നിങ്ങളിലുള്ള അവിവാഹിതരെയും,(13) നിങ്ങളുടെ അടിമകളില്‍ നിന്നും അടിമസ്ത്രീകളില്‍ നിന്നും നല്ലവരായിട്ടുള്ളവരെയും നിങ്ങള്‍ വിവാഹബന്ധത്തില്‍ ഏര്‍പെടുത്തുക. അവര്‍ ദരിദ്രരാണെങ്കില്‍ അല്ലാഹു തന്‍റെ അനുഗ്രഹത്തില്‍ നിന്ന് അവര്‍ക്ക് ഐശ്വര്യം നല്‍കുന്നതാണ്. അല്ലാഹു വിശാലതയുള്ളവനും സര്‍വ്വജ്ഞനുമത്രെ.
13) വിവാഹം കഴിച്ചിട്ടില്ലാത്ത സ്ത്രീ പുരുഷന്മാരും, വിവാഹമുക്തരായ സ്ത്രീപുരുഷന്മാരും, 'അയാമാ' എന്ന പദത്തിന്റെ അര്‍ത്ഥപരിധിയില്‍പെടുന്നു.
വിവാഹം കഴിക്കാന്‍ കഴിവ് ലഭിക്കാത്തവര്‍ അവര്‍ക്ക് അല്ലാഹു തന്‍റെ അനുഗ്രഹത്തില്‍ നിന്ന് സ്വാശ്രയത്വം നല്‍കുന്നത് വരെ സന്മാര്‍ഗനിഷ്ഠ നിലനിര്‍ത്തട്ടെ. നിങ്ങളുടെ വലതുകൈകള്‍ ഉടമപ്പെടുത്തിയവരില്‍ (അടിമകളില്‍) നിന്ന് മോചനക്കരാറില്‍ ഏര്‍പെടാന്‍ ആഗ്രഹിക്കുന്നവരാരോ അവരുമായി നിങ്ങള്‍ മോചനക്കരാറില്‍ ഏര്‍പെടുക; അവരില്‍ നന്‍മയുള്ളതായി നിങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടെങ്കില്‍.(14) അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയിട്ടുള്ള സമ്പത്തില്‍ നിന്ന് അവര്‍ക്ക് നിങ്ങള്‍ നല്‍കുകയും ചെയ്യുക.(15) നിങ്ങളുടെ അടിമസ്ത്രീകള്‍ ചാരിത്രശുദ്ധിയോടെ ജീവിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഐഹികജീവിതത്തിന്‍റെ വിഭവം ആഗ്രഹിച്ചു കൊണ്ട് നിങ്ങള്‍ അവരെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കരുത്.(16) വല്ലവനും അവരെ നിര്‍ബന്ധിക്കുന്ന പക്ഷം അവര്‍ നിര്‍ബന്ധിതരായി തെറ്റുചെയ്തതിന് ശേഷം തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണ കാണിക്കുന്നവനുമാകുന്നു.
14) അടിമകളെ വാങ്ങാന്‍ കനത്ത വില കൊടുത്ത ഉടമകളോട് ഒരു നഷ്ടപരിഹാരവുംകൂടാതെ അവരെ മോചിപ്പിക്കാന്‍ ആവശ്യപ്പെടുന്നത് എല്ലായ്‌പ്പോഴും നീതിപൂര്‍വകമായിരുന്നില്ല. കാരണം അടിമകള്‍ മുഖേനയല്ലാതെ മറ്റു വരുമാനമൊന്നുമില്ലാത്ത നിര്‍ധനരായ ഉടമകള്‍ ഉണ്ടായിരുന്നു. അതിനാല്‍ നിരുപാധികം അടിമകളെ മോചിപ്പിക്കുന്നത് അതിമഹത്തായ പുണ്യകര്‍മമായി പ്രഖ്യാപിക്കുകയും, അതിന്ന് സാധിക്കാത്തവരോട് അടിമകളുമായി മോചനക്കരാറിലേര്‍പ്പെടാന്‍ ആഹ്വാനം ചെയ്യുകയുമാണ് ഇസ്‌ലാം ചെയ്തത്.
ഒരു നിശ്ചിത സംഖ്യ താന്‍ യജമാനന്ന് ഒന്നിച്ചോ ഗഡുക്കളായോ അടച്ചുതീര്‍ത്തുകൊള്ളാമെന്ന വ്യവസ്ഥയിലാണ് അടിമ യജമാനനുമായി മോചനക്കരാറിലേര്‍പ്പെടുന്നത്. അതോടെ അടിമക്ക് സാമ്പത്തിക സ്വാതന്ത്ര്യം കൈവരുന്നു. താന്‍ അധ്വാനിച്ച് മിച്ചമുണ്ടാക്കിയതില്‍ നിന്ന് നിശ്ചിതസംഖ്യ അടച്ചുതീര്‍ക്കുന്നതോടെ അവന്‍ എല്ലാ അര്‍ത്ഥത്തിലും സ്വതന്ത്രനായിത്തീരുകയും ചെയ്യുന്നു.
മോചനം അടിമയ്ക്ക് ഗുണകരമായിത്തീരുമെന്ന് യജമാനന് ഉത്തമവിശ്വാസമില്ലെങ്കില്‍, അടിമ ആവശ്യപ്പെട്ടാലും മോചനക്കരാറിലേര്‍പ്പെടാതിരിക്കാന്‍ യജമാനന് അവകാശമുണ്ടെന്ന് ഈ വചനം സൂചിപ്പിക്കുന്നു. അടിമ നിത്യരോഗിയോ, പ്രായാധിക്യമുള്ളവനോ ആണെങ്കില്‍ സംരക്ഷണം ഉറപ്പുനല്‍കാത്ത സ്വാതന്ത്ര്യത്തേക്കാള്‍ അടിമത്വമായിരിക്കും ചിലപ്പോള്‍ കൂടുതല്‍ ഗുണകരം.
15) മോചനക്കരാറിലേര്‍പ്പെട്ട അടിമകള്‍ക്ക് സാമ്പത്തികസഹായം നല്‍കുന്നതും, അടിമകളെ മോചിപ്പിക്കാന്‍ സന്നദ്ധരാകാത്ത ഉടമകളില്‍നിന്ന് അടിമകളെ വിലകൊടുത്തു വാങ്ങി മോചിപ്പിക്കുന്നതും മഹത്തായ പുണ്യകര്‍മമാകുന്നു. സകാത്തില്‍ നിന്ന് ഒരു വിഹിതം ഇതിന് വിനിയോഗിക്കാന്‍ അല്ലാഹു വിശുദ്ധഖുര്‍ആനിലൂടെ (9:60) അനുശാസിക്കുന്നു.
16) അടിമസ്ത്രീകളെക്കൊണ്ട് നിര്‍ബന്ധപൂര്‍വം വേശ്യാവൃത്തി ചെയ്യിച്ചിട്ട് വരുമാനമുണ്ടാക്കുന്നത് അത്യന്തം ഹീനമാകുന്നു. തെറ്റുചെയ്യാന്‍ നിര്‍ബന്ധിതരാകുന്നവര്‍ക്ക് -അവരുടെ മനസ്സ് പാപപങ്കിലമല്ലെങ്കില്‍- അല്ലാഹു മാപ്പു നല്‍കുന്നതാണ്.
തീര്‍ച്ചയായും നിങ്ങള്‍ക്ക് നാം വ്യക്തമായ ദൃഷ്ടാന്തങ്ങളും, നിങ്ങളുടെ മുമ്പ് കഴിഞ്ഞുപോയവരുടെ (ചരിത്രത്തില്‍ നിന്നുള്ള) ഉദാഹരണങ്ങളും, ധര്‍മ്മനിഷ്ഠപാലിക്കുന്നവര്‍ക്ക് വേണ്ടിയുള്ള ഉപദേശവും അവതരിപ്പിച്ചു തന്നിരിക്കുന്നു.
അല്ലാഹു ആകാശങ്ങളുടെയും ഭൂമിയുടെയും പ്രകാശമാകുന്നു. അവന്‍റെ പ്രകാശത്തിന്‍റെ ഉപമയിതാ: (ചുമരില്‍ വിളക്ക് വെക്കാനുള്ള) ഒരു മാടം(17) അതില്‍ ഒരു വിളക്ക്. വിളക്ക് ഒരു സ്ഫടികത്തിനകത്ത് . സ്ഫടികം ഒരു ജ്വലിക്കുന്ന നക്ഷത്രം പോലെയിരിക്കുന്നു. അനുഗൃഹീതമായ ഒരു വൃക്ഷത്തില്‍ നിന്നാണ് അതിന് (വിളക്കിന്) ഇന്ധനം നല്‍കപ്പെടുന്നത്. അതായത് കിഴക്ക് ഭാഗത്തുള്ളതോ പടിഞ്ഞാറ് ഭാഗത്തുള്ളതോ അല്ലാത്ത ഒലീവ് വൃക്ഷത്തില്‍ നിന്ന്.(18) അതിന്‍റെ എണ്ണ തീ തട്ടിയില്ലെങ്കില്‍ പോലും പ്രകാശിക്കുമാറാകുന്നു. (അങ്ങനെ) പ്രകാശത്തിന്‍മേല്‍ പ്രകാശം.(19) അല്ലാഹു തന്‍റെ പ്രകാശത്തിലേക്ക് താന്‍ ഉദ്ദേശിക്കുന്നവരെ നയിക്കുന്നു. അല്ലാഹു ജനങ്ങള്‍ക്ക് വേണ്ടി ഉപമകള്‍ വിവരിച്ചുകൊടുക്കുന്നു. അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനത്രെ.
17) വിളക്ക് വെക്കാന്‍ വേണ്ടി ചുമരില്‍ അര്‍ദ്ധവൃത്താകൃതിയില്‍ ഉണ്ടാക്കുന്ന പഴുതിനാണ് മിശ്കാത്ത് എന്ന പേര് പറയുന്നത്. വിളക്ക് കാറ്റില്‍ അണഞ്ഞ് പോകാതിരിക്കാനും, വെളിച്ചം ഒരു പ്രത്യേക ഭാഗത്ത് കേന്ദ്രീകരിക്കാനും ഇത് സഹായിക്കുന്നു.
18) ഒരു കുന്നിന്റെ കിഴക്ക് ഭാഗത്ത് നില്‍ക്കുന്ന മരത്തിന് ഉച്ചക്ക്‌ശേഷം സൂര്യന്‍ കുന്നിന്റെ പടിഞ്ഞാറ് ഭാഗത്ത് മറയുമ്പോള്‍ വെയില്‍ ലഭിക്കുകയില്ല. കുന്നിന്റെ പടിഞ്ഞാറ് ഭാഗത്ത് നില്‍ക്കുന്ന മരത്തിന് ഉച്ചക്ക് മുമ്പ് കുറെസമയം വെയില്‍ കിട്ടാതെപോകും. ഇത് രണ്ടുമല്ലാത്ത-പകല്‍ മുഴുവന്‍ വെയില്‍ ലഭിക്കുന്ന-ഒലീവ് വൃക്ഷമാണ് ഇവിടെ ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതെന്നാണ് പല വ്യാഖ്യാതാക്കളും പറഞ്ഞിട്ടുള്ളത്. പകല്‍ മുഴുവന്‍ വെയിലേറ്റു നില്‍ക്കുന്ന ഒലീവ് വൃക്ഷത്തിന്റെ എണ്ണ കൂടുതല്‍ തെളിഞ്ഞതായിരിക്കും.
19) എണ്ണയുടെ തെളിച്ചവും, സ്ഫടികത്തിന്റെ തിളക്കവും, വിളക്കുമാടത്തിന്റെ ആകൃതിയും എല്ലാം കൂടി പ്രകാശത്തെ പരമാവധി തെളിഞ്ഞതാക്കിത്തീര്‍ക്കുന്നു.
ചില ഭവനങ്ങളിലത്രെ (ആ വെളിച്ചമുള്ളത്.) അവ ഉയര്‍ത്തപ്പെടാനും അവയില്‍ തന്‍റെ നാമം സ്മരിക്കപ്പെടാനും അല്ലാഹു ഉത്തരവ് നല്‍കിയിരിക്കുന്നു.(20) അവയില്‍ രാവിലെയും സന്ധ്യാസമയങ്ങളിലും അവന്‍റെ മഹത്വം പ്രകീര്‍ത്തിച്ചു കൊണ്ടിരിക്കുന്നു.
20) അല്ലാഹുവിന്റെ ഭവനങ്ങളായ മസ്ജിദുകളത്രെ വിവക്ഷ. സത്യസന്മാര്‍ഗത്തിന്റെ വെളിച്ചം അവിടെ നിന്ന് സദാ പ്രസരിച്ചുകൊണ്ടിരിക്കുന്നു. ദൈനംദിന ജീവിത വ്യവഹാരങ്ങള്‍ക്കിടയിലും സത്യവിശ്വാസികള്‍ ആ ഭവനങ്ങള്‍ സന്ദര്‍ശിക്കാനും,തങ്ങളുടെ മനസ്സിനെ ചൈതന്യപൂര്‍ണ്ണമാക്കാനും സമയം കണ്ടെത്തുന്നു.
Contents of the translations can be downloaded and re-published, with the following terms and conditions:
1. No modification, addition, or deletion of the content.
2. Clearly referring to the publisher and the source (QuranEnc.com).
3. Mentioning the version number when re-publishing the translation.
4. Keeping the transcript information inside the document.
5. Notifying the source (QuranEnc.com) of any note on the translation.
6. Updating the translation according to the latest version issued from the source (QuranEnc.com).
7. Inappropriate advertisements must not be included when displaying translations of the meanings of the Noble Quran.
Sakamakon Bincike:
API specs
Endpoints:
Sura translation
GET / https://quranenc.com/api/v1/translation/sura/{translation_key}/{sura_number} description: get the specified translation (by its translation_key) for the speicified sura (by its number)
Parameters: translation_key: (the key of the currently selected translation) sura_number: [1-114] (Sura number in the mosshaf which should be between 1 and 114)
Returns:
json object containing array of objects, each object contains the "sura", "aya", "translation" and "footnotes".
GET / https://quranenc.com/api/v1/translation/aya/{translation_key}/{sura_number}/{aya_number} description: get the specified translation (by its translation_key) for the speicified aya (by its number sura_number and aya_number)
Parameters: translation_key: (the key of the currently selected translation) sura_number: [1-114] (Sura number in the mosshaf which should be between 1 and 114) aya_number: [1-...] (Aya number in the sura)
Returns:
json object containing the "sura", "aya", "translation" and "footnotes".