ചൊവ്വായ നിലയില്‍. തന്റെപക്കല്‍ നിന്നുള്ള കഠിനമായ ശിക്ഷയെപ്പറ്റി താക്കീത് നല്കുവാനും, സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുന്ന സത്യവിശ്വാസികള്‍ക്ക് ഉത്തമമായ പ്രതിഫലമുണ്ട് എന്ന് സന്തോഷവാര്‍ത്ത അറിയിക്കുവാനും വേണ്ടിയത്രെ അത്.
അവര്‍ക്കാകട്ടെ, അവരുടെ പിതാക്കള്‍ക്കാകട്ടെ അതിനെപ്പറ്റി യാതൊരു അറിവുമില്ല. അവരുടെ വായില്‍ നിന്ന് പുറത്ത് വരുന്ന ആ വാക്ക് ഗുരുതരമായിരിക്കുന്നു. അവര്‍ കള്ളമല്ലാതെ പറയുന്നില്ല.
തീര്‍ച്ചയായും ഭൂമുഖത്തുള്ളതിനെ നാം അതിന് ഒരു അലങ്കാരമാക്കിയിരിക്കുന്നു. മനുഷ്യരില്‍ ആരാണ് ഏറ്റവും നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നത് എന്ന് നാം പരീക്ഷിക്കുവാന്‍ വേണ്ടി.(2)
2) അല്ലാഹു നൽകിയ ജീവിതാലങ്കാരങ്ങളോട് ഉചിതമായ നിലയില്‍ പ്രതികരിക്കുന്നത് ആരെന്ന് പരീക്ഷിക്കുവാന്‍ വേണ്ടി.
അതല്ല, ഗുഹയുടെയും റഖീമിന്റെയും ആളുകള്‍ നമ്മുടെ ദൃഷ്ടാന്തങ്ങളുടെ കൂട്ടത്തില്‍ ഒരു അത്ഭുതമായിരുന്നുവെന്ന് നീ വിചാരിച്ചിരിക്കുകയാണോ?(4)
4) ഗുഹാവാസികളെ പറ്റിയുള്ള ഖുര്‍ആനിലെ വിവരണം ഇവിടെ തുടങ്ങുന്നു. ഗുഹാവാസികളുടെ ചരിത്രം ഖുര്‍ആന്‍ അവതരിക്കുന്ന കാലത്ത് അറബികള്‍ക്കിടയില്‍ ഒരു സംസാരവിഷയമായിരുന്നു. ഏറ്റവും വലിയ അത്ഭുതമായിട്ടായിരുന്നു അവരത് ഗണിച്ചിരുന്നത്. എന്നാല്‍ അല്ലാഹുവിൻ്റെ അത്ഭുതകരമായ ദൃഷ്ടാന്തങ്ങള്‍ എത്രയോ ഉണ്ട്. അക്കൂട്ടത്തില്‍ അത്രയൊന്നും അത്ഭുതകരമല്ലാത്ത ഒന്ന് മാത്രമാണ് ഈ സംഭവം. 'റഖീം' എന്നത് ആ ഗുഹ സ്ഥിതി ചെയ്തിരുന്ന സ്ഥലത്തിൻ്റെ പേരാണെന്നും ഗുഹാവാസികളുടെ പേര് രേഖപ്പെടുത്തിയ ഫലകമാണെന്നും അഭിപ്രായമുണ്ട്.
ആ യുവാക്കള്‍ ഗുഹയില്‍ അഭയം പ്രാപിച്ച സന്ദര്‍ഭം!(5) അവര്‍ പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവേ, നിന്റെ പക്കല്‍ നിന്നുള്ള കാരുണ്യം ഞങ്ങള്‍ക്ക് നീ നല്‍കുകയും ഞങ്ങളുടെ കാര്യം നേരാംവണ്ണം നിര്‍വഹിക്കുവാന്‍ നീ സൗകര്യം നല്‍കുകയും ചെയ്യേണമേ.
5) അല്ലാഹുവിനെ മാത്രം ആരാധിച്ച ഉറച്ച വിശ്വാസികളായിരുന്നു ഈ ചെറുപ്പക്കാര്‍. ഏകനായ അല്ലാഹുവിനെ മാത്രമാരാധിക്കുക എന്ന ഇസ്ലാമിക ആദർശത്തിൻ്റെ കടുത്ത ശത്രുവായിരുന്നു അവരുടെ നാട് ഭരിച്ചിരുന്ന ദഖ്യാനൂസ് രാജാവ്. വിഗ്രഹാരാധന നടത്താന്‍ തയ്യാറില്ലാത്തവരെയൊക്കെ കൊന്നുകളയാന്‍ രാജാവ് ഉത്തരവിട്ടപ്പോഴാണ് ഈ ചെറുപ്പക്കാര്‍ ഒരു ഗുഹയില്‍ അഭയം തേടിയത്.
അങ്ങനെ കുറെയേറെ വര്‍ഷങ്ങള്‍ ആ ഗുഹയില്‍ വെച്ച് നാം അവരുടെ കാതുകള്‍ അടച്ചു (ഉറക്കിക്കളഞ്ഞു)(6)
6) 'ദ്വറബ്നാ അലാ ആദാനിഹിം' എന്നതിൻ്റെ ഭാഷാര്‍ഥം നാം അവരുടെ കാതുകളിന്മേല്‍ അടിച്ചു എന്നാണ്. അവരെ ഒരു പ്രത്യേകതരം ഉറക്കത്തിലാക്കി എന്നാണ് അതുകൊണ്ടുള്ള വിവക്ഷ.
പിന്നെ അവര്‍ (ഗുഹയില്‍) താമസിച്ച കാലത്തെപ്പറ്റി കൃത്യമായി അറിയുന്നവര്‍ ഇരുകക്ഷികളില്‍(7) ആരാണെന്ന് അറിയാന്‍ തക്കവണ്ണം അവരെ നാം എഴുന്നേല്പിച്ചു.
7) തങ്ങള്‍ എത്ര കാലം ഗുഹയില്‍ താമസിച്ചുവെന്ന കാര്യത്തില്‍ ഗുഹാവാസികള്‍ തന്നെ രണ്ട് അഭിപ്രായക്കാരായിരുന്നു. 'രണ്ട് കക്ഷികള്‍' എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് ഇതാകാം. ഗുഹാവാസികള്‍ ഉയിര്ത്തെഴുന്നേല്പിക്കപ്പെട്ട കാലത്ത് നാട്ടിലുണ്ടായിരുന്ന വിശ്വാസികളെയും അവിശ്വാസികളെയും ഉദ്ദേശിച്ചുകൊണ്ടുമാകാം രണ്ട് കക്ഷികള്‍ എന്ന് പറഞ്ഞത്.
അവരുടെ വര്‍ത്തമാനം നാം നിനക്ക് യഥാര്‍ത്ഥ രൂപത്തില്‍ വിവരിച്ചുതരാം. തങ്ങളുടെ രക്ഷിതാവില്‍ വിശ്വസിച്ച ഏതാനും യുവാക്കളായിരുന്നു അവര്‍. അവര്‍ക്കു നാം സന്മാര്ഗബോധം വര്‍ദ്ധിപ്പിക്കുകയും ചെയ്തു.
ഞങ്ങളുടെ രക്ഷിതാവ് ആകാശഭൂമികളുടെ രക്ഷിതാവാകുന്നു. അവന്നു പുറമെ യാതൊരു ഇലാഹിനോടും ഞങ്ങള്‍ പ്രാര്ത്ഥിക്കുന്നതേയല്ല, എങ്കില്‍ (അങ്ങനെ ഞങ്ങള്‍ ചെയ്യുന്ന പക്ഷം) തീര്‍ച്ചയായും ഞങ്ങള്‍ അന്യായമായ വാക്ക് പറഞ്ഞവരായിപ്പോകും' എന്ന് അവര്‍ എഴുന്നേറ്റുനിന്ന് പ്രഖ്യാപിച്ച സന്ദര്‍ഭത്തില്‍ അവരുടെ ഹൃദയങ്ങള്‍ക്കു നാം കെട്ടുറപ്പ് നല്‍കുകയും ചെയ്തു.
ഞങ്ങളുടെ ഈ ജനത അവന്നു പുറമെ പല ആരാധ്യരെയും സ്വീകരിച്ചിരിക്കുന്നു. അവരെ (ആരാധ്യരെ) സംബന്ധിച്ച് വ്യക്തമായ യാതൊരു പ്രമാണവും ഇവര്‍ കൊണ്ടുവരാത്തതെന്താണ്? അപ്പോള്‍ അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമച്ചവനെക്കാള്‍ അക്രമിയായി ആരുണ്ട്?
(അവര്‍ അന്യോന്യം പറഞ്ഞു:) അവരെയും അല്ലാഹു ഒഴികെ അവര്‍ ആരാധിച്ചുകൊണ്ടിരിക്കുന്നതിനെയും നിങ്ങള്‍ വിട്ടൊഴിഞ്ഞ സ്ഥിതിക്ക് നിങ്ങള്‍ ആ ഗുഹയില്‍ അഭയം പ്രാപിച്ചുകൊള്ളുക. നിങ്ങളുടെ രക്ഷിതാവ് അവന്റെ കാരുണ്യത്തില്‍ നിന്ന് നിങ്ങള്‍ക്ക് വിശാലമായി നല്‍കുകയും, നിങ്ങളുടെ കാര്യത്തില്‍ സൗകര്യമേര്‍പ്പെടുത്തിത്തരികയും ചെയ്യുന്നതാണ്.
സൂര്യന് ഉദിക്കുമ്പോള്‍ അതവരുടെ ഗുഹവിട്ട് വലതുഭാഗത്തേക്ക് മാറിപ്പോകുന്നതായും, അത് അസ്തമിക്കുമ്പോള്‍ അതവരെ വിട്ട് കടന്ന് ഇടത് ഭാഗത്തേക്ക് പോകുന്നതായും നിനക്ക് കാണാം. അവരാകട്ടെ അതിന്റെ (ഗുഹയുടെ) വിശാലമായ ഒരു ഭാഗത്താകുന്നു.(8) അത് അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. അല്ലാഹു ആരെ നേര്‍വഴിയിലാക്കുന്നുവോ അവനാണ് സന്മാര്ഗം പ്രാപിച്ചവന്. അവന് ആരെ ദുര്‍മാര്‍ഗത്തിലാക്കുന്നുവോ അവനെ നേര്‍വഴിയിലേക്ക് നയിക്കുന്ന ഒരു രക്ഷാധികാരിയെയും നീ കണ്ടെത്തുന്നതല്ല തന്നെ.
അവര്‍ ഉണര്‍ന്നിരിക്കുന്നവരാണ് എന്ന് നീ ധരിച്ച് പോകും. (വാസ്തവത്തില്‍) അവര്‍ ഉറങ്ങുന്നവരത്രെ. നാമവരെ വലത്തോട്ടും ഇടത്തോട്ടും മറിച്ചുകൊണ്ടിരിക്കുന്നു. അവരുടെ നായ ഗുഹാമുഖത്ത് അതിന്റെ രണ്ട് കൈകളും നീട്ടിവെച്ചിരിക്കുകയാണ്. അവരുടെ നേര്‍ക്ക് നീ എത്തി നോക്കുന്ന പക്ഷം നീ അവരില്‍ നിന്ന് പിന്തിരിഞ്ഞോടുകയും, അവരെപ്പറ്റി നീ ഭീതി പൂണ്ടവനായിത്തീരുകയും ചെയ്യും.
അപ്രകാരം - അവര്‍ അന്യോന്യം ചോദ്യം നടത്തുവാന്‍ തക്കവണ്ണം - നാം അവരെ എഴുന്നേല്പിച്ചു.(9) അവരില്‍ ഒരാള്‍ ചോദിച്ചു: നിങ്ങളെത്ര കാലം (ഗുഹയില്‍) കഴിച്ചുകൂട്ടി? മറ്റുള്ളവര്‍ പറഞ്ഞു: നാം ഒരു ദിവസമോ ഒരു ദിവസത്തിന്റെ അല്‍പഭാഗമോ കഴിച്ചുകൂട്ടിയിരിക്കും. മറ്റു ചിലര്‍ പറഞ്ഞു: നിങ്ങളുടെ രക്ഷിതാവാകുന്നു നിങ്ങള്‍ കഴിച്ചുകൂട്ടിയതിനെപ്പറ്റി ശരിയായി അറിയുന്നവന്. എന്നാല്‍ നിങ്ങളില്‍ ഒരാളെ നിങ്ങളുടെ ഈ വെള്ളിനാണയവും കൊണ്ട് പട്ടണത്തിലേക്ക് അയക്കുക. അവിടെ ആരുടെ പക്കലാണ് ഏറ്റവും നല്ല ഭക്ഷണമുള്ളത് എന്ന് നോക്കിയിട്ട് അവിടെ നിന്ന് നിങ്ങള്‍ക്ക് അവന് വല്ല ആഹാരവും കൊണ്ടുവരട്ടെ. അവന് കരുതലോടെ പെരുമാറട്ടെ. നിങ്ങളെപ്പറ്റി അവന് യാതൊരാളെയും അറിയിക്കാതിരിക്കട്ടെ.
9) ഒരു ആട്ടിടയന് ഗുഹാമുഖം തുറന്നുനോക്കിയ സമയത്താണ് ഇവര്‍ ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റതെന്നാണ് വ്യാഖ്യാതാക്കള്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
അല്ലാഹുവിന്റെ വാഗ്ദാനം സത്യമാണെന്നും, അന്ത്യസമയത്തിന്റെ കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്നും അവര്‍ (ജനങ്ങള്‍) മനസ്സിലാക്കുവാന്‍ വേണ്ടി നാം അവരെ (ഗുഹാവാസികളെ) കണ്ടെത്താന്‍ അപ്രകാരം അവസരം നല്കി.(10) അവര്‍ അന്യോന്യം അവരുടെ (ഗുഹാവാസികളുടെ) കാര്യത്തില്‍ തര്‍ക്കിച്ചുകൊണ്ടിരുന്ന സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു.) അവര്‍ (ഒരു വിഭാഗം) പറഞ്ഞു: നിങ്ങള്‍ അവരുടെ മേല്‍ ഒരു കെട്ടിടം നിര്‍മിക്കുക. അവരുടെ രക്ഷിതാവ് അവരെപ്പറ്റി നല്ലവണ്ണം അറിയുന്നവനത്രെ. അവരുടെ കാര്യത്തില്‍ പ്രാബല്യം നേടിയവര്‍ പറഞ്ഞു: നമുക്ക് അവരുടെ മേല്‍ ഒരു പള്ളി നിര്‍മിക്കുക തന്നെ ചെയ്യാം.(11)
10) ആഹാരപാനീയങ്ങളൊന്നും കഴിക്കാതെ മൂന്ന് നൂറ്റാണ്ടുകാലം ഒരുതരം ഉറക്കത്തിലാക്കിയശേഷം ഗുഹാവാസികളെ എഴുന്നേല്പിച്ച അല്ലാഹുവിന് ലോകാവസാനത്തെ തുടര്‍ന്ന് മനുഷ്യരെ ഉയിര്ത്തെഴുന്നേല്പിക്കാന് ഒരു പ്രയാസവുമില്ലെന്ന് ഈ സംഭവത്തിന്നു സാക്ഷിയായ ഏതൊരാള്‍ക്കും വ്യക്തമാകും.
11) എഴുന്നേല്പിക്കപ്പെട്ട യുവാക്കള്‍ ഏറെത്താമസിയാതെ മരിച്ചുവെന്നാണ് വ്യാഖ്യാതാക്കള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. അപ്പോള്‍ അവരുടെ സ്മരണ നിലനിര്‍ത്താന്‍ എന്തുചെയ്യണമെന്ന കാര്യത്തില്‍ നാട്ടുകാര്‍ തമ്മില്‍ തര്‍ക്കമായി. അവരുടെ ഗുഹയുടെ സമീപം ഒരു കെട്ടിടം നിര്‍മിക്കാമെന്ന് ഒരു വിഭാഗം നിര്‍ദേശിച്ചു. പ്രബലമായ ഒരു വിഭാഗം അഭിപ്രായപ്പെട്ടത് അവിടെ ഒരു പള്ളി നിര്‍മ്മിക്കാമെന്നായിരുന്നു.
അവര്‍ (ജനങ്ങളില്‍ ഒരു വിഭാഗം) പറയും; (ഗുഹാവാസികള്‍) മൂന്ന് പേരാണ്, നാലാമത്തെത് അവരുടെ നായയാണ് എന്ന്. ചിലര്‍ പറയും: അവര്‍ അഞ്ചുപേരാണ്; ആറാമത്തെത് അവരുടെ നായയാണ് എന്ന്. അദൃശ്യകാര്യത്തെപ്പറ്റിയുള്ള ഊഹം പറയല്‍ മാത്രമാണത്. ചിലര്‍ പറയും: അവര്‍ ഏഴു പേരാണ്. എട്ടാമത്തെത് അവരുടെ നായയാണ് എന്ന്.(12) (നബിയേ) പറയുക; എന്റെ രക്ഷിതാവ് അവരുടെ എണ്ണത്തെപ്പറ്റി നല്ലവണ്ണം അറിയുന്നവനാണ്. ചുരുക്കം പേരല്ലാതെ അവരെപ്പറ്റി അറിയുകയില്ല. അതിനാല്‍ വ്യക്തമായ അറിവിന്റെ അടിസ്ഥാനത്തിലല്ലാതെ അവരുടെ വിഷയത്തില്‍ തര്‍ക്കിക്കരുത്.(13) അവരില്‍ (ജനങ്ങളില്‍) ആരോടും അവരുടെ കാര്യത്തില്‍ നീ അഭിപ്രായം ആരായുകയും ചെയ്യരുത്.
12) ഈ അഭിപ്രായത്തെ വിശുദ്ധഖുര്‍ആനിലൂടെ അല്ലാഹു വിമര്‍ശിക്കാത്തതുകൊണ്ട് ഇതാണ് ശരിയെന്ന് ഊഹിക്കാവുന്നതാണ്.
13) ചരിത്രവിവരണത്തില്‍ ഖുര്‍ആനിൻ്റെ സമീപനം ചരിത്രഗ്രന്ഥങ്ങളുടേതില്‍ നിന്ന് വ്യത്യസ്തമാണ്. സ്ഥലം, തിയ്യതി, ജനനം, മരണം തുടങ്ങിയവ വിശദീകരിക്കുന്നതിനുപകരം ഓരോ സംഭവത്തില്‍ നിന്നും നമുക്ക് ഉള്‍ക്കൊള്ളാനുള്ള ഗുണപാഠം ഊന്നിപ്പറയുകയാണ് അല്ലാഹു ചെയ്യുന്നത്. ഖുര്‍ആനില്‍ നിന്ന് വ്യക്തമായ അറിവിൻ്റെ അടിസ്ഥാനത്തില്‍ സംസാരിക്കുകയല്ലാതെ അതിനപ്പുറമുള്ള അപ്രസക്തമായ കാര്യങ്ങളെപ്പറ്റി തര്‍ക്കിക്കാന്‍ പോകരുതെന്ന് നബി(ﷺ)യെ അല്ലാഹു ഉണര്‍ത്തുന്നു.
അല്ലാഹു ഉദ്ദേശിക്കുന്നവെങ്കില്‍ (ചെയ്യാമെന്ന്) അല്ലാതെ. നീ മറന്നുപോകുന്ന പക്ഷം (ഓര്മവരുമ്പോള്) നിന്റെ രക്ഷിതാവിനെ അനുസ്മരിക്കുക.(14) എന്റെ രക്ഷിതാവ് എന്നെ ഇതിനെക്കാള്‍ സന്മാര്ഗത്തോട് അടുത്ത കാര്യത്തിലേക്ക് നയിച്ചേക്കാം എന്ന് പറയുകയും ചെയ്യുക.
14) ഒരു സത്യവിശ്വാസി ഏതൊരു കാര്യം ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണെങ്കിലും 'ഇന്‍ശാ അല്ലാഹ്' (അല്ലാഹു ഉദ്ദേശിച്ചെങ്കില്‍) എന്നുകൂടി പറയണം. അതു മറന്നുപോയാല്‍ ഓര്മവരുമ്പോള് പറയണം.
നീ പറയുക: അവര്‍ താമസിച്ചതിനെപ്പറ്റി അല്ലാഹു നല്ലവണ്ണം അറിയുന്നവനാകുന്നു. ആകാശങ്ങളിലെയും ഭൂമിയിലെയും അദൃശ്യജ്ഞാനം അവന്നാണുള്ളത്. അവന് എത്ര കാഴ്ചയുള്ളവന്! എത്ര കേള്‍വിയുള്ളവന്‍! അവന്നു പുറമെ അവര്‍ക്ക് (മനുഷ്യര്‍ക്ക്) യാതൊരു രക്ഷാധികാരിയുമില്ല. തന്റെ തീരുമാനാധികാരത്തില്‍ യാതൊരാളെയും അവന് പങ്കുചേര്‍ക്കുകയുമില്ല.
നിനക്ക് ബോധനം നല്കപ്പെട്ട നിന്റെ രക്ഷിതാവിന്റെ ഗ്രന്ഥം നീ പാരായണം ചെയ്യുക. അവന്റെ വചനങ്ങള്‍ക്ക് ഭേദഗതി വരുത്താനാരുമില്ല. അവന്നു പുറമെ യാതൊരു അഭയസ്ഥാനവും നീ ഒരിക്കലും കണ്ടെത്തുകയുമില്ല.
തങ്ങളുടെ രക്ഷിതാവിന്റെ മുഖം ലക്ഷ്യമാക്കിക്കൊണ്ട്(16) കാലത്തും വൈകുന്നേരവും അവനോട് പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുന്നവരുടെ കൂടെ നീ നിന്റെ മനസ്സിനെ അടക്കി നിര്‍ത്തുക. ഇഹലോകജീവിതത്തിന്റെ അലങ്കാരം ലക്ഷ്യമാക്കിക്കൊണ്ട് നിന്റെ കണ്ണുകള്‍ അവരെ വിട്ടുമാറിപ്പോകാതിരിക്കട്ടെ. ഏതൊരുവന്റെ ഹൃദയത്തെ നമ്മുടെ സ്മരണയെ വിട്ടു നാം അശ്രദ്ധമാക്കിയിരിക്കുന്നുവോ, ഏതൊരുവന് തന്നിഷ്ടത്തെ പിന്തുടരുകയും അവന്റെ കാര്യം അതിരുകവിഞ്ഞതായിരിക്കുകയും ചെയ്തുവോ, അവനെ നീ അനുസരിച്ചു പോകരുത്.(17)
16) അല്ലാഹുവിൻ്റെ മുഖം അവൻ്റെ വിശേഷണമാണ്. അല്ലാഹുവിൻ്റെ ഏത് വിശേഷണവും അല്ലാഹുവിൻ്റെ മഹത്വത്തിന് യോജിച്ച രൂപത്തിലാകുന്നു. അതിലൊന്നിലും അവനോട് സാദൃശ്യപ്പെടുന്ന ഒന്നും തന്നെയില്ല.
17) നബി(ﷺ)യുടെ സന്തതസഹചാരികളായിരുന്ന പാവങ്ങളെ മാറ്റിനിര്‍ത്തിയാല്‍ തങ്ങളൊക്കെ നബി(ﷺ)യുടെ പക്ഷത്ത് ചേര്‍ന്നുകൊള്ളാമെന്ന് ചില ഖുറൈശി പ്രമുഖര്‍ വാഗ്ദാനം ചെയ്യുകയുണ്ടായി. അവരുടെ അഭിപ്രായം ചെവിക്കൊള്ളരുതെന്ന് അല്ലാഹു നബി(ﷺ)യെ തെര്യപ്പെടുത്തുന്നു.
പറയുക: സത്യം നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ളതാകുന്നു. അതിനാല്‍ ഉദ്ദേശിക്കുന്നവര്‍ വിശ്വസിക്കട്ടെ. ഉദ്ദേശിക്കുന്നവര്‍ അവിശ്വസിക്കട്ടെ. അക്രമികള്‍ക്ക് നാം നരകാഗ്നി ഒരുക്കി വെച്ചിട്ടുണ്ട്. അതിന്റെ കൂടാരം അവരെ വലയം ചെയ്തിരിക്കുന്നു. അവര്‍ വെള്ളത്തിനപേക്ഷിക്കുന്ന പക്ഷം ഉരുക്കിയ ലോഹം പോലുള്ള ഒരു വെള്ളമായിരിക്കും അവര്‍ക്ക് കുടിക്കാന്‍ നല്കപ്പെടുന്നത്. അത് മുഖങ്ങളെ എരിച്ച് കളയും. വളരെ ദുഷിച്ച പാനീയം തന്നെ. അത് (നരകം) വളരെ ദുഷിച്ച വിശ്രമ സ്ഥലം തന്നെ.
തീര്‍ച്ചയായും വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അത്തരം സല്‍പ്രവര്‍ത്തനം നടത്തുന്ന യാതൊരാളുടെയും പ്രതിഫലം നാം തീര്‍ച്ചയായും പാഴാക്കുന്നതല്ല.
തു അക്കൂട്ടര്‍ക്കാകുന്നു സ്ഥിരവാസത്തിനുള്ള സ്വര്‍ഗത്തോപ്പുകള്‍. അവരുടെ താഴ്ഭാഗത്തുകൂടി അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്നതാണ്. അവര്‍ക്കവിടെ സ്വര്‍ണം കൊണ്ടുള്ള വളകള്‍ അണിയിക്കപ്പെടുന്നതാണ്. നേരിയതും കട്ടിയുള്ളതുമായ പച്ചപ്പട്ടു വസ്ത്രങ്ങള്‍ അവര്‍ ധരിക്കുകയും ചെയ്യും. അവിടെ അവര്‍ അലങ്കരിച്ച കട്ടിലുകളില്‍ ചാരിയിരുന്ന് വിശ്രമിക്കുന്നവരായിരിക്കും. എത്ര വിശിഷ്ടമായ പ്രതിഫലം! എത്ര ഉത്തമമായ വിശ്രമസ്ഥലം!
നീ അവര്‍ക്ക് ഒരു ഉപമ വിവരിച്ചുകൊടുക്കുക. രണ്ട് പുരുഷന്മാര്. അവരില്‍ ഒരാള്‍ക്ക് നാം രണ്ട് മുന്തിരിത്തോട്ടങ്ങള്‍ നല്കി. അവയെ (തോട്ടങ്ങളെ) നാം ഈന്തപ്പനകൊണ്ട് വലയം ചെയ്തു. അവയ്ക്കിടയില്‍ (തോട്ടങ്ങള്‍ക്കിടയില്‍) ധാന്യകൃഷിയിടവും നാം നല്കി.
സ്വന്തത്തോട് തന്നെ അന്യായം പ്രവര്‍ത്തിച്ചുകൊണ്ട് അവന് തന്റെ തോട്ടത്തില്‍ പ്രവേശിച്ചു. അവന് പറഞ്ഞു: ഒരിക്കലും ഇതൊന്നും നശിച്ചുപോകുമെന്ന് ഞാന്‍ വിചാരിക്കുന്നില്ല.
അന്ത്യസമയം നിലവില്‍ വരും എന്നും ഞാന്‍ വിചാരിക്കുന്നില്ല. ഇനി ഞാന്‍ എന്റെ രക്ഷിതാവിങ്കലേക്ക് മടക്കപ്പെടുകയാണെങ്കിലോ, തീര്‍ച്ചയായും, മടങ്ങിച്ചെല്ലുന്നതിന് ഇതിനേക്കാള്‍ ഉത്തമമായ ഒരു സ്ഥലം എനിക്ക് ലഭിക്കുക തന്നെ ചെയ്യും.(18)
18) പരലോകം ഉണ്ടായാല്‍ തന്നെ അവിടെ തൻ്റെ നില ഒട്ടും മോശമായിരിക്കില്ലെന്നാണ് അവൻ്റെ അവകാശവാദം.
അവന്റെ ചങ്ങാതി അവനുമായി സംവാദം നടത്തിക്കൊണ്ടിരിക്കെ പറഞ്ഞു: മണ്ണില്‍ നിന്നും അനന്തരം ബീജത്തില്‍ നിന്നും നിന്നെ സൃഷ്ടിക്കുകയും, പിന്നീട് നിന്നെ ഒരു പുരുഷനായി സംവിധാനിക്കുകയും ചെയ്തവനില്‍ നീ അവിശ്വസിച്ചിരിക്കുകയാണോ?
നീ നിന്റെ തോട്ടത്തില്‍ കടന്ന സമയത്ത്, 'ഇത് അല്ലാഹു ഉദ്ദേശിച്ചതത്രെ, അല്ലാഹുവെക്കൊണ്ടല്ലാതെ യാതൊരു ശക്തിയും ഇല്ല' എന്ന് നിനക്ക് പറഞ്ഞുകൂടായിരുന്നോ? നിന്നെക്കാള്‍ ധനവും സന്താനവും കുറഞ്ഞവനായി നീ എന്നെ കാണുന്നുവെങ്കില്‍.
എന്റെ രക്ഷിതാവ് എനിക്ക് നിന്റെ തോട്ടത്തെക്കാള്‍ നല്ലത് നല്കി എന്ന് വരാം. നിന്റെ തോട്ടത്തിന്റെ നേരെ അവന് ആകാശത്ത് നിന്ന് ഒരു ശിക്ഷ അയക്കുകയും, അങ്ങനെ അത് ചതുപ്പുനിലമായിത്തീരുകയും ചെയ്തു എന്നും വരാം.
അവന്റെ ഫലസമൃദ്ധി (നാശത്താല്‍) വലയം ചെയ്യപ്പെട്ടു. അവ (തോട്ടങ്ങള്‍) അവയുടെ പന്തലുകളോടെ വീണടിഞ്ഞുകിടക്കവെ താന്‍ അതില്‍ ചെലവഴിച്ചതിന്റെ പേരില്‍ അവന് (നഷ്ടബോധത്താല്‍) കൈ മലര്‍ത്തുന്നവനായിത്തീര്‍ന്നു. 'എന്റെ രക്ഷിതാവിനോട് ആരെയും ഞാന്‍ പങ്കുചേര്‍ക്കാതിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ' എന്ന് അവന് പറയുകയും ചെയ്തുകൊണ്ടിരുന്നു.
(നബിയേ,) നീ അവര്‍ക്ക് ഐഹികജീവിതത്തിന്റെ ഉപമ വിവരിച്ചുകൊടുക്കുക: ആകാശത്ത് നിന്ന് നാം ഇറക്കിയ വെള്ളം പോലെ. അതുമൂലം ഭൂമിയില്‍ സസ്യങ്ങള്‍ ഇടകലര്‍ന്നുവളര്‍ന്നു. താമസിയാതെ അത് കാറ്റുകള്‍ പറത്തിക്കളയുന്ന തുരുമ്പായിത്തീര്‍ന്നു. (അതുപോലെയത്രെ ഐഹികജീവിതം.) അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനാകുന്നു.
പര്‍വ്വതങ്ങളെ നാം സഞ്ചരിപ്പിക്കുകയും തെളിഞ്ഞ് നിരപ്പായ നിലയില്‍ ഭൂമി നിനക്ക് കാണുമാറാകുകയും, തുടര്‍ന്ന് അവരില്‍ നിന്ന് (മനുഷ്യരില്‍ നിന്ന്) ഒരാളെയും വിട്ടുകളയാതെ നാം അവരെ ഒരുമിച്ചുകൂട്ടുകയും ചെയ്യുന്ന ദിവസം(20) (ശ്രദ്ധേയമാകുന്നു.)
നിന്റെ രക്ഷിതാവിന്റെ മുമ്പാകെ അവര്‍ അണിയണിയായി പ്രദര്‍ശിപ്പിക്കപ്പെടുകയും ചെയ്യും. (അന്നവന് പറയും:) നിങ്ങളെ നാം ആദ്യതവണ സൃഷ്ടിച്ച പ്രകാരം നിങ്ങളിതാ നമ്മുടെ അടുത്തുവന്നിരിക്കുന്നു. എന്നാല്‍ നിങ്ങള്‍ക്ക് നാം ഒരു നിശ്ചിത സമയം(21) ഏര്‍പെടുത്തുകയേയില്ല എന്ന് നിങ്ങള്‍ ജല്പിക്കുകയാണ് ചെയ്തത്.
21) എല്ലാ കര്‍മങ്ങളുടെയും കണക്കുനോക്കി പ്രതിഫലം നൽകുന്ന സന്ദര്‍ഭത്തെപ്പറ്റിയത്രെ സൂചന.
(കര്‍മ്മങ്ങളുടെ) രേഖ വെക്കപ്പെടും. അപ്പോള്‍ കുറ്റവാളികളെ, അതിലുള്ളതിനെപ്പറ്റി ഭയവിഹ്വലരായ നിലയില്‍ നിനക്ക് കാണാം. അവര്‍ പറയും: ഹോ! ഞങ്ങള്‍ക്ക് നാശം. ഇതെന്തൊരു രേഖയാണ്? ചെറുതോ വലുതോ ആയ ഒന്നും തന്നെ അത് കൃത്യമായി രേഖപ്പെടുത്താതെ വിട്ടുകളയുന്നില്ലല്ലോ! തങ്ങള്‍ പ്രവര്‍ത്തിച്ചതൊക്കെ ഹാജരായ നിലയിൽ അവര്‍ കണ്ടെത്തും. നിന്റെ രക്ഷിതാവ് യാതൊരാളോടും അനീതി കാണിക്കുകയില്ല.
നാം മലക്കുകളോട് നിങ്ങള്‍ ആദമിന് പ്രണാമം ചെയ്യുക എന്ന് പറഞ്ഞ സന്ദര്‍ഭവും (ശ്രദ്ധേയമത്രെ.) അവര്‍ പ്രണാമം ചെയ്തു. ഇബ്ലീസ് ഒഴികെ. അവന് ജിന്നുകളില്‍ പെട്ടവനായിരുന്നു. അങ്ങനെ തന്റെ രക്ഷിതാവിന്റെ കല്പന അവന് ധിക്കരിച്ചു. എന്നിരിക്കെ നിങ്ങള്‍ എന്നെ വിട്ട് അവനെയും അവന്റെ സന്തതികളെയും രക്ഷാധികാരികളാക്കുകയാണോ? അവര്‍ നിങ്ങളുടെ ശത്രുക്കളത്രെ. അക്രമികള്‍ക്ക് (അല്ലാഹുവിന്) പകരം കിട്ടിയത് വളരെ ചീത്ത തന്നെ.
ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിപ്പിനാകട്ടെ, അവരുടെ തന്നെ സൃഷ്ടിപ്പിനാകട്ടെ നാം അവരെ സാക്ഷികളാക്കിയിട്ടില്ല. വഴിപിഴപ്പിക്കുന്നവരെ ഞാന്‍ സഹായികളായി സ്വീകരിക്കുന്നവനല്ലതാനും.(22)
22) അല്ലാഹുവിന് ഒരു സഹായിയുടെയും ആവശ്യമില്ല. വഴിപിഴപ്പിക്കുന്ന പിശാചുക്കളെ അല്ലാഹു സഹായികളായി സ്വീകരിക്കുന്ന പ്രശ്നമേയില്ല.
എന്റെ പങ്കാളികളെന്ന് നിങ്ങള്‍ ജല്പിച്ച് കൊണ്ടിരുന്നവരെ നിങ്ങള്‍ വിളിച്ച് നോക്കൂ എന്ന് അവന് (അല്ലാഹു) പറയുന്ന ദിവസവും (ശ്രദ്ധേയമത്രെ.) അപ്പോള്‍ ഇവര്‍ അവരെ വിളിച്ച് നോക്കുന്നതാണ്. എന്നാല്‍ അവര്‍ ഇവര്‍ക്ക് ഉത്തരം നല്‍കുന്നതല്ല. അവര്‍ക്കിടയില്‍ നാം ഒരു നാശഗര്‍ത്തം ഉണ്ടാക്കുകയും ചെയ്യും.(23)
23) 'ജഅല്‍നാ ബൈനഹും മൗബിഖന്‍' എന്ന വാക്യാംശം പലവിധത്തില്‍ വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. 'പ്രാര്‍ഥിക്കുന്നവര്‍ക്കും പ്രാര്‍ത്ഥിക്കപ്പെടുന്നവര്‍ക്കുമിടയില്‍ വിനാശകാരിയായ നരകമുണ്ടായിരിക്കും', 'പ്രാര്‍ത്ഥിക്കപ്പെടുന്ന സജ്ജനങ്ങള്‍ക്കും പ്രാര്‍ത്ഥിക്കുന്ന ബഹുദൈവവിശ്വാസികള്‍ക്കുമിടയില്‍ വിനാശകരമായ അകലം (എത്തിച്ചേരാന്‍ ശ്രമിക്കുന്നവര്‍ തുലഞ്ഞുപോകുന്നവിധമുള്ള അകലം) ഉണ്ടായിരിക്കും', 'പ്രാര്‍ത്ഥിക്കപ്പെടുന്ന വ്യാജദൈവങ്ങളും പ്രാര്‍ത്ഥിക്കുന്നവരും തമ്മിലുള്ള ബന്ധം നാശഹേതുവായിരിക്കും.' എന്നിങ്ങനെയാണ് പ്രമുഖ വ്യാഖ്യാതാക്കളുടെ വ്യാഖ്യാനങ്ങള്‍.
തീര്‍ച്ചയായും ജനങ്ങള്‍ക്കുവേണ്ടി എല്ലാവിധ ഉപമകളും ഈ ഖുര്‍ആനില്‍ നാം വിവിധ തരത്തില്‍ വിവരിച്ചിരിക്കുന്നു. എന്നാല്‍ മനുഷ്യന് അത്യധികം തര്‍ക്കസ്വഭാവമുള്ളവനത്രെ.
തങ്ങള്‍ക്കു മാര്‍ഗദര്‍ശനം വന്നുകിട്ടിയപ്പോള്‍ അതില്‍ വിശ്വസിക്കുകയും, തങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുകയും ചെയ്യുന്നതിന് ജനങ്ങള്‍ക്ക് തടസ്സമായത് പൂര്വ്വികന്മാരുടെ കാര്യത്തിലുണ്ടായ അതേ നടപടി അവര്‍ക്കും വരണം അല്ലെങ്കില്‍ അവര്‍ക്ക് നേരിട്ട് ശിക്ഷ വരണം എന്ന അവരുടെ നിലപാട് മാത്രമാകുന്നു.(24)
24) അല്ലാഹുവിൻ്റെ ശിക്ഷയെപ്പറ്റി പ്രവാചകന്മാര് മുന്നറിയിപ്പ് നല്കിയപ്പോഴൊക്കെ സത്യനിഷേധികളുടെ പ്രതികരണം 'ആ ശിക്ഷ വരട്ടെ അത് കണ്ടിട്ടാകാം ഞങ്ങള്‍ വിശ്വസിക്കുന്നത്' എന്നായിരുന്നു. ശിക്ഷ വന്നപ്പോള്‍ അവര്‍ക്ക് ഒട്ടും സാവകാശം നല്‍കപ്പെടുകയുണ്ടായില്ല.
സന്തോഷവാര്‍ത്ത അറിയിക്കുന്നവരായിക്കൊണ്ടും, താക്കീത് നല്‍കുന്നവരായിക്കൊണ്ടും മാത്രമാണ് നാം ദൂതന്മാരെ നിയോഗിക്കുന്നത്. അവിശ്വസിച്ചവര്‍ മിഥ്യാവാദവുമായി തര്‍ക്കിച്ച് കൊണ്ടിരിക്കുന്നു; അത് മൂലം സത്യത്തെ തകര്‍ത്തുകളയുവാന്‍ വേണ്ടി. എന്റെ ദൃഷ്ടാന്തങ്ങളെയും അവര്‍ക്ക് നല്കപ്പെട്ട താക്കീതുകളെയും അവര്‍ പരിഹാസ്യമാക്കിത്തീര്‍ക്കുകയും ചെയ്തിരിക്കുന്നു.
തന്റെ രക്ഷിതാവിന്റെ ദൃഷ്ടാന്തങ്ങളെപ്പറ്റി ഓര്‍മിപ്പിക്കപ്പെട്ടിട്ട് അതില്‍ നിന്ന് തിരിഞ്ഞുകളയുകയും, തന്റെ കൈകള്‍ മുന്‍കൂട്ടി ചെയ്തത് (ദുഷ്കര്‍മ്മങ്ങള്‍) മറന്നുകളയുകയും ചെയ്തവനെക്കാള്‍ അക്രമിയായി ആരുണ്ട്? തീര്‍ച്ചയായും അവരത് ഗ്രഹിക്കുന്നതിന് (തടസ്സമായി) നാം അവരുടെ ഹൃദയങ്ങളില്‍ മൂടികളും, അവരുടെ കാതുകളില്‍ ഭാര(അടപ്പ്)വും ഏര്‍പെടുത്തിയിരിക്കുന്നു. (അങ്ങനെയിരിക്കെ) നീ അവരെ സന്മാര്ഗത്തിലേക്ക് ക്ഷണിക്കുന്ന പക്ഷം അവര്‍ ഒരിക്കലും സന്മാര്ഗം സ്വീകരിക്കുകയില്ല.
നിന്റെ രക്ഷിതാവ് ഏറെ പൊറുക്കുന്നവനും കരുണയുള്ളവനുമാകുന്നു. അവര്‍ ചെയ്തുകൂട്ടിയതിന് അവന് അവര്‍ക്കെതിരില്‍ നടപടി എടുക്കുകയായിരുന്നെങ്കില്‍ അവര്‍ക്കവന്‍ ഉടന്‍ തന്നെ ശിക്ഷ നല്‍കുമായിരുന്നു. പക്ഷെ അവര്‍ക്കൊരു നിശ്ചിത അവധിയുണ്ട്. അതിനെ മറികടന്നുകൊണ്ട് രക്ഷപ്രാപിക്കാവുന്ന ഒരു സ്ഥാനവും അവര്‍ കണ്ടെത്തുകയേയില്ല.
മൂസാ തന്റെ ഭൃത്യനോട് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു:) ഞാന്‍ രണ്ട് കടലുകള്‍ കൂടിച്ചേരുന്നിടത്ത് എത്തുകയോ, അല്ലെങ്കില്‍ സുദീര്‍ഘമായ ഒരു കാലഘട്ടം മുഴുവന്‍ നടന്നു കഴിയുകയോ ചെയ്യുന്നതുവരെ ഞാന്‍ (ഈ യാത്ര) തുടര്‍ന്നു കൊണ്ടേയിരിക്കും.
അങ്ങനെ അവര്‍ അവ (കടലുകള്‍) രണ്ടും കൂടിച്ചേരുന്നിടത്തെത്തിയപ്പോള് തങ്ങളുടെ മത്സ്യത്തിന്റെ കാര്യം മറന്നുപോയി.(25) അങ്ങനെ അത് കടലില്‍ (ചാടി) അത് പോയ മാര്‍ഗം ഒരു തുരങ്കം (പോലെ) ആക്കിത്തീര്‍ത്തു.(26)
25) അല്ലാഹുവിൻ്റെ നിര്‍ദേശപ്രകാരം അവര്‍ കൊണ്ടുപോയതായിരുന്നു ആ മത്സ്യമെന്ന് ഹദീസില്‍ വന്നിട്ടുണ്ട്.
26) മൂസാ നബി(عليه السلام)യെ ചില കാര്യങ്ങള്‍ പഠിപ്പിക്കുന്നതിനുവേണ്ടി അല്ലാഹു സ്വീകരിച്ച അസാധാരണ നടപടികളുടെ ഭാഗമായിരുന്നു മത്സ്യം പോയ ഭാഗം കടലില്‍ ഒരു തുരങ്കം പോലെ കിടന്നത്.
അങ്ങനെ അവര്‍ ആ സ്ഥലം വിട്ടു മുന്നോട്ട് പോയിക്കഴിഞ്ഞപ്പോള്‍ മൂസാ തന്റെ ഭൃത്യനോട് പറഞ്ഞു: നീ നമുക്ക് നമ്മുടെ ഭക്ഷണം കൊണ്ടുവാ. നമ്മുടെ ഈ യാത്ര നിമിത്തം നമുക്ക് ക്ഷീണം നേരിട്ടിരിക്കുന്നു.
അവന് പറഞ്ഞു: താങ്കള്‍ കണ്ടുവോ? നാം ആ പാറക്കല്ലില്‍ അഭയം പ്രാപിച്ച സന്ദര്‍ഭത്തില്‍ ഞാന്‍ ആ മത്സ്യത്തെ മറന്നുപോവുകതന്നെ ചെയ്തു. അത് പറയാന്‍ എന്നെ മറപ്പിച്ചത് പിശാചല്ലാതെ മറ്റാരുമല്ല. അത് കടലിലൂടെ സഞ്ചരിച്ച വഴി ഒരു അത്ഭുതമാക്കിത്തീര്‍ക്കുകയും ചെയ്തിരിക്കുന്നു.
അപ്പോള്‍ അവര്‍ രണ്ടുപേരും നമ്മുടെ ദാസന്മാരില് ഒരാളെ(28) കണ്ടെത്തി. അദ്ദേഹത്തിന് നാം നമ്മുടെ പക്കല്‍ നിന്നുള്ള കാരുണ്യം നല്‍കുകയും, നമ്മുടെ പക്കല്‍ നിന്നുള്ള ജ്ഞാനം നാം അദ്ദേഹത്തെ പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
28) മൂസാ നബി(عليه السلام)യുടെ ഭൃത്യൻ്റെ പേര് യൂശഅ് ബ്നു നൂന് എന്നും, മൂസാ നബി(عليه السلام) അനുഗമിച്ച പണ്ഡിതൻ്റെ പേര് ഖിദ്ർ/ഖദിർ എന്നുമാണ്. ഖദിർ നബിയായിരുന്നോ അല്ലേ എന്ന കാര്യത്തില്‍ അഭിപ്രായാന്തരമുണ്ട്. അല്ലാഹുവിൻ്റെ സന്ദേശം ലഭിച്ചിരുന്നതിനാല്‍ അദ്ദേഹം നബിയായിരുന്നു എന്ന അഭിപ്രായമാണ് കൂടുതല്‍ ശരി.
മൂസാ അദ്ദേഹത്തോട് പറഞ്ഞു: താങ്കള്‍ക്ക് പഠിപ്പിക്കപ്പെട്ട സന്മാര്ഗജ്ഞാനത്തില് നിന്ന് എനിക്ക് താങ്കള്‍ പഠിപ്പിച്ചുതരുന്നതിന്നായി ഞാന്‍ താങ്കളെ അനുഗമിക്കട്ടെ?
അദ്ദേഹം പറഞ്ഞു: അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം ക്ഷമയുള്ളവനായി താങ്കള്‍ എന്നെ കണ്ടെത്തുന്നതാണ്. ഞാന്‍ താങ്കളുടെ ഒരു കല്പനയ്ക്കും എതിര് പ്രവര്‍ത്തിക്കുന്നതല്ല.
അദ്ദേഹം പറഞ്ഞു: എന്നാല്‍ താങ്കള്‍ എന്നെ അനുഗമിക്കുന്ന പക്ഷം യാതൊരു കാര്യത്തെപ്പറ്റിയും താങ്കള്‍ എന്നോട് ചോദിക്കരുത്: അതിനെപ്പറ്റിയുള്ള വിവരം ഞാന്‍ തന്നെ താങ്കള്‍ക്കു പറഞ്ഞുതരുന്നത് വരെ.
തുടര്‍ന്ന് അവര്‍ രണ്ടുപേരും പോയി. അങ്ങനെ അവരിരുവരും കപ്പലില്‍ കയറിയപ്പോള്‍ അദ്ദേഹം അതിന് കേടുവരുത്തുകയുണ്ടായി. മൂസാ പറഞ്ഞു: അതിലുള്ളവരെ മുക്കിക്കളയുവാന്‍ വേണ്ടി താങ്കളതിന് കേടുവരുത്തിയിരിക്കുകയാണോ? തീര്‍ച്ചയായും ഗുരുതരമായ ഒരു കാര്യം തന്നെയാണ് താങ്കള്‍ ചെയ്തത്.
അദ്ദേഹം പറഞ്ഞു: ഞാന്‍ മറന്നുപോയതിന് താങ്കള്‍ എന്റെ പേരില്‍ നടപടി എടുക്കരുത്. എന്റെ കാര്യത്തില്‍ വിഷമകരമായ യാതൊന്നിനും താങ്കള്‍ എന്നെ നിര്‍ബന്ധിക്കുകയും ചെയ്യരുത്.
അനന്തരം അവര്‍ ഇരുവരും പോയി. അങ്ങനെ ഒരു ബാലനെ അവര്‍ കണ്ടുമുട്ടിയപ്പോള്‍ അദ്ദേഹം അവനെ കൊന്നുകളഞ്ഞു. മൂസാ പറഞ്ഞു: നിര്‍ദോഷിയായ ഒരാളെ മറ്റൊരാള്‍ക്കു പകരമായിട്ടല്ലാതെ(29) താങ്കള്‍ കൊന്നുവോ? തീര്‍ച്ചയായും നിഷിദ്ധമായ ഒരു കാര്യം തന്നെയാണ് താങ്കള്‍ ചെയ്തിട്ടുള്ളത്.
മൂസാ പറഞ്ഞു: ഇതിന് ശേഷം വല്ലതിനെപ്പറ്റിയും ഞാന്‍ താങ്കളോട് ചോദിക്കുകയാണെങ്കില്‍ പിന്നെ താങ്കള്‍ എന്നെ സഹവാസിയാക്കേണ്ടതില്ല. എന്നില്‍ നിന്ന് താങ്കള്‍ക്ക് ന്യായമായ കാരണം കിട്ടിക്കഴിഞ്ഞു.(30)
30) മൂന്നാമതും ഞാന്‍ കല്പന ലംഘിക്കുന്നപക്ഷം ഞാനുമായി വേര്‍പിരിയാന്‍ അത് മതിയായ കാരണമാണെന്നര്‍ത്ഥം.
അനന്തരം അവര്‍ ഇരുവരും പോയി. അങ്ങനെ അവര്‍ ഇരുവരും ഒരു രാജ്യക്കാരുടെ അടുക്കല്‍ ചെന്നപ്പോള്‍ ആ രാജ്യക്കാരോട് അവര്‍ ഭക്ഷണം ആവശ്യപ്പെട്ടു. എന്നാല്‍ ഇവരെ സല്ക്കരിക്കുവാന് അവര്‍ വൈമനസ്യം കാണിക്കുകയാണ് ചെയ്തത്. അപ്പോള്‍ പൊളിഞ്ഞുവീഴാനൊരുങ്ങുന്ന ഒരു മതില് അവര്‍ അവിടെ കണ്ടെത്തി. ഉടനെ അദ്ദേഹം അത് നേരെയാക്കി. മൂസാ പറഞ്ഞു: താങ്കള്‍ ഉദ്ദേശിച്ചിരുന്നെങ്കില്‍ അതിന്റെ പേരില്‍ താങ്കള്‍ക്ക് വല്ല പ്രതിഫലവും വാങ്ങാമായിരുന്നു.
അദ്ദേഹം പറഞ്ഞു: ഇത് ഞാനും താങ്കളും തമ്മിലുള്ള വേര്‍പാടാകുന്നു. ഏതൊരു കാര്യത്തിന്റെ പേരില്‍ താങ്കള്‍ക്ക് ക്ഷമിക്കാന്‍ കഴിയാതിരുന്നുവോ അതിന്റെ പൊരുള്‍ ഞാന്‍ താങ്കള്‍ക്ക് അറിയിച്ചുതരാം.
ആ കപ്പലാകട്ടെ കടലില്‍ ജോലിചെയ്യുന്ന ഏതാനും ദരിദ്രന്മാരുടെതായിരുന്നു. അതിനാല്‍ ഞാനത് കേടുവരുത്തണമെന്ന് ഉദ്ദേശിച്ചു. (കാരണം) അവരുടെ പുറകെ എല്ലാ (നല്ല) കപ്പലും ബലാല്‍ക്കാരമായി പിടിച്ചെടുക്കുന്ന ഒരു രാജാവുണ്ടായിരുന്നു.
എന്നാല്‍ ആ ബാലനാകട്ടെ അവന്റെ മാതാപിതാക്കള്‍ സത്യവിശ്വാസികളായിരുന്നു. എന്നാല്‍ അവന് അവരെ അതിക്രമത്തിനും അവിശ്വാസത്തിനും നിര്‍ബന്ധിതരാക്കിത്തീര്‍ക്കുമെന്ന് നാം ഭയപ്പെട്ടു.
അതിനാല്‍ അവര്‍ക്ക് അവരുടെ രക്ഷിതാവ് അവനെക്കാള്‍ സ്വഭാവശുദ്ധിയില്‍ മെച്ചപ്പെട്ടവനും, കാരുണ്യത്താല്‍ കൂടുതല്‍ അടുപ്പമുള്ളവനുമായ ഒരു സന്താനത്തെ പകരം നല്‍കണം എന്നു നാം ആഗ്രഹിച്ചു.
ആ മതിലാണെങ്കിലോ, അത് ആ പട്ടണത്തിലെ അനാഥരായ രണ്ട് ബാലന്മാരുടെതായിരുന്നു. അതിനു ചുവട്ടില്‍ അവര്‍ക്കായുള്ള ഒരു നിധിയുണ്ടായിരുന്നു. അവരുടെ പിതാവ് ഒരു നല്ല മനുഷ്യനായിരുന്നു. അതിനാല്‍ അവര്‍ ഇരുവരും യൗവ്വനം പ്രാപിക്കുകയും, എന്നിട്ടവരുടെ നിധി പുറത്തെടുക്കുകയും ചെയ്യണമെന്ന് താങ്കളുടെ രക്ഷിതാവ് ഉദ്ദേശിച്ചു.(31) താങ്കളുടെ രക്ഷിതാവിന്റെ കാരുണ്യം എന്ന നിലയിലത്രെ അത്. അതൊന്നും എന്റെ അഭിപ്രായപ്രകാരമല്ല ഞാന്‍ ചെയ്തത്.(32) താങ്കള്‍ക്ക് ഏത് കാര്യത്തില്‍ ക്ഷമിക്കാന്‍ കഴിയാതിരുന്നുവോ അതിന്റെ പൊരുളാകുന്നു അത്.
31) അതിനുവേണ്ടിയാണ് മതിലിൻ്റെ കേടുപാട് തീര്‍ത്തത്.
32) അല്ലാഹുവിൻ്റെ നിര്‍ദേശപ്രകാരമാണ് ഇതൊക്കെ ചെയ്തതെന്നര്‍ഥം. അല്ലാഹു പ്രവര്‍ത്തിക്കുന്ന എല്ലാ കാര്യത്തിൻ്റെയും യുക്തി നമുക്ക് മനസ്സിലായെന്ന് വരില്ല. അവന് സര്‍വജ്ഞനത്രെ. അവന് അറിയിച്ചു തന്നതിനപ്പുറം യാതൊന്നുമറിയാന്‍ നമുക്ക് കഴിയില്ല.
അവര്‍ നിന്നോട് ദുല്ഖര്നൈനി(33)യെപ്പറ്റി ചോദിക്കുന്നു. നീ പറയുക: അദ്ദേഹത്തെപ്പറ്റിയുള്ള വിവരം ഞാന്‍ നിങ്ങള്‍ക്ക് ഓതികേള്‍പിച്ച് തരാം.
33) പരിശുദ്ധഖുര്ആനില് പരാമര്‍ശിച്ചിട്ടുള്ള ദുല്ഖര്നൈനി ആരാണെന്ന കാര്യത്തില്‍ വ്യാഖ്യാതാക്കള്‍ ഏകാഭിപ്രായക്കാരല്ല.
ദുല്ഖര്നൈനി എന്ന വാക്കിൻ്റെ ഭാഷാര്‍ത്ഥം രണ്ട് നൂറ്റാണ്ട് ജീവിച്ചവന് എന്നോ, രണ്ട് 'കൊമ്പു'ള്ളവന്‍ എന്നോ ആയിരിക്കും. അപ്പോള്‍ ഇത് ഒരുവ്യക്തിനാമമായിരിക്കില്ല. ഒരു അപരാഭിധാനം മാത്രമായിരിക്കും. ഈ അപരനാമം നല്കപ്പെട്ട വ്യക്തി ലോകം മുഴുവൻ ഭരിച്ച മുസ്ലിമായ ഒരു ചക്രവർത്തിയായിരുന്നു.
അങ്ങനെ അദ്ദേഹം സൂര്യാസ്തമനസ്ഥാനത്തെത്തിയപ്പോള്‍ അത് ചെളിവെള്ളമുള്ള ഒരു ജലാശയത്തില്‍ മറഞ്ഞു പോകുന്നതായി അദ്ദേഹം കണ്ടു.(35) അതിന്റെ അടുത്ത് ഒരു ജനവിഭാഗത്തെയും അദ്ദേഹം കണ്ടെത്തി. (അദ്ദേഹത്തോട്) നാം പറഞ്ഞു: ഹേ, ദുല്‍ഖര്‍നൈന്‍, ഒന്നുകില്‍ നിനക്ക് ഇവരെ ശിക്ഷിക്കാം. അല്ലെങ്കില്‍ നിനക്ക് അവരില്‍ നന്മയുണ്ടാക്കാം.(36)
35) ജനവാസമുണ്ടായിരുന്ന ഭൂപ്രദേശങ്ങളുടെ പടിഞ്ഞാറെ അറ്റത്താണ് ദുല്ഖര്നൈനി എത്തിച്ചേര്‍ന്നതെന്നും, അതിനപ്പുറത്തുള്ള കടലിലാണ് സൂര്യന് അസ്തമിച്ച് മറഞ്ഞുപോകുന്നതെന്ന് അന്ന് ജനങ്ങള്‍ കരുതിയിരുന്നുവെന്നുമാണ് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്. ഇത് മദ്ധ്യധരണ്യാഴിയുടെയോ അറ്റ്ലാന്റിക്കിൻ്റെയോ കിഴക്കന്‍ തീരമാകാം.
കടല്ക്കരയില് നിന്ന് അസ്തമനം വീക്ഷിക്കുന്ന ഒരാള്‍ക്ക് ചെളി കലങ്ങിയ വെള്ളത്തിലേക്ക് സൂര്യന് താഴ്ന്നു പോകുന്നതായിട്ടാണ് തോന്നുക.
36) ഒരു ചക്രവര്‍ത്തിക്ക് അദ്ദേഹം കീഴടക്കിയ പ്രദേശങ്ങളില്‍ ദുര്‍ഭരണം നടത്തി ജനങ്ങളെ പീഡിപ്പിക്കാനും, സല്‍ഭരണത്തിലൂടെ ജനങ്ങളെ നല്ല നിലയിലെത്തിക്കാനും കഴിയും. അതില്‍ ഏത് തെരഞ്ഞെടുക്കുന്നുവെന്നതിനെ ആശ്രയിച്ചായിരിക്കും അദ്ദേഹത്തിൻ്റെ ജയാപജയങ്ങള്‍.
അദ്ദേഹം (ദുല്‍ഖര്‍നൈന്‍) പറഞ്ഞു: എന്നാല്‍ ആര് അക്രമം പ്രവര്‍ത്തിച്ചുവോ അവനെ നാം ശിക്ഷിക്കുന്നതാണ്. പിന്നീട് അവന് തന്റെ രക്ഷിതാവിങ്കലേക്ക് മടക്കപ്പെടുകയും അപ്പോള്‍ അവന് ഗുരുതരമായ ശിക്ഷ അവന്ന് നല്‍കുകയും ചെയ്യുന്നതാണ്.
എന്നാല്‍ ആര് വിശ്വസിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്തുവോ അവന്നാണ് പ്രതിഫലമായി അതിവിശിഷ്ടമായ സ്വര്‍ഗമുള്ളത്. അവനോട് നാം നിര്‍ദേശിക്കുന്നത് നമ്മുടെ കല്പനയില് നിന്ന് എളുപ്പമുള്ളതായിരിക്കുകയും ചെയ്യും.(37)
37) അല്ലാഹുവിൽ യഥാവിധി വിശ്വസിക്കുകയും സൽകർമങ്ങൾ പ്രവർത്തിക്കുകയും ചെയ്യുന്നവരോട് അദ്ദേഹം നല്ലനിലയിൽ വർത്തിക്കുമെന്നർത്ഥം. ദുൽഖർനൈൻ നല്ലവനായ ഒരു രാജാവായിരുന്നു എന്നതിന് തെളിവാണ് ഈ വചനം.
അങ്ങനെ അദ്ദേഹം സൂര്യോദയസ്ഥാനത്തെത്തിയപ്പോള്‍(38) അത് ഒരു ജനതയുടെ മേല്‍ ഉദിച്ചുയരുന്നതായി അദ്ദേഹം കണ്ടെത്തി. അതിന്റെ (സൂര്യന്റെ) മുമ്പില്‍ അവര്‍ക്കു നാം യാതൊരു മറയും ഉണ്ടാക്കിക്കൊടുത്തിട്ടില്ല.(39)
38) കിഴക്കോട്ട് യാത്ര ചെയ്തിട്ട് അന്ന് ജനവാസമുണ്ടായിരുന്ന ഭൂപ്രദേശങ്ങളുടെ കിഴക്കെ അറ്റത്ത് അദ്ദേഹം എത്തി എന്നാണ് വ്യാഖ്യാതാക്കള്‍ ഇതിന് വിശദീകരണം നല്‍കിയിട്ടുള്ളത്.
39) വെയിലില്‍ നിന്ന് രക്ഷ ലഭിക്കാന്‍ വേണ്ടി വസ്ത്രം ധരിക്കുകയോ, വീടുകളില്‍ അഭയം പ്രാപിക്കുകയോ ചെയ്യുന്ന സമ്പ്രദായം അവര്‍ക്ക് ഉണ്ടായിരുന്നില്ലെന്നര്‍ഥം.
അപ്രകാരം തന്നെ (അദ്ദേഹം പ്രവര്‍ത്തിച്ചു.)(40) അദ്ദേഹത്തിന്റെ പക്കലുള്ളതിനെപ്പറ്റി (നമ്മുടെ) സൂക്ഷ്മജ്ഞാനം കൊണ്ട് നാം പൂര്‍ണ്ണമായി അറിഞ്ഞിട്ടുണ്ട് താനും.
40) പശ്ചിമദേശത്തുള്ളവരുടെ കാര്യത്തില്‍ ചെയ്തതുപോലെതന്നെ പൂര്‍വദേശത്തുള്ളവരുടെ കാര്യത്തിലും അദ്ദേഹം ചെയ്തു എന്നാണ് വിവക്ഷ.
അങ്ങനെ അദ്ദേഹം രണ്ട് പര്‍വ്വതനിരകള്‍ക്കിടയിലെത്തിയപ്പോള്‍ അവയുടെ ഇപ്പുറത്തുണ്ടായിരുന്ന ഒരു ജനതയെ അദ്ദേഹം കാണുകയുണ്ടായി. പറയുന്നതൊന്നും മിക്കവാറും അവര്‍ക്ക് മനസ്സിലാക്കാനാവുന്നില്ല.
അവര്‍ പറഞ്ഞു: ഹേ, ദുല്‍ഖര്‍നൈന്‍, തീര്‍ച്ചയായും യഅ്ജൂജ് - മഅ്ജൂജ് വിഭാഗങ്ങള്‍(41) ഭൂമിയില്‍ കുഴപ്പമുണ്ടാക്കുന്നവരാകുന്നു. ഞങ്ങള്‍ക്കും അവര്‍ക്കുമിടയില്‍ താങ്കള്‍ ഒരു മതില്‍കെട്ട് ഉണ്ടാക്കിത്തരണമെന്ന വ്യവസ്ഥയില്‍ ഞങ്ങള്‍ താങ്കള്‍ക്ക് ഒരു കരം നിശ്ചയിച്ച് തരട്ടെയോ?
41) യഅ്ജൂജ് - മഅ്ജൂജ് മനുഷ്യരിൽ പെട്ട നാശകാരികളായ വിഭാഗമാണ്. അന്ത്യനാളടുത്താൽ അവർ പുറപ്പെട്ടുവരികയും ഭൂമിയിൽ വലിയ കുഴപ്പങ്ങളുണ്ടാക്കുകയും ചെയ്യുമെന്ന് നബി ﷺ പറഞ്ഞിട്ടുണ്ട്.
നിങ്ങള്‍ എനിക്ക് ഇരുമ്പുകട്ടികള്‍ കൊണ്ട് വന്ന് തരൂ. അങ്ങനെ ആ രണ്ട് പര്‍വ്വത പാര്‍ശ്വങ്ങളുടെ ഇട സമമാക്കിത്തീര്‍ത്തിട്ട് അദ്ദേഹം പറഞ്ഞു: നിങ്ങള്‍ കാറ്റൂതുക. അങ്ങനെ അത് (പഴുപ്പിച്ച്) തീ പോലെയാക്കിയപ്പോള്‍ അദ്ദേഹം പറഞ്ഞു: നിങ്ങളെനിക്ക് ഉരുക്കിയ ചെമ്പ് കൊണ്ടുവന്നു തരൂ ഞാനത് അതിന്മേല് ഒഴിക്കട്ടെ
അദ്ദേഹം (ദുല്‍ഖര്‍നൈന്‍) പറഞ്ഞു: ഇത് എന്റെ രക്ഷിതാവിങ്കല്‍ നിന്നുള്ള കാരുണ്യമത്രെ. എന്നാല്‍ എന്റെ രക്ഷിതാവിന്റെ വാഗ്ദത്ത സമയം വന്നാല്‍ അവന് അതിനെ തകര്‍ത്ത് നിരപ്പാക്കിക്കളയുന്നതാണ്.(43) എന്റെ രക്ഷിതാവിന്റെ വാഗ്ദാനം യാഥാര്‍ത്ഥ്യമാകുന്നു.
43) യഅ്ജൂജും മഅ്ജൂജും ആ ഭിത്തി തകര്‍ത്തുകൊണ്ട് മുന്നേറാന്‍ അല്ലാഹു നിശ്ചയിച്ച സമയത്ത് അത് നടക്കുക തന്നെ ചെയ്യുമെന്നര്‍ഥം.
(അന്ന്) അവരില്‍ ചിലര്‍ മറ്റുചിലരുടെ മേല്‍ തിരമാലകള്‍ പോലെ തള്ളിക്കയറുന്ന രൂപത്തില്‍ നാം വിട്ടേക്കുന്നതാണ്.(44) കാഹളത്തില്‍ ഊതപ്പെടുകയും അപ്പോള്‍ നാം അവരെ ഒന്നിച്ച് ഒരുമിച്ചുകൂട്ടുകയും ചെയ്യും.
എനിക്ക് പുറമെ എന്റെ ദാസന്മാരെ രക്ഷാകര്‍ത്താക്കളായി സ്വീകരിക്കാമെന്ന് അവിശ്വാസികള്‍ വിചാരിച്ചിരിക്കുകയാണോ? തീര്‍ച്ചയായും അവിശ്വാസികള്‍ക്ക് സല്‍ക്കാരം നല്കുവാനായി നാം നരകത്തെ ഒരുക്കിവെച്ചിരിക്കുന്നു.
തങ്ങളുടെ രക്ഷിതാവിന്റെ ദൃഷ്ടാന്തങ്ങളിലും അവനുമായി കണ്ടുമുട്ടുന്നതിലും വിശ്വസിക്കാത്തവരത്രെ അവര്‍. അതിനാല്‍ അവരുടെ കര്‍മ്മങ്ങള്‍ നിഷ്ഫലമായിപ്പോയിരിക്കുന്നു. അതിനാല്‍ നാം അവര്‍ക്ക് ഉയിര്ത്തെഴുന്നേല്പിന്റെ നാളില്‍ യാതൊരു തൂക്കവും നിലനിര്‍ത്തുകയില്ല.(45)
45) അവർക്കോ അവരുടെ കര്‍മങ്ങൾക്കോ പരലോകത്ത് യാതൊരു തൂക്കവും ഉണ്ടാവുകയില്ല.
(നബിയേ,) പറയുക: സമുദ്രജലം എന്റെ രക്ഷിതാവിന്റെ വചനങ്ങളെഴുതാനുള്ള മഷിയായിരുന്നെങ്കില്‍ എന്റെ രക്ഷിതാവിന്റെ വചനങ്ങള്‍ തീരുന്നതിനുമുമ്പായി സമുദ്രജലം തീര്‍ന്നുപോകുക തന്നെ ചെയ്യുമായിരുന്നു; അതിന് തുല്യമായ മറ്റൊരു സമുദ്രം കൂടി നാം സഹായത്തിനു കൊണ്ട് വന്നാലും ശരി.
(നബിയേ,) പറയുക: ഞാന്‍ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന് മാത്രമാകുന്നു.(46) നിങ്ങളുടെ ആരാധനകൾക്കർഹൻ ഏക ആരാധ്യൻ (അല്ലാഹു) മാത്രമാണെന്ന് എനിക്ക് ബോധനം നല്കപ്പെടുന്നു. അതിനാല്‍ വല്ലവനും തന്റെ രക്ഷിതാവുമായി കണ്ടുമുട്ടണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ അവന് സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും, തന്റെ രക്ഷിതാവിനുള്ള ആരാധനയില്‍ യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും ചെയ്തുകൊള്ളട്ടെ.
46) തിന്നുകയും കുടിക്കുകയും ചെയ്യുന്ന, മാംസവും രക്തവുമുള്ള, വേദനയും വികാരങ്ങളുമുള്ള ഒരു മനുഷ്യന് തന്നെയാണ് മുഹമ്മദ് നബി(ﷺ)യെന്നര്‍ഥം. എന്നാൽ അവിടുത്തേക്ക് അല്ലാഹുവില്‍ നിന്ന് വഹ്യ് (ബോധനം) ലഭിക്കുന്നു. മറ്റനേകം പ്രത്യേകതകൾ മുഖേന അല്ലാഹു അവൻ്റെ റസൂലിന് ശ്രേഷ്ഠത നൽകുകയും ചെയ്തിരിക്കുന്നു.
Malibarice Kur'an-ı Kerim Meali- Tercüme Abdulhamid Haydar El-Medini ve Kunhi Muhammed, Medine-i Münevvere'deki Kral Fahd Kur'an-ı Kerim Basım Kompleksi tarafından yayınlanmıştır. Basım Yılı hicri 1417.
Contents of the translations can be downloaded and re-published, with the following terms and conditions:
1. No modification, addition, or deletion of the content.
2. Clearly referring to the publisher and the source (QuranEnc.com).
3. Mentioning the version number when re-publishing the translation.
4. Keeping the transcript information inside the document.
5. Notifying the source (QuranEnc.com) of any note on the translation.
6. Updating the translation according to the latest version issued from the source (QuranEnc.com).
7. Inappropriate advertisements must not be included when displaying translations of the meanings of the Noble Quran.
Arama sonuçları:
API specs
Endpoints:
Sura translation
GET / https://quranenc.com/api/v1/translation/sura/{translation_key}/{sura_number} description: get the specified translation (by its translation_key) for the speicified sura (by its number)
Parameters: translation_key: (the key of the currently selected translation) sura_number: [1-114] (Sura number in the mosshaf which should be between 1 and 114)
Returns:
json object containing array of objects, each object contains the "sura", "aya", "translation" and "footnotes".
GET / https://quranenc.com/api/v1/translation/aya/{translation_key}/{sura_number}/{aya_number} description: get the specified translation (by its translation_key) for the speicified aya (by its number sura_number and aya_number)
Parameters: translation_key: (the key of the currently selected translation) sura_number: [1-114] (Sura number in the mosshaf which should be between 1 and 114) aya_number: [1-...] (Aya number in the sura)
Returns:
json object containing the "sura", "aya", "translation" and "footnotes".