કુરઆન મજીદના શબ્દોનું ભાષાંતર - મલયાલમ ભાષામાં કુરઆન મજીદની સક્ષિપ્ત સમજુતી * - ભાષાંતરોની અનુક્રમણિકા


શબ્દોનું ભાષાંતર સૂરહ: અલ્ મુઅમિનૂન   આયત:

സൂറത്തുൽ മുഅ്മിനൂൻ

સૂરતના હેતુઓ માંથી:
بيان فلاح المؤمنين وخسران الكافرين.
അല്ലാഹുവിൽ വിശ്വസിച്ചവർക്ക് ലഭിക്കുന്ന വിജയവും, അവനെ നിഷേധിച്ചവർക്ക് സംഭവിക്കുന്ന പരാജയവും വിവരിക്കുന്നു.

قَدْ اَفْلَحَ الْمُؤْمِنُوْنَ ۟ۙ
അല്ലാഹുവിൽ വിശ്വസിക്കുകയും, അവൻ്റെ മതനിയമങ്ങൾ പ്രാവർത്തികമാക്കുകയും ചെയ്തവർ തങ്ങൾ ആഗ്രഹിക്കുന്നത് നേടിയെടുത്തു കൊണ്ടും, ഭയക്കുന്നതിൽ നിന്ന് രക്ഷപ്പെട്ടു കൊണ്ടും വിജയിച്ചിരിക്കുന്നു.
અરબી તફસીરો:
الَّذِیْنَ هُمْ فِیْ صَلَاتِهِمْ خٰشِعُوْنَ ۟ۙ
തങ്ങളുടെ നിസ്കാരത്തിൽ ഭയഭക്തിയുള്ളവരാണവർ. നിസ്കാരത്തിൽ അവരുടെ അവയവങ്ങൾ ഒതുക്കമുള്ളതാകുകയും, ഹൃദയം മറ്റെല്ലാ ചിന്തകളിൽ നിന്നും മുക്തമാവുകയും ചെയ്തിരിക്കുന്നു.
અરબી તફસીરો:
وَالَّذِیْنَ هُمْ عَنِ اللَّغْوِ مُعْرِضُوْنَ ۟ۙ
നിരർത്ഥകവും അനാവശ്യവുമായ കാര്യങ്ങളിൽ നിന്നും, തിന്മയാകുന്ന വാക്കുകളിൽ നിന്നും പ്രവൃത്തികളിൽ നിന്നും തിരിഞ്ഞു കളഞ്ഞവരുമാകുന്നു അവർ.
અરબી તફસીરો:
وَالَّذِیْنَ هُمْ لِلزَّكٰوةِ فٰعِلُوْنَ ۟ۙ
തങ്ങളുടെ സ്വദേഹങ്ങളെ മ്ലേഛതകളിൽ നിന്ന് ശുദ്ധീകരിക്കുന്നവരും, തങ്ങളുടെ സമ്പാദ്യം പരിശുദ്ധമാക്കുന്നതിനു വേണ്ടി സകാത്ത് നൽകുന്നവരുമാകുന്നു അവർ.
અરબી તફસીરો:
وَالَّذِیْنَ هُمْ لِفُرُوْجِهِمْ حٰفِظُوْنَ ۟ۙ
വ്യഭിചാരത്തിൽ നിന്നും സ്വവർഗരതിയിൽ നിന്നും മറ്റു മ്ലേഛതകളിൽ നിന്നും അകന്നു നിന്നുകൊണ്ട് തങ്ങളുടെ ഗുഹ്യാവയവങ്ങളെ സൂക്ഷിക്കുന്നവരത്രെ അവർ. അതിനാൽ അവർ ചാരിത്ര്യമുള്ളവരും പരിശുദ്ധരുമായിരിക്കും.
અરબી તફસીરો:
اِلَّا عَلٰۤی اَزْوَاجِهِمْ اَوْ مَا مَلَكَتْ اَیْمَانُهُمْ فَاِنَّهُمْ غَیْرُ مَلُوْمِیْنَ ۟ۚ
തങ്ങളുടെ ഇണകളിൽ നിന്നും, അവർ ഉടമപ്പെടുത്തിയ അടിമസ്ത്രീകളിൽ നിന്നും ഒഴികെ; അവരുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുകയും മറ്റും ചെയ്യുന്നതിൽ അവർ ആക്ഷേപിക്കപ്പെടുകയില്ല.
અરબી તફસીરો:
فَمَنِ ابْتَغٰی وَرَآءَ ذٰلِكَ فَاُولٰٓىِٕكَ هُمُ الْعٰدُوْنَ ۟ۚ
അപ്പോൾ ആരെങ്കിലും തങ്ങളുടെ ഇണകളിലും അടിമസ്ത്രീകളിലുമല്ലാതെ ലൈംഗികതൃഷ്ണ നിർവ്വഹിക്കാൻ ശ്രമിച്ചാൽ അവൻ അല്ലാഹുവിൻ്റെ അതിർവരമ്പുകൾ ധിക്കരിച്ചവനാകുന്നു. അല്ലാഹു അനുവദിച്ചത് വിട്ട് അല്ലാഹു നിരോധിച്ചതിലേക്ക് അവൻ പ്രവേശിച്ചിരിക്കുന്നു.
અરબી તફસીરો:
وَالَّذِیْنَ هُمْ لِاَمٰنٰتِهِمْ وَعَهْدِهِمْ رٰعُوْنَ ۟ۙ
അല്ലാഹു അവരെ ഏൽപ്പിച്ചതും, അല്ലാഹുവിൻ്റെ ദാസന്മാർ അവരെ വിശ്വസിച്ചേൽപ്പിച്ചതുമായ കാര്യങ്ങളും, തങ്ങളുടെ കരാറുകളും സൂക്ഷിക്കുന്നവരാണവർ. അവ അവർ പാഴാക്കുകയില്ല. മറിച്ച്, അവ അവർ പൂർത്തീകരിക്കുന്നവരാണ്.
અરબી તફસીરો:
وَالَّذِیْنَ هُمْ عَلٰی صَلَوٰتِهِمْ یُحَافِظُوْنَ ۟ۘ
തങ്ങളുടെ നിസ്കാരങ്ങൾ സൂക്ഷിച്ചു പോരുന്നവരുമത്രെ അവർ; അത് അവർ സ്ഥിരമായി നിലനിർത്തുകയും, അതിൻ്റെ നിശ്ചിത സമയങ്ങളിൽ നിസ്കാരത്തിൻ്റെ റുക്നുകളും (അതിലെ പരമപ്രധാനമായ അടിസ്ഥാനങ്ങൾ) വാജിബുകളും (നിസ്കാരത്തിലെ നിർബന്ധകർമ്മങ്ങൾ) പാലിച്ചു കൊണ്ട് നിർവ്വഹിക്കുകയും ചെയ്യുന്നവർ.
અરબી તફસીરો:
اُولٰٓىِٕكَ هُمُ الْوٰرِثُوْنَ ۟ۙ
ഈ പറയപ്പെട്ട വിശേഷണങ്ങൾ ഉള്ളവർ തന്നെ അനന്തരാവകാശികൾ.
અરબી તફસીરો:
الَّذِیْنَ یَرِثُوْنَ الْفِرْدَوْسَ ؕ— هُمْ فِیْهَا خٰلِدُوْنَ ۟
സ്വർഗത്തിലെ ഏറ്റവും ഉന്നതമായ ഫിർദൗസ് അനന്തരമായി എടുക്കുന്നവർ. അവരതിൽ എന്നെന്നും വസിക്കുന്നവരായിരിക്കും. അതിലെ സുഖാനുഗ്രഹങ്ങൾ ഒരിക്കലും അവർക്ക് മുറിഞ്ഞു പോകുന്നതല്ല.
અરબી તફસીરો:
وَلَقَدْ خَلَقْنَا الْاِنْسَانَ مِنْ سُلٰلَةٍ مِّنْ طِیْنٍ ۟ۚ
മനുഷ്യരുടെ പിതാവ് ആദമിനെ മണ്ണിൽ നിന്ന് നാം സൃഷ്ടിച്ചിരിക്കുന്നു. ഭൂമിയിലെ മണ്ണിൻ്റെ മിശ്രിതം വെള്ളവുമായി കൂട്ടിക്കലർത്തിയ സത്തയിൽ നിന്നാണ് അദ്ദേഹത്തെ സൃഷ്ടിച്ച മണ്ണ് എടുത്തത്.
અરબી તફસીરો:
ثُمَّ جَعَلْنٰهُ نُطْفَةً فِیْ قَرَارٍ مَّكِیْنٍ ۪۟
ബീജത്തിൽ നിന്ന് പ്രത്യുൽപാദനം ചെയ്യപ്പെടുന്നവരായി പിന്നീട് അദ്ദേഹത്തിൻ്റെ മക്കളെ നാം സൃഷ്ടിച്ചു. ബീജം ഗർഭപാത്രത്തിൽ പ്രസവസമയം വരെ കഴിഞ്ഞുകൂടുന്നു.
અરબી તફસીરો:
ثُمَّ خَلَقْنَا النُّطْفَةَ عَلَقَةً فَخَلَقْنَا الْعَلَقَةَ مُضْغَةً فَخَلَقْنَا الْمُضْغَةَ عِظٰمًا فَكَسَوْنَا الْعِظٰمَ لَحْمًا ۗ— ثُمَّ اَنْشَاْنٰهُ خَلْقًا اٰخَرَ ؕ— فَتَبٰرَكَ اللّٰهُ اَحْسَنُ الْخٰلِقِیْنَ ۟ؕ
ഗർഭപാത്രത്തിൽ ഉറച്ചു നിലകൊള്ളുന്ന ആ ബീജത്തെ അതിന് ശേഷം ഒരു ചുവന്ന രക്തക്കട്ടയാക്കി നാം മാറ്റി. ശേഷം ആ ചുവന്ന രക്തക്കട്ടയെ ചവച്ച ഒരു ഇറച്ചിക്കഷ്ണം പോലെയാക്കി. അങ്ങനെ ആ മാംസപിണ്ഡത്തെ ഉറച്ച എല്ലായി രൂപപ്പെടുത്തി. ശേഷം ആ എല്ലുകളെ നാം മാംസം കൊണ്ടു പൊതിഞ്ഞു. ശേഷം ആത്മാവ് അതിൽ ഊതിക്കൊണ്ട് അവനെ മറ്റൊരു സൃഷ്ടിയായി നാം രൂപപ്പെടുത്തുകയും, ജീവലോകത്തേക്ക് പുറത്തു കൊണ്ടു വരികയും ചെയ്തു. അപ്പോൾ ഏറ്റവും നല്ല സൃഷ്ടികർത്താവായ അല്ലാഹു അനുഗ്രഹപൂർണ്ണനായിരിക്കുന്നു.
અરબી તફસીરો:
ثُمَّ اِنَّكُمْ بَعْدَ ذٰلِكَ لَمَیِّتُوْنَ ۟ؕ
ശേഷം -മനുഷ്യരേ- തീർച്ചയായും നിങ്ങൾ ഈ ഘട്ടങ്ങളെല്ലാം കടന്നുപോയതിന് ശേഷം, നിങ്ങളുടെ ആയുസ്സ് അവസാനിച്ചാൽ മരിച്ചു പോകുന്നവരാകുന്നു.
અરબી તફસીરો:
ثُمَّ اِنَّكُمْ یَوْمَ الْقِیٰمَةِ تُبْعَثُوْنَ ۟
ശേഷം നിങ്ങൾ കാഴ്ച്ചവെച്ച പ്രവർത്തനങ്ങളെ കുറിച്ച് വിചാരണ ചെയ്യപ്പെടുന്നതിനായി നിങ്ങളുടെ മരണശേഷം ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ ഖബറുകളിൽ നിന്ന് നിങ്ങൾ പുനരുജ്ജീവിപ്പിക്കപ്പെടുന്നതാണ്.
અરબી તફસીરો:
وَلَقَدْ خَلَقْنَا فَوْقَكُمْ سَبْعَ طَرَآىِٕقَ ۖۗ— وَمَا كُنَّا عَنِ الْخَلْقِ غٰفِلِیْنَ ۟
മനുഷ്യരേ! നിങ്ങൾക്ക് മുകളിൽ ഒന്നിന് മുകളിൽ ഒന്നായി ഏഴ് ആകാശങ്ങളെ നാം സൃഷ്ടിച്ചിരിക്കുന്നു. നമ്മുടെ സൃഷ്ടിപ്പിനെ കുറിച്ച് നാം അശ്രദ്ധയിലായിരുന്നില്ല. അവ നാം മറക്കുന്നതുമല്ല.
અરબી તફસીરો:
આયતોના ફાયદાઓ માંથી:
• للفلاح أسباب متنوعة يحسن معرفتها والحرص عليها.
• വിജയം നേടിയെടുക്കാൻ പലയിനം വഴികളുണ്ട്. അവ അറിയുന്നതും അതിൽ പരിശ്രമിക്കുന്നതും വളരെ നല്ല കാര്യമാണ്.

• التدرج في الخلق والشرع سُنَّة إلهية.
• സൃഷ്ടിപ്പും മതനിയമങ്ങളും പടിപടിയായി നിർവഹിക്കുകയെന്നത് അല്ലാഹുവിൻ്റെ നടപടിക്രമമാണ്.

• إحاطة علم الله بمخلوقاته.
• തൻ്റെ സൃഷ്ടികളെ അല്ലാഹുവിൻ്റെ അറിവ് ചൂഴ്ന്നിരിക്കുന്നു.

وَاَنْزَلْنَا مِنَ السَّمَآءِ مَآءً بِقَدَرٍ فَاَسْكَنّٰهُ فِی الْاَرْضِ ۖۗ— وَاِنَّا عَلٰی ذَهَابٍ بِهٖ لَقٰدِرُوْنَ ۟ۚ
ആകാശത്ത് നിന്ന് നാം ആവശ്യമുള്ളത്ര മഴവെള്ളം വർഷിക്കുകയും ചെയ്തിരിക്കുന്നു; അത് കൂടുതലാവുകയും കുഴപ്പങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നില്ല. കുറച്ചാവുകയും ആവശ്യത്തിന് തികയാതെ വരികയും ചെയ്യുന്നില്ല. അങ്ങനെ, നാമതിനെ ഭൂമിയിൽ നിലനിർത്തുകയും, ജനങ്ങളും കന്നുകാലികളും അതിൽ നിന്ന് പ്രയോജനമെടുക്കുകയും ചെയ്യുന്നു. ആ വെള്ളം വറ്റിച്ചു കളയാൻ നാം ശക്തിയുള്ളവരാകുന്നു; അപ്പോൾ നിങ്ങൾക്ക് അതിൽ നിന്ന് യാതൊരു പ്രയോജനവും എടുക്കാൻ കഴിയുന്നതല്ല.
અરબી તફસીરો:
فَاَنْشَاْنَا لَكُمْ بِهٖ جَنّٰتٍ مِّنْ نَّخِیْلٍ وَّاَعْنَابٍ ۘ— لَكُمْ فِیْهَا فَوَاكِهُ كَثِیْرَةٌ وَّمِنْهَا تَاْكُلُوْنَ ۟ۙ
അങ്ങനെ നിങ്ങൾക്കായി ആ വെള്ളം മുഖേന നാം ഈത്തപ്പനകളുടെയും മുന്തിരിവള്ളികളുടെയും തോട്ടങ്ങൾ മുളപ്പിച്ചു തന്നിരിക്കുന്നു. അതിൽ -അത്തിയും മാതളവും ആപ്പിളും പോലെ- വ്യത്യസ്ത രൂപങ്ങളിലും നിറങ്ങളിലുമുള്ള പഴങ്ങൾ നിങ്ങൾക്കായുണ്ട്. അതിൽ നിന്ന് നിങ്ങൾ ഭക്ഷിക്കുകയും ചെയ്യുന്നു.
અરબી તફસીરો:
وَشَجَرَةً تَخْرُجُ مِنْ طُوْرِ سَیْنَآءَ تَنْۢبُتُ بِالدُّهْنِ وَصِبْغٍ لِّلْاٰكِلِیْنَ ۟
നിങ്ങൾക്കായി അത് മുഖേന സീനാ പർവ്വതത്തിൻ്റെ ഭാഗങ്ങളിലായി വളരുന്ന സൈത്തൂൻ (ഒലീവ്) വൃക്ഷവും അവൻ മുളപ്പിച്ചു തന്നിരിക്കുന്നു. അതിൻ്റെ കായയിൽ നിന്ന് വരുന്ന എണ്ണ അത് ഉൽപാദിപ്പിക്കുന്നു. പുരട്ടാനും കറിയായും അത് ഉപയോഗിക്കുന്നു.
અરબી તફસીરો:
وَاِنَّ لَكُمْ فِی الْاَنْعَامِ لَعِبْرَةً ؕ— نُسْقِیْكُمْ مِّمَّا فِیْ بُطُوْنِهَا وَلَكُمْ فِیْهَا مَنَافِعُ كَثِیْرَةٌ وَّمِنْهَا تَاْكُلُوْنَ ۟ۙ
ജനങ്ങളേ! തീർച്ചയായും നിങ്ങൾക്ക് ഒട്ടകവും പശുവും ആടും അടങ്ങുന്ന കന്നുകാലികളിൽ ഗുണപാഠവും, അല്ലാഹുവിൻ്റെ ശക്തിയും നിങ്ങളോടുള്ള അനുകമ്പയും തെളിയിക്കുന്ന അടയാളങ്ങളുമുണ്ട്. ഈ കന്നുകാലികളുടെ അകിടുകളിൽ നിന്ന് കുടിക്കാൻ ശുദ്ധമായ പാല് നാം നിങ്ങളെ കുടിപ്പിക്കുന്നു. മറ്റനേകം ഉപകാരങ്ങളും അവയിൽ നിങ്ങൾക്കുണ്ട്. അവയെ വാഹനമായി ഉപയോഗിക്കാനും, കമ്പിളിയെടുക്കാനും, തൊലിയും രോമങ്ങളും ഉപയോഗപ്പെടുത്താനും, അവയുടെ മാംസം ഭക്ഷിക്കാനും നിങ്ങൾക്ക് സാധിക്കുന്നു.
અરબી તફસીરો:
وَعَلَیْهَا وَعَلَی الْفُلْكِ تُحْمَلُوْنَ ۟۠
കന്നുകാലികളിൽ പെട്ട ഒട്ടകത്തിൻ്റെ പുറത്ത് കരയിലും, കപ്പലുകളിൽ കടലിലും നിങ്ങൾ വഹിക്കപ്പെടുകയും ചെയ്യുന്നു.
અરબી તફસીરો:
وَلَقَدْ اَرْسَلْنَا نُوْحًا اِلٰی قَوْمِهٖ فَقَالَ یٰقَوْمِ اعْبُدُوا اللّٰهَ مَا لَكُمْ مِّنْ اِلٰهٍ غَیْرُهٗ ؕ— اَفَلَا تَتَّقُوْنَ ۟
നൂഹ് -عَلَيْهِ السَّلَامُ- നെ അദ്ദേഹത്തിൻ്റെ സമൂഹത്തെ അല്ലാഹുവിലേക്ക് ക്ഷണിക്കുന്നതിനായി നാം നിയോഗിച്ചു. അദ്ദേഹം അവരോട് പറഞ്ഞു: എൻ്റെ സമൂഹമേ! നിങ്ങൾ അല്ലാഹുവിനെ മാത്രം ആരാധിക്കുക! നിങ്ങൾക്ക് അവനല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. അപ്പോൾ അല്ലാഹുവിൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കിയും, അവൻ്റെ വിലക്കുകൾ ഉപേക്ഷിച്ചു കൊണ്ടും അല്ലാഹുവിനെ നിങ്ങൾ സൂക്ഷിക്കുന്നില്ലേ?!
અરબી તફસીરો:
فَقَالَ الْمَلَؤُا الَّذِیْنَ كَفَرُوْا مِنْ قَوْمِهٖ مَا هٰذَاۤ اِلَّا بَشَرٌ مِّثْلُكُمْ ۙ— یُرِیْدُ اَنْ یَّتَفَضَّلَ عَلَیْكُمْ ؕ— وَلَوْ شَآءَ اللّٰهُ لَاَنْزَلَ مَلٰٓىِٕكَةً ۖۚ— مَّا سَمِعْنَا بِهٰذَا فِیْۤ اٰبَآىِٕنَا الْاَوَّلِیْنَ ۟ۚۖ
അല്ലാഹുവിനെ നിഷേധിച്ചവരിൽ പെട്ട, അദ്ദേഹത്തിൻ്റെ ജനതയിൽ നേതാക്കന്മാരും പ്രമാണിമാരുമായിരുന്നവർ അവരുടെ അനുയായികളോടും പൊതുജനങ്ങളോടുമായി പറഞ്ഞു: താൻ (അല്ലാഹുവിൽ നിന്നുള്ള) ദൂതനാണെന്ന് അവകാശപ്പെടുന്ന ഇവൻ നിങ്ങളെ പോലെയുള്ള ഒരു മനുഷ്യനല്ലാതെ മറ്റൊന്നുമല്ല. നിങ്ങളുടെ മേൽ അധികാരവും നേതൃത്വവും നേടിയെടുക്കലാണ് അവൻ്റെ ഉദ്ദേശം. നമ്മളിലേക്ക് ഒരു ദൂതനെ നിയോഗിക്കാൻ അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കിൽ അവൻ മലക്കുകളിൽ പെട്ട ഒരു ദൂതനെ അയക്കുമായിരുന്നു. മനുഷ്യരിൽ നിന്ന് ഒരു ദൂതനെ അവൻ അയക്കില്ലായിരുന്നു. നമുക്ക് മുൻപ് കഴിഞ്ഞു പോയ നമ്മുടെ പൂർവ്വികരിൽ ഇവൻ ജൽപ്പിക്കുന്നതിന് സമാനമായത് ഞങ്ങൾ കേട്ടിട്ടേയില്ല.
અરબી તફસીરો:
اِنْ هُوَ اِلَّا رَجُلٌۢ بِهٖ جِنَّةٌ فَتَرَبَّصُوْا بِهٖ حَتّٰی حِیْنٍ ۟
ഭ്രാന്ത് ബാധിച്ച ഒരുത്തൻ മാത്രമാകുന്നു ഇവൻ. താൻ പറയുന്നതെന്താണെന്ന ബോധ്യം പോലും അവനില്ല. അതിനാൽ അവൻ്റെ കാര്യം ജനങ്ങൾക്ക് വ്യക്തമാകുന്നത് വരെ നിങ്ങൾ കാത്തിരിക്കുക.
અરબી તફસીરો:
قَالَ رَبِّ انْصُرْنِیْ بِمَا كَذَّبُوْنِ ۟
നൂഹ് -عَلَيْهِ السَّلَامُ- പറഞ്ഞു: എൻ്റെ രക്ഷിതാവേ! അവർ എന്നെ കളവാക്കിയെന്നതിനാൽ എനിക്കായി നീ അവരോട് പ്രതികാരം ചെയ്തുകൊണ്ട് അവർക്കെതിരെ നീ എന്നെ സഹായിക്കേണമേ!
અરબી તફસીરો:
فَاَوْحَیْنَاۤ اِلَیْهِ اَنِ اصْنَعِ الْفُلْكَ بِاَعْیُنِنَا وَوَحْیِنَا فَاِذَا جَآءَ اَمْرُنَا وَفَارَ التَّنُّوْرُ ۙ— فَاسْلُكْ فِیْهَا مِنْ كُلٍّ زَوْجَیْنِ اثْنَیْنِ وَاَهْلَكَ اِلَّا مَنْ سَبَقَ عَلَیْهِ الْقَوْلُ مِنْهُمْ ۚ— وَلَا تُخَاطِبْنِیْ فِی الَّذِیْنَ ظَلَمُوْا ۚ— اِنَّهُمْ مُّغْرَقُوْنَ ۟
അപ്പോൾ അദ്ദേഹത്തിന് നാം ഇപ്രകാരം സന്ദേശം നൽകി: നമ്മുടെ മേൽനോട്ടത്തിലും, നാം നിനക്ക് എങ്ങനെ നിർമ്മിക്കണമെന്ന് പഠിപ്പിച്ചു നൽകുന്നോ; അതനുസരിച്ചും നീ ഒരു കപ്പൽ നിർമ്മിക്കുക. അങ്ങനെ അവരെ നശിപ്പിക്കാനുള്ള നമ്മുടെ കൽപ്പന വരികയും, അടുപ്പ് കൂട്ടുന്നയിടത്ത് നിന്ന് ശക്തിയോടെ വെള്ളം ഉറവ പൊട്ടുകയും ചെയ്താൽ എല്ലാ ജീവവർഗങ്ങളിൽ നിന്നും ഒരു ആണിനെയും പെണ്ണിനെയും നീ ആ കപ്പലിൽ പ്രവേശിപ്പിക്കുക; അവരുടെ വംശം നിലനിൽക്കുന്നതിന് വേണ്ടിയത്രെ അത്. നിൻ്റെ കുടുംബത്തെയും നീ അതിൽ പ്രവേശിപ്പിക്കുക; അല്ലാഹു നശിപ്പിക്കുന്നവരിൽ ഉൾപ്പെടുമെന്ന തീരുമാനം മുൻപ് വന്നവരായ നിൻ്റെ ഭാര്യയും സന്താനവും പോലുള്ളവരൊഴികെ. (എന്നെ) നിഷേധിച്ചു കൊണ്ട് അതിക്രമം പ്രവർത്തിച്ചവരെ രക്ഷപ്പെടുത്തണമെന്നും, അവരെ നശിപ്പിക്കരുതെന്നും ആവശ്യപ്പെട്ടു കൊണ്ട് നീ എന്നോട് സംസാരിച്ചു പോകരുത്. തീർച്ചയായും അവർ പ്രളയജലത്തിൽ മുക്കി നശിപ്പിക്കപ്പെടുന്നവരാണ്; അതിൽ യാതൊരു സംശയമില്ല.
અરબી તફસીરો:
આયતોના ફાયદાઓ માંથી:
• لطف الله بعباده ظاهر بإنزال المطر وتيسير الانتفاع به.
• മഴ വർഷിപ്പിച്ചു കൊണ്ടും, അതിൽ നിന്ന് പ്രയോജനമെടുക്കുന്നത് എളുപ്പമാക്കി നൽകി കൊണ്ടും അല്ലാഹു അവൻ്റെ ദാസന്മാരോട് സ്വീകരിച്ച അനുകമ്പ (പ്രാപഞ്ചികക്രമത്തിൽ) പ്രകടമാണ്.

• التنويه بمنزلة شجرة الزيتون.
• സെയ്തൂൻ (ഒലീവ്) മരത്തിൻ്റെ പ്രത്യേകത വളരെ മഹത്തരമാണ്.

• اعتقاد المشركين ألوهية الحجر، وتكذيبهم بنبوة البشر، دليل على سخف عقولهم.
• കല്ലിന് ദിവ്യത്വം കൽപ്പിക്കുകയും, മനുഷ്യൻ്റെ പ്രവാചകത്വം നിഷേധിക്കുകയും ചെയ്യുന്ന ബഹുദൈവാരാധകരുടെ ബുദ്ധിശൂന്യത.

• نصر الله لرسله ثابت عندما تكذبهم أممهم.
• അല്ലാഹുവിൻ്റെ ദൂതന്മാരെ അവരുടെ സമൂഹം നിഷേധിക്കുമ്പോൾ അല്ലാഹു അവരെ സഹായിക്കുന്നതാണ്.

فَاِذَا اسْتَوَیْتَ اَنْتَ وَمَنْ مَّعَكَ عَلَی الْفُلْكِ فَقُلِ الْحَمْدُ لِلّٰهِ الَّذِیْ نَجّٰىنَا مِنَ الْقَوْمِ الظّٰلِمِیْنَ ۟
അങ്ങനെ നീയും നിന്നോടൊപ്പം രക്ഷപ്പെട്ട (അല്ലാഹുവിൽ) വിശ്വസിച്ചവരും കപ്പലിൽ കയറിക്കഴിഞ്ഞാൽ നീ പറയുക: (അല്ലാഹുവിനെ) നിഷേധിച്ച സമൂഹത്തിൽ നിന്ന് ഞങ്ങളെ രക്ഷപ്പെടുത്തുകയും, അവരെ നശിപ്പിക്കുകയും ചെയ്ത അല്ലാഹുവിന് സർവ്വ സ്തുതിയും.
અરબી તફસીરો:
وَقُلْ رَّبِّ اَنْزِلْنِیْ مُنْزَلًا مُّبٰرَكًا وَّاَنْتَ خَیْرُ الْمُنْزِلِیْنَ ۟
നീ പറയുക: എൻ്റെ രക്ഷിതാവേ! ഭൂമിയിൽ അനുഗൃഹീതമായ നിലക്ക് നീ എന്നെ ഇറക്കിത്തരേണമേ! നീയാണല്ലോ (വാസയോഗ്യമായ സ്ഥലത്ത്) ഏറ്റവും നന്നായി ഇറക്കി നൽകുന്നവൻ.
અરબી તફસીરો:
اِنَّ فِیْ ذٰلِكَ لَاٰیٰتٍ وَّاِنْ كُنَّا لَمُبْتَلِیْنَ ۟
തീർച്ചയായും ഈ പറയപ്പെട്ട ചരിത്രത്തിൽ -നൂഹിനെയും അദ്ദേഹത്തോടൊപ്പമുള്ള (അല്ലാഹുവിൽ) വിശ്വസിച്ചവരെയും രക്ഷപ്പെടുത്തിയതിലും, (അല്ലാഹുവിനെ) നിഷേധിച്ചവരെ നശിപ്പിച്ചതിലും- നമ്മുടെ ദൂതന്മാരെ സഹായിക്കാനും അവരെ നിഷേധിക്കുന്നവരെ നശിപ്പിക്കുവാനും നാം കഴിവുള്ളവരാണ് എന്നതിനുള്ള വ്യക്തമായ തെളിവുകളുണ്ട്. നൂഹിൻ്റെ ജനതയിലേക്ക് അദ്ദേഹത്തെ അയച്ചു കൊണ്ട് അവരെ നാം പരീക്ഷിക്കുക തന്നെ ചെയ്തു. (അല്ലാഹുവിൽ) വിശ്വസിക്കുന്നവർ നിഷേധികളിൽ നിന്നും, (അല്ലാഹുവിനെ) അനുസരിക്കുന്നവർ ധിക്കാരികളിൽ നിന്നും വ്യക്തമാകുന്നതിനു വേണ്ടിയാണത്.
અરબી તફસીરો:
ثُمَّ اَنْشَاْنَا مِنْ بَعْدِهِمْ قَرْنًا اٰخَرِیْنَ ۟ۚ
നൂഹിൻ്റെ ജനതയെ നശിപ്പിച്ചതിന് ശേഷം നാം മറ്റൊരു സമൂഹത്തെ വളർത്തിയെടുത്തു.
અરબી તફસીરો:
فَاَرْسَلْنَا فِیْهِمْ رَسُوْلًا مِّنْهُمْ اَنِ اعْبُدُوا اللّٰهَ مَا لَكُمْ مِّنْ اِلٰهٍ غَیْرُهٗ ؕ— اَفَلَا تَتَّقُوْنَ ۟۠
അങ്ങനെ അല്ലാഹുവിലേക്ക് ക്ഷണിക്കുന്ന ഒരു ദൂതനെ നാം അവരിലേക്ക് നിയോഗിച്ചു. അദ്ദേഹം അവരോട് പറഞ്ഞു: നിങ്ങൾ അല്ലാഹുവിനെ മാത്രം ആരാധിക്കുക. അവന് പുറമെ ആരാധനക്കർഹനായി മറ്റൊരു ആരാധ്യനും നിങ്ങൾക്കില്ല. അല്ലാഹുവിൻ്റെ കൽപ്പനകൾ പാലിച്ചു കൊണ്ടും, അവൻ്റെ വിലക്കുകളിൽ നിന്ന് വിട്ടുനിന്നു കൊണ്ടും നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുന്നില്ലേ?!
અરબી તફસીરો:
وَقَالَ الْمَلَاُ مِنْ قَوْمِهِ الَّذِیْنَ كَفَرُوْا وَكَذَّبُوْا بِلِقَآءِ الْاٰخِرَةِ وَاَتْرَفْنٰهُمْ فِی الْحَیٰوةِ الدُّنْیَا ۙ— مَا هٰذَاۤ اِلَّا بَشَرٌ مِّثْلُكُمْ ۙ— یَاْكُلُ مِمَّا تَاْكُلُوْنَ مِنْهُ وَیَشْرَبُ مِمَّا تَشْرَبُوْنَ ۟ۙ
അല്ലാഹുവിനെ നിഷേധിക്കുകയും അന്ത്യനാളിനെയും അവിടെയുള്ള പ്രതിഫലത്തെയും ശിക്ഷയെയും കളവാക്കുകയും ചെയ്ത, നാം ഇഹലോകത്ത് നൽകിയ സാമ്പത്തിക വിശാലത ധിക്കാരികളാക്കി തീർത്ത, അദ്ദേഹത്തിൻ്റെ ജനതയിലെ നേതാക്കളും പ്രമാണിമാരുമായവർ തങ്ങളുടെ അനുയായികളോടും പൊതുജനങ്ങളോടും പറഞ്ഞു: ഇവൻ നിങ്ങളെ പോലെയുള്ള ഒരു മനുഷ്യൻ മാത്രമാകുന്നു. നിങ്ങൾ കഴിക്കുന്നതിൽ നിന്ന് തന്നെയാണ് അവനും ഭക്ഷിക്കുന്നത്. നിങ്ങൾ കുടിക്കുന്നതിൽ നിന്ന് തന്നെയാണ് അവനും കുടിക്കുന്നത്. നിങ്ങളിലേക്ക് ഒരു ദൂതനായി നിയോഗിക്കപ്പെടാൻ മാത്രമുള്ള, നിങ്ങളെ കവച്ചു വെക്കുന്ന ഒരു പ്രത്യേകതയും അവനില്ല.
અરબી તફસીરો:
وَلَىِٕنْ اَطَعْتُمْ بَشَرًا مِّثْلَكُمْ ۙ— اِنَّكُمْ اِذًا لَّخٰسِرُوْنَ ۟ۙ
നിങ്ങളെ പോലുള്ള ഒരു മനുഷ്യനെ നിങ്ങൾ അനുസരിക്കുകയാണെങ്കിൽ തീർച്ചയായും നിങ്ങൾ നഷ്ടക്കാർ തന്നെയായിരിക്കും. കാരണം, അവനെ അനുസരിക്കുകയും, നിങ്ങളുടെ ആരാധ്യവസ്തുക്കളെ ഉപേക്ഷിക്കുകയും, നിങ്ങളെക്കാൾ ഒരു പ്രത്യേകതയും ഇല്ലാത്ത ഒരാളെ പിൻപറ്റുകയും ചെയ്താൽ യാതൊരു പ്രയോജനവും അത് കൊണ്ട് നിങ്ങൾക്ക് ഉണ്ടാകാൻ പോകുന്നില്ല.
અરબી તફસીરો:
اَیَعِدُكُمْ اَنَّكُمْ اِذَا مِتُّمْ وَكُنْتُمْ تُرَابًا وَّعِظَامًا اَنَّكُمْ مُّخْرَجُوْنَ ۟
നിങ്ങൾ മരിക്കുകയും, നുരുമ്പിയ എല്ലും മണ്ണുമായി തീരുകയും ചെയ്തതിന് ശേഷം നിങ്ങളുടെ ഖബ്റുകളിൽ നിന്ന് ജീവനുള്ളവരായി നിങ്ങൾ പുറത്തു കൊണ്ടു വരപ്പെടും എന്നാണോ അല്ലാഹുവിൻ്റെ ദൂതനാണ് ഞാനെന്ന് അവകാശപ്പെടുന്ന ഈ മനുഷ്യൻ നിങ്ങൾക്ക് വാഗ്ദാനം നൽകുന്നത്?!
અરબી તફસીરો:
هَیْهَاتَ هَیْهَاتَ لِمَا تُوْعَدُوْنَ ۟
മരിക്കുകയും, നുരുമ്പിയ എല്ലും മണ്ണുമായി തീർന്നതിന് ശേഷം ജീവനുള്ളവരായി നിങ്ങൾ ഖബറുകളിൽ നിന്ന് പുറത്തു കൊണ്ടുവരപ്പെടും എന്ന ഈ വാഗ്ദാനം വളരെ വിദൂരം തന്നെ!
અરબી તફસીરો:
اِنْ هِیَ اِلَّا حَیَاتُنَا الدُّنْیَا نَمُوْتُ وَنَحْیَا وَمَا نَحْنُ بِمَبْعُوْثِیْنَ ۟
ജീവിതമെന്നാൽ ഈ ഐഹികജീവിതം മാത്രമാകുന്നു. പരലോകജീവിതം എന്നൊന്നില്ല. നമ്മളിൽ ജീവിച്ചിരിക്കുന്നവർ (ഒരിക്കൽ) മരിക്കും; പിന്നീട് (അവരാരും) ജീവിക്കുകയില്ല. (അതു കഴിഞ്ഞാൽ) മറ്റു ചിലർ ജനിക്കുകയും, അവർ (ഇവിടെ) ജീവിക്കുകയും ചെയ്യും. മരിച്ചതിന് ശേഷം ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ വിചാരണക്കായി നാം പുറത്തു കൊണ്ടുവരപ്പെടുകയില്ല.
અરબી તફસીરો:
اِنْ هُوَ اِلَّا رَجُلُ ١فْتَرٰی عَلَی اللّٰهِ كَذِبًا وَّمَا نَحْنُ لَهٗ بِمُؤْمِنِیْنَ ۟
നിങ്ങളിലേക്ക് വന്നിരിക്കുന്ന (അല്ലാഹുവിൻ്റെ) ദൂതനാണെന്ന് അവകാശപ്പെടുന്ന ഇവൻ തൻ്റെ ഈ സംസാരത്തിലൂടെ അല്ലാഹുവിൻ്റെ മേൽ കള്ളം കെട്ടിച്ചമച്ച ഒരുത്തൻ മാത്രമാകുന്നു. ഞങ്ങൾ അവനിൽ വിശ്വസിക്കുന്നവരേ അല്ല.
અરબી તફસીરો:
قَالَ رَبِّ انْصُرْنِیْ بِمَا كَذَّبُوْنِ ۟
ആ ദൂതൻ പറഞ്ഞു: എൻ്റെ രക്ഷിതാവേ! അവർ എന്നെ കളവാക്കിയെന്നതിനാൽ എനിക്കായി നീ അവരോട് പ്രതികാരം ചെയ്തുകൊണ്ട് അവർക്കെതിരെ നീ എന്നെ സഹായിക്കേണമേ!
અરબી તફસીરો:
قَالَ عَمَّا قَلِیْلٍ لَّیُصْبِحُنَّ نٰدِمِیْنَ ۟ۚ
അല്ലാഹു അദ്ദേഹത്തിന് മറുപടി നൽകി: താങ്കൾ എത്തിച്ചു നൽകിയതിനെ നിഷേധിച്ച ഇക്കൂട്ടർ കുറഞ്ഞ കാലം കൊണ്ടുതന്നെ തങ്ങളിൽ നിന്ന് സംഭവിച്ചു പോയ നിഷേധത്തിൽ ഖേദിക്കുന്നവരായി തീരുന്നതാണ്.
અરબી તફસીરો:
فَاَخَذَتْهُمُ الصَّیْحَةُ بِالْحَقِّ فَجَعَلْنٰهُمْ غُثَآءً ۚ— فَبُعْدًا لِّلْقَوْمِ الظّٰلِمِیْنَ ۟
അപ്പോൾ അവരുടെ കടുത്ത നിഷേധഫലമായി കഠിനവും നാശകാരിയുമായ ഒരു ശബ്ദം അവരെ പിടികൂടി. അങ്ങനെ അത് അവരെ ഒഴുക്കിന് മുകളിലെ ചണ്ടി പോലെയാക്കി തീർത്തു. അപ്പോൾ അതിക്രമികളായ ജനതക്ക് നാശമുണ്ടാകട്ടെ!
અરબી તફસીરો:
ثُمَّ اَنْشَاْنَا مِنْ بَعْدِهِمْ قُرُوْنًا اٰخَرِیْنَ ۟ؕ
അങ്ങനെ അവരെ നശിപ്പിച്ചതിന് ശേഷം വേറെ ജനതകളെയും സമൂഹങ്ങളെയും നാം വളർത്തി കൊണ്ടുവന്നു. ലൂത്വിൻ്റെയും ശുഐബിൻ്റെയും യൂനുസിൻ്റെയും ജനതകളെ പോലെ.
અરબી તફસીરો:
આયતોના ફાયદાઓ માંથી:
• وجوب حمد الله على النعم.
• അല്ലാഹുവിൻ്റെ അനുഗ്രഹങ്ങൾക്ക് അവനെ സ്തുതിക്കൽ നിർബന്ധമാകുന്നു.

• الترف في الدنيا من أسباب الغفلة أو الاستكبار عن الحق.
• ഐഹികസുഖങ്ങളിൽ അഭിരമിക്കുന്നത് (പരലോകത്തെ കുറിച്ച്) അശ്രദ്ധയുണ്ടാകുവാനും, സത്യത്തിൽ നിന്ന് അഹങ്കാരം നടിക്കാനുമുള്ള കാരണങ്ങളിലൊന്നാണ്.

• عاقبة الكافر الندامة والخسران.
• (അല്ലാഹുവിനെ) നിഷേധിച്ചവരുടെ പര്യവസാനം ഖേദവും നഷ്ടവുമാകുന്നു.

• الظلم سبب في البعد عن رحمة الله.
* അല്ലാഹുവിൻ്റെ കാരുണ്യത്തിൽ നിന്ന് അകന്നു പോകുവാനുള്ള കാരണമാണ് അതിക്രമം പ്രവർത്തിക്കുക എന്നത്.

مَا تَسْبِقُ مِنْ اُمَّةٍ اَجَلَهَا وَمَا یَسْتَاْخِرُوْنَ ۟ؕ
നിഷേധികളായ ഈ ജനതകളിൽ ഒരു ജനതയും തന്നെ അവർക്ക് നിശ്ചയിക്കപ്പെട്ട ശിക്ഷയുടെ സമയത്തിൽ നിന്ന് നേരത്തെയാവുകയോ വൈകുകയോ ഇല്ല; അവർക്ക് എന്തെല്ലാം മാർഗങ്ങൾ കൈക്കലുണ്ടെങ്കിലും (അല്ലാഹുവിൻ്റെ ശിക്ഷയെ തടയുക സാധ്യമല്ല).
અરબી તફસીરો:
ثُمَّ اَرْسَلْنَا رُسُلَنَا تَتْرَا ؕ— كُلَّ مَا جَآءَ اُمَّةً رَّسُوْلُهَا كَذَّبُوْهُ فَاَتْبَعْنَا بَعْضَهُمْ بَعْضًا وَّجَعَلْنٰهُمْ اَحَادِیْثَ ۚ— فَبُعْدًا لِّقَوْمٍ لَّا یُؤْمِنُوْنَ ۟
ശേഷം തുടരെത്തുടരെയായി ഒരു ദൂതന് ശേഷം അടുത്ത ദൂതൻ എന്ന നിലക്ക് നാം ദൂതന്മാരെ അയച്ചു. ആ ജനതകളിൽ ഓരോ വിഭാഗത്തിൻ്റെ അരികിലും അവരുടെ ദൂതൻ ചെന്നപ്പോഴും അവർ അദ്ദേഹത്തെ നിഷേധിച്ചു തള്ളി. അപ്പോൾ അവരെയെല്ലാം ഒന്നിന് പിറകെ ഒന്നായി നാം നശിപ്പിച്ചു. അങ്ങനെ അവരുടെ യാതൊന്നും ബാക്കിയായില്ല; ജനങ്ങൾക്കിടയിൽ അവരെ കുറിച്ചുള്ള സംസാരമല്ലാതെ. അതിനാൽ തങ്ങളുടെ രക്ഷിതാവിൽ നിന്ന് ദൂതന്മാർ കൊണ്ടുവന്നതിൽ വിശ്വസിക്കാത്ത ജനതക്ക് നാശമുണ്ടാകട്ടെ!
અરબી તફસીરો:
ثُمَّ اَرْسَلْنَا مُوْسٰی وَاَخَاهُ هٰرُوْنَ ۙ۬— بِاٰیٰتِنَا وَسُلْطٰنٍ مُّبِیْنٍ ۟ۙ
ശേഷം മൂസായെയും അദ്ദേഹത്തിൻ്റെ സഹോദരൻ ഹാറൂനിനെയും നമ്മുടെ ഒമ്പത് ദൃഷ്ടാന്തങ്ങളും, വ്യക്തമായ തെളിവുമായി നാം നിയോഗിച്ചു. (സർപ്പമായി മാറുന്ന) വടി, (വെളുത്ത നിറത്തിൽ പ്രകാശിക്കുന്ന) കൈ, വെട്ടുകിളി, പേൻ, തവള, രക്തം, പ്രളയം, വരൾച്ച, വിഭവങ്ങളിലെ കുറവ് എന്നിവയായിരുന്നു ആ ദൃഷ്ടാന്തങ്ങൾ.
અરબી તફસીરો:
اِلٰی فِرْعَوْنَ وَمَلَاۡىِٕهٖ فَاسْتَكْبَرُوْا وَكَانُوْا قَوْمًا عَالِیْنَ ۟ۚ
അവരെ രണ്ടു പേരെയും ഫിർഔനിൻ്റെയും അവൻ്റെ ജനതയിലെ പ്രമാണിമാരുടെയും അടുക്കലേക്ക് നാം നിയോഗിച്ചു. അപ്പോൾ അവർ അഹങ്കാരം നടിച്ചു. അവരിൽ (മൂസായിലും ഹാറൂനിലും) വിശ്വസിക്കുന്നതിനായി അവർ കീഴൊതുക്കം കാണിച്ചില്ല. ജനങ്ങളെ അടിച്ചമർത്തിയും, അവരോട് അതിക്രമം പ്രവർത്തിച്ചും അഹങ്കാരികളായി കഴിഞ്ഞിരുന്ന ഒരു സമൂഹമായിരുന്നു അത്.
અરબી તફસીરો:
فَقَالُوْۤا اَنُؤْمِنُ لِبَشَرَیْنِ مِثْلِنَا وَقَوْمُهُمَا لَنَا عٰبِدُوْنَ ۟ۚ
അപ്പോൾ അവർ പറഞ്ഞു: നമ്മെ പോലുള്ള രണ്ട് മനുഷ്യരെ നാം പിൻപറ്റുകയോ?! അവർക്കാകട്ടെ, നമ്മെക്കാൾ യാതൊരു പ്രത്യേകതയുമില്ല. അവരുടെ ജനതയായ ഇസ്രാഈല്യർ നമ്മെ അനുസരിക്കുകയും നമുക്ക് കീഴൊതുങ്ങുകയും ചെയ്തവരാണ് താനും.
અરબી તફસીરો:
فَكَذَّبُوْهُمَا فَكَانُوْا مِنَ الْمُهْلَكِیْنَ ۟
അങ്ങനെ അവർ രണ്ടു പേരും അല്ലാഹുവിങ്കൽ നിന്ന് കൊണ്ടു വന്നതിനെ അവർ നിഷേധിച്ചു തള്ളി. അവരുടെ നിഷേധഫലമായി മുക്കിനശിപ്പിക്കപ്പെട്ടവരിൽ അവർ ഉൾപ്പെടുകയും ചെയ്തു.
અરબી તફસીરો:
وَلَقَدْ اٰتَیْنَا مُوْسَی الْكِتٰبَ لَعَلَّهُمْ یَهْتَدُوْنَ ۟
മൂസാക്ക് നാം തൗറാത്ത് നൽകുകയുണ്ടായി. അദ്ദേഹത്തിൻ്റെ ജനത സത്യത്തിലേക്ക് വഴികണ്ടെത്തുന്നതിനും, തൗറാത്ത് അനുസരിച്ച് പ്രവർത്തിക്കുന്നതിനും വേണ്ടിയായിരുന്നു അത്.
અરબી તફસીરો:
وَجَعَلْنَا ابْنَ مَرْیَمَ وَاُمَّهٗۤ اٰیَةً وَّاٰوَیْنٰهُمَاۤ اِلٰی رَبْوَةٍ ذَاتِ قَرَارٍ وَّمَعِیْنٍ ۟۠
മർയമിൻ്റെ പുത്രൻ ഈസായെയും അദ്ദേഹത്തിൻ്റെ മാതാവ് മർയമിനെയും നമ്മുടെ ശക്തിയുടെ അടയാളമാക്കി നാം മാറ്റിയിരിക്കുന്നു. ഈസായെ പിതാവില്ലാതെയാണ് അവർ ഗർഭം ചുമന്നത്. ഭൂമിയിൽ ഉയർന്നു നിൽക്കുന്ന, ഉറച്ചതും വാസയോഗ്യവുമായ ഒരിടത്ത് അവർക്ക് രണ്ടു പേർക്കും നാം അഭയം നൽകുകയും ചെയ്തു. അതിൽ ഒഴുകുന്ന പുതുവെള്ളവുമുണ്ട്.
અરબી તફસીરો:
یٰۤاَیُّهَا الرُّسُلُ كُلُوْا مِنَ الطَّیِّبٰتِ وَاعْمَلُوْا صَالِحًا ؕ— اِنِّیْ بِمَا تَعْمَلُوْنَ عَلِیْمٌ ۟ؕ
ഹേ ദൂതന്മാരെ! ഞാൻ നിങ്ങൾക്ക് അനുവദിച്ചു നൽകിയ, വിശിഷ്ട ഭക്ഷണങ്ങളിൽ നിന്ന് കഴിക്കുകയും, (എൻ്റെ) മതനിയമങ്ങൾക്ക് യോജിക്കുന്ന സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്യുക. നിങ്ങൾ പ്രവർത്തിക്കുന്ന ഏതൊരു പ്രവർത്തനത്തെ കുറിച്ചും നന്നായി അറിയുന്നവനാകുന്നു ഞാൻ. നിങ്ങളുടെ പ്രവർത്തനങ്ങളിൽ ഒന്നും തന്നെ എനിക്ക് അവ്യക്തമാവുകയില്ല.
અરબી તફસીરો:
وَاِنَّ هٰذِهٖۤ اُمَّتُكُمْ اُمَّةً وَّاحِدَةً وَّاَنَا رَبُّكُمْ فَاتَّقُوْنِ ۟
ഹേ ദൂതന്മാരേ! തീർച്ചയായും നിങ്ങളുടെ മതം ഏകമതമാകുന്നു. ഇസ്ലാമാകുന്നു അത്. ഞാൻ നിങ്ങളുടെ രക്ഷിതാവുമാകുന്നു. നിങ്ങൾക്ക് ഞാനല്ലാതെ മറ്റൊരു രക്ഷിതാവില്ല. അതിനാൽ എൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കിയും, ഞാൻ വിലക്കിയതിൽ നിന്ന് വിട്ടുനിന്നു കൊണ്ടും നിങ്ങൾ എന്നെ സൂക്ഷിക്കുക.
અરબી તફસીરો:
فَتَقَطَّعُوْۤا اَمْرَهُمْ بَیْنَهُمْ زُبُرًا ؕ— كُلُّ حِزْبٍۭ بِمَا لَدَیْهِمْ فَرِحُوْنَ ۟
എന്നാൽ അവരുടെ പിൻഗാമികൾ അവർക്ക് ശേഷം മതത്തിൻ്റെ കാര്യത്തിൽ ഭിന്നിച്ചു. അങ്ങനെ വ്യത്യസ്ത കക്ഷികളും സംഘങ്ങളുമായി അവർ മാറി. ഓരോ വിഭാഗവും അവരവർ അല്ലാഹുവിൻ്റെ അടുക്കൽ തൃപ്തികരമായിരിക്കും എന്ന് വിചാരിക്കുന്ന മതമേതോ; അതിൽ സംതൃപ്തി അടയുകയും, അപരൻ്റെ പക്കലുള്ളത് എന്താണെന്ന് നോക്കാതിരിക്കുകയും ചെയ്യുന്നു.
અરબી તફસીરો:
فَذَرْهُمْ فِیْ غَمْرَتِهِمْ حَتّٰی حِیْنٍ ۟
അല്ലാഹുവിൻ്റെ റസൂലേ! അതിനാൽ ശിക്ഷ അവർക്ക് മേൽ ഇറങ്ങുന്നത് വരെ അവർ നിലകൊള്ളുന്ന അജ്ഞതയിലും പരിഭ്രാന്തിയിലും തന്നെ അവരെ താങ്കൾ വിട്ടേക്കുക.
અરબી તફસીરો:
اَیَحْسَبُوْنَ اَنَّمَا نُمِدُّهُمْ بِهٖ مِنْ مَّالٍ وَّبَنِیْنَ ۟ۙ
തങ്ങളുടെ പക്കലുള്ളതെന്തോ അതിൽ സന്തോഷം കണ്ടെത്തുന്ന ഈ കക്ഷികൾ വിചാരിക്കുന്നോ; അവർക്ക് നാം ഇഹലോകത്ത് നൽകിയിരിക്കുന്ന സമ്പാദ്യങ്ങളും സന്താനങ്ങളും അവർക്ക് അവകാശപ്പെട്ട നന്മകൾ നേരത്തെ നൽകപ്പെട്ടതാണെന്ന്? എന്നാൽ അവർ ധരിച്ചതു പോലെയല്ല കാര്യം. അതെല്ലാം അവർക്ക് നാം നൽകിയിരിക്കുന്നത് ക്രമേണ അവരെ പിടികൂടുന്നതിനായാണ്. എന്നാൽ അവർ അക്കാര്യം തിരിച്ചറിയുന്നേയില്ല.
અરબી તફસીરો:
نُسَارِعُ لَهُمْ فِی الْخَیْرٰتِ ؕ— بَلْ لَّا یَشْعُرُوْنَ ۟
തങ്ങളുടെ പക്കലുള്ളതെന്തോ അതിൽ സന്തോഷം കണ്ടെത്തുന്ന ഈ കക്ഷികൾ വിചാരിക്കുന്നോ; അവർക്ക് നാം ഇഹലോകത്ത് നൽകിയിരിക്കുന്ന സമ്പാദ്യങ്ങളും സന്താനങ്ങളും അവർക്ക് അവകാശപ്പെട്ട നന്മകൾ നേരത്തെ നൽകപ്പെട്ടതാണെന്ന്? എന്നാൽ അവർ ധരിച്ചതു പോലെയല്ല കാര്യം. അതെല്ലാം അവർക്ക് നാം നൽകിയിരിക്കുന്നത് ക്രമേണ അവരെ പിടികൂടുന്നതിനായാണ്. എന്നാൽ അവർ അക്കാര്യം തിരിച്ചറിയുന്നേയില്ല.
અરબી તફસીરો:
اِنَّ الَّذِیْنَ هُمْ مِّنْ خَشْیَةِ رَبِّهِمْ مُّشْفِقُوْنَ ۟ۙ
അല്ലാഹുവിൽ വിശ്വസിക്കുകയും നന്മകൾ പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും തങ്ങളുടെ രക്ഷിതാവിനെ (ഭയന്ന് കൊണ്ട്) ഹൃദയം വിറക്കുന്നവർ.
અરબી તફસીરો:
وَالَّذِیْنَ هُمْ بِاٰیٰتِ رَبِّهِمْ یُؤْمِنُوْنَ ۟ۙ
അല്ലാഹുവിൻ്റെ ഗ്രന്ഥത്തിലെ ആയത്തുകളിൽ വിശ്വസിക്കുന്നവരും,
અરબી તફસીરો:
وَالَّذِیْنَ هُمْ بِرَبِّهِمْ لَا یُشْرِكُوْنَ ۟ۙ
തങ്ങളുടെ രക്ഷിതാവിനെ ഏകനാക്കുകയും, അവനിൽ യാതൊന്നിനെയും പങ്കുചേർക്കാതിരിക്കുകയും ചെയ്യുന്നവർ,
અરબી તફસીરો:
આયતોના ફાયદાઓ માંથી:
• الاستكبار مانع من التوفيق للحق.
• സത്യത്തിലേക്ക് വഴിനയിക്കപ്പെടുന്നതിൽ നിന്ന് അഹങ്കാരം തടസ്സം സൃഷ്ടിക്കും.

• إطابة المأكل له أثر في صلاح القلب وصلاح العمل.
• (അനുവദനീയമായ വഴികളിലൂടെ സമ്പാദിച്ച്) ഭക്ഷണം പരിശുദ്ധമാക്കുന്നതിന് ഹൃദയം ശുദ്ധിയാകുന്നതിലും, പ്രവർത്തനങ്ങൾ നന്നാവുന്നതിലും പങ്കുണ്ട്.

• التوحيد ملة جميع الأنبياء ودعوتهم.
• അല്ലാഹുവിനെ ഏകനാക്കുക എന്നത് സർവ്വ നബിമാരുടെയും മതവും, അവരുടെ പ്രബോധനവിഷയവുമായിരുന്നു.

• الإنعام على الفاجر ليس إكرامًا له، وإنما هو استدراج.
• തിന്മകളിൽ മുഴുകിയവന് ലഭിക്കുന്ന അനുഗ്രഹങ്ങൾ അവനുള്ള ആദരവല്ല. മറിച്ച് തിന്മകളിലായിരിക്കെ പൊടുന്നനെ അവനെ പിടികൂടുന്നതിനായുള്ള തന്ത്രമാണ്.

وَالَّذِیْنَ یُؤْتُوْنَ مَاۤ اٰتَوْا وَّقُلُوْبُهُمْ وَجِلَةٌ اَنَّهُمْ اِلٰی رَبِّهِمْ رٰجِعُوْنَ ۟ۙ
നന്മകൾ പ്രവർത്തിക്കുന്നതിൽ കഠിനമായി പരിശ്രമിക്കുകയും, സൽകർമ്മങ്ങൾ കൊണ്ട് അല്ലാഹുവിലേക്ക് സാമീപ്യം തേടുകയും ചെയ്യുന്നതോടൊപ്പം, അല്ലാഹുവിൻ്റെ അടുക്കലേക്ക് ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ മടങ്ങിയാൽ അവൻ തങ്ങളുടെ ദാനധർമ്മങ്ങളും സൽകർമ്മങ്ങളും സ്വീകരിക്കുമോ എന്ന് ഭയക്കുകയും ചെയ്യുന്നവർ.
અરબી તફસીરો:
اُولٰٓىِٕكَ یُسٰرِعُوْنَ فِی الْخَیْرٰتِ وَهُمْ لَهَا سٰبِقُوْنَ ۟
ഈ മഹത്തരമായ വിശേഷണങ്ങൾ ഉള്ളവർ ആരോ; അവർ തന്നെയാകുന്നു സൽകർമ്മങ്ങൾക്കായി ധൃതി കൂട്ടുന്നവർ. അവർ തന്നെയാകുന്നു മറ്റുള്ളവരെക്കാളെല്ലാം മുൻപ് അതിലേക്ക് എത്തിപ്പെട്ടവർ.
અરબી તફસીરો:
وَلَا نُكَلِّفُ نَفْسًا اِلَّا وُسْعَهَا وَلَدَیْنَا كِتٰبٌ یَّنْطِقُ بِالْحَقِّ وَهُمْ لَا یُظْلَمُوْنَ ۟
ഒരാളോടും അയാൾക്ക് സാധിക്കുന്ന പ്രവർത്തനമല്ലാതെ നാം ബാധ്യത ഏൽപ്പിക്കുകയില്ല. ഓരോരുത്തരുടെയും പ്രവർത്തനങ്ങൾ രേഖപ്പെടുത്തി വെച്ച ഗ്രന്ഥം നമ്മുടെ പക്കലുണ്ട്. ഒരു സംശയവുമില്ലാത്ത വിധം അത് സംസാരിക്കുന്നതാണ്. അവരുടെ നന്മകൾ കുറച്ചു കൊണ്ടോ, തിന്മകൾ വർദ്ധിപ്പിച്ചു കൊണ്ടോ അവരോട് അനീതി കാണിക്കപ്പെടുന്നതല്ല.
અરબી તફસીરો:
بَلْ قُلُوْبُهُمْ فِیْ غَمْرَةٍ مِّنْ هٰذَا وَلَهُمْ اَعْمَالٌ مِّنْ دُوْنِ ذٰلِكَ هُمْ لَهَا عٰمِلُوْنَ ۟
എന്നാൽ (അല്ലാഹുവിനെ) നിഷേധിച്ചവരുടെ ഹൃദയങ്ങൾ സത്യം വെളിപ്പെടുത്തി സംസാരിക്കുന്ന ഈ ഗ്രന്ഥത്തെ കുറിച്ചും, അവരുടെ മേൽ അവതരിച്ചിരിക്കുന്ന (ഖുർആനാകുന്ന) ഗ്രന്ഥത്തിൽ നിന്നും അശ്രദ്ധയിലാകുന്നു. അവർ നിലകൊള്ളുന്ന ഈ നിഷേധമല്ലാതെ അവർ ചെയ്തുകൂട്ടുന്ന മറ്റു ചില പ്രവർത്തനങ്ങൾ കൂടി അവർക്കുണ്ട്.
અરબી તફસીરો:
حَتّٰۤی اِذَاۤ اَخَذْنَا مُتْرَفِیْهِمْ بِالْعَذَابِ اِذَا هُمْ یَجْـَٔرُوْنَ ۟ؕ
അങ്ങനെ ഇഹലോകത്ത് സുഖാനുഗ്രഹങ്ങളിൽ അഭിരമിച്ചവരെ നാം ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ ശിക്ഷിച്ചപ്പോഴതാ; അവർ സഹായം തേടിക്കൊണ്ട് തങ്ങളുടെ ശബ്ദം ഉയർത്തുന്നു.
અરબી તફસીરો:
لَا تَجْـَٔرُوا الْیَوْمَ ۫— اِنَّكُمْ مِّنَّا لَا تُنْصَرُوْنَ ۟
അപ്പോൾ അല്ലാഹുവിൻ്റെ കാരുണ്യത്തിൽ നിന്ന് നിരാശപ്പെടുത്തി കൊണ്ട് അവരോട് പറയപ്പെടും: ഇന്നേ ദിവസം നിങ്ങൾ അട്ടഹസിക്കുകയോ, സഹായത്തിനായി കേഴുകയോ ചെയ്യേണ്ടതില്ല. അല്ലാഹുവിൻ്റെ ശിക്ഷയിൽ നിന്ന് നിങ്ങളെ രക്ഷപ്പെടുത്താൻ ഒരു സഹായിയും നിങ്ങൾക്ക് ഇല്ല.
અરબી તફસીરો:
قَدْ كَانَتْ اٰیٰتِیْ تُتْلٰی عَلَیْكُمْ فَكُنْتُمْ عَلٰۤی اَعْقَابِكُمْ تَنْكِصُوْنَ ۟ۙ
അല്ലാഹുവിൻ്റെ ഗ്രന്ഥത്തിലെ ആയത്തുകൾ ഇഹലോകത്ത് നിങ്ങൾക്ക് മേൽ പാരായണം ചെയ്യപ്പെട്ടിരുന്നു. അത് കേൾക്കുമ്പോൾ -ഖുർആനിനോടുള്ള വെറുപ്പ് കാരണത്താൽ- നിങ്ങൾ അതിൽ നിന്ന് തിരിഞ്ഞു കളയുകയാണുണ്ടായിരുന്നത്.
અરબી તફસીરો:
مُسْتَكْبِرِیْنَ ۖۚۗ— بِهٖ سٰمِرًا تَهْجُرُوْنَ ۟
ഞങ്ങൾ കഅ്ബയുടെ ആളുകളാണ് എന്ന് ജൽപ്പിച്ചു കൊണ്ട്, ജനങ്ങൾക്ക് മേൽ അഹങ്കാരം പുലർത്തി കൊണ്ടായിരുന്നു നിങ്ങൾ അപ്രകാരം (ഖുർആനിൽ നിന്ന് തിരിഞ്ഞു കളയുക എന്ന പ്രവൃത്തി) ചെയ്തത്. എന്നാൽ നിങ്ങൾ കഅ്ബയുടെ ആളുകളല്ല. കാരണം, അതിൻ്റെ ആളുകൾ അല്ലാഹുവിനെ സൂക്ഷിക്കുന്നവരാകുന്നു. രാത്രിയിൽ കഅ്ബയുടെ ചുറ്റുമിരുന്ന് അസംബന്ധങ്ങൾ പുലമ്പുകയാണ് നിങ്ങൾ; നിങ്ങൾ കഅ്ബക്ക് പരിശുദ്ധി കൽപ്പിക്കുന്നില്ല.
અરબી તફસીરો:
اَفَلَمْ یَدَّبَّرُوا الْقَوْلَ اَمْ جَآءَهُمْ مَّا لَمْ یَاْتِ اٰبَآءَهُمُ الْاَوَّلِیْنَ ۟ؗ
അല്ലാഹു അവതരിപ്പിച്ച ഈ ഖുർആനിനെ കുറിച്ച് ബഹുദൈവാരാധകർ ഉറ്റാലോചിക്കുകയുണ്ടായില്ലേ; അങ്ങനെ അവർക്കതിൽ വിശ്വസിക്കുകയും, അതിലുള്ളത് പ്രാവർത്തികമാക്കുകയും ചെയ്യാമായിരുന്നില്ലേ?! അതല്ല, അവർക്ക് മുൻപുള്ള പൂർവ്വികർക്കൊന്നും വന്നെത്താത്തതാണോ അവർക്ക് ലഭിച്ചിരിക്കുന്നത്. അതു കൊണ്ടാണോ അവർ അതിൽ നിന്ന് തിരിഞ്ഞു കളയുകയും അതിനെ നിഷേധിക്കുകയും ചെയ്തത്?
અરબી તફસીરો:
اَمْ لَمْ یَعْرِفُوْا رَسُوْلَهُمْ فَهُمْ لَهٗ مُنْكِرُوْنَ ۟ؗ
അതല്ല, അല്ലാഹു അവരിലേക്ക് നിയോഗിച്ച മുഹമ്മദ് നബി -ﷺ- യെ അവർ അറിഞ്ഞിട്ടില്ലേ?! അതിനാൽ അവർക്ക് അദ്ദേഹം അപരിചിതനാണോ?! (എന്നാൽ അങ്ങനെയൊന്നുമല്ല). അവർക്ക് നബി -ﷺ- യെയും അദ്ദേഹത്തിൻ്റെ സത്യസന്ധതയെയും വിശ്വസ്തതയെയും നല്ലവണ്ണം ബോധ്യപ്പെട്ടിട്ടുണ്ട്.
અરબી તફસીરો:
اَمْ یَقُوْلُوْنَ بِهٖ جِنَّةٌ ؕ— بَلْ جَآءَهُمْ بِالْحَقِّ وَاَكْثَرُهُمْ لِلْحَقِّ كٰرِهُوْنَ ۟
എന്നാൽ അവർ പറയുന്നു: അദ്ദേഹം ഭ്രാന്തനാണ്. തീർച്ചയായും അവർ പറഞ്ഞത് കളവാണ്. മറിച്ച്, അല്ലാഹുവിൽ നിന്നാണെന്നതിൽ യാതൊരു സംശയവുമില്ലാത്ത വിധത്തിലാണ് അദ്ദേഹം അവരുടെ അടുക്കൽ (ഈ ഖുർആൻ) കൊണ്ടുവന്നത്. അവരിൽ ബഹുഭൂരിപക്ഷവും സത്യത്തെ വെറുക്കുന്നവരാണ്. അവരുടെ മനസ്സിലുള്ള അസൂയയും, അസത്യത്തോടുള്ള പക്ഷപാതിത്വവും കാരണത്താൽ അവർ സത്യത്തോട് വിരോധം വെച്ചുപുലർത്തുകയാണ്.
અરબી તફસીરો:
وَلَوِ اتَّبَعَ الْحَقُّ اَهْوَآءَهُمْ لَفَسَدَتِ السَّمٰوٰتُ وَالْاَرْضُ وَمَنْ فِیْهِنَّ ؕ— بَلْ اَتَیْنٰهُمْ بِذِكْرِهِمْ فَهُمْ عَنْ ذِكْرِهِمْ مُّعْرِضُوْنَ ۟ؕ
അവരുടെ മനസ്സുകൾ ഇഛിക്കുന്ന തരത്തിൽ അല്ലാഹു കാര്യങ്ങൾ നടപ്പിലാക്കുകയും നിയന്ത്രിക്കുകയും ചെയ്തിരുന്നെങ്കിൽ ആകാശങ്ങളും ഭൂമിയും അതിലുള്ളവരും തകർന്നുതരിപ്പണമാകുമായിരുന്നു. കാരണം, കാര്യങ്ങളുടെ പര്യവസാനം എവിടെയാണെന്ന കാര്യത്തിലും, നിയന്ത്രിക്കേണ്ടതിലെ ശരിയും തെറ്റും വേർതിരിച്ചറിയേണ്ട വിഷയത്തിലും അവർ അജ്ഞരാണ്. മറിച്ച്, അവർക്ക് പ്രതാപം നൽകുന്നതും, അവരുടെ ശ്രേഷ്ഠത നിലനിർത്തുന്നതുമായ വിശുദ്ധ ഖുർആൻ നാം അവർക്ക് നൽകിയിരിക്കുന്നു. അവരാകട്ടെ, അതിൽ നിന്ന് തിരിഞ്ഞു കളഞ്ഞിരിക്കുകയുമാണ്.
અરબી તફસીરો:
اَمْ تَسْـَٔلُهُمْ خَرْجًا فَخَرَاجُ رَبِّكَ خَیْرٌ ۖۗ— وَّهُوَ خَیْرُ الرّٰزِقِیْنَ ۟
അല്ലാഹുവിൻ്റെ റസൂലേ! നീ കൊണ്ടുവന്നു നൽകിയ കാര്യത്തിൽ അവരോട് വല്ല പ്രതിഫലമെങ്ങാനും നീ ചോദിച്ചുവോ?! അതാണോ നിൻ്റെ പ്രബോധനം തള്ളിക്കളയാൻ അവരെ പ്രേരിപ്പിച്ചത്?! എന്നാൽ അങ്ങനെയൊന്നും നിൻ്റെ പക്കൽ നിന്ന് സംഭവിച്ചിട്ടില്ല. നിൻ്റെ രക്ഷിതാവിൻ്റെ പ്രതിഫലമാകുന്നു ഇവരുടെയോ മറ്റാരുടെയോ പ്രതിഫലത്തെക്കാളും ഉത്തമം. അവനാകുന്നു ഉപജീവനം നൽകുന്നവരിൽ ഏറ്റവും ഉത്തമൻ.
અરબી તફસીરો:
وَاِنَّكَ لَتَدْعُوْهُمْ اِلٰی صِرَاطٍ مُّسْتَقِیْمٍ ۟
അല്ലാഹുവിൻ്റെ റസൂലേ! തീർച്ചയായും താങ്കൾ ഇവരെയും മറ്റെല്ലാവരെയും നേരായ -വളവുകളില്ലാത്ത- പാതിയിലേക്ക് തന്നെയാണ് ക്ഷണിക്കുന്നത്. ഇസ്ലാമിൻ്റെ വഴിയാകുന്നു അത്.
અરબી તફસીરો:
وَاِنَّ الَّذِیْنَ لَا یُؤْمِنُوْنَ بِالْاٰخِرَةِ عَنِ الصِّرَاطِ لَنٰكِبُوْنَ ۟
തീർച്ചയായും പരലോകത്തിലും അവിടെയുള്ള വിചാരണയിലും ശിക്ഷയിലും പ്രതിഫലത്തിലുമൊന്നും വിശ്വസിക്കാത്തവർ ഇസ്ലാമിൻ്റെ വഴിയിൽ നിന്ന് അതല്ലാത്ത വക്രമായതും നരകത്തിലേക്ക് എത്തിക്കുന്നതുമായ, വഴികളിലേക്ക് ചാഞ്ഞു നിൽക്കുന്നവരാകുന്നു.
અરબી તફસીરો:
આયતોના ફાયદાઓ માંથી:
• خوف المؤمن من عدم قبول عمله الصالح.
• തൻ്റെ സൽകർമ്മം സ്വീകരിക്കുമോ എന്ന കാര്യത്തിൽ ഒരു മുസ്ലിമിനുള്ള ഭയം.

• سقوط التكليف بما لا يُسْتطاع رحمة بالعباد.
• സാധിക്കാത്ത കാര്യങ്ങൾ ബാധ്യത ഏൽപ്പിക്കുക എന്നത് ഒഴിവാക്കിയത് സൃഷ്ടികളോടുള്ള അല്ലാഹുവിൻ്റെ കാരുണ്യമാണ്.

• الترف مانع من موانع الاستقامة وسبب في الهلاك.
• (ഇസ്ലാമിൻ്റെ മാർഗത്തിൽ) നേരെ നിലകൊള്ളുന്നതിൽ നിന്ന് തടയുകയും നാശത്തിലെത്തിക്കുകയും ചെയ്യുന്ന കാരണങ്ങളിലൊന്നാണ് ഐഹികതയിലുള്ള അഭിരമിക്കൽ.

• قصور عقول البشر عن إدراك كثير من المصالح.
• എത്രയോ പ്രയോജനകരമായ വഴികൾ കണ്ടെത്തുന്നതിൽ മനുഷ്യബുദ്ധിക്കുള്ള പരിമിതി.

وَلَوْ رَحِمْنٰهُمْ وَكَشَفْنَا مَا بِهِمْ مِّنْ ضُرٍّ لَّلَجُّوْا فِیْ طُغْیَانِهِمْ یَعْمَهُوْنَ ۟
നാം അവരോട് കരുണ ചൊരിയുകയും, അവരെ ബാധിച്ച വരൾച്ചയും പട്ടിണിയും നീക്കുകയും ചെയ്തിരുന്നെങ്കിലും അവർ സത്യം സ്വീകരിക്കാതെ അവരുടെ വഴികേടിൽ തന്നെ ആടിക്കളിച്ചും തോന്നിവാസികളായും തുടരുമായിരുന്നു.
અરબી તફસીરો:
وَلَقَدْ اَخَذْنٰهُمْ بِالْعَذَابِ فَمَا اسْتَكَانُوْا لِرَبِّهِمْ وَمَا یَتَضَرَّعُوْنَ ۟
അവരെ നാം പല തരം പ്രയാസങ്ങൾ കൊണ്ട് പരീക്ഷിച്ചു. അപ്പോഴൊന്നും അവർ തങ്ങളുടെ രക്ഷിതാവിന് കീഴൊതുങ്ങുകയോ അവനോട് താഴ്മ കാണിക്കുകയോ ചെയ്തില്ല. തങ്ങളെ ബാധിച്ചിരിക്കുന്ന പ്രയാസങ്ങൾ എടുത്തുമാറ്റാൻ താഴ്മയോടെ അല്ലാഹുവിനെ അവർ വിളിച്ചു പ്രാർത്ഥിച്ചതുമില്ല.
અરબી તફસીરો:
حَتّٰۤی اِذَا فَتَحْنَا عَلَیْهِمْ بَابًا ذَا عَذَابٍ شَدِیْدٍ اِذَا هُمْ فِیْهِ مُبْلِسُوْنَ ۟۠
അങ്ങനെ കഠിനമായ ശിക്ഷയുടെ ഒരു വാതിൽ അവർക്ക് മേൽ നാം തുറന്നു വെച്ചാലാകട്ടെ, അവരതാ എല്ലാ നന്മയിൽ നിന്നും തുറവിയിൽ നിന്നും നിരാശരാകുന്നു.
અરબી તફસીરો:
وَهُوَ الَّذِیْۤ اَنْشَاَ لَكُمُ السَّمْعَ وَالْاَبْصَارَ وَالْاَفْـِٕدَةَ ؕ— قَلِیْلًا مَّا تَشْكُرُوْنَ ۟
പുനരുത്ഥാനത്തെ നിഷേധിക്കുന്നവരേ! അല്ലാഹുവാകുന്നു നിങ്ങൾക്ക് കേൾക്കാൻ കേൾവിശക്തിയും, വീക്ഷിക്കുവാനായി കാഴ്ചകളും, ഗ്രഹിക്കുവാനായി ഹൃദയങ്ങളും നൽകിയത്. എന്നാൽ ഇതെല്ലാം നൽകിയിട്ടും നിങ്ങൾ ആ അനുഗ്രഹങ്ങൾക്ക് വളരെ കുറച്ചല്ലാതെ അല്ലാഹുവിനോട് നന്ദി കാണിക്കുന്നില്ല.
અરબી તફસીરો:
وَهُوَ الَّذِیْ ذَرَاَكُمْ فِی الْاَرْضِ وَاِلَیْهِ تُحْشَرُوْنَ ۟
ജനങ്ങളേ! അവനാകുന്നു ഭൂമിയിൽ നിങ്ങളെ സൃഷ്ടിച്ചത്. അവനിലേക്ക് മാത്രമാകുന്നു വിചാരണക്കും പ്രതിഫലത്തിനുമായി ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ നിങ്ങൾ മടക്കപ്പെടുന്നത്.
અરબી તફસીરો:
وَهُوَ الَّذِیْ یُحْیٖ وَیُمِیْتُ وَلَهُ اخْتِلَافُ الَّیْلِ وَالنَّهَارِ ؕ— اَفَلَا تَعْقِلُوْنَ ۟
അവൻ മാത്രമാകുന്നു ജീവിപ്പിക്കുന്നവൻ; അവനല്ലാതെ മറ്റാരും ജീവൻ നൽകുന്നവരായില്ല. അവൻ മാത്രമാകുന്നു മരിപ്പിക്കുന്നവനും; അവനല്ലാതെ മറ്റാർക്കും മരിപ്പിക്കുകയും സാധ്യമല്ല. അവൻ മാത്രമാകുന്നു രാപ്പകലുകളുടെ ഇരുട്ടും പ്രകാശവും ദൈർഘ്യവും കുറവുമെല്ലാം നിർണ്ണയിക്കുന്നത്. അപ്പോൾ അവൻ്റെ ശക്തിയെ കുറിച്ച് നിങ്ങൾ ഉറ്റാലോചിക്കുകയും, സൃഷ്ടിപ്പിലും നിയന്ത്രണത്തിലും അവൻ ഏകനാണെന്നത് നിങ്ങൾ മനസ്സിലാക്കുകയും ചെയ്യുന്നില്ലേ?!
અરબી તફસીરો:
بَلْ قَالُوْا مِثْلَ مَا قَالَ الْاَوَّلُوْنَ ۟
അല്ല! അവരുടെ പിതാക്കളും പൂർവ്വികരും നിഷേധിച്ചു തള്ളുന്നതിനായി പറഞ്ഞതു പോലെ ഇവരും പറഞ്ഞിരിക്കുകയാണ്.
અરબી તફસીરો:
قَالُوْۤا ءَاِذَا مِتْنَا وَكُنَّا تُرَابًا وَّعِظَامًا ءَاِنَّا لَمَبْعُوْثُوْنَ ۟
നിഷേധിച്ചു കൊണ്ടും, അസാധ്യമെന്ന് ധരിച്ചു കൊണ്ടും അവർ പറഞ്ഞു: ഞങ്ങൾ മരിച്ച്, മണ്ണും നുരുമ്പിയ എല്ലുകളുമായതിന് ശേഷം വിചാരണക്കായി ഞങ്ങൾ ജീവനോടെ പുനരുജ്ജീവിപ്പിക്കപ്പെടുമെന്നോ?!
અરબી તફસીરો:
لَقَدْ وُعِدْنَا نَحْنُ وَاٰبَآؤُنَا هٰذَا مِنْ قَبْلُ اِنْ هٰذَاۤ اِلَّاۤ اَسَاطِیْرُ الْاَوَّلِیْنَ ۟
ഈ വാഗ്ദാനം -പുനരുജ്ജീവിപ്പിക്കപ്പെടും എന്ന അവകാശവാദം- ഞങ്ങൾക്കും ഞങ്ങളുടെ പൂർവ്വികർക്കും ഇതിന് മുൻപ് നൽകപ്പെട്ടിട്ടുണ്ട്. എന്നെങ്കിലും ആ വാഗ്ദാനം സത്യമായി പുലരുന്നത് ഞങ്ങൾ കണ്ടിട്ടില്ല. ഇത് പൂർവ്വികരുടെ ഐതിഹ്യങ്ങളും അവരുടെ കളവുകളുമല്ലാതെ മറ്റൊന്നുമല്ല.
અરબી તફસીરો:
قُلْ لِّمَنِ الْاَرْضُ وَمَنْ فِیْهَاۤ اِنْ كُنْتُمْ تَعْلَمُوْنَ ۟
അല്ലാഹുവിൻ്റെ റസൂലേ! പുനരുത്ഥാനത്തെ കളവാക്കുന്ന ഈ നിഷേധികളോട് ചോദിക്കൂ: ആരുടേതാണ് ഈ ഭൂമിയും, അതിന് മുകളിലുള്ളവരും; നിങ്ങൾക്ക് അറിവുണ്ടെങ്കിൽ പറയൂ?
અરબી તફસીરો:
سَیَقُوْلُوْنَ لِلّٰهِ ؕ— قُلْ اَفَلَا تَذَكَّرُوْنَ ۟
അവർ പറയും: ഭൂമിയും അതിന് മുകളിലുള്ളവരുമെല്ലാം അല്ലാഹുവിൻ്റേതാകുന്നു എന്ന്. അപ്പോൾ അവരോട് ചോദിക്കുക: ഭൂമിയും അതിന് മുകളിലുള്ളവരുമെല്ലാം അല്ലാഹുവിൻ്റേതാണെങ്കിൽ അവന് നിങ്ങളെ മരണശേഷം പുനരുജ്ജീവിപ്പിക്കാൻ സാധിക്കുമെന്ന കാര്യം നിങ്ങൾ ചിന്തിച്ചു നോക്കുന്നില്ലേ?!
અરબી તફસીરો:
قُلْ مَنْ رَّبُّ السَّمٰوٰتِ السَّبْعِ وَرَبُّ الْعَرْشِ الْعَظِیْمِ ۟
അവരോട് ചോദിക്കുക: ആരാണ് ഏഴ് ആകാശങ്ങളുടെ രക്ഷിതാവ്? ആരാണ് എല്ലാ സൃഷ്ടികളിലും വെച്ചേറ്റവും വലിയ മഹത്തരമായ സിംഹാസനത്തിൻ്റെ രക്ഷിതാവ്?!
અરબી તફસીરો:
سَیَقُوْلُوْنَ لِلّٰهِ ؕ— قُلْ اَفَلَا تَتَّقُوْنَ ۟
അവർ പറയും: ഏഴ് ആകാശങ്ങളും മഹത്തരമായ സിംഹാസനവും അല്ലാഹുവിൻ്റെ അധീനതയിലാകുന്നു. അപ്പോൾ അവരോട് ചോദിക്കുക: എങ്കിൽ അല്ലാഹുവിൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കി കൊണ്ടും, അവൻ വിലക്കിയവ ഉപേക്ഷിച്ചു കൊണ്ടും അല്ലാഹുവിനെ നിങ്ങൾ സൂക്ഷിക്കുകയും, അവൻ്റെ ശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്യുന്നില്ലേ?!
અરબી તફસીરો:
قُلْ مَنْ بِیَدِهٖ مَلَكُوْتُ كُلِّ شَیْءٍ وَّهُوَ یُجِیْرُ وَلَا یُجَارُ عَلَیْهِ اِنْ كُنْتُمْ تَعْلَمُوْنَ ۟
അവരോട് ചോദിക്കുക: ആരുടെ കയ്യിലാണ് സർവ്വതിൻ്റെയും അധികാരമുള്ളത്. അവൻ്റെ അധികാരത്തിൽ നിന്ന് ഒന്നും തന്നെ വിട്ടുപോവുകയില്ല. അവൻ താൻ ഉദ്ദേശിക്കുന്ന തൻ്റെ ദാസന്മാരെ സഹായിക്കുന്നു. അവൻ ആർക്കെങ്കിലും എന്തെങ്കിലും ഉപദ്രവം ഉദ്ദേശിച്ചാൽ അത് തടഞ്ഞു വെക്കാനും, അവൻ്റെ ശിക്ഷയെ പ്രതിരോധിക്കാനും ആരുമില്ല. നിങ്ങൾക്കറിയുമെങ്കിൽ പറയൂ; (ആരാണ് ഇങ്ങനെയുള്ളവൻ)?!
અરબી તફસીરો:
سَیَقُوْلُوْنَ لِلّٰهِ ؕ— قُلْ فَاَنّٰی تُسْحَرُوْنَ ۟
അവർ പറയും: സർവ്വതിൻ്റെയും അധികാരം അല്ലാഹുവിൻ്റെ കയ്യിലാണ്. അവരോട് ചോദിക്കുക: അപ്പോൾ എങ്ങനെയാണ് നിങ്ങളുടെ ബുദ്ധി നഷ്ടപ്പെടുന്നത്? ഇതെല്ലാം അംഗീകരിച്ചതിന് ശേഷം എങ്ങനെയാണ് അല്ലാഹുവല്ലാത്തവരെ നിങ്ങൾ ആരാധിക്കുന്നത്?!
અરબી તફસીરો:
આયતોના ફાયદાઓ માંથી:
• عدم اعتبار الكفار بالنعم أو النقم التي تقع عليهم دليل على فساد فطرهم.
• (അല്ലാഹുവിനെ) നിഷേധിച്ചവർ അവരെ ബാധിക്കുന്ന അല്ലാഹുവിൻ്റെ അനുഗ്രഹങ്ങളിൽ നിന്നോ ശിക്ഷകളിൽ നിന്നോ ഗുണപാഠം ഉൾക്കൊള്ളുന്നില്ല എന്നത് അവരുടെ ശുദ്ധപ്രകൃതി നശിച്ചിരിക്കുന്നു എന്നതിൻ്റെ അടയാളമാണ്.

• كفران النعم صفة من صفات الكفار.
• അനുഗ്രഹങ്ങളെ നിഷേധിക്കുക എന്നത് (അല്ലാഹുവിനെ) നിഷേധിച്ചവരുടെ സ്വഭാവങ്ങളിൽ ഒന്നാണ്.

• التمسك بالتقليد الأعمى يمنع من الوصول للحق.
• അന്ധമായ അനുകരണത്തിൽ പിടിച്ചുതൂങ്ങുക എന്നത് സത്യത്തിലേക്ക് എത്തിച്ചേരുന്നതിൽ നിന്ന് തടയും.

• الإقرار بالربوبية ما لم يصحبه إقرار بالألوهية لا ينجي صاحبه.
• അല്ലാഹുവാണ് എല്ലാത്തിൻ്റെയും രക്ഷിതാവ് എന്ന വിശ്വാസം (തൗഹീദുർ റുബൂബിയ്യഃ) മാത്രമുണ്ടായത് കൊണ്ട് രക്ഷപ്പെടുകയില്ല. ആരാധിക്കപ്പെടാൻ അർഹത അല്ലാഹുവിന് മാത്രമാണ് എന്ന (തൗഹീദുൽ ഉലൂഹിയ്യഃ) അതോടൊപ്പമില്ലെങ്കിൽ നരകത്തിൽ നിന്ന് രക്ഷപ്പെടുകയില്ല.

بَلْ اَتَیْنٰهُمْ بِالْحَقِّ وَاِنَّهُمْ لَكٰذِبُوْنَ ۟
അവർ ജൽപ്പിക്കുന്നത് പോലെയല്ല കാര്യം. മറിച്ച്, നാം അവരിലേക്ക് -ഒരു സംശയത്തിനും ഇടയില്ലാത്ത സത്യവും കൊണ്ട് ചെന്നിരിക്കുകയാണ്. അവരാകട്ടെ അല്ലാഹുവിന് പങ്കുകാരനും സന്താനവുമുണ്ടെന്ന് ജൽപ്പിച്ചു കൊണ്ട് കളവു പറയുന്നവരുമാണ്. അല്ലാഹു അവരുടെ ഈ വാക്കിൽ നിന്ന് വളരെ ഉന്നതനായിരിക്കുന്നു.
અરબી તફસીરો:
مَا اتَّخَذَ اللّٰهُ مِنْ وَّلَدٍ وَّمَا كَانَ مَعَهٗ مِنْ اِلٰهٍ اِذًا لَّذَهَبَ كُلُّ اِلٰهٍ بِمَا خَلَقَ وَلَعَلَا بَعْضُهُمْ عَلٰی بَعْضٍ ؕ— سُبْحٰنَ اللّٰهِ عَمَّا یَصِفُوْنَ ۟ۙ
കാഫിറുകൾ ജൽപ്പിച്ചുണ്ടാക്കുന്നത് പോലെ, അല്ലാഹു ഒരു സന്താനത്തെയും സ്വീകരിച്ചിട്ടില്ല. അവനോടൊപ്പം ആരാധിക്കപ്പെടാൻ അർഹതയുള്ള ഒരു ആരാധ്യനുമില്ല. അങ്ങനെ ആരാധിക്കപ്പെടാൻ അർഹതയുള്ള ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ ഓരോ ആരാധ്യനും താൻ സൃഷ്ടിച്ച തൻ്റെ പങ്കുമായി പോയ്ക്കളയുമായിരുന്നു. അവർ പരസ്പരം പരാജയപ്പെടുത്താൻ ശ്രമിക്കുകയും, അങ്ങനെ ലോകത്തിൻ്റെ കെട്ടുറപ്പ് തകരുകയും ചെയ്യുമായിരുന്നു. എന്നാൽ അങ്ങനെയൊന്നും ഒരിക്കലും സംഭവിച്ചിട്ടില്ല. അതിൽ നിന്ന് ആരാധനക്കർഹനായ ആരാധ്യൻ ഏകനായ ഒരുവനാണെന്ന് ബോധ്യപ്പെടും; അവൻ അല്ലാഹു മാത്രമാകുന്നു. ബഹുദൈവാരാധകർ അല്ലാഹുവിന് യോജിക്കാത്ത സന്താനത്തെയും പങ്കുകാരെയും അവന് നിശ്ചയിച്ചു നൽകുന്നു; അതിൽ നിന്നെല്ലാം അല്ലാഹു പരിശുദ്ധനും മഹത്വമുള്ളവനുമായിരിക്കുന്നു.
અરબી તફસીરો:
عٰلِمِ الْغَیْبِ وَالشَّهَادَةِ فَتَعٰلٰی عَمَّا یُشْرِكُوْنَ ۟۠
അവൻ്റെ സൃഷ്ടികൾക്ക് മറഞ്ഞിരിക്കുന്നതും, കാണാനും അനുഭവിച്ചറിയാനും കഴിയുന്നതും അറിയുന്നവനാകുന്നു അവൻ. അതിൽ ഒന്നും തന്നെ അവന് അവ്യക്തമാവുകയില്ല. അപ്പോൾ അല്ലാഹു അവനൊരു പങ്കാളിയുണ്ടാവുക എന്നതിൽ നിന്ന് ഔന്നത്യമുള്ളവനായിരിക്കുന്നു.
અરબી તફસીરો:
قُلْ رَّبِّ اِمَّا تُرِیَنِّیْ مَا یُوْعَدُوْنَ ۟ۙ
അല്ലാഹുവിൻ്റെ റസൂലേ! പറയുക: എൻ്റെ രക്ഷിതാവേ! ഈ ബഹുദൈവാരാധകർക്ക് നീ താക്കീത് നൽകിയ ശിക്ഷ നീ എനിക്ക് ഇവരിൽ കാണിച്ചു തരികയാണെങ്കിൽ.
અરબી તફસીરો:
رَبِّ فَلَا تَجْعَلْنِیْ فِی الْقَوْمِ الظّٰلِمِیْنَ ۟
ഞാൻ വീക്ഷിച്ചു കൊണ്ടിരിക്കെ അവരെ നീ ശിക്ഷിക്കുകയാണെങ്കിൽ അവരുടെ കൂട്ടത്തിൽ നീ എന്നെ പെടുത്തരുതേ! അങ്ങനെ അവരെ ബാധിക്കുന്ന ശിക്ഷ എന്നെയും ബാധിക്കരുതേ!
અરબી તફસીરો:
وَاِنَّا عَلٰۤی اَنْ نُّرِیَكَ مَا نَعِدُهُمْ لَقٰدِرُوْنَ ۟
അവർക്ക് നാം താക്കീത് നൽകിയിരിക്കുന്ന ശിക്ഷ നിനക്ക് കാണിച്ചു തരുവാനും, നിന്നെ അതിന് സാക്ഷിയാക്കുവാനും നാം കഴിവുള്ളവൻ തന്നെയാകുന്നു. അതോ മറ്റെന്തെങ്കിലും കാര്യമോ നമുക്ക് കഴിയാത്തതായില്ല.
અરબી તફસીરો:
اِدْفَعْ بِالَّتِیْ هِیَ اَحْسَنُ السَّیِّئَةَ ؕ— نَحْنُ اَعْلَمُ بِمَا یَصِفُوْنَ ۟
അല്ലാഹുവിൻ്റെ റസൂലേ! താങ്കളോട് തെറ്റു ചെയ്യുന്നവരെ ഏറ്റവും നല്ല സ്വഭാവം കൊണ്ട് താങ്കൾ പ്രതിരോധിക്കുക. അവർക്ക് വിട്ടുകൊടുക്കുകയും, അവരുടെ ഉപദ്രവത്തിൽ ക്ഷമിക്കുകയും ചെയ്യുക. അവർ പറഞ്ഞുണ്ടാക്കുന്ന ബഹുദൈവാരാധനയും നിഷേധവും നാം നല്ലവണ്ണം അറിയുന്നവനാകുന്നു. അവർ താങ്കൾക്ക് മാരണക്കാരനെന്നും ഭ്രാന്തനെന്നും മറ്റുമുള്ള ശരിയല്ലാത്ത വിശേഷണങ്ങൾ പതിച്ചു നൽകുന്നതും നാം നല്ലവണം അറിയുന്നവനാകുന്നു.
અરબી તફસીરો:
وَقُلْ رَّبِّ اَعُوْذُ بِكَ مِنْ هَمَزٰتِ الشَّیٰطِیْنِ ۟ۙ
നീ പറയുക: എൻ്റെ രക്ഷിതാവേ! പിശാചിൻ്റെ ദുർബോധനങ്ങളിൽ നിന്നും ദുർമന്ത്രണങ്ങളിൽ നിന്നും ഞാൻ നിന്നെ കൊണ്ട് രക്ഷതേടുന്നു.
અરબી તફસીરો:
وَاَعُوْذُ بِكَ رَبِّ اَنْ یَّحْضُرُوْنِ ۟
അവർ എൻ്റെ കാര്യങ്ങളിലേതെങ്കിലും ഒരു കാര്യത്തിൽ എൻ്റെ അരികിൽ സന്നിഹിതരാകുന്നതിൽ നിന്നും -എൻ്റെ രക്ഷിതാവേ!- ഞാൻ നിന്നോട് രക്ഷതേടുന്നു.
અરબી તફસીરો:
حَتّٰۤی اِذَا جَآءَ اَحَدَهُمُ الْمَوْتُ قَالَ رَبِّ ارْجِعُوْنِ ۟ۙ
അങ്ങനെ ഈ ബഹുദൈവാരാധകരിൽ ആർക്കെങ്കിലും മരണം വന്നെത്തുകയും, തൻ്റെ മേൽ വന്നിറങ്ങിയിരിക്കുന്നത് അവൻ കാണുകയും ചെയ്താൽ നഷ്ടപ്പെട്ടു പോയ തൻ്റെ ആയുസ്സിനെ കുറിച്ചും, അല്ലാഹുവിൻ്റെ കാര്യത്തിൽ അവൻ വരുത്തിയ വീഴ്ചകളിലുമുള്ള ഖേദത്തിൽ അവൻ പറയും: എൻ്റെ രക്ഷിതാവേ! എന്നെ നീ ഐഹികജീവിതത്തിലേക്ക് തന്നെ മടക്കേണമേ!
અરબી તફસીરો:
لَعَلِّیْۤ اَعْمَلُ صَالِحًا فِیْمَا تَرَكْتُ كَلَّا ؕ— اِنَّهَا كَلِمَةٌ هُوَ قَآىِٕلُهَا ؕ— وَمِنْ وَّرَآىِٕهِمْ بَرْزَخٌ اِلٰی یَوْمِ یُبْعَثُوْنَ ۟
ഐഹികജീവിതത്തിലേക്ക് മടങ്ങിയാൽ ഇനി ഞാൻ സൽകർമ്മം പ്രവർത്തിച്ചേക്കാം. എന്നാൽ ഒരിക്കലുമല്ല! അവൻ ആവശ്യപ്പെട്ടതു പോലെയല്ല കാര്യം! അതവൻ്റെ വെറും വർത്തമാനം മാത്രമാണ്; അവനതു പറഞ്ഞു കൊണ്ടിരിക്കും. അവൻ ഐഹികജീവിതത്തിലേക്ക് മടക്കപ്പെട്ടാൽ അവനീ പറയുന്ന വാഗ്ദാനങ്ങളൊന്നും അവൻ പാലിക്കുകയില്ല. അങ്ങനെ ഈ മരിച്ചു പോയവർ ഇഹലോകത്തിനും പരലോകത്തിനും ഇടയിലുള്ള ഒരു മറയിൽ പുനരുത്ഥാനത്തിൻ്റെയും ഉയിർത്തെഴുന്നേൽപ്പിൻ്റെയും നാൾ വരെ കഴിച്ചു കൂട്ടുന്നതാണ്. തങ്ങൾ നഷ്ടപ്പെടുത്തിയത് വീണ്ടെടുക്കാനും, തെറ്റുവരുത്തിയവ ശരിപ്പെടുത്താനും അവിടെ നിന്ന് അവർ ഇഹലോകത്തേക്ക് മടങ്ങുകയില്ല.
અરબી તફસીરો:
فَاِذَا نُفِخَ فِی الصُّوْرِ فَلَاۤ اَنْسَابَ بَیْنَهُمْ یَوْمَىِٕذٍ وَّلَا یَتَسَآءَلُوْنَ ۟
കാഹളത്തിൽ ഊതാൻ ഏൽപ്പിക്കപ്പെട്ട മലക്ക് ഉയിർത്തെഴുന്നേൽപ്പിൻ്റെ വിളംബരമായി കൊണ്ട് രണ്ടാമതും കാഹളത്തിൽ ഊതിയാൽ! അന്ത്യനാളിൻ്റെ ഭയാനകതയിൽ അവർ പ്രൗഢി നടിച്ചിരുന്ന അവർക്കിടയിലെ കുടുംബബന്ധങ്ങൾ ഇല്ലാതെയാകും. തങ്ങളുടെ സ്വന്തം കാര്യങ്ങളെ കുറിച്ചുള്ള വേവലാതിയിൽ അവർ പരസ്പരം (തങ്ങളുടെ ബന്ധുക്കളെ) അന്വേഷിക്കുകയില്ല.
અરબી તફસીરો:
فَمَنْ ثَقُلَتْ مَوَازِیْنُهٗ فَاُولٰٓىِٕكَ هُمُ الْمُفْلِحُوْنَ ۟
അപ്പോൾ ആരുടെ തുലാസിലെ നന്മകൾ തിന്മകളെക്കാൾ കനം തൂങ്ങിയോ; അവർ തന്നെയാകുന്നു വിജയികൾ. അവർ തേടിയിരുന്നത് അവരവിടെ നേടിയെടുക്കുകയും, അവർ ഭയപ്പെട്ടിരുന്നതിൽ നിന്ന് അവർ രക്ഷപ്പെടുകയും ചെയ്യും.
અરબી તફસીરો:
وَمَنْ خَفَّتْ مَوَازِیْنُهٗ فَاُولٰٓىِٕكَ الَّذِیْنَ خَسِرُوْۤا اَنْفُسَهُمْ فِیْ جَهَنَّمَ خٰلِدُوْنَ ۟ۚ
ആരുടെ തിന്മകൾ അവൻ്റെ നന്മകളെക്കാൾ കനം തൂങ്ങുകയും, അങ്ങനെ തുലാസ് താഴുകയും ചെയ്തുവോ; അക്കൂട്ടർ തന്നെയാകുന്നു തങ്ങൾക്കുതന്നെ ഉപദ്രവം വരുത്തിവെക്കുന്ന പ്രവർത്തനം ചെയ്തുകൊണ്ടും, ഉപകാരപ്രദമായ അല്ലാഹുവിലുള്ള വിശ്വാസവും സൽകർമ്മങ്ങളും ഉപേക്ഷിച്ചു കൊണ്ടും തങ്ങളെത്തന്നെ പാഴാക്കികളഞ്ഞവർ. അവർ നരകാഗ്നിയിൽ ശാശ്വതരായി വസിക്കുന്നതാണ്. അവരതിൽ നിന്ന് പുറത്തു പോവുകയില്ല.
અરબી તફસીરો:
تَلْفَحُ وُجُوْهَهُمُ النَّارُ وَهُمْ فِیْهَا كٰلِحُوْنَ ۟
നരകാഗ്നി അവരുടെ മുഖങ്ങൾ കരിച്ചു കളയും. അവരുടെ മുഖം കഠിനമായി ചുളിഞ്ഞ്, അവരുടെ മേൽചുണ്ടുകളും കീഴ്ചുണ്ടുകളും വലിഞ്ഞു മുറുകി, പല്ലിളിച്ച നിലയിലായിരിക്കും.
અરબી તફસીરો:
આયતોના ફાયદાઓ માંથી:
• الاستدلال باستقرار نظام الكون على وحدانية الله.
• പ്രപഞ്ചത്തിൻ്റെ കെട്ടുറപ്പ് അല്ലാഹുവിൻ്റെ ഏകത്വം ബോധ്യപ്പെടുത്തുന്നു എന്ന ഓർമ്മപ്പെടുത്തൽ.

• إحاطة علم الله بكل شيء.
• അല്ലാഹുവിൻ്റെ അറിവ് എല്ലാത്തിനെയും ചൂഴ്ന്നിരിക്കുന്നു.

• معاملة المسيء بالإحسان أدب إسلامي رفيع له تأثيره البالغ في الخصم.
• അതിക്രമം പ്രവർത്തിച്ചവരോട് നന്മയിൽ വർത്തിക്കുക എന്നത് മഹത്തരമായ ഇസ്ലാമിക മര്യാദകളിൽ ഒന്നാണ്. അതിന് എതിരാളിയിൽ വലിയ സ്വാധീനം ചെലുത്താൻ കഴിയും.

• ضرورة الاستعاذة بالله من وساوس الشيطان وإغراءاته.
• പിശാചിൻ്റെ ദുർമന്ത്രണങ്ങളിൽ നിന്നും, അവൻ്റെ വഞ്ചനകളിൽ നിന്നും അല്ലാഹുവിൽ രക്ഷതേടൽ വളരെ അനിവാര്യമാണ്.

اَلَمْ تَكُنْ اٰیٰتِیْ تُتْلٰی عَلَیْكُمْ فَكُنْتُمْ بِهَا تُكَذِّبُوْنَ ۟
അവരെ ആക്ഷേപിച്ചുകൊണ്ട് ഇപ്രകാരം ചോദിക്കപ്പെടും: ഇഹലോകത്തായിരിക്കെ നിങ്ങൾക്ക് ഖുർആനിലെ ആയത്തുകൾ ഓതികേൾപ്പിക്കപ്പെട്ടിരുന്നില്ലേ?! അപ്പോൾ നിങ്ങൾ അവ നിഷേധിച്ചു തള്ളുകയായിരുന്നു.
અરબી તફસીરો:
قَالُوْا رَبَّنَا غَلَبَتْ عَلَیْنَا شِقْوَتُنَا وَكُنَّا قَوْمًا ضَآلِّیْنَ ۟
അവർ പറയും: ഞങ്ങളുടെ രക്ഷിതാവേ! മുൻപെ നിൻ്റെ അറിവിലുണ്ടായിരുന്നതു പോലെ, ഞങ്ങളുടെ നിർഭാഗ്യം ഞങ്ങളെ അതിജയിച്ചു കളഞ്ഞു. സത്യത്തിൽ നിന്ന് വഴിതെറ്റിയ ഒരു സമൂഹമായിരുന്നു ഞങ്ങൾ.
અરબી તફસીરો:
رَبَّنَاۤ اَخْرِجْنَا مِنْهَا فَاِنْ عُدْنَا فَاِنَّا ظٰلِمُوْنَ ۟
ഞങ്ങളുടെ രക്ഷിതാവേ! ഞങ്ങളെ ഈ നരകത്തിൽ നിന്ന് നീ പുറത്തേക്ക് രക്ഷപ്പെടുത്തേണമേ! ഞങ്ങൾ മുൻപുണ്ടായിരുന്നത് പോലുള്ള കുഫ്റിലേക്കും വഴികേടിലേക്കും വീണ്ടും തിരിച്ചു പോവുകയാണെങ്കിൽ ഞങ്ങൾ ഞങ്ങളോട് തന്നെ അതിക്രമം പ്രവർത്തിച്ചവർ തന്നെ. അതോടെ ഞങ്ങളുടെ ഒഴിവുകഴിവുകളെല്ലാം അവസാനിച്ചിരിക്കുന്നു.
અરબી તફસીરો:
قَالَ اخْسَـُٔوْا فِیْهَا وَلَا تُكَلِّمُوْنِ ۟
അല്ലാഹു പറയും: നിന്ദ്യരും അപമാനിതരുമായി നരകത്തിൽ തന്നെ കഴിഞ്ഞു കൊള്ളുക. നിങ്ങൾ എന്നോട് മിണ്ടിപ്പോകരുത്.
અરબી તફસીરો:
اِنَّهٗ كَانَ فَرِیْقٌ مِّنْ عِبَادِیْ یَقُوْلُوْنَ رَبَّنَاۤ اٰمَنَّا فَاغْفِرْ لَنَا وَارْحَمْنَا وَاَنْتَ خَیْرُ الرّٰحِمِیْنَ ۟ۚۖ
തീർച്ചയായും എന്നിൽ വിശ്വസിച്ച എൻ്റെ ദാസന്മാരിൽ ഒരു വിഭാഗം പറയാറുണ്ടായിരുന്നു: ഞങ്ങളുടെ രക്ഷിതാവേ! ഞങ്ങൾ നിന്നിൽ വിശ്വസിച്ചിരിക്കുന്നു. അതിനാൽ ഞങ്ങളുടെ തിന്മകൾ നീ ഞങ്ങൾക്ക് പൊറുത്തു നൽകുകയും, നിൻ്റെ കാരുണ്യം ഞങ്ങളുടെ മേൽ ചൊരിയുകയും ചെയ്യേണമേ! കാരുണ്യവാന്മാരിൽ ഏറ്റവും ഉത്തമൻ നീയാണല്ലോ.
અરબી તફસીરો:
فَاتَّخَذْتُمُوْهُمْ سِخْرِیًّا حَتّٰۤی اَنْسَوْكُمْ ذِكْرِیْ وَكُنْتُمْ مِّنْهُمْ تَضْحَكُوْنَ ۟
തങ്ങളുടെ രക്ഷിതാവിനെ വിളിച്ചു പ്രാർത്ഥിച്ചു കൊണ്ടിരുന്നവരെ നിങ്ങൾ പരിഹാസപാത്രമാക്കുകയും, പുഛിച്ചു തള്ളുകയും ചെയ്തു. അങ്ങനെ അവരെ പരിഹസിക്കുന്നതിൽ മുഴുകി അല്ലാഹുവിനെ സ്മരിക്കുന്നത് നിങ്ങൾ മറന്നു പോവുകയും ചെയ്തു. അവരെ പുഛിച്ചും പരിഹസിച്ചും നിങ്ങൾ ചിരിക്കുകയായിരുന്നു.
અરબી તફસીરો:
اِنِّیْ جَزَیْتُهُمُ الْیَوْمَ بِمَا صَبَرُوْۤا ۙ— اَنَّهُمْ هُمُ الْفَآىِٕزُوْنَ ۟
അല്ലാഹുവിനെ അനുസരിക്കുന്നതിലും, നിങ്ങളുടെ അടുക്കൽ നിന്ന് നേരിട്ടിരുന്ന ഉപദ്രവങ്ങളിലും ക്ഷമിച്ചു നിലകൊണ്ടതിനാൽ ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ സ്വർഗം നൽകിക്കൊണ്ട് ഞാനിതാ (എന്നിൽ) വിശ്വസിച്ചവർക്ക് പ്രതിഫലം നൽകിയിരിക്കുന്നു.
અરબી તફસીરો:
قٰلَ كَمْ لَبِثْتُمْ فِی الْاَرْضِ عَدَدَ سِنِیْنَ ۟
അവൻ ചോദിക്കും: എത്ര വർഷങ്ങളാണ് നിങ്ങൾ ഭൂമിയിൽ കഴിച്ചു കൂട്ടിയത്? എത്ര സമയമാണ് അവിടെ നിങ്ങൾ പാഴാക്കി കളഞ്ഞത്?
અરબી તફસીરો:
قَالُوْا لَبِثْنَا یَوْمًا اَوْ بَعْضَ یَوْمٍ فَسْـَٔلِ الْعَآدِّیْنَ ۟
അവർ പറയും: ഞങ്ങൾ ഒരു ദിവസമോ, ഒരു ദിവസത്തിൻ്റെ കുറച്ചു ഭാഗമോ മാത്രമേ കഴിച്ചു കൂട്ടിയിട്ടുള്ളൂ. ദിവസങ്ങളും മാസങ്ങളും എണ്ണിക്കണക്കാക്കുന്നവരോട് നീ ചോദിച്ചു നോക്കുക.
અરબી તફસીરો:
قٰلَ اِنْ لَّبِثْتُمْ اِلَّا قَلِیْلًا لَّوْ اَنَّكُمْ كُنْتُمْ تَعْلَمُوْنَ ۟
അവൻ പറയും: നിങ്ങൾ ഇഹലോകത്ത് വളരെ കുറഞ്ഞ സമയമല്ലാതെ കഴിച്ചു കൂട്ടിയിട്ടില്ല. അല്ലാഹുവിനെ അനുസരിച്ച് ജീവിക്കുന്നതിൽ ക്ഷമിച്ചു നിൽക്കാൻ എളുപ്പമുള്ള അത്രയും കുറച്ചുകാലം! എത്ര (കുറച്ചു) കാലമാണ് നിങ്ങൾ ഇഹലോകത്ത് കഴിയുക എന്നത് നിങ്ങൾക്കറിയുമായിരുന്നെങ്കിൽ, ആ (കുറച്ചു) സമയം അല്ലാഹുവിനെ അനുസരിക്കുന്നതിൽ ക്ഷമിച്ചു നിലകൊള്ളാൻ നിങ്ങൾക്ക് സാധിക്കുമായിരുന്നു.
અરબી તફસીરો:
اَفَحَسِبْتُمْ اَنَّمَا خَلَقْنٰكُمْ عَبَثًا وَّاَنَّكُمْ اِلَیْنَا لَا تُرْجَعُوْنَ ۟
ജനങ്ങളേ! നാം നിങ്ങളെ ഒരർത്ഥവുമില്ലാതെ കളിയായി -(ചെയ്ത പ്രവർത്തനങ്ങൾക്ക്) പ്രതിഫലമോ ശിക്ഷയോ ഒന്നുമില്ലാതെ- കന്നുകാലികളെ പോലെ സൃഷ്ടിച്ചു വിട്ടതാണെന്നും, ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ വിചാരണക്കും പ്രതിഫലത്തിനുമായി നിങ്ങൾ എൻ്റെ അടുക്കലേക്ക് മടങ്ങിവരികയില്ലെന്നുമാണോ നിങ്ങൾ ധരിച്ചു വെച്ചിരിക്കുന്നത്?!
અરબી તફસીરો:
فَتَعٰلَی اللّٰهُ الْمَلِكُ الْحَقُّ ۚ— لَاۤ اِلٰهَ اِلَّا هُوَ ۚ— رَبُّ الْعَرْشِ الْكَرِیْمِ ۟
തൻ്റെ സൃഷ്ടികളിൽ ഉദ്ദേശിക്കുന്നത് പ്രകാരം കൈകാര്യകർതൃത്വം നടത്തുന്ന സർവ്വരുടെയും രാജാവായ (മലിക്) അല്ലാഹു പരിശുദ്ധനായിരിക്കുന്നു. അവൻ സത്യമാണ്. അവൻ്റെ വാഗ്ദാനവും, അവൻ്റെ വാക്കുകളും സത്യവും യാഥാർഥ്യവുമാണ്. അവനല്ലാതെ മറ്റൊരു ആരാധനക്കർഹനില്ല താനും. ഏറ്റവും മഹത്തരമായ സൃഷ്ടിയായ ശ്രേഷ്ഠ സിംഹാസനത്തിൻ്റെ നാഥൻ. ഏറ്റവും വലിയ സൃഷ്ടിയുടെ രക്ഷിതാവാരോ; അവൻ തന്നെ സർവ്വതിൻ്റെയും രക്ഷിതാവ്.
અરબી તફસીરો:
وَمَنْ یَّدْعُ مَعَ اللّٰهِ اِلٰهًا اٰخَرَ ۙ— لَا بُرْهَانَ لَهٗ بِهٖ ۙ— فَاِنَّمَا حِسَابُهٗ عِنْدَ رَبِّهٖ ؕ— اِنَّهٗ لَا یُفْلِحُ الْكٰفِرُوْنَ ۟
ആരെങ്കിലും അല്ലാഹുവിനോടൊപ്പം മറ്റു വല്ല ആരാധ്യനെയും വിളിച്ചു പ്രാർത്ഥിക്കുന്ന പക്ഷം ഈ ആരാധ്യന് ആരാധിക്കപ്പെടാനുള്ള അർഹതയുണ്ട് എന്ന് തെളിയിക്കുന്ന ഒരു പ്രമാണവും അവൻ്റെ പക്കലില്ല. അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്ന സർവ്വതിൻ്റെയും കാര്യം ഇപ്രകാരം തന്നെയാണ്. അവൻ്റെ ഈ തെറ്റായ പ്രവൃത്തിക്കുള്ള പ്രതിഫലം അവൻ്റെ രക്ഷിതാവിൻ്റെ പക്കലുണ്ട്. അവനാകുന്നു അതിനുള്ള ശിക്ഷ പ്രതിഫലമായി നൽകുന്നവൻ. തീർച്ചയായും (അല്ലാഹുവിനെ) നിഷേധിച്ചവർക്ക് അവർ തേടിക്കൊണ്ടിരുന്നത് നേടിയെടുത്തു കൊണ്ടോ, അവർ ഭയപ്പെടുന്നതിൽ നിന്ന് രക്ഷപ്പെട്ടോ വിജയികളാകാൻ സാധിക്കുകയില്ല.
અરબી તફસીરો:
وَقُلْ رَّبِّ اغْفِرْ وَارْحَمْ وَاَنْتَ خَیْرُ الرّٰحِمِیْنَ ۟۠
അല്ലാഹുവിൻ്റെ റസൂലേ! പറയുക: എൻ്റെ രക്ഷിതാവേ! എനിക്ക് നീ എൻ്റെ തെറ്റുകൾ പൊറുത്തു തരികയും, നിൻ്റെ കാരുണ്യം എൻ്റെ മേൽ ചൊരിയുകയും ചെയ്യേണമേ! തെറ്റുകൾ സംഭവിച്ചവരോട് കാരുണ്യം ചൊരിയുകയും, അവരുടെ പശ്ചാത്താപം സ്വീകരിക്കുകയും ചെയ്യുന്നവരിൽ ഏറ്റവും ഉത്തമൻ നീ തന്നെ.
અરબી તફસીરો:
આયતોના ફાયદાઓ માંથી:
• الكافر حقير مهان عند الله.
• (അല്ലാഹുവിനെയും അവൻ്റെ ദൂതനെയും) നിഷേധിച്ചവൻ അല്ലാഹുവിങ്കൽ വളരെ നിന്ദ്യനും വിലയില്ലാത്തവനുമത്രെ.

• الاستهزاء بالصالحين ذنب عظيم يستحق صاحبه العذاب.
• സച്ചരിതരായ ആളുകളെ പരിഹസിക്കുക എന്നത് നരകശിക്ഷ അർഹമാക്കുന്ന വളരെ ഗുരുതരമായ തിന്മയാണ്.

• تضييع العمر لازم من لوازم الكفر.
• (അല്ലാഹുവിനെ) നിഷേധിക്കുകയെന്നതിൻ്റെ പരിണിതഫലങ്ങളിലൊന്നാണ് ആയുസ് പാഴാവുകയെന്നത്.

• الثناء على الله مظهر من مظاهر الأدب في الدعاء.
• പ്രാർത്ഥനയുടെ മര്യാദകളിൽ പെട്ടതാണ് അല്ലാഹുവിനെ പുകഴ്ത്തുകയും പ്രകീർത്തിക്കുകയും ചെയ്യുക എന്നത്.

• لما افتتح الله سبحانه السورة بذكر صفات فلاح المؤمنين ناسب أن تختم السورة بذكر خسارة الكافرين وعدم فلاحهم.
• അല്ലാഹു ഈ സൂറത്ത് ആരംഭിച്ചത് വിജയികളായ വിശ്വാസികളുടെ സ്വഭാവഗുണങ്ങൾ പ്രതിപാദിച്ചു കൊണ്ടായിരുന്നല്ലോ? അപ്പോൾ (അല്ലാഹുവിനെ) നിഷേധിച്ചവർ നഷ്ടക്കാരാണെന്നതും, അവർ വിജയിക്കില്ലെന്നതും ഓർമ്മപ്പെടുത്തി കൊണ്ട് ഈ സൂറത്ത് അവസാനിപ്പിച്ചു എന്നത് തീർത്തും അനുയോജ്യമാണ്.

 
શબ્દોનું ભાષાંતર સૂરહ: અલ્ મુઅમિનૂન
સૂરહ માટે અનુક્રમણિકા પેજ નંબર
 
કુરઆન મજીદના શબ્દોનું ભાષાંતર - મલયાલમ ભાષામાં કુરઆન મજીદની સક્ષિપ્ત સમજુતી - ભાષાંતરોની અનુક્રમણિકા

કુરઆન મજીદની સંક્ષિપ્ત સમજુતી મલયાલમ ભાષામાં, જે તફસીર લિદ્દરાસતીલ્ કુરઆનિયહે દ્વારા પ્રકાશિત થયું

બંધ કરો