തീര്‍ച്ചയായും നിനക്ക് നാം ഈ ഗ്രന്ഥം അവതരിപ്പിച്ചു തന്നത് സത്യപ്രകാരമാകുന്നു. അതിനാല്‍ കീഴ്വണക്കം അല്ലാഹുവിന് നിഷ്കളങ്കമാക്കികൊണ്ട് അവനെ നീ ആരാധിക്കുക.
അറിയുക: അല്ലാഹുവിന് മാത്രം അവകാശപ്പെട്ടതാകുന്നു നിഷ്കളങ്കമായ കീഴ്വണക്കം. അവന്നു പുറമെ രക്ഷാധികാരികളെ സ്വീകരിച്ചവര്‍ (പറയുന്നു:) 'അല്ലാഹുവിങ്കലേക്ക് ഞങ്ങള്‍ക്ക് കൂടുതല്‍ അടുപ്പമുണ്ടാക്കിത്തരാന്‍ വേണ്ടി മാത്രമാകുന്നു ഞങ്ങള്‍ അവരെ ആരാധിക്കുന്നത്.' അവര്‍ ഏതൊരു കാര്യത്തില്‍ ഭിന്നത പുലര്‍ത്തുന്നുവോ അതില്‍ അല്ലാഹു അവര്‍ക്കിടയില്‍ വിധികല്‍പിക്കുക തന്നെ ചെയ്യും. നുണയനും നന്ദികെട്ടവനുമായിട്ടുള്ളവനാരോ അവനെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച.
ഒരു സന്താനത്തെ സ്വീകരിക്കണമെന്ന് അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ അവന് സൃഷ്ടിക്കുന്നതില്‍ നിന്ന് അവന് ഉദ്ദേശിക്കുന്നത് അവന് തെരഞ്ഞെടുക്കുമായിരുന്നു. അവന് എത്ര പരിശുദ്ധന്! ഏകനും സര്‍വ്വാധിപതിയുമായ അല്ലാഹുവത്രെ അവന്.
ആകാശങ്ങളും ഭൂമിയും അവന് യാഥാര്‍ത്ഥ്യപൂര്‍വ്വം സൃഷ്ടിച്ചിരിക്കുന്നു. രാത്രിയെ ക്കൊണ്ട് അവന് പകലിന്മേല് ചുറ്റിപ്പൊതിയുന്നു. പകലിനെക്കൊണ്ട് അവന് രാത്രിമേലും ചുറ്റിപ്പൊതിയുന്നു. സൂര്യനെയും ചന്ദ്രനെയും അവന് നിയന്ത്രണവിധേയമാക്കുകയും ചെയ്തിരിക്കുന്നു. എല്ലാം നിശ്ചിതമായ പരിധിവരെ സഞ്ചരിക്കുന്നു. അറിയുക: അവനത്രെ പ്രതാപിയും ഏറെ പൊറുക്കുന്നവനും.
ഒരൊറ്റ അസ്തിത്വത്തില്‍ നിന്ന് അവന് നിങ്ങളെ സൃഷ്ടിച്ചു. പിന്നീട് അതില്‍ നിന്ന് അതിന്റെ ഇണയെയും അവന് ഉണ്ടാക്കി. കന്നുകാലികളില്‍ നിന്ന് എട്ടു ജോഡികളെയും അവന് നിങ്ങള്‍ക്ക് ഇറക്കിതന്നു. നിങ്ങളുടെ മാതാക്കളുടെ വയറുകളില്‍ നിങ്ങളെ അവന് സൃഷ്ടിക്കുന്നു. മൂന്ന് തരം അന്ധകാരങ്ങള്‍ക്കുള്ളില്‍(1) സൃഷ്ടിയുടെ ഒരു ഘട്ടത്തിന് ശേഷം മറ്റൊരു ഘട്ടമായിക്കൊണ്ട്. അങ്ങനെയുള്ളവനാകുന്നു നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അവന്നാണ് ആധിപത്യം. അവനല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. എന്നിരിക്കെ നിങ്ങള്‍ എങ്ങനെയാണ് (സത്യത്തില്‍ നിന്ന്) തെറ്റിക്കപ്പെടുന്നത്?
1) ഉദരം, ഗര്‍ഭാശയം, ഗര്‍ഭാശയത്തിനകത്തുള്ള ഒരു നേര്‍ത്ത ആവരണം - ഇവ മൂന്നുംകൂടി ഗര്‍ഭസ്ഥ ശിശുവെ ഇരുട്ടുകൾക്കുള്ളിലാക്കിയിരിക്കുന്നു.
നിങ്ങള്‍ നന്ദികേട് കാണിക്കുകയാണെങ്കില്‍ തീര്‍ച്ചയായും അല്ലാഹു നിങ്ങളുടെ ആശ്രയത്തില്‍ നിന്ന് മുക്തനാകുന്നു. തന്റെ ദാസന്മാര് നന്ദികേട് കാണിക്കുന്നത് അവന് തൃപ്തിപ്പെടുകയില്ല. നിങ്ങള്‍ നന്ദികാണിക്കുന്ന പക്ഷം നിങ്ങളോട് അത് വഴി അവന് സംതൃപ്തനായിരിക്കുന്നതാണ്. പാപഭാരം വഹിക്കുന്ന യാതൊരാളും മറ്റൊരാളുടെ ഭാരം വഹിക്കുകയില്ല. പിന്നീട് നിങ്ങളുടെ രക്ഷിതാവിങ്കലേക്കാകുന്നു നിങ്ങളുടെ മടക്കം. നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിനെപ്പറ്റി അപ്പോള്‍ അവന് നിങ്ങളെ വിവരം അറിയിക്കുന്നതാണ്. തീര്‍ച്ചയായും അവന് ഹൃദയങ്ങളിലുള്ളതിനെപ്പറ്റി അറിവുള്ളവനാകുന്നു.
മനുഷ്യന് വല്ല വിഷമവും ബാധിച്ചാല്‍ അവന് തന്റെ രക്ഷിതാവിങ്കലേക്ക് താഴ്മയോടെ മടങ്ങിക്കൊണ്ട് പ്രാര്‍ത്ഥിക്കും. എന്നിട്ട് തന്റെ പക്കല്‍ നിന്നുള്ള വല്ല അനുഗ്രഹവും അല്ലാഹു അവന്ന് പ്രദാനം ചെയ്താല്‍ ഏതൊന്നിനായി അവന് മുമ്പ് പ്രാര്‍ത്ഥിച്ചിരുന്നുവോ അതവന് മറന്നുപോകുന്നു. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് വഴിതെറ്റിച്ച് കളയുവാന്‍ വേണ്ടി അവന്ന് സമന്മാരെ സ്ഥാപിക്കുകയും ചെയ്യുന്നു. (നബിയേ,) പറയുക: നീ അല്പകാലം നിന്റെ ഈ സത്യനിഷേധവും കൊണ്ട് സുഖിച്ചു കൊള്ളുക. തീര്‍ച്ചയായും നീ നരകാവകാശികളുടെ കൂട്ടത്തിലാകുന്നു.
എന്നാല്‍ നിങ്ങള്‍ അവന്നു പുറമെ നിങ്ങള്‍ ഉദ്ദേശിച്ചതിന് ആരാധന ചെയ്തുകൊള്ളുക. പറയുക: ഉയിര്ത്തെഴുന്നേല്പിന്റെ നാളില്‍ സ്വദേഹങ്ങള്‍ക്കും തങ്ങളുടെ ആളുകള്‍ക്കും നഷ്ടം വരുത്തിവെച്ചതാരോ അവരത്രെ തീര്‍ച്ചയായും നഷ്ടക്കാര്‍. അതു തന്നെയാണ് വ്യക്തമായ നഷ്ടം.
അവര്‍ക്ക് അവരുടെ മുകള്‍ ഭാഗത്ത് തീയിന്റെ തട്ടുകളുണ്ട്. അവരുടെ കീഴ്ഭാഗത്തുമുണ്ട് തട്ടുകള്‍. അതിനെപ്പറ്റിയാകുന്നു അല്ലാഹു തന്റെ ദാസന്മാരെ ഭയപ്പെടുത്തുന്നത്. ആകയാല്‍ എന്റെ ദാസന്മാരേ, നിങ്ങള്‍ എന്നെ സൂക്ഷിക്കുവിന്‍.
അതായത് വാക്ക് ശ്രദ്ധിച്ചു കേള്‍ക്കുകയും അതില്‍ ഏറ്റവും നല്ലത് പിന്‍പറ്റുകയും ചെയ്യുന്നവര്‍ക്ക്. അക്കൂട്ടര്‍ക്കാകുന്നു അല്ലാഹു മാര്‍ഗദര്‍ശനം നല്‍കിയിട്ടുള്ളത്. അവര്‍ തന്നെയാകുന്നു ബുദ്ധിമാന്മാര്.
2). ഓരോരുത്തരും സ്വയം തെരഞ്ഞെടുക്കുന്ന വിശ്വാസാചാരങ്ങളാണ് അവരുടെ ഭാഗധേയം നിര്‍ണയിക്കുന്നത്. നിഷേധത്തിന്റെയും അധര്‍മത്തിന്റെയും മാര്‍ഗം തെരഞ്ഞെടുത്തവന് വിധിക്കപ്പെട്ടതാണ് അല്ലാഹുവിന്റെ ശിക്ഷ. അതില്‍ നിന്ന് അവനെ രക്ഷിക്കാന്‍ പ്രവാചകന് ഉള്‍പ്പെടെ ആര്‍ക്കും സാധ്യമല്ല.
പക്ഷെ, തങ്ങളുടെ രക്ഷിതാവിനെ സൂക്ഷിച്ച് ജീവിച്ചവരാരോ അവര്‍ക്കാണ് മേല്ക്കുമേല് തട്ടുകളായി നിര്‍മിക്കപ്പെട്ടിട്ടുള്ള മണിമേടകളുള്ളത്. അവയുടെ താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകികൊണ്ടിരിക്കുന്നു. അല്ലാഹുവിന്റെ വാഗ്ദാനമത്രെ അത്. അല്ലാഹു വാഗ്ദാനം ലംഘിക്കുകയില്ല.
നീ കണ്ടില്ലേ, അല്ലാഹു ആകാശത്തു നിന്ന് വെള്ളം ചൊരിഞ്ഞു. എന്നിട്ട് ഭൂമിയിലെ ഉറവിടങ്ങളില്‍ അതവന് പ്രവേശിപ്പിച്ചു. അനന്തരം അത് മുഖേന വ്യത്യസ്ത വര്‍ണങ്ങളിലുള്ള വിള അവന് ഉല്പാദിപ്പിക്കുന്നു. പിന്നെ അത് ഉണങ്ങിപോകുന്നു. അപ്പോള്‍ അത് മഞ്ഞനിറം പൂണ്ടതായി നിനക്ക് കാണാം. പിന്നീട് അവന് അതിനെ വൈക്കോല്‍ തുരുമ്പാക്കുന്നു. തീര്‍ച്ചയായും അതില്‍ ബുദ്ധിമാന്മാര്ക്ക് ഒരു ഉത്ബോധനമുണ്ട്.
അപ്പോള്‍ ഏതൊരാളുടെ ഹൃദയത്തിന് ഇസ്ലാം സ്വീകരിക്കാന്‍ അല്ലാഹു വിശാലത നല്‍കുകയും അങ്ങനെ അവന് തന്റെ രക്ഷിതാവിങ്കല്‍ നിന്നുള്ള പ്രകാശത്തിലായിരിക്കുകയും ചെയ്തുവോ (അവന് ഹൃദയം കടുത്തുപോയവനെപ്പേലെയാണോ?) എന്നാല്‍ അല്ലാഹുവിന്റെ സ്മരണയില്‍ നിന്ന് അകന്ന് ഹൃദയങ്ങള്‍ കടുത്തുപോയവര്‍ക്കാകുന്നു നാശം. അത്തരക്കാര്‍ വ്യക്തമായ ദുര്‍മാര്‍ഗത്തിലത്രെ.
അല്ലാഹുവാണ് ഏറ്റവും ഉത്തമമായ വര്‍ത്തമാനം അവതരിപ്പിച്ചിരിക്കുന്നത്. അഥവാ വചനങ്ങള്‍ക്ക് പരസ്പരം സാമ്യമുള്ളതും ആവര്‍ത്തിക്കപ്പെടുന്ന വചനങ്ങളുള്ളതുമായ ഒരു ഗ്രന്ഥം. തങ്ങളുടെ രക്ഷിതാവിനെ ഭയപ്പെടുന്നവരുടെ ചര്‍മ്മങ്ങള്‍ അതു നിമിത്തം രോമാഞ്ചമണിയുന്നു. പിന്നീട് അവരുടെ ചര്‍മ്മങ്ങളും ഹൃദയങ്ങളും അല്ലാഹുവെ സ്മരിക്കുന്നതിനായി വിനീതമാവുകയും ചെയ്യുന്നു. അതത്രെ അല്ലാഹുവിന്റെ മാര്‍ഗദര്‍ശനം. അതുമുഖേന താന്‍ ഉദ്ദേശിക്കുന്നവരെ അവന് നേര്‍വഴിയിലാക്കുന്നു. വല്ലവനെയും അവന് പിഴവിലാക്കുന്ന പക്ഷം അവന് വഴി കാട്ടാന്‍ ആരും തന്നെയില്ല.
എന്നാല്‍ ഉയിര്ത്തെഴുന്നേല്പിന്റെ നാളില്‍ കടുത്ത ശിക്ഷയെ സ്വന്തം മുഖം കൊണ്ട് തടുക്കേണ്ടിവരുന്ന ഒരാള്‍ (അന്ന് നിര്‍ഭയനായിരിക്കുന്നവനെപ്പോലെ ആകുമോ?) നിങ്ങള്‍ സമ്പാദിച്ചു കൊണ്ടിരിക്കുന്നത് നിങ്ങള്‍ ആസ്വദിച്ചു കൊള്ളുക എന്ന് അക്രമികളോട് പറയപ്പെടുകയും ചെയ്യും.
അല്ലാഹു ഇതാ ഒരു മനുഷ്യനെ ഉപമയായി എടുത്തുകാണിച്ചിരിക്കുന്നു. പരസ്പരം വഴക്കടിക്കുന്ന ഏതാനും പങ്കുകാരാണ് അവന്റെ യജമാനന്മാര്. ഒരു യജമാനന് മാത്രം കീഴ്പെടേണ്ടവനായ മറ്റൊരാളെയും (ഉപമയായി എടുത്തുകാണിച്ചിരിക്കുന്നു.) ഉപമയില്‍ ഇവര്‍ രണ്ടുപേരും ഒരുപോലെയാകുമോ? അല്ലാഹുവിന് സ്തുതി. പക്ഷെ അവരില്‍ അധികപേരും അറിയുന്നില്ല.(3)
3) ബഹുദൈവവിശ്വാസിയെയാണ് പരസ്പരം വഴക്കടിക്കുന്ന യജമാനന്മാരുടെ കല്പനയ്ക്ക് വിധേയനായി ജീവിക്കേണ്ടിവരുന്ന അടിമയോട് അല്ലാഹു ഉപമിക്കുന്നത്. അത്തരം ഒരു അടിമ പരസ്പരവിരുദ്ധങ്ങളായ കല്പനകള് അനുസരിക്കാന്‍ വിധിക്കപ്പെട്ടവനായിരിക്കും. ഒരിക്കലും യജമാനന്മാരെ മുഴുവന്‍ പ്രീതിപ്പെടുത്താന്‍ അവന് കഴിയില്ല. ഏതൊക്കെ ദൈവങ്ങളെ എങ്ങനെയൊക്കെ പ്രീതിപ്പെടുത്താം, എപ്പോഴൊക്കെ ഏതൊക്കെ ദൈവങ്ങള്‍ പിണങ്ങും എന്ന് പിടികിട്ടാത്ത ബഹുദൈവവിശ്വാസിയുടെ ഗതികേടും ഇതുപോലെത്തന്നെ. എന്നാല്‍ ഒരൊറ്റ യജമാനനെ മാത്രം സേവിക്കാന്‍ ബാധ്യസ്ഥനായ അടിമയെപ്പോലെത്തന്നെ പ്രപഞ്ചനാഥനായ അല്ലാഹുവിനെ മാത്രം ആരാധിക്കുന്ന, അവനോട് മാത്രം പരമമായ വിധേയത്വം കാണിക്കുന്ന മുസ്ലിമും അനിശ്ചിതത്വത്തില്‍ നിന്ന് മുക്തനത്രെ.
അപ്പോള്‍ അല്ലാഹുവിന്റെ പേരില്‍ കള്ളം പറയുകയും, സത്യം തനിക്ക് വന്നെത്തിയപ്പോള്‍ അതിനെ നിഷേധിച്ചു തള്ളുകയും ചെയ്തവനെക്കാള്‍ കടുത്ത അക്രമി ആരുണ്ട്? നരകത്തിലല്ലയോ സത്യനിഷേധികള്‍ക്കുള്ള പാര്‍പ്പിടം?
അവര്‍ പ്രവര്‍ത്തിച്ചതില്‍ നിന്ന് ഏറ്റവും ചീത്തയായതു പോലും അല്ലാഹു അവരില്‍ നിന്ന് മായ്ച്ചുകളയും. അവര്‍ പ്രവര്‍ത്തിച്ചതില്‍ ഏറ്റവും ഉത്തമമായതനുസരിച്ച് അവര്‍ക്കവന്‍ പ്രതിഫലം നല്‍കുകയും ചെയ്യും.
തന്റെ ദാസന്ന് അല്ലാഹു മതിയായവനല്ലയോ?(4) അവന്ന് പുറമെയുള്ളവരെ പറ്റി അവര്‍ നിന്നെ പേടിപ്പിക്കുന്നു. വല്ലവനെയും അല്ലാഹു പിഴവിലാക്കുന്ന പക്ഷം അവന്ന് വഴി കാട്ടാന്‍ ആരുമില്ല.
4) തനിക്ക് അല്ലാഹു മാത്രം മതി എന്നതായിരിക്കണം ഒരു സത്യവിശ്വാസിയുടെ മുദ്രാവാക്യം. അല്ലാഹുവല്ലാത്തവരോട് പ്രാര്‍ത്ഥിക്കുന്നതും, അവരില്‍ നിന്ന് അഭൗതികമായ സഹായം പ്രതീക്ഷിക്കുന്നതും സത്യവിശ്വാസത്തിന് വിരുദ്ധമത്രെ. അല്ലാഹുവോടുള്ളതുപോലെയോ അതിലുമുപരിയായോ ഭൗതികശക്തികളോട് വിധേയത്വം കാണിക്കുന്നതും ഒരു സത്യവിശ്വാസിക്ക് ഭൂഷണമല്ല.
ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചത് ആരെന്ന് നീ അവരോട് ചോദിക്കുന്ന പക്ഷം തീര്‍ച്ചയായും അവര്‍ പറയും: അല്ലാഹു എന്ന്.(5) നീ പറയുക: എങ്കില്‍ അല്ലാഹുവിന് പുറമെ നിങ്ങള്‍ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവയെപ്പറ്റി നിങ്ങള്‍ ചിന്തിച്ചുനോക്കിയിട്ടുണ്ടോ? എനിക്ക് വല്ല ഉപദ്രവവും വരുത്താന്‍ അല്ലാഹു ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ അവയ്ക്ക് അവന്റെ ഉപദ്രവം നീക്കം ചെയ്യാനാവുമോ? അല്ലെങ്കില്‍ അവന് എനിക്ക് വല്ല അനുഗ്രഹവും ചെയ്യുവാന്‍ ഉദ്ദേശിച്ചാല്‍ അവയ്ക്ക് അവന്റെ അനുഗ്രഹം പിടിച്ചു വെക്കാനാകുമോ? പറയുക: എനിക്ക് അല്ലാഹു മതി. അവന്റെ മേലാകുന്നു ഭരമേല്പിക്കുന്നവര് ഭരമേല്പിക്കുന്നത്.
5) ലോകത്തുള്ള ബഹുദൈവാരാധകരില്‍ ബഹുഭൂരിപക്ഷവും പ്രപഞ്ചനാഥനായ അല്ലാഹുവിന്റെ ഏകത്വം അംഗീകരിക്കുന്നവരാണ്. വിശുദ്ധഖുര്ആന് അവതരിക്കുന്ന കാലത്ത് അറേബ്യയിലുണ്ടായിരുന്ന ബഹുദൈവാരാധകരും ഇതില്‍ നിന്ന് വ്യത്യസ്തരായിരുന്നില്ല. സര്‍വലോകപരിപാലകന്‍ എന്ന സ്ഥാനം അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കും അവര്‍ നല്‍കിയിരുന്നില്ല. പക്ഷേ, ഭാഗ്യം വരുത്താനും, നിര്‍ഭാഗ്യമകറ്റാനും കഴിവുള്ളവരായി ഗണിച്ചുകൊണ്ട് പലരെയും പലതിനെയും അവര്‍ ആരാധിച്ചിരുന്നു, പ്രാര്‍ത്ഥിച്ചിരുന്നു. ഇതായിരുന്നു അവരുടെ ശിര്‍ക്ക്, അഥവാ ബഹുദൈവത്വം.
തീര്‍ച്ചയായും നാം മനുഷ്യര്‍ക്ക് വേണ്ടി സത്യപ്രകാരമുള്ള വേദഗ്രന്ഥം നിന്റെ മേല്‍ ഇറക്കിത്തന്നിരിക്കുന്നു. ആകയാല്‍ വല്ലവനും സന്മാര്ഗം സ്വീകരിച്ചാല്‍ അത് അവന്റെ ഗുണത്തിന് തന്നെയാണ്. വല്ലവനും വഴിപിഴച്ചു പോയാല്‍ അവന് വഴിപിഴച്ചു പോകുന്നതിന്റെ ദോഷവും അവന് തന്നെ. നീ അവരുടെ മേല്‍ കൈകാര്യകര്‍ത്താവൊന്നുമല്ല.
ആത്മാവുകളെ അവയുടെ മരണവേളയില്‍ അല്ലാഹു പൂര്‍ണ്ണമായി ഏറ്റെടുക്കുന്നു. മരണപ്പെടാത്തവയെ അവയുടെ ഉറക്കത്തിലും. എന്നിട്ട് ഏതൊക്കെ ആത്മാവിന് അവന് മരണം വിധിച്ചിരിക്കുന്നുവോ അവയെ അവന് പിടിച്ചു വെയ്ക്കുന്നു. മറ്റുള്ളവയെ നിശ്ചിതമായ ഒരു അവധിവരെ അവന് വിട്ടയക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്.
6) ആരുടെ ശുപാര്‍ശ സ്വീകരിക്കണം, ആര്‍ക്കുവേണ്ടിയുള്ള ശുപാര്‍ശ സ്വീകരിക്കണം എന്നൊക്കെ തീരുമാനിക്കാനുള്ള അധികാരം അല്ലാഹുവിനു മാത്രമാണ്. സൃഷ്ടികളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് ഈ കാര്യത്തില്‍ ഒരു സ്വാധീനവും ചെലുത്താനാവില്ല.
ഭൂമിയിലുള്ളത് മുഴുവനും അതോടൊപ്പം അത്രയും കൂടിയും അക്രമം പ്രവര്‍ത്തിച്ചവരുടെ അധീനത്തില്‍ ഉണ്ടായിരുന്നാല്‍ പോലും ഉയിര്ത്തെഴുന്നേല്പിന്റെ നാളിലെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാന്‍ അതവര് പ്രായശ്ചിത്തമായി നല്‍കിയേക്കും. അവര്‍ കണക്ക് കൂട്ടിയിട്ടില്ലായിരുന്ന പലതും അല്ലാഹുവിങ്കല്‍ നിന്ന് അവര്‍ക്ക് വെളിപ്പെടുകയും ചെയ്യും.
അവര്‍ സമ്പാദിച്ചതിന്റെ ദൂഷ്യങ്ങള്‍ അവര്‍ക്ക് വെളിപ്പെടുകയും ചെയ്യും. എന്തൊന്നിനെപറ്റി അവര്‍ പരിഹസിച്ചു കൊണ്ടിരിക്കുന്നുവോ അത് അവരെ വലയം ചെയ്യുകയും ചെയ്യും.
എന്നാല്‍ മനുഷ്യന് വല്ല ദോഷവും ബാധിച്ചാല്‍ നമ്മോടവന്‍ പ്രാര്‍ത്ഥിക്കുന്നു. പിന്നീട് നാം അവന്ന് നമ്മുടെ പക്കല്‍ നിന്നുള്ള വല്ല അനുഗ്രഹവും പ്രദാനം ചെയ്താല്‍ അവന് പറയും; 'അറിവിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ് തനിക്ക് അത് നല്കപ്പെട്ടിട്ടുള്ളത്' എന്ന്.(8) പക്ഷെ, അത് ഒരു പരീക്ഷണമാകുന്നു.(9) എന്നാല്‍ അവരില്‍ അധികപേരും അത് മനസ്സിലാക്കുന്നില്ല.
8) താന്‍ അനുഗ്രഹത്തിന് അര്‍ഹനാണെന്ന് അല്ലാഹു അറിഞ്ഞിട്ടുതന്നെ തന്നതാണ് എന്നത്രെ അവന്റെ അവകാശവാദം. 'എന്റെ സാമര്‍ഥ്യം കൊണ്ട് ലഭിച്ചതാണ് എനിക്ക് കൈവന്ന നേട്ടം' എന്നും അര്‍ത്ഥമാകാവുന്നതാണ്.
9) അനുഗ്രഹങ്ങള്‍ നല്‍കിയും ദുരന്തങ്ങള്‍ വരുത്തിയും അല്ലാഹു മനുഷ്യരെ പരീക്ഷിക്കുന്നു. അവര്‍ നേട്ടകോട്ടങ്ങളോട് എങ്ങനെ പ്രതികരിക്കുന്നുവെന്ന് നോക്കുവാന്‍ വേണ്ടി.
അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഉപജീവനം വിശാലമാക്കികൊടുക്കുകയും താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഇടുങ്ങിയതാക്കുകയും ചെയ്യുന്നു എന്ന് അവര്‍ മനസ്സിലാക്കിയിട്ടില്ലേ? വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തങ്ങളുണ്ട്.
നിങ്ങള്‍ക്ക് ശിക്ഷ വന്നെത്തുന്നതിനു മുമ്പായി നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിങ്കലേക്ക് താഴ്മയോടെ മടങ്ങുകയും, അവന്നു കീഴ്പെടുകയും ചെയ്യുവിന്‍. പിന്നെ (അത് വന്നതിന് ശേഷം) നിങ്ങള്‍ സഹായിക്കപ്പെടുന്നതല്ല.
നിങ്ങള്‍ ഓര്‍ക്കാതിരിക്കെ പെട്ടെന്ന് നിങ്ങള്‍ക്ക് ശിക്ഷ വന്നെത്തുന്നതിന് മുമ്പായി നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് നിങ്ങള്‍ക്ക് അവതരിപ്പിക്കപ്പെട്ടതില്‍ നിന്ന് ഏറ്റവും ഉത്തമമായത് നിങ്ങള്‍ പിന്‍പറ്റുകയും ചെയ്യുക.
എന്റെ കഷ്ടമേ, അല്ലാഹുവിന്റെ ഭാഗത്തേക്ക് ഞാന്‍ ചെയ്യേണ്ടതില്‍ ഞാന്‍ വീഴ്ചവരുത്തിയല്ലോ. തീര്‍ച്ചയായും ഞാന്‍ കളിയാക്കുന്നവരുടെ കൂട്ടത്തില്‍ തന്നെ ആയിപ്പോയല്ലോ എന്ന് വല്ല വ്യക്തിയും പറഞ്ഞേക്കും എന്നതിനാലാണിത്.
അല്ലെങ്കില്‍ ശിക്ഷ നേരില്‍ കാണുന്ന സന്ദര്‍ഭത്തില്‍ എനിക്കൊന്ന് മടങ്ങിപ്പോകാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഞാന്‍ സദ്വൃത്തരുടെ കൂട്ടത്തില്‍ ആകുമായിരുന്നു എന്ന് പറഞ്ഞേക്കുമെന്നതിനാല്‍.
സൂക്ഷ്മത പുലര്‍ത്തിയവരെ രക്ഷപ്പെടുത്തി അവര്‍ക്കുള്ളതായ സുരക്ഷിതസ്ഥാനത്ത് അല്ലാഹു എത്തിക്കുകയും ചെയ്യും. ശിക്ഷ അവരെ സ്പര്‍ശിക്കുകയില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല.
തീര്‍ച്ചയായും നിനക്കും നിന്റെ മുമ്പുള്ളവര്ക്കും സന്ദേശം നല്കപ്പെട്ടിട്ടുള്ളത് ഇതത്രെ: (അല്ലാഹുവിന്) നീ പങ്കാളിയെ ചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും നിന്റെ കര്‍മ്മം നിഷ്ഫലമായിപ്പോകുകയും തീര്‍ച്ചയായും നീ നഷ്ടക്കാരുടെ കൂട്ടത്തില്‍ ആകുകയും ചെയ്യും.
ഭൂമി അതിന്റെ രക്ഷിതാവിന്റെ പ്രഭ കൊണ്ട് പ്രകാശിക്കുകയും ചെയ്യും.(11) (കര്‍മ്മങ്ങളുടെ) രേഖ വെക്കപ്പെടുകയും പ്രവാചകന്മാരും സാക്ഷികളും(12) കൊണ്ടുവരപ്പെടുകയും അവർക്കിടയില്‍ സത്യപ്രകാരം വിധിക്കപ്പെടുകയും ചെയ്യും. അവരോട് അനീതി കാണിക്കപ്പെടുകയില്ല.
11) ഭൂമിയുടെ ഇന്നത്തെ നിലയ്ക്ക് അന്ത്യദിനത്തില്‍ മാറ്റം വരുമെന്ന് 14:48ല്‍ പറഞ്ഞിട്ടുണ്ട്. അതിനുശേഷമുള്ള അവസ്ഥയാണ് ഇവിടെ പ്രതിപാദിക്കപ്പെടുന്നത്.
12) പ്രവാചകന്മാര് സത്യത്തിന്റെ സന്ദേശം ജനങ്ങള്‍ക്ക് എത്തിച്ചുകൊടുത്തിട്ടുണ്ടെന്നതിന് സാക്ഷികളായി ഹാജരാക്കപ്പെടുന്ന സച്ചരിതരായ സത്യവിശ്വാസികളായിരിക്കാം 'സാക്ഷികള്‍' എന്ന വാക്ക് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്.
സത്യനിഷേധികള്‍ കൂട്ടം കൂട്ടമായി നരകത്തിലേക്ക് നയിക്കപ്പെടുകയും ചെയ്യും. അങ്ങനെ അവര്‍ അതിന്നടുത്തു വന്നാല്‍ അതിന്റെ വാതിലുകള്‍ തുറക്കപ്പെടും. അതിന്റെ (നരകത്തിന്റെ) കാവല്ക്കാര് അവരോട് ചോദിക്കും: നിങ്ങള്‍ക്ക് നിങ്ങളുടെ രക്ഷിതാവിന്റെ ദൃഷ്ടാന്തങ്ങള്‍ ഓതികേള്‍പിക്കുകയും, നിങ്ങള്‍ക്കുള്ളതായ ഈ ദിവസത്തെ കണ്ടുമുട്ടുന്നതിനെപ്പറ്റി നിങ്ങള്‍ക്ക് താക്കീത് നല്‍കുകയും ചെയ്യുന്ന നിങ്ങളുടെ കൂട്ടത്തില്‍ നിന്നുതന്നെയുള്ള ദൂതന്മാര് നിങ്ങളുടെ അടുക്കല്‍ വന്നിട്ടില്ലേ? അവര്‍ പറയും: അതെ. പക്ഷെ സത്യനിഷേധികളുടെ മേല്‍ ശിക്ഷയുടെ വചനം സ്ഥിരപ്പെട്ടു പോയി.
അവര്‍ പറയും: നമ്മളോടുള്ള തന്റെ വാഗ്ദാനം സത്യമായി പാലിക്കുകയും സ്വര്‍ഗത്തില്‍ നിന്ന് നാം ഉദ്ദേശിക്കുന്ന സ്ഥലത്ത് നമുക്ക് താമസിക്കാവുന്ന വിധം ഈ (സ്വര്‍ഗ) ഭൂമി നമുക്ക് അവകാശപ്പെടുത്തിത്തരികയും ചെയ്ത അല്ലാഹുവിന് സ്തുതി. അപ്പോള്‍ പ്രവര്‍ത്തിച്ചവര്‍ക്കുള്ള പ്രതിഫലം എത്ര വിശിഷ്ടം!
മലക്കുകള്‍ തങ്ങളുടെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം (അവന്റെ) പരിശുദ്ധിയെ പ്രകീർത്തിച്ചുകൊണ്ട് സിംഹാസനത്തിന്റെ ചുറ്റും വലയം ചെയ്യുന്നതായി നിനക്ക് കാണാം. അവര്‍ക്കിടയില്‍ സത്യപ്രകാരം വിധികല്‍പിക്കപ്പെടും. ലോകരക്ഷിതാവായ അല്ലാഹുവിന് സ്തുതി എന്ന് പറയപ്പെടുകയും ചെയ്യും.
Contents of the translations can be downloaded and re-published, with the following terms and conditions:
1. No modification, addition, or deletion of the content.
2. Clearly referring to the publisher and the source (QuranEnc.com).
3. Mentioning the version number when re-publishing the translation.
4. Keeping the transcript information inside the document.
5. Notifying the source (QuranEnc.com) of any note on the translation.
6. Updating the translation according to the latest version issued from the source (QuranEnc.com).
7. Inappropriate advertisements must not be included when displaying translations of the meanings of the Noble Quran.
Risultati della ricerca:
API specs
Endpoints:
Sura translation
GET / https://quranenc.com/api/v1/translation/sura/{translation_key}/{sura_number} description: get the specified translation (by its translation_key) for the speicified sura (by its number)
Parameters: translation_key: (the key of the currently selected translation) sura_number: [1-114] (Sura number in the mosshaf which should be between 1 and 114)
Returns:
json object containing array of objects, each object contains the "sura", "aya", "translation" and "footnotes".
GET / https://quranenc.com/api/v1/translation/aya/{translation_key}/{sura_number}/{aya_number} description: get the specified translation (by its translation_key) for the speicified aya (by its number sura_number and aya_number)
Parameters: translation_key: (the key of the currently selected translation) sura_number: [1-114] (Sura number in the mosshaf which should be between 1 and 114) aya_number: [1-...] (Aya number in the sura)
Returns:
json object containing the "sura", "aya", "translation" and "footnotes".