകരുത്' എന്നാണ് ചില വ്യാഖ്യാതാക്കള്‍ അര്‍ത്ഥം നല്‍കിയിട്ടുള്ളത്. അതായത്; മുഹമ്മദേ, എന്ന് സംബോധന ചെയ്യരുത്; അല്ലാഹുവിന്റെ ദൂതരേ, അല്ലാഹുവിന്റെ പ്രവാചകരേ, എന്നിങ്ങനെ ഉപചാരപൂര്‍വ്വം വിളിക്കണമെന്നര്‍ത്ഥം. 'മറ പിടിച്ചുകൊണ്ട്...' എന്ന ഭാഗവുമായി കൂടുതല്‍ യോജിക്കുന്നത് ആദ്യം പറഞ്ഞ വ്യാഖ്യാനമാണ്.
Übersetzung der Bedeutungen von dem heiligen Quran - Malayalam Übersetzung - Übersetzungen
Übersetzung der Quran Bedeutung in Malayalam von Abdul-Hamid Haidar Al-Madany und Kanhi Muhammad, veröffentlicht von König Fahd Complex für den Druck des Heiligen Koran in Medina in 1417 H.
Contents of the translations can be downloaded and re-published, with the following terms and conditions:
1. No modification, addition, or deletion of the content.
2. Clearly referring to the publisher and the source (QuranEnc.com).
3. Mentioning the version number when re-publishing the translation.
4. Keeping the transcript information inside the document.
5. Notifying the source (QuranEnc.com) of any note on the translation.
6. Updating the translation according to the latest version issued from the source (QuranEnc.com).
7. Inappropriate advertisements must not be included when displaying translations of the meanings of the Noble Quran.
Suchergebnisse:
API specs
Endpoints:
Sura translation
GET / https://quranenc.com/api/v1/translation/sura/{translation_key}/{sura_number} description: get the specified translation (by its translation_key) for the speicified sura (by its number)
Parameters: translation_key: (the key of the currently selected translation) sura_number: [1-114] (Sura number in the mosshaf which should be between 1 and 114)
Returns:
json object containing array of objects, each object contains the "sura", "aya", "translation" and "footnotes".
GET / https://quranenc.com/api/v1/translation/aya/{translation_key}/{sura_number}/{aya_number} description: get the specified translation (by its translation_key) for the speicified aya (by its number sura_number and aya_number)
Parameters: translation_key: (the key of the currently selected translation) sura_number: [1-114] (Sura number in the mosshaf which should be between 1 and 114) aya_number: [1-...] (Aya number in the sura)
Returns:
json object containing the "sura", "aya", "translation" and "footnotes".