വിശുദ്ധ ഖുർആൻ പരിഭാഷ - മലയാള പരിഭാഷ - ചെറിയ മുണ്ടം അബ്ദുൽ ഹമീദ് മദനി, കുഞ്ഞിമുഹമ്മദ് പറപ്പൂർ * - വിവർത്തനങ്ങളുടെ സൂചിക

XML CSV Excel API
Please review the Terms and Policies

പരിഭാഷ അദ്ധ്യായം: സൂറത്തുൽ അൻബിയാഅ്   ആയത്ത്:

സൂറത്തുൽ അൻബിയാഅ്

اِقْتَرَبَ لِلنَّاسِ حِسَابُهُمْ وَهُمْ فِیْ غَفْلَةٍ مُّعْرِضُوْنَ ۟ۚ
ജനങ്ങള്‍ക്ക് അവരുടെ വിചാരണ ആസന്നമായിരിക്കുന്നു. അവരാകട്ടെ അശ്രദ്ധയിലായിക്കൊണ്ട് തിരിഞ്ഞുകളയുന്നവരാകുന്നു.
അറബി ഖുർആൻ വിവരണങ്ങൾ:
مَا یَاْتِیْهِمْ مِّنْ ذِكْرٍ مِّنْ رَّبِّهِمْ مُّحْدَثٍ اِلَّا اسْتَمَعُوْهُ وَهُمْ یَلْعَبُوْنَ ۟ۙ
അവരുടെ രക്ഷിതാവിങ്കല്‍ നിന്ന് പുതുതായി ഏതൊരു ഉല്‍ബോധനം അവര്‍ക്ക് വന്നെത്തിയാലും കളിയാക്കുന്നവരായിക്കൊണ്ട് മാത്രമേ അവരത് കേള്‍ക്കുകയുള്ളൂ.
അറബി ഖുർആൻ വിവരണങ്ങൾ:
لَاهِیَةً قُلُوْبُهُمْ ؕ— وَاَسَرُّوا النَّجْوَی ۖۗ— الَّذِیْنَ ظَلَمُوْا ۖۗ— هَلْ هٰذَاۤ اِلَّا بَشَرٌ مِّثْلُكُمْ ۚ— اَفَتَاْتُوْنَ السِّحْرَ وَاَنْتُمْ تُبْصِرُوْنَ ۟
ഹൃദയങ്ങള്‍ അശ്രദ്ധമായിക്കൊണ്ട് (മാത്രമേ അവരത് കേള്‍ക്കുകയുള്ളൂ). (അവരിലെ) അക്രമികള്‍ അന്യോന്യം രഹസ്യമായി ഇപ്രകാരം മന്ത്രിച്ചു; നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ മാത്രമല്ലേ ഇത്‌? എന്നിട്ട് നിങ്ങള്‍ കണ്ടറിഞ്ഞു കൊണ്ട് തന്നെ ഈ ജാലവിദ്യയുടെ അടുത്തേക്ക് ചെല്ലുകയാണോ?
അറബി ഖുർആൻ വിവരണങ്ങൾ:
قٰلَ رَبِّیْ یَعْلَمُ الْقَوْلَ فِی السَّمَآءِ وَالْاَرْضِ ؗ— وَهُوَ السَّمِیْعُ الْعَلِیْمُ ۟
അദ്ദേഹം (നബി) പറഞ്ഞു: എന്‍റെ രക്ഷിതാവ് ആകാശത്തും ഭൂമിയിലും പറയപ്പെടുന്നതെല്ലാം അറിയുന്നു. അവനാണ് എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനും.
അറബി ഖുർആൻ വിവരണങ്ങൾ:
بَلْ قَالُوْۤا اَضْغَاثُ اَحْلَامٍ بَلِ افْتَرٰىهُ بَلْ هُوَ شَاعِرٌ ۖۚ— فَلْیَاْتِنَا بِاٰیَةٍ كَمَاۤ اُرْسِلَ الْاَوَّلُوْنَ ۟
എന്നാല്‍ അവര്‍ പറഞ്ഞു: പാഴ്കിനാവുകള്‍ കണ്ട വിവരമാണ് (മുഹമ്മദ് പറയുന്നത്‌) (മറ്റൊരിക്കല്‍ അവര്‍ പറഞ്ഞു:) അല്ല, അതവന്‍ കെട്ടിച്ചമച്ചുണ്ടാക്കിയതാണ്‌. (മറ്റൊരിക്കല്‍ അവര്‍ പറഞ്ഞു:) അല്ല; അവനൊരു കവിയാണ്‌. എന്നാല്‍ (അവന്‍ പ്രവാചകനാണെങ്കില്‍) മുന്‍ പ്രവാചകന്‍മാര്‍ ഏതൊരു ദൃഷ്ടാന്തവുമായാണോ അയക്കപ്പെട്ടത് അതുപോലൊന്ന് അവന്‍ നമുക്ക് കൊണ്ട് വന്നു കാണിക്കട്ടെ.
അറബി ഖുർആൻ വിവരണങ്ങൾ:
مَاۤ اٰمَنَتْ قَبْلَهُمْ مِّنْ قَرْیَةٍ اَهْلَكْنٰهَا ۚ— اَفَهُمْ یُؤْمِنُوْنَ ۟
ഇവരുടെ മുമ്പ് നാം നശിപ്പിച്ച ഒരു നാട്ടുകാരും വിശ്വസിക്കുകയുണ്ടായില്ല. എന്നിരിക്കെ ഇവര്‍ വിശ്വസിക്കുമോ?(1)
1) ഏതു നാട്ടിലേക്ക് പ്രവാചകന്മാര്‍ നിയോഗിക്കപ്പെട്ടപ്പോഴും അവിടത്തുകാരില്‍ വളരെ ചെറിയ ഒരു ന്യൂനപക്ഷം മാത്രമേ എതിര്‍പ്പ് കൂടാതെ സത്യം സ്വീകരിക്കാന്‍ മുന്നോട്ടുവന്നുള്ളൂ. അതുകൊണ്ട് ആ നാട്ടില്‍ അല്ലാഹുവിന്റെ ശിക്ഷ വന്നുഭവിക്കുകയും, സത്യവിശ്വാസികള്‍ അതില്‍ നിന്ന് ഒഴിവാക്കപ്പെടുകയും ചെയ്തു.
അറബി ഖുർആൻ വിവരണങ്ങൾ:
وَمَاۤ اَرْسَلْنَا قَبْلَكَ اِلَّا رِجَالًا نُّوْحِیْۤ اِلَیْهِمْ فَسْـَٔلُوْۤا اَهْلَ الذِّكْرِ اِنْ كُنْتُمْ لَا تَعْلَمُوْنَ ۟
നിനക്ക് മുമ്പ് പുരുഷന്‍മാരെയല്ലാതെ നാം ദൂതന്‍മാരായി നിയോഗിച്ചിട്ടില്ല.(2) അവര്‍ക്ക് നാം ബോധനം നല്‍കുന്നു. നിങ്ങള്‍ (ഈ കാര്യം) അറിയാത്തവരാണെങ്കില്‍ അറിവുള്ളവരോട് ചോദിച്ചുനോക്കുക.
2) മലക്കുകളെ മനുഷ്യര്‍ക്കിടയില്‍ പ്രബോധനം നടത്തുവാന്‍ ഒരിക്കലും നിയോഗിച്ചിട്ടില്ല. മനുഷ്യരിലേക്ക് അവരിൽപ്പെട്ട പുരുഷന്മാരെ തന്നെയാണ് അല്ലാഹു റസൂലുകളായി നിയമിച്ചത്.
അറബി ഖുർആൻ വിവരണങ്ങൾ:
وَمَا جَعَلْنٰهُمْ جَسَدًا لَّا یَاْكُلُوْنَ الطَّعَامَ وَمَا كَانُوْا خٰلِدِیْنَ ۟
അവരെ (പ്രവാചകന്‍മാരെ) നാം ഭക്ഷണം കഴിക്കാത്ത ശരീരങ്ങളാക്കിയിട്ടില്ല. അവര്‍ നിത്യജീവികളായിരുന്നതുമില്ല.
അറബി ഖുർആൻ വിവരണങ്ങൾ:
ثُمَّ صَدَقْنٰهُمُ الْوَعْدَ فَاَنْجَیْنٰهُمْ وَمَنْ نَّشَآءُ وَاَهْلَكْنَا الْمُسْرِفِیْنَ ۟
അനന്തരം അവരോടുള്ള വാഗ്ദാനത്തില്‍ നാം സത്യസന്ധത പാലിച്ചു. അങ്ങനെ അവരെയും നാം ഉദ്ദേശിക്കുന്നവരെയും നാം രക്ഷപ്പെടുത്തി. അതിരുകവിഞ്ഞവരെ നാം നശിപ്പിക്കുകയും ചെയ്തു.
അറബി ഖുർആൻ വിവരണങ്ങൾ:
لَقَدْ اَنْزَلْنَاۤ اِلَیْكُمْ كِتٰبًا فِیْهِ ذِكْرُكُمْ ؕ— اَفَلَا تَعْقِلُوْنَ ۟۠
തീര്‍ച്ചയായും നിങ്ങള്‍ക്ക് നാം ഒരു ഗ്രന്ഥം അവതരിപ്പിച്ചു തന്നിട്ടുണ്ട്‌. നിങ്ങള്‍ക്കുള്ള ഉല്‍ബോധനം അതിലുണ്ട്‌. എന്നിട്ടും നിങ്ങള്‍ ചിന്തിക്കുന്നില്ലേ?
അറബി ഖുർആൻ വിവരണങ്ങൾ:
وَكَمْ قَصَمْنَا مِنْ قَرْیَةٍ كَانَتْ ظَالِمَةً وَّاَنْشَاْنَا بَعْدَهَا قَوْمًا اٰخَرِیْنَ ۟
അക്രമത്തില്‍ ഏര്‍പെട്ടിരുന്ന എത്ര നാടുകളെ നാം നിശ്ശേഷം തകര്‍ത്തുകളയുകയും, അതിന് ശേഷം നാം മറ്റൊരു ജനവിഭാഗത്തെ വളര്‍ത്തിയെടുക്കുകയും ചെയ്തിട്ടുണ്ട്‌!
അറബി ഖുർആൻ വിവരണങ്ങൾ:
فَلَمَّاۤ اَحَسُّوْا بَاْسَنَاۤ اِذَا هُمْ مِّنْهَا یَرْكُضُوْنَ ۟ؕ
അങ്ങനെ നമ്മുടെ ശിക്ഷ അവര്‍ക്ക് അനുഭവപ്പെട്ടപ്പോള്‍ അവരതാ അവിടെനിന്ന് ഓടിരക്ഷപ്പെടാന്‍ നോക്കുന്നു.
അറബി ഖുർആൻ വിവരണങ്ങൾ:
لَا تَرْكُضُوْا وَارْجِعُوْۤا اِلٰی مَاۤ اُتْرِفْتُمْ فِیْهِ وَمَسٰكِنِكُمْ لَعَلَّكُمْ تُسْـَٔلُوْنَ ۟
(അപ്പോള്‍ അവരോട് പറയപ്പെട്ടു.) നിങ്ങള്‍ ഓടിപ്പോകേണ്ട. നിങ്ങള്‍ക്ക് നല്‍കപ്പെട്ട സുഖാഡംബരങ്ങളിലേക്കും, നിങ്ങളുടെ വസതികളിലേക്കും നിങ്ങള്‍ തിരിച്ചുപോയിക്കൊള്ളുക. നിങ്ങള്‍ക്ക് വല്ല അപേക്ഷയും നല്‍കപ്പെടാനുണ്ടായേക്കാം.(3)
3) അല്ലാഹു അവരെ പരിഹസിക്കുകയാണ്; 'നിങ്ങള്‍ വലിയ ആളുകളല്ലേ? നിങ്ങളെ കാത്ത് പലരും അപേക്ഷകളും നിവേദനങ്ങളുമായി ഇരിക്കുന്നുണ്ടാവില്ലേ? നിങ്ങളങ്ങനെ ഓടിപ്പോകുന്നത് ശരിയാണോ?'
അറബി ഖുർആൻ വിവരണങ്ങൾ:
قَالُوْا یٰوَیْلَنَاۤ اِنَّا كُنَّا ظٰلِمِیْنَ ۟
അവര്‍ പറഞ്ഞു: ആഹ്; ഞങ്ങള്‍ക്ക് നാശം! തീര്‍ച്ചയായും ഞങ്ങള്‍ അക്രമികളായിപ്പോയി.
അറബി ഖുർആൻ വിവരണങ്ങൾ:
فَمَا زَالَتْ تِّلْكَ دَعْوٰىهُمْ حَتّٰی جَعَلْنٰهُمْ حَصِیْدًا خٰمِدِیْنَ ۟
അങ്ങനെ അവരെ നാം കൊയ്തിട്ട വിള പോലെ ചലനമറ്റ നിലയിലാക്കിത്തീര്‍ക്കുവോളം അവരുടെ മുറവിളി അതു തന്നെയായിക്കൊണ്ടിരുന്നു.
അറബി ഖുർആൻ വിവരണങ്ങൾ:
وَمَا خَلَقْنَا السَّمَآءَ وَالْاَرْضَ وَمَا بَیْنَهُمَا لٰعِبِیْنَ ۟
ആകാശത്തെയും, ഭൂമിയെയും, അവ രണ്ടിനുമിടയിലുള്ളതിനെയും നാം കളിയായിക്കൊണ്ട് സൃഷ്ടിച്ചതല്ല.
അറബി ഖുർആൻ വിവരണങ്ങൾ:
لَوْ اَرَدْنَاۤ اَنْ نَّتَّخِذَ لَهْوًا لَّاتَّخَذْنٰهُ مِنْ لَّدُنَّاۤ ۖۗ— اِنْ كُنَّا فٰعِلِیْنَ ۟
നാം ഒരു വിനോദമുണ്ടാക്കാന്‍ ഉദ്ദേശിച്ചിരുന്നുവെങ്കില്‍ നമ്മുടെ അടുക്കല്‍ നിന്നു തന്നെ നാമത് ഉണ്ടാക്കുമായിരുന്നു. (എന്നാല്‍) നാം (അത്‌) ചെയ്യുന്നതല്ല.(4)
4) അല്ലാഹു ഉദ്ദേശിക്കുന്നപക്ഷം കളിയിലും വിനോദത്തിലും ഏര്‍പ്പെടാന്‍ അവന്ന് സാധിക്കും. പക്ഷേ, കാര്യമായിട്ടല്ലാതെ അവന്‍ യാതൊന്നും സൃഷ്ടിച്ചിട്ടില്ല.
അറബി ഖുർആൻ വിവരണങ്ങൾ:
بَلْ نَقْذِفُ بِالْحَقِّ عَلَی الْبَاطِلِ فَیَدْمَغُهٗ فَاِذَا هُوَ زَاهِقٌ ؕ— وَلَكُمُ الْوَیْلُ مِمَّا تَصِفُوْنَ ۟
എന്നാല്‍ നാം സത്യത്തെ എടുത്ത് അസത്യത്തിന്‍റെ നേര്‍ക്ക് എറിയുന്നു. അങ്ങനെ അസത്യത്തെ അത് തകര്‍ത്തു കളയുന്നു. അതോടെ അസത്യം നാശമടയുകയായി. നിങ്ങള്‍ (അല്ലാഹുവെപ്പറ്റി) പറഞ്ഞുണ്ടാക്കുന്നത് നിമിത്തം നിങ്ങള്‍ക്ക് നാശം.
അറബി ഖുർആൻ വിവരണങ്ങൾ:
وَلَهٗ مَنْ فِی السَّمٰوٰتِ وَالْاَرْضِ ؕ— وَمَنْ عِنْدَهٗ لَا یَسْتَكْبِرُوْنَ عَنْ عِبَادَتِهٖ وَلَا یَسْتَحْسِرُوْنَ ۟ۚ
അവന്റേതാകുന്നു ആകാശങ്ങളിലും, ഭൂമിയിയും ഉള്ളവരെല്ലാം. അവന്‍റെ അടുക്കലുള്ളവര്‍ (മലക്കുകള്‍) അവനെ ആരാധിക്കുന്നത് വിട്ട് അഹങ്കരിക്കുകയില്ല. അവര്‍ക്ക് മടുപ്പു തോന്നുകയുമില്ല.
അറബി ഖുർആൻ വിവരണങ്ങൾ:
یُسَبِّحُوْنَ الَّیْلَ وَالنَّهَارَ لَا یَفْتُرُوْنَ ۟
അവര്‍ രാവും പകലും (അല്ലാഹുവിന്‍റെ പരിശുദ്ധിയെ) പ്രകീര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. അവര്‍ തളരുകയില്ല.
അറബി ഖുർആൻ വിവരണങ്ങൾ:
اَمِ اتَّخَذُوْۤا اٰلِهَةً مِّنَ الْاَرْضِ هُمْ یُنْشِرُوْنَ ۟
അതല്ല, അവര്‍ ഭൂമിയില്‍ നിന്നുതന്നെ (മരിച്ചവരെ) ജീവിപ്പിക്കാന്‍ കഴിവുള്ള വല്ല ആരാധ്യരെയും സ്വീകരിച്ചിരിക്കുകയാണോ?
അറബി ഖുർആൻ വിവരണങ്ങൾ:
لَوْ كَانَ فِیْهِمَاۤ اٰلِهَةٌ اِلَّا اللّٰهُ لَفَسَدَتَا ۚ— فَسُبْحٰنَ اللّٰهِ رَبِّ الْعَرْشِ عَمَّا یَصِفُوْنَ ۟
ആകാശഭൂമികളില്‍ അല്ലാഹുവല്ലാത്ത വല്ല ദൈവങ്ങളുമുണ്ടായിരുന്നുവെങ്കില്‍ അത് രണ്ടും തകരാറാകുമായിരുന്നു.(5) അപ്പോള്‍ സിംഹാസനത്തിന്‍റെ നാഥനായ അല്ലാഹു, അവര്‍ പറഞ്ഞുണ്ടാക്കുന്നതില്‍ നിന്നെല്ലാം എത്ര പരിശുദ്ധനാകുന്നു!
5) പ്രപഞ്ചത്തിന്റെ ആധിപത്യത്തില്‍ പങ്കുകാരായ ഒന്നിലേറെ ഇലാഹുകളുണ്ടായിരുന്നെങ്കില്‍ അവരുടെ താല്പര്യങ്ങള്‍ തമ്മില്‍ സംഘട്ടനമുണ്ടാകുകയും, അത് പ്രപഞ്ചത്തിന്റെയാകെ നാശത്തിന് കാരണമാവുകയും ചെയ്യുമായിരുന്നു.
അറബി ഖുർആൻ വിവരണങ്ങൾ:
لَا یُسْـَٔلُ عَمَّا یَفْعَلُ وَهُمْ یُسْـَٔلُوْنَ ۟
അവന്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി ചോദ്യം ചെയ്യപ്പെടുകയില്ല. അവരാകട്ടെ ചോദ്യം ചെയ്യപ്പെടുന്നതുമാണ്‌.
അറബി ഖുർആൻ വിവരണങ്ങൾ:
اَمِ اتَّخَذُوْا مِنْ دُوْنِهٖۤ اٰلِهَةً ؕ— قُلْ هَاتُوْا بُرْهَانَكُمْ ۚ— هٰذَا ذِكْرُ مَنْ مَّعِیَ وَذِكْرُ مَنْ قَبْلِیْ ؕ— بَلْ اَكْثَرُهُمْ لَا یَعْلَمُوْنَ ۙ— الْحَقَّ فَهُمْ مُّعْرِضُوْنَ ۟
അതല്ല, അവന്ന് പുറമെ അവര്‍ ചില ആരാധ്യരെ സ്വീകരിച്ചിരിക്കുകയാണോ? പറയുക: എങ്കില്‍ നിങ്ങള്‍ക്കതിനുള്ള പ്രമാണം കൊണ്ടുവരിക. ഇതു തന്നെയാകുന്നു എന്‍റെ കൂടെയുള്ളവര്‍ക്കുള്ള ഉല്‍ബോധനവും എന്‍റെ മുമ്പുള്ളവര്‍ക്കുള്ള ഉല്‍ബോധനവും.(6) പക്ഷെ, അവരില്‍ അധികപേരും സത്യം അറിയുന്നില്ല. അതിനാല്‍ അവര്‍ തിരിഞ്ഞുകളയുകയാകുന്നു.
6) മുൻകഴിഞ്ഞ എല്ലാ സമുദായങ്ങള്‍ക്കും അല്ലാഹു നല്‍കിയ സന്ദേശം അടിസ്ഥാനപരമായി ഒന്നുതന്നെയാണ്. അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ എന്നതാണ് അതിൽ ഏറ്റവും പ്രധാനപ്പെട്ടത്.
അറബി ഖുർആൻ വിവരണങ്ങൾ:
وَمَاۤ اَرْسَلْنَا مِنْ قَبْلِكَ مِنْ رَّسُوْلٍ اِلَّا نُوْحِیْۤ اِلَیْهِ اَنَّهٗ لَاۤ اِلٰهَ اِلَّاۤ اَنَا فَاعْبُدُوْنِ ۟
ഞാനല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല, അതിനാല്‍ എന്നെ നിങ്ങള്‍ ആരാധിക്കൂ എന്ന് ബോധനം നല്‍കിക്കൊണ്ടല്ലാതെ നിനക്ക് മുമ്പ് ഒരു ദൂതനെയും നാം അയച്ചിട്ടില്ല.
അറബി ഖുർആൻ വിവരണങ്ങൾ:
وَقَالُوا اتَّخَذَ الرَّحْمٰنُ وَلَدًا سُبْحٰنَهٗ ؕ— بَلْ عِبَادٌ مُّكْرَمُوْنَ ۟ۙ
പരമകാരുണികന്‍ സന്താനത്തെ സ്വീകരിച്ചിരിക്കുന്നു എന്നവര്‍ പറഞ്ഞു.അവന്‍ എത്ര പരിശുദ്ധന്‍! എന്നാല്‍ (അവര്‍ - മലക്കുകള്‍) അവന്‍റെ ആദരണീയരായ ദാസന്‍മാര്‍ മാത്രമാകുന്നു.
അറബി ഖുർആൻ വിവരണങ്ങൾ:
لَا یَسْبِقُوْنَهٗ بِالْقَوْلِ وَهُمْ بِاَمْرِهٖ یَعْمَلُوْنَ ۟
അവര്‍ അവനെ മറികടന്നു സംസാരിക്കുകയില്ല. അവന്‍റെ കല്‍പനയനുസരിച്ച് മാത്രം അവര്‍ പ്രവര്‍ത്തിക്കുന്നു.(7)
7) മലക്കുകള്‍ അല്ലാഹുവിന്റെ പെണ്‍മക്കളാണെന്ന് വാദിക്കുന്നവര്‍ക്കുള്ള ഖണ്ഡനമത്രെ ഈ വചനങ്ങള്‍.
അറബി ഖുർആൻ വിവരണങ്ങൾ:
یَعْلَمُ مَا بَیْنَ اَیْدِیْهِمْ وَمَا خَلْفَهُمْ وَلَا یَشْفَعُوْنَ ۙ— اِلَّا لِمَنِ ارْتَضٰی وَهُمْ مِّنْ خَشْیَتِهٖ مُشْفِقُوْنَ ۟
അവരുടെ മുമ്പിലുള്ളതും പിന്നിലുള്ളതും അവന്‍ അറിയുന്നു. അവന്‍ തൃപ്തിപ്പെട്ടവര്‍ക്കല്ലാതെ അവര്‍ ശുപാര്‍ശ ചെയ്യുകയില്ല. അവരാകട്ടെ, അവനെപ്പറ്റിയുള്ള ഭയത്താല്‍ നടുങ്ങുന്നവരാകുന്നു.
അറബി ഖുർആൻ വിവരണങ്ങൾ:
وَمَنْ یَّقُلْ مِنْهُمْ اِنِّیْۤ اِلٰهٌ مِّنْ دُوْنِهٖ فَذٰلِكَ نَجْزِیْهِ جَهَنَّمَ ؕ— كَذٰلِكَ نَجْزِی الظّٰلِمِیْنَ ۟۠
അവരുടെ കൂട്ടത്തില്‍ ആരെങ്കിലും ഞാന്‍ അവന്ന് (അല്ലാഹുവിന്‌) പുറമെയുള്ള ആരാധ്യനാണെന്ന് പറയുന്ന പക്ഷം അവന്ന് നാം നരകം പ്രതിഫലമായി നല്‍കുന്നതാണ്‌. അപ്രകാരമത്രെ അക്രമികള്‍ക്ക് നാം പ്രതിഫലം നല്‍കുന്നത്‌.
അറബി ഖുർആൻ വിവരണങ്ങൾ:
اَوَلَمْ یَرَ الَّذِیْنَ كَفَرُوْۤا اَنَّ السَّمٰوٰتِ وَالْاَرْضَ كَانَتَا رَتْقًا فَفَتَقْنٰهُمَا ؕ— وَجَعَلْنَا مِنَ الْمَآءِ كُلَّ شَیْءٍ حَیٍّ ؕ— اَفَلَا یُؤْمِنُوْنَ ۟
ആകാശങ്ങളും ഭൂമിയും ഒട്ടിച്ചേര്‍ന്നതായിരുന്നുവെന്നും,(8) എന്നിട്ട് നാം അവയെ വേര്‍പെടുത്തുകയാണുണ്ടായതെന്നും സത്യനിഷേധികള്‍ കണ്ടില്ലേ? വെള്ളത്തില്‍ നിന്ന് എല്ലാ ജീവവസ്തുക്കളും നാം ഉണ്ടാക്കുകയും ചെയ്തു.(9) എന്നിട്ടും അവര്‍ വിശ്വസിക്കുന്നില്ലേ?
8) ആകാശഭൂമികൾ പരസ്പരം ഒട്ടിച്ചേർന്നതായിരുന്നു. ആകാശത്തുനിന്ന് മഴ പെയ്യുകയോ ഭൂമിയിൽ നിന്ന് സസ്യങ്ങൾ മുളക്കുകയോ ചെയ്തിരുന്നില്ല. ശേഷം അല്ലാഹു അവ രണ്ടിനെയും പരസ്പരം വേർപെടുത്തുകയുണ്ടായി.
9) ഏതൊരു ജീവിയുടെയും അടിസ്ഥാനം വെള്ളമാണ്. അത് മുഖേനയാണ് അല്ലാഹു ജീവികളെ മുഴുവൻ സൃഷ്ടിച്ചത്.
അറബി ഖുർആൻ വിവരണങ്ങൾ:
وَجَعَلْنَا فِی الْاَرْضِ رَوَاسِیَ اَنْ تَمِیْدَ بِهِمْ وَجَعَلْنَا فِیْهَا فِجَاجًا سُبُلًا لَّعَلَّهُمْ یَهْتَدُوْنَ ۟
ഭൂമി അവരെയും കൊണ്ട് ഇളകാതിരിക്കുവാനായി അതില്‍ നാം ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങളുണ്ടാക്കുകയും ചെയ്തിരിക്കുന്നു.(10) അവര്‍ വഴി കണ്ടെത്തേണ്ടതിനായി അവയില്‍ (പര്‍വ്വതങ്ങളില്‍) നാം വിശാലമായ പാതകള്‍ ഏര്‍പെടുത്തുകയും ചെയ്തിരിക്കുന്നു.
10) പർവ്വതങ്ങളെ ഭൂമിയിൽ ആണികളെന്ന പോലെ അല്ലാഹു സ്ഥാപിച്ചിരിക്കുന്നു.
അറബി ഖുർആൻ വിവരണങ്ങൾ:
وَجَعَلْنَا السَّمَآءَ سَقْفًا مَّحْفُوْظًا ۖۚ— وَّهُمْ عَنْ اٰیٰتِهَا مُعْرِضُوْنَ ۟
ആകാശത്തെ നാം സംരക്ഷിതമായ ഒരു മേല്‍പുരയാക്കിയിട്ടുമുണ്ട്‌.(11) അവരാകട്ടെ അതിലെ (ആകാശത്തിലെ) ദൃഷ്ടാന്തങ്ങള്‍ ശ്രദ്ധിക്കാതെ തിരിഞ്ഞുകളയുന്നവരാകുന്നു.
11) ബാഹ്യാകാശത്തു നിന്ന് വീണുകൊണ്ടിരിക്കുന്ന ഉല്‍ക്കാ പിണ്ഡങ്ങളില്‍ നിന്നും, മാരകമായ കോസ്മിക് രശ്മികളില്‍ നിന്നും അന്തരീക്ഷം ഭൂമുഖത്തെ സംരക്ഷിക്കുന്നു. അങ്ങനെ ഭൗമാന്തരീക്ഷം നമുക്ക് മുകളില്‍ സുഭദ്രമായ ഒരു മേല്‍പുരയായി വര്‍ത്തിക്കുന്നു. ഇതായിരിക്കാം 'സംരക്ഷിതമായ മേല്‍പുര' കൊണ്ടുള്ള വിവക്ഷ.
അറബി ഖുർആൻ വിവരണങ്ങൾ:
وَهُوَ الَّذِیْ خَلَقَ الَّیْلَ وَالنَّهَارَ وَالشَّمْسَ وَالْقَمَرَ ؕ— كُلٌّ فِیْ فَلَكٍ یَّسْبَحُوْنَ ۟
അവനത്രെ രാത്രി, പകല്‍, സൂര്യന്‍, ചന്ദ്രന്‍ എന്നിവയെ സൃഷ്ടിച്ചത്‌. ഓരോന്നും ഓരോ ഭ്രമണപഥത്തിലൂടെ നീന്തി (സഞ്ചരിച്ചു) ക്കൊണ്ടിരിക്കുന്നു.
അറബി ഖുർആൻ വിവരണങ്ങൾ:
وَمَا جَعَلْنَا لِبَشَرٍ مِّنْ قَبْلِكَ الْخُلْدَ ؕ— اَفَاۡىِٕنْ مِّتَّ فَهُمُ الْخٰلِدُوْنَ ۟
(നബിയേ,) നിനക്ക് മുമ്പ് ഒരു മനുഷ്യന്നും നാം അനശ്വരത നല്‍കിയിട്ടില്ല. എന്നിരിക്കെ നീ മരിച്ചെങ്കില്‍ അവര്‍ നിത്യജീവികളായിരിക്കുമോ?
അറബി ഖുർആൻ വിവരണങ്ങൾ:
كُلُّ نَفْسٍ ذَآىِٕقَةُ الْمَوْتِ ؕ— وَنَبْلُوْكُمْ بِالشَّرِّ وَالْخَیْرِ فِتْنَةً ؕ— وَاِلَیْنَا تُرْجَعُوْنَ ۟
ഓരോ വ്യക്തിയും മരണം ആസ്വദിക്കുകതന്നെ ചെയ്യും. ഒരു പരീക്ഷണം എന്ന നിലയില്‍ തിന്‍മ നല്‍കിക്കൊണ്ടും നന്‍മ നല്‍കിക്കൊണ്ടും നിങ്ങളെ നാം പരിശോധിക്കുന്നതാണ്‌.(12) നമ്മുടെ അടുത്തേക്ക് തന്നെ നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യും.
12) നേട്ടകോട്ടങ്ങളുടെ നേരെയുള്ള ഓരോരുത്തരുടെയും പ്രതികരണം ഇസ്‌ലാമികമോ അനിസ്‌ലാമികമോ എന്ന് അല്ലാഹു പരീക്ഷിക്കുമെന്നര്‍ഥം.
അറബി ഖുർആൻ വിവരണങ്ങൾ:
وَاِذَا رَاٰكَ الَّذِیْنَ كَفَرُوْۤا اِنْ یَّتَّخِذُوْنَكَ اِلَّا هُزُوًا ؕ— اَهٰذَا الَّذِیْ یَذْكُرُ اٰلِهَتَكُمْ ۚ— وَهُمْ بِذِكْرِ الرَّحْمٰنِ هُمْ كٰفِرُوْنَ ۟
സത്യനിഷേധികള്‍ നിന്നെ കണ്ടാല്‍, ഇവനാണോ നിങ്ങളുടെ ദൈവങ്ങളെ ആക്ഷേപിച്ചുസംസാരിക്കുന്നവന്‍ എന്ന് പറഞ്ഞു കൊണ്ട് നിന്നെ തമാശയാക്കുക മാത്രമായിരിക്കും ചെയ്യുന്നത്‌. അവര്‍ തന്നെയാണ് പരമകാരുണികന്‍റെ ഉല്‍ബോധനത്തില്‍ അവിശ്വസിക്കുന്നവര്‍.
അറബി ഖുർആൻ വിവരണങ്ങൾ:
خُلِقَ الْاِنْسَانُ مِنْ عَجَلٍ ؕ— سَاُورِیْكُمْ اٰیٰتِیْ فَلَا تَسْتَعْجِلُوْنِ ۟
ധൃതികൂട്ടുന്നവനായിട്ടാകുന്നു മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്‌. എന്‍റെ ദൃഷ്ടാന്തങ്ങള്‍ വഴിയെ ഞാന്‍ നിങ്ങള്‍ക്ക് കാണിച്ചുതരുന്നതാണ്‌. അതിനാല്‍ നിങ്ങള്‍ എന്നോട് ധൃതികൂട്ടരുത്‌.
അറബി ഖുർആൻ വിവരണങ്ങൾ:
وَیَقُوْلُوْنَ مَتٰی هٰذَا الْوَعْدُ اِنْ كُنْتُمْ صٰدِقِیْنَ ۟
അവര്‍ ചോദിക്കുന്നു; നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ ഈ വാഗ്ദാനം എപ്പോഴാണ് (പുലരുക) എന്ന്‌.
അറബി ഖുർആൻ വിവരണങ്ങൾ:
لَوْ یَعْلَمُ الَّذِیْنَ كَفَرُوْا حِیْنَ لَا یَكُفُّوْنَ عَنْ وُّجُوْهِهِمُ النَّارَ وَلَا عَنْ ظُهُوْرِهِمْ وَلَا هُمْ یُنْصَرُوْنَ ۟
ആ അവിശ്വാസികള്‍, അവര്‍ക്ക് തങ്ങളുടെ മുഖങ്ങളില്‍ നിന്നും മുതുകുകളില്‍ നിന്നും നരകാഗ്നിയെ തടുക്കാനാവാത്ത, അവര്‍ക്ക് ഒരു സഹായവും സിദ്ധിക്കാത്ത ഒരു സന്ദര്‍ഭത്തെപ്പറ്റി മനസ്സിലാക്കിയിരുന്നെങ്കില്‍!
അറബി ഖുർആൻ വിവരണങ്ങൾ:
بَلْ تَاْتِیْهِمْ بَغْتَةً فَتَبْهَتُهُمْ فَلَا یَسْتَطِیْعُوْنَ رَدَّهَا وَلَا هُمْ یُنْظَرُوْنَ ۟
അല്ല, പെട്ടന്നായിരിക്കും അത് (അന്ത്യസമയം) അവര്‍ക്ക് വന്നെത്തുന്നത് . അങ്ങനെ അതവരെ അമ്പരപ്പിച്ച് കളയും. അതിനെ തടുത്തു നിര്‍ത്താന്‍ അവര്‍ക്ക് സാധിക്കുകയില്ല. അവര്‍ക്ക് ഇടകൊടുക്കപ്പെടുകയുമില്ല.
അറബി ഖുർആൻ വിവരണങ്ങൾ:
وَلَقَدِ اسْتُهْزِئَ بِرُسُلٍ مِّنْ قَبْلِكَ فَحَاقَ بِالَّذِیْنَ سَخِرُوْا مِنْهُمْ مَّا كَانُوْا بِهٖ یَسْتَهْزِءُوْنَ ۟۠
നിനക്ക് മുമ്പ് (അല്ലാഹുവിന്റെ) ദൂതന്മാർ പലരും പരിഹസിക്കപ്പെട്ടിട്ടുണ്ട്‌. എന്നിട്ട് അവരെ പുച്ഛിച്ചുതള്ളിയവര്‍ക്ക് തങ്ങള്‍ പരിഹസിച്ചുകൊണ്ടിരുന്നത് (ശിക്ഷ) വന്നെത്തുക തന്നെ ചെയ്തു.
അറബി ഖുർആൻ വിവരണങ്ങൾ:
قُلْ مَنْ یَّكْلَؤُكُمْ بِالَّیْلِ وَالنَّهَارِ مِنَ الرَّحْمٰنِ ؕ— بَلْ هُمْ عَنْ ذِكْرِ رَبِّهِمْ مُّعْرِضُوْنَ ۟
(നബിയേ,) പറയുക: പരമകാരുണികനില്‍ നിന്ന് രാത്രിയും പകലും നിങ്ങള്‍ക്ക് രക്ഷനല്‍കാനാരുണ്ട്‌? അല്ല, അവര്‍ (ജനങ്ങള്‍) തങ്ങളുടെ രക്ഷിതാവിന്‍റെ ഉല്‍ബോധനത്തില്‍ നിന്ന് തിരിഞ്ഞുകളയുന്നവരാകുന്നു.
അറബി ഖുർആൻ വിവരണങ്ങൾ:
اَمْ لَهُمْ اٰلِهَةٌ تَمْنَعُهُمْ مِّنْ دُوْنِنَا ؕ— لَا یَسْتَطِیْعُوْنَ نَصْرَ اَنْفُسِهِمْ وَلَا هُمْ مِّنَّا یُصْحَبُوْنَ ۟
അതല്ല, നമുക്ക് പുറമെ അവരെ സംരക്ഷിക്കുന്ന വല്ല ആരാധ്യരും അവര്‍ക്കുണ്ടോ? സ്വദേഹങ്ങള്‍ക്ക് തന്നെ സഹായം ചെയ്യാന്‍ അവര്‍ക്ക് സാധിക്കുകയില്ല. നമ്മുടെ ഭാഗത്ത് നിന്നും അവര്‍ തുണക്കപ്പെടുകയുമില്ല.
അറബി ഖുർആൻ വിവരണങ്ങൾ:
بَلْ مَتَّعْنَا هٰۤؤُلَآءِ وَاٰبَآءَهُمْ حَتّٰی طَالَ عَلَیْهِمُ الْعُمُرُ ؕ— اَفَلَا یَرَوْنَ اَنَّا نَاْتِی الْاَرْضَ نَنْقُصُهَا مِنْ اَطْرَافِهَا ؕ— اَفَهُمُ الْغٰلِبُوْنَ ۟
അല്ല, ഇവര്‍ക്കും ഇവരുടെ പിതാക്കള്‍ക്കും നാം ജീവിതസുഖം നല്‍കി. അങ്ങനെ അവര്‍ ദീര്‍ഘകാലം ജീവിച്ചു. എന്നാല്‍ ആ ഭൂപ്രദേശത്തെ അതിന്‍റെ നാനാ ഭാഗങ്ങളില്‍ നിന്നും നാം ചുരുക്കിക്കൊണ്ട് വരുന്നത് ഇവര്‍ കാണുന്നില്ലേ?(13) എന്നിട്ടും ഇവര്‍ തന്നെയാണോ വിജയം പ്രാപിക്കുന്നവര്‍?
13) അവിശ്വാസികളുടെ ഭൂപ്രദേശങ്ങള്‍ സത്യവിശ്വാസികളുടെ അധീനത്തിലായിക്കൊണ്ടിരിക്കുന്നതിനെയാണ് ഇവിടെ സൂചിപ്പിക്കുന്നത് എന്ന് മുൻഗാമികൾ പലരും വിശദീകരിച്ചിട്ടുണ്ട്.
അറബി ഖുർആൻ വിവരണങ്ങൾ:
قُلْ اِنَّمَاۤ اُنْذِرُكُمْ بِالْوَحْیِ ۖؗ— وَلَا یَسْمَعُ الصُّمُّ الدُّعَآءَ اِذَا مَا یُنْذَرُوْنَ ۟
(നബിയേ,) പറയുക: ( അല്ലാഹുവിൽ നിന്നുള്ള) സന്ദേശ പ്രകാരം മാത്രമാണ് ഞാന്‍ നിങ്ങള്‍ക്ക് താക്കീത് നല്‍കുന്നത്‌. താക്കീത് നല്‍കപ്പെടുമ്പോള്‍ ബധിരന്‍മാര്‍ ആ വിളികേള്‍ക്കുകയില്ല.
അറബി ഖുർആൻ വിവരണങ്ങൾ:
وَلَىِٕنْ مَّسَّتْهُمْ نَفْحَةٌ مِّنْ عَذَابِ رَبِّكَ لَیَقُوْلُنَّ یٰوَیْلَنَاۤ اِنَّا كُنَّا ظٰلِمِیْنَ ۟
നിന്‍റെ രക്ഷിതാവിന്‍റെ ശിക്ഷയില്‍ നിന്ന് ഒരു നേരിയ കാറ്റ് അവരെ സ്പര്‍ശിക്കുന്ന പക്ഷം തീര്‍ച്ചയായും അവര്‍ പറയും: ഞങ്ങളുടെ നാശമേ! തീര്‍ച്ചയായും ഞങ്ങള്‍ അക്രമികളായിപ്പോയല്ലോ!
അറബി ഖുർആൻ വിവരണങ്ങൾ:
وَنَضَعُ الْمَوَازِیْنَ الْقِسْطَ لِیَوْمِ الْقِیٰمَةِ فَلَا تُظْلَمُ نَفْسٌ شَیْـًٔا ؕ— وَاِنْ كَانَ مِثْقَالَ حَبَّةٍ مِّنْ خَرْدَلٍ اَتَیْنَا بِهَا ؕ— وَكَفٰی بِنَا حٰسِبِیْنَ ۟
ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ നീതിപൂര്‍ണ്ണമായ തുലാസുകള്‍(14) നാം സ്ഥാപിക്കുന്നതാണ്‌. അപ്പോള്‍ ഒരാളോടും ഒട്ടും അനീതി കാണിക്കപ്പെടുകയില്ല. അത് (കര്‍മ്മം) ഒരു കടുകുമണിത്തൂക്കമുള്ളതാണെങ്കിലും നാമത് കൊണ്ടുവരുന്നതാണ്‌. കണക്ക് നോക്കുവാന്‍ നാം തന്നെ മതി.
14) കര്‍മങ്ങള്‍ കൃത്യമായി തൂക്കി കണക്കാക്കുന്ന തുലാസുകള്‍.
അറബി ഖുർആൻ വിവരണങ്ങൾ:
وَلَقَدْ اٰتَیْنَا مُوْسٰی وَهٰرُوْنَ الْفُرْقَانَ وَضِیَآءً وَّذِكْرًا لِّلْمُتَّقِیْنَ ۟ۙ
മൂസായ്ക്കും ഹാറൂന്നും സത്യാസത്യവിവേചനത്തിനുള്ള പ്രമാണവും, പ്രകാശവും, ധര്‍മ്മനിഷ്ഠപുലര്‍ത്തുന്നവര്‍ക്കുള്ള ഉല്‍ബോധനവും നാം നല്‍കിയിട്ടുണ്ട്‌.
അറബി ഖുർആൻ വിവരണങ്ങൾ:
الَّذِیْنَ یَخْشَوْنَ رَبَّهُمْ بِالْغَیْبِ وَهُمْ مِّنَ السَّاعَةِ مُشْفِقُوْنَ ۟
തങ്ങളുടെ രക്ഷിതാവിനെ അദൃശ്യാവസ്ഥയില്‍ ഭയപ്പെടുന്നവരും, അന്ത്യനാളിനെപ്പറ്റി ഉല്‍ക്കണ്ഠയുള്ളവരുമാരോ (അവര്‍ക്കുള്ള ഉല്‍ബോധനം.)
അറബി ഖുർആൻ വിവരണങ്ങൾ:
وَهٰذَا ذِكْرٌ مُّبٰرَكٌ اَنْزَلْنٰهُ ؕ— اَفَاَنْتُمْ لَهٗ مُنْكِرُوْنَ ۟۠
ഇത് (ഖുര്‍ആന്‍) നാം അവതരിപ്പിച്ച അനുഗ്രഹപൂര്‍ണ്ണമായ ഒരു ഉല്‍ബോധനമാകുന്നു. എന്നിരിക്കെ നിങ്ങള്‍ അതിനെ നിഷേധിക്കുകയാണോ?
അറബി ഖുർആൻ വിവരണങ്ങൾ:
وَلَقَدْ اٰتَیْنَاۤ اِبْرٰهِیْمَ رُشْدَهٗ مِنْ قَبْلُ وَكُنَّا بِهٖ عٰلِمِیْنَ ۟ۚ
മുമ്പ് ഇബ്റാഹീമിന് തന്‍റെതായ വിവേകം നാം നല്‍കുകയുണ്ടായി. അദ്ദേഹത്തെ പറ്റി നമുക്കറിയാമായിരുന്നു.
അറബി ഖുർആൻ വിവരണങ്ങൾ:
اِذْ قَالَ لِاَبِیْهِ وَقَوْمِهٖ مَا هٰذِهِ التَّمَاثِیْلُ الَّتِیْۤ اَنْتُمْ لَهَا عٰكِفُوْنَ ۟
തന്‍റെ പിതാവിനോടും തന്‍റെ ജനങ്ങളോടും അദ്ദേഹം ഇപ്രകാരം ചോദിച്ച സന്ദര്‍ഭം (ശ്രദ്ധേയമത്രെ:) നിങ്ങള്‍ പൂജിച്ചുകൊണ്ടേയിരിക്കുന്ന ഈ പ്രതിമകള്‍ എന്താകുന്നു?
അറബി ഖുർആൻ വിവരണങ്ങൾ:
قَالُوْا وَجَدْنَاۤ اٰبَآءَنَا لَهَا عٰبِدِیْنَ ۟
അവര്‍ പറഞ്ഞു: ഞങ്ങളുടെ പിതാക്കള്‍ ഇവയെ ആരാധിച്ചുവരുന്നതായിട്ടാണ് ഞങ്ങള്‍ കണ്ടത്‌.
അറബി ഖുർആൻ വിവരണങ്ങൾ:
قَالَ لَقَدْ كُنْتُمْ اَنْتُمْ وَاٰبَآؤُكُمْ فِیْ ضَلٰلٍ مُّبِیْنٍ ۟
അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും നിങ്ങളും നിങ്ങളുടെ പിതാക്കളും വ്യക്തമായ വഴികേടിലായിരിക്കുന്നു.
അറബി ഖുർആൻ വിവരണങ്ങൾ:
قَالُوْۤا اَجِئْتَنَا بِالْحَقِّ اَمْ اَنْتَ مِنَ اللّٰعِبِیْنَ ۟
അവര്‍ പറഞ്ഞു: നീ ഞങ്ങളുടെ അടുത്ത് സത്യവും കൊണ്ട് വന്നിരിക്കുകയാണോ? അതല്ല, നീ കളിപറയുന്നവരുടെ കൂട്ടത്തിലാണോ?
അറബി ഖുർആൻ വിവരണങ്ങൾ:
قَالَ بَلْ رَّبُّكُمْ رَبُّ السَّمٰوٰتِ وَالْاَرْضِ الَّذِیْ فَطَرَهُنَّ ۖؗ— وَاَنَا عَلٰی ذٰلِكُمْ مِّنَ الشّٰهِدِیْنَ ۟
അദ്ദേഹം പറഞ്ഞു: അല്ല, നിങ്ങളുടെ രക്ഷിതാവ് ആകാശങ്ങളുടെയും ഭൂമിയുടെയും രക്ഷിതാവാകുന്നു. അവയെ സൃഷ്ടിച്ചുണ്ടാക്കിയവന്‍. ഞാന്‍ അതിന് സാക്ഷ്യം വഹിക്കുന്നവരുടെ കൂട്ടത്തിലാകുന്നു.
അറബി ഖുർആൻ വിവരണങ്ങൾ:
وَتَاللّٰهِ لَاَكِیْدَنَّ اَصْنَامَكُمْ بَعْدَ اَنْ تُوَلُّوْا مُدْبِرِیْنَ ۟
അല്ലാഹുവെ തന്നെയാണ, തീര്‍ച്ചയായും നിങ്ങള്‍ പിന്നിട്ട് പോയതിനുശേഷം ഞാന്‍ നിങ്ങളുടെ വിഗ്രഹങ്ങളുടെ കാര്യത്തില്‍ ഒരു തന്ത്രം പ്രയോഗിക്കുന്നതാണ്‌.(15)
15) അവര്‍ ഒന്നടങ്കം ഒരു ഉത്സവത്തില്‍ പങ്കെടുക്കാന്‍ വേണ്ടി സ്ഥലം വിട്ടപ്പോള്‍ വിഗ്രഹങ്ങള്‍ തകര്‍ക്കാനാണ് അദ്ദേഹം പരിപാടിയിട്ടത്.
അറബി ഖുർആൻ വിവരണങ്ങൾ:
فَجَعَلَهُمْ جُذٰذًا اِلَّا كَبِیْرًا لَّهُمْ لَعَلَّهُمْ اِلَیْهِ یَرْجِعُوْنَ ۟
അങ്ങനെ അദ്ദേഹം അവയെ (വിഗ്രഹങ്ങളെ) തുണ്ടം തുണ്ടമാക്കിക്കളഞ്ഞു. അവരില്‍ വലിയ ഒന്നിനെ ഒഴികെ. അവര്‍ക്ക് (വിവരമറിയാനായി) അയാളുടെ അടുത്തേക്ക് തിരിച്ചുചെല്ലാമല്ലോ?
അറബി ഖുർആൻ വിവരണങ്ങൾ:
قَالُوْا مَنْ فَعَلَ هٰذَا بِاٰلِهَتِنَاۤ اِنَّهٗ لَمِنَ الظّٰلِمِیْنَ ۟
അവര്‍ പറഞ്ഞു: നമ്മുടെ ദൈവങ്ങളെ ഇത് ചെയ്തവന്‍ ആരാണ്‌? തീര്‍ച്ചയായും അവന്‍ അക്രമികളില്‍ പെട്ടവന്‍ തന്നെയാണ്‌.
അറബി ഖുർആൻ വിവരണങ്ങൾ:
قَالُوْا سَمِعْنَا فَتًی یَّذْكُرُهُمْ یُقَالُ لَهٗۤ اِبْرٰهِیْمُ ۟ؕ
ചിലര്‍ പറഞ്ഞു: ഇബ്റാഹീം എന്ന് വിളിക്കപ്പെടുന്ന ഒരു ചെറുപ്പക്കാരന്‍ ആ ദൈവങ്ങളെപ്പറ്റി പരാമര്‍ശിക്കുന്നത് ഞങ്ങള്‍ കേട്ടിണ്ട്‌.
അറബി ഖുർആൻ വിവരണങ്ങൾ:
قَالُوْا فَاْتُوْا بِهٖ عَلٰۤی اَعْیُنِ النَّاسِ لَعَلَّهُمْ یَشْهَدُوْنَ ۟
അവര്‍ പറഞ്ഞു: എന്നാല്‍ നിങ്ങള്‍ അവനെ ജനങ്ങളുടെ കണ്‍മുമ്പില്‍ കൊണ്ട് വരൂ. അവര്‍ സാക്ഷ്യം വഹിച്ചേക്കാം.
അറബി ഖുർആൻ വിവരണങ്ങൾ:
قَالُوْۤا ءَاَنْتَ فَعَلْتَ هٰذَا بِاٰلِهَتِنَا یٰۤاِبْرٰهِیْمُ ۟ؕ
അവര്‍ ചോദിച്ചു: ഇബ്റാഹീമേ, നീയാണോ ഞങ്ങളുടെ ദൈവങ്ങളെ ഇതു ചെയ്തത്‌?
അറബി ഖുർആൻ വിവരണങ്ങൾ:
قَالَ بَلْ فَعَلَهٗ ۖۗ— كَبِیْرُهُمْ هٰذَا فَسْـَٔلُوْهُمْ اِنْ كَانُوْا یَنْطِقُوْنَ ۟
അദ്ദേഹം പറഞ്ഞു: എന്നാല്‍ അവരുടെ കൂട്ടത്തിലെ ഈ വലിയവനാണ് അത് ചെയ്തത്‌. അവര്‍ സംസാരിക്കുമെങ്കില്‍ നിങ്ങള്‍ അവരോട് ചോദിച്ചുനോക്കൂ!
അറബി ഖുർആൻ വിവരണങ്ങൾ:
فَرَجَعُوْۤا اِلٰۤی اَنْفُسِهِمْ فَقَالُوْۤا اِنَّكُمْ اَنْتُمُ الظّٰلِمُوْنَ ۟ۙ
അപ്പോള്‍ അവര്‍ സ്വമനസുകളിലേക്ക് തന്നെമടങ്ങി. എന്നിട്ടവര്‍ (അന്യോന്യം) പറഞ്ഞു: തീര്‍ച്ചയായും നിങ്ങള്‍ തന്നെയാണ് അക്രമകാരികള്‍.
അറബി ഖുർആൻ വിവരണങ്ങൾ:
ثُمَّ نُكِسُوْا عَلٰی رُءُوْسِهِمْ ۚ— لَقَدْ عَلِمْتَ مَا هٰۤؤُلَآءِ یَنْطِقُوْنَ ۟
പിന്നെ അവര്‍ തലകുത്തനെ മറിഞ്ഞു. (അവര്‍ പറഞ്ഞു:) ഇവര്‍ സംസാരിക്കുകയില്ലെന്ന് നിനക്കറിയാമല്ലോ.(16)
16) ആദ്യം കുറ്റബോധമുണ്ടായെങ്കിലും പിന്നീട് അവര്‍ നിലപാട് മാറ്റിക്കൊണ്ട് അദ്ദേഹത്തോട് തര്‍ക്കിക്കാന്‍ ഒരുമ്പെടുകയാണ് ചെയ്തത്.
അറബി ഖുർആൻ വിവരണങ്ങൾ:
قَالَ اَفَتَعْبُدُوْنَ مِنْ دُوْنِ اللّٰهِ مَا لَا یَنْفَعُكُمْ شَیْـًٔا وَّلَا یَضُرُّكُمْ ۟ؕ
അദ്ദേഹം പറഞ്ഞു: അപ്പോള്‍ നിങ്ങള്‍ക്ക് യാതൊരു ഉപകാരമോ ഉപദ്രവമോ ചെയ്യാത്ത വസ്തുക്കളെ അല്ലാഹുവിന് പുറമെ നിങ്ങള്‍ ആരാധിക്കുകയാണോ?
അറബി ഖുർആൻ വിവരണങ്ങൾ:
اُفٍّ لَّكُمْ وَلِمَا تَعْبُدُوْنَ مِنْ دُوْنِ اللّٰهِ ؕ— اَفَلَا تَعْقِلُوْنَ ۟
നിങ്ങളുടെയും, അല്ലാഹുവിന് പുറമെ നിങ്ങള്‍ ആരാധിക്കുന്നവരുടെയും കാര്യം അപഹാസ്യം തന്നെ. നിങ്ങള്‍ ചിന്തിക്കുന്നില്ലേ?
അറബി ഖുർആൻ വിവരണങ്ങൾ:
قَالُوْا حَرِّقُوْهُ وَانْصُرُوْۤا اٰلِهَتَكُمْ اِنْ كُنْتُمْ فٰعِلِیْنَ ۟
അവര്‍ പറഞ്ഞു: നിങ്ങള്‍ക്ക് (വല്ലതും) ചെയ്യാനാകുമെങ്കില്‍ നിങ്ങള്‍ ഇവനെ ചുട്ടെരിച്ചുകളയുകയും, നിങ്ങളുടെ ദൈവങ്ങളെ സഹായിക്കുകയും ചെയ്യുക.
അറബി ഖുർആൻ വിവരണങ്ങൾ:
قُلْنَا یٰنَارُ كُوْنِیْ بَرْدًا وَّسَلٰمًا عَلٰۤی اِبْرٰهِیْمَ ۟ۙ
നാം പറഞ്ഞു: തീയേ, നീ ഇബ്റാഹീമിന് തണുപ്പും രക്ഷയുമായിരിക്കുക.
അറബി ഖുർആൻ വിവരണങ്ങൾ:
وَاَرَادُوْا بِهٖ كَیْدًا فَجَعَلْنٰهُمُ الْاَخْسَرِیْنَ ۟ۚ
അദ്ദേഹത്തിന്‍റെ കാര്യത്തില്‍ ഒരു തന്ത്രം പ്രയോഗിക്കുവാന്‍ അവര്‍ ഉദ്ദേശിച്ചു. എന്നാല്‍ അവരെ ഏറ്റവും നഷ്ടം പറ്റിയവരാക്കുകയാണ് നാം ചെയ്തത്‌.
അറബി ഖുർആൻ വിവരണങ്ങൾ:
وَنَجَّیْنٰهُ وَلُوْطًا اِلَی الْاَرْضِ الَّتِیْ بٰرَكْنَا فِیْهَا لِلْعٰلَمِیْنَ ۟
ലോകര്‍ക്ക് വേണ്ടി നാം അനുഗൃഹീതമാക്കിവെച്ചിട്ടുള്ള ഒരു ഭൂപ്രദേശത്തേക്ക് അദ്ദേഹത്തേയും ലൂത്വിനേയും നാം രക്ഷപ്പെടുത്തി കൊണ്ടുപോവുകയും ചെയ്തു.
അറബി ഖുർആൻ വിവരണങ്ങൾ:
وَوَهَبْنَا لَهٗۤ اِسْحٰقَ ؕ— وَیَعْقُوْبَ نَافِلَةً ؕ— وَكُلًّا جَعَلْنَا صٰلِحِیْنَ ۟
അദ്ദേഹത്തിന് നാം ഇസ്ഹാഖിനെ പ്രദാനം ചെയ്തു. പുറമെ (പൗത്രന്‍) യഅ്ഖൂബിനെയും. അവരെയെല്ലാം നാം സദ്‌വൃത്തരാക്കിയിരിക്കുന്നു.
അറബി ഖുർആൻ വിവരണങ്ങൾ:
وَجَعَلْنٰهُمْ اَىِٕمَّةً یَّهْدُوْنَ بِاَمْرِنَا وَاَوْحَیْنَاۤ اِلَیْهِمْ فِعْلَ الْخَیْرٰتِ وَاِقَامَ الصَّلٰوةِ وَاِیْتَآءَ الزَّكٰوةِ ۚ— وَكَانُوْا لَنَا عٰبِدِیْنَ ۟ۙ
അവരെ നാം നമ്മുടെ കല്‍പനപ്രകാരം മാര്‍ഗദര്‍ശനം നല്‍കുന്ന നേതാക്കളാക്കുകയും ചെയ്തു. നല്ല കാര്യങ്ങള്‍ ചെയ്യണമെന്നും, നമസ്കാരം മുറപോലെ നിര്‍വഹിക്കണമെന്നും, സകാത്ത് നല്‍കണമെന്നും നാം അവര്‍ക്ക് ബോധനം നല്‍കുകയും ചെയ്തു. നമ്മെയായിരുന്നു അവര്‍ ആരാധിച്ചിരുന്നത്‌.
അറബി ഖുർആൻ വിവരണങ്ങൾ:
وَلُوْطًا اٰتَیْنٰهُ حُكْمًا وَّعِلْمًا وَّنَجَّیْنٰهُ مِنَ الْقَرْیَةِ الَّتِیْ كَانَتْ تَّعْمَلُ الْخَبٰٓىِٕثَ ؕ— اِنَّهُمْ كَانُوْا قَوْمَ سَوْءٍ فٰسِقِیْنَ ۟ۙ
ലൂത്വിന് നാം വിധികര്‍ത്തൃത്വവും വിജ്ഞാനവും നല്‍കുകയുണ്ടായി. ദുര്‍വൃത്തികള്‍ ചെയ്തുകൊണ്ടിരുന്ന ആ നാട്ടില്‍ നിന്ന് അദ്ദേഹത്തെ നാം രക്ഷപ്പെടുത്തുകയും ചെയ്തു. തീര്‍ച്ചയായും അവര്‍ (നാട്ടുകാര്‍) ധിക്കാരികളായ ഒരു ദുഷിച്ച ജനതയായിരുന്നു.
അറബി ഖുർആൻ വിവരണങ്ങൾ:
وَاَدْخَلْنٰهُ فِیْ رَحْمَتِنَا ؕ— اِنَّهٗ مِنَ الصّٰلِحِیْنَ ۟۠
നമ്മുടെ കാരുണ്യത്തില്‍ അദ്ദേഹത്തെ നാം ഉള്‍പെടുത്തുകയും ചെയ്തു. തീര്‍ച്ചയായും അദ്ദേഹം സദ്‌വൃത്തരുടെ കൂട്ടത്തിലാകുന്നു.
അറബി ഖുർആൻ വിവരണങ്ങൾ:
وَنُوْحًا اِذْ نَادٰی مِنْ قَبْلُ فَاسْتَجَبْنَا لَهٗ فَنَجَّیْنٰهُ وَاَهْلَهٗ مِنَ الْكَرْبِ الْعَظِیْمِ ۟ۚ
നൂഹിനെയും (ഓര്‍ക്കുക). മുമ്പ് അദ്ദേഹം വിളിച്ചുപ്രാര്‍ത്ഥിച്ച സന്ദര്‍ഭം. അപ്പോൾ അദ്ദേഹത്തിന് നാം ഉത്തരം നല്‍കി. അങ്ങനെ അദ്ദേഹത്തെയും, അദ്ദേഹത്തിന്‍റെ കുടുംബത്തെയും നാം മഹാ ദുഃഖത്തില്‍ നിന്ന് രക്ഷപ്പെടുത്തി.
അറബി ഖുർആൻ വിവരണങ്ങൾ:
وَنَصَرْنٰهُ مِنَ الْقَوْمِ الَّذِیْنَ كَذَّبُوْا بِاٰیٰتِنَا ؕ— اِنَّهُمْ كَانُوْا قَوْمَ سَوْءٍ فَاَغْرَقْنٰهُمْ اَجْمَعِیْنَ ۟
നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചു തള്ളിയ ജനങ്ങളില്‍ നിന്ന് അദ്ദേഹത്തിന് നാം രക്ഷനല്‍കുകയും ചെയ്തു. തീര്‍ച്ചയായും അവര്‍ ദുഷിച്ച ഒരു ജനവിഭാഗമായിരുന്നു. അതിനാല്‍ അവരെ മുഴുവന്‍ നാം മുക്കി നശിപ്പിച്ചുകളഞ്ഞു.
അറബി ഖുർആൻ വിവരണങ്ങൾ:
وَدَاوٗدَ وَسُلَیْمٰنَ اِذْ یَحْكُمٰنِ فِی الْحَرْثِ اِذْ نَفَشَتْ فِیْهِ غَنَمُ الْقَوْمِ ۚ— وَكُنَّا لِحُكْمِهِمْ شٰهِدِیْنَ ۟ۙ
ദാവൂദിനെയും (പുത്രന്‍) സുലൈമാനെയും (ഓര്‍ക്കുക.) ഒരു ജനവിഭാഗത്തിന്‍റെ ആടുകള്‍ വിളയില്‍ കടന്ന് മേഞ്ഞ പ്രശ്നത്തില്‍ അവര്‍ രണ്ടുപേരും വിധികല്‍പിക്കുന്ന സന്ദര്‍ഭം. അവരുടെ വിധിക്ക് നാം സാക്ഷ്യം വഹിക്കുന്നുണ്ടായിരുന്നു.
അറബി ഖുർആൻ വിവരണങ്ങൾ:
فَفَهَّمْنٰهَا سُلَیْمٰنَ ۚ— وَكُلًّا اٰتَیْنَا حُكْمًا وَّعِلْمًا ؗ— وَّسَخَّرْنَا مَعَ دَاوٗدَ الْجِبَالَ یُسَبِّحْنَ وَالطَّیْرَ ؕ— وَكُنَّا فٰعِلِیْنَ ۟
അപ്പോള്‍ സുലൈമാന്ന് നാം അത് (പ്രശ്നം) ഗ്രഹിപ്പിച്ചു(17) അവര്‍ ഇരുവര്‍ക്കും നാം വിധികര്‍ത്തൃത്വവും വിജ്ഞാനവും നല്‍കിയിരുന്നു. ദാവൂദിനോടൊപ്പം കീര്‍ത്തനം ചെയ്തുകൊണ്ടിരിക്കുന്ന നിലയില്‍ പര്‍വ്വതങ്ങളെയും പക്ഷികളെയും നാം കീഴ്പെടുത്തിക്കൊടുത്തു.(18) നാമായിരുന്നു (അതെല്ലാം) നടപ്പാക്കിക്കൊണ്ടിരുന്നത്‌.
17) ആടുകളുടെ ഉടമസ്ഥന്മാര്‍ വിളയുടെ ഉടമകള്‍ക്ക് എങ്ങനെ നഷ്ടപരിഹാരം നല്കണമെന്ന വിഷയം അല്ലാഹു സുലൈമാന്‍ നബിക്ക് ഗ്രഹിപ്പിച്ചു. അദ്ദേഹം അന്ന് പതിനൊന്ന് വയസ്സുള്ള ഒരു ബാലനായിരുന്നുവെന്നാണ് വ്യാഖ്യാതാക്കള്‍ പറഞ്ഞിട്ടുള്ളത്. പിതാവിന്റെ തീര്‍പ്പിനെക്കാള്‍ യുക്തിപൂര്‍ണമായിരുന്നു പുത്രന്റേത്. അതിനാല്‍ പിതാവ് പിന്നീട് പുത്രന്റെ അഭിപ്രായത്തോട് യോജിച്ചു.
18) പര്‍വതങ്ങളെയും പറവകളെയും ദാവൂദ് നബി(عليه السلام)ക്ക് കീഴ്‌പ്പെടുത്തിക്കൊടുത്തതിന്റെ വിശദാംശങ്ങള്‍ നമുക്ക് അജ്ഞാതമാകുന്നു. അല്ലാഹു ഏതു കാര്യത്തിനും കഴിവുള്ളവനത്രെ.
അറബി ഖുർആൻ വിവരണങ്ങൾ:
وَعَلَّمْنٰهُ صَنْعَةَ لَبُوْسٍ لَّكُمْ لِتُحْصِنَكُمْ مِّنْ بَاْسِكُمْ ۚ— فَهَلْ اَنْتُمْ شٰكِرُوْنَ ۟
നിങ്ങള്‍ നേരിടുന്ന യുദ്ധ വിപത്തുകളില്‍ നിന്ന് നിങ്ങള്‍ക്ക് സംരക്ഷണം നല്‍കുവാനായി നിങ്ങള്‍ക്കു വേണ്ടിയുള്ള പടയങ്കിയുടെ നിര്‍മാണവും അദ്ദേഹത്തെ നാം പഠിപ്പിച്ചു. എന്നിട്ട് നിങ്ങള്‍ നന്ദിയുള്ളവരാണോ?
അറബി ഖുർആൻ വിവരണങ്ങൾ:
وَلِسُلَیْمٰنَ الرِّیْحَ عَاصِفَةً تَجْرِیْ بِاَمْرِهٖۤ اِلَی الْاَرْضِ الَّتِیْ بٰرَكْنَا فِیْهَا ؕ— وَكُنَّا بِكُلِّ شَیْءٍ عٰلِمِیْنَ ۟
സുലൈമാന്ന് ശക്തിയായി വീശുന്ന കാറ്റിനെയും (നാം കീഴ്പെടുത്തികൊടുത്തു.) നാം അനുഗ്രഹം നല്‍കിയിട്ടുള്ള ഭൂപ്രദേശത്തേക്ക് അദ്ദേഹത്തിന്‍റെ കല്‍പനപ്രകാരം അത് (കാറ്റ്‌) സഞ്ചരിച്ചുകൊണ്ടിരുന്നു. എല്ലാകാര്യത്തെപ്പറ്റിയും നാം അറിവുള്ളവനാകുന്നു.
അറബി ഖുർആൻ വിവരണങ്ങൾ:
وَمِنَ الشَّیٰطِیْنِ مَنْ یَّغُوْصُوْنَ لَهٗ وَیَعْمَلُوْنَ عَمَلًا دُوْنَ ذٰلِكَ ۚ— وَكُنَّا لَهُمْ حٰفِظِیْنَ ۟ۙ
പിശാചുക്കളുടെ കൂട്ടത്തില്‍ നിന്ന് അദ്ദേഹത്തിന് വേണ്ടി (കടലില്‍) മുങ്ങുന്ന ചിലരെയും (നാം കീഴ്പെടുത്തികൊടുത്തു.) അതു കൂടാതെ മറ്റു ചില പ്രവൃത്തികളും അവര്‍ ചെയ്തിരുന്നു.(19) നാമായിരുന്നു അവരെ കാത്തുസൂക്ഷിച്ചുകൊണ്ടിരുന്നത്‌.
19) മനുഷ്യര്‍ക്ക് ദുഷ്‌കരമായ മുങ്ങല്‍ജോലികള്‍ക്കും നിര്‍മാണജോലികള്‍ക്കും മറ്റുമായിരുന്നു ജിന്നുകളെ ഉപയോഗപ്പെടുത്തിയിരുന്നതെന്ന് ഈ വചനവും, സബഅ് സൂറഃയിലെ 12, 13 വചനങ്ങളും വ്യക്തമാക്കുന്നു.
അറബി ഖുർആൻ വിവരണങ്ങൾ:
وَاَیُّوْبَ اِذْ نَادٰی رَبَّهٗۤ اَنِّیْ مَسَّنِیَ الضُّرُّ وَاَنْتَ اَرْحَمُ الرّٰحِمِیْنَ ۟ۚۖ
അയ്യൂബിനെയും (ഓര്‍ക്കുക.) തന്‍റെ രക്ഷിതാവിനെ വിളിച്ചുകൊണ്ട് അദ്ദേഹം ഇപ്രകാരം പ്രാര്‍ത്ഥിച്ച സന്ദര്‍ഭം: എനിക്കിതാ കഷ്ടപ്പാട് ബാധിച്ചിരിക്കുന്നു. നീ കാരുണികരില്‍ വെച്ച് ഏറ്റവും കരുണയുള്ളവനാണല്ലോ.
അറബി ഖുർആൻ വിവരണങ്ങൾ:
فَاسْتَجَبْنَا لَهٗ فَكَشَفْنَا مَا بِهٖ مِنْ ضُرٍّ وَّاٰتَیْنٰهُ اَهْلَهٗ وَمِثْلَهُمْ مَّعَهُمْ رَحْمَةً مِّنْ عِنْدِنَا وَذِكْرٰی لِلْعٰبِدِیْنَ ۟
അപ്പോള്‍ അദ്ദേഹത്തിന് നാം ഉത്തരം നല്‍കുകയും, അദ്ദേഹത്തിന് നേരിട്ട കഷ്ടപ്പാട് നാം അകറ്റിക്കളയുകയും ചെയ്തു. അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളെയും, അവരോടൊപ്പം അവരുടെ അത്രയും പേരെ വേറെയും നാം അദ്ദേഹത്തിന് നല്‍കുകയും ചെയ്തു.(20) നമ്മുടെ പക്കല്‍ നിന്നുള്ള ഒരു കാരുണ്യവും, ആരാധനാനിരതരായിട്ടുള്ളവര്‍ക്ക് ഒരു സ്മരണയുമാണത്‌.
20) അദ്ദേഹത്തിന്റെ മരിച്ചുപോയ മക്കള്‍ക്ക് പകരം കൂടുതല്‍ മക്കളെ അല്ലാഹു ജനിപ്പിക്കുകയും, അകന്നുപോയ ബന്ധുമിത്രാദികളെ അവന്‍ അടുപ്പിച്ചുകൊണ്ടുവരികയും ചെയ്തു. മരിച്ചുപോയ മക്കളെ തന്നെ അല്ലാഹു അദ്ദേഹത്തിന്നുവേണ്ടി ജീവിപ്പിച്ചുവെന്നാണ് പല വ്യാഖ്യാതാക്കളും പ്രസ്താവിച്ചിട്ടുള്ളത്.
അയ്യൂബ് നബി(عليه السلام)യുടെ ക്ഷമ അല്ലാഹു പരീക്ഷിക്കുകയായിരുന്നു. രോഗങ്ങളും സന്താനനഷ്ടവും ധനനഷ്ടവുമൊന്നും ആ മഹാനായ നബിയുടെ ക്ഷമ കെടുത്തിയില്ല. അപാരമായ ആ ക്ഷമക്ക് അല്ലാഹു ഏറ്റവും നല്ല പ്രതിഫലം നൽകുക തന്നെചെയ്തു.
അറബി ഖുർആൻ വിവരണങ്ങൾ:
وَاِسْمٰعِیْلَ وَاِدْرِیْسَ وَذَا الْكِفْلِ ؕ— كُلٌّ مِّنَ الصّٰبِرِیْنَ ۟
ഇസ്മാഈലിനെയും, ഇദ്‌രീസിനെയും, ദുല്‍കിഫ്ലിനെയും (ഓര്‍ക്കുക). അവരെല്ലാം ക്ഷമാശീലരുടെ കൂട്ടത്തിലാകുന്നു.
അറബി ഖുർആൻ വിവരണങ്ങൾ:
وَاَدْخَلْنٰهُمْ فِیْ رَحْمَتِنَا ؕ— اِنَّهُمْ مِّنَ الصّٰلِحِیْنَ ۟
അവരെ നാം നമ്മുടെ കാരുണ്യത്തില്‍ ഉള്‍പെടുത്തുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അവര്‍ സദ്‌വൃത്തരുടെ കൂട്ടത്തിലാകുന്നു.
അറബി ഖുർആൻ വിവരണങ്ങൾ:
وَذَا النُّوْنِ اِذْ ذَّهَبَ مُغَاضِبًا فَظَنَّ اَنْ لَّنْ نَّقْدِرَ عَلَیْهِ فَنَادٰی فِی الظُّلُمٰتِ اَنْ لَّاۤ اِلٰهَ اِلَّاۤ اَنْتَ سُبْحٰنَكَ ۖۗ— اِنِّیْ كُنْتُ مِنَ الظّٰلِمِیْنَ ۟ۚۖ
ദുന്നൂനിനെയും(21) (ഓര്‍ക്കുക.) അദ്ദേഹം കുപിതനായി പോയിക്കളഞ്ഞ സന്ദര്‍ഭം.(22) നാം ഒരിക്കലും അദ്ദേഹത്തിന് ഞെരുക്കമുണ്ടാക്കുകയില്ലെന്ന് അദ്ദേഹം ധരിച്ചു. അനന്തരം ഇരുട്ടുകള്‍ക്കുള്ളില്‍ നിന്ന്(23) അദ്ദേഹം വിളിച്ചുപറഞ്ഞു: നീയല്ലാതെ യാതൊരു ആരാധനക്കർഹനുമില്ല. നീ എത്ര പരിശുദ്ധന്‍! തീര്‍ച്ചയായും ഞാന്‍ അക്രമികളുടെ കൂട്ടത്തില്‍ പെട്ടവനായിരിക്കുന്നു.
21) 'ദുന്നൂന്‍' എന്ന വാക്കിന്റെ അര്‍ഥം മത്സ്യക്കാരന്‍ എന്നത്രെ. ഒരു മത്സ്യത്തിന്റെ വയറ്റില്‍ അകപ്പെട്ടിട്ട് അല്ലാഹുവിന്റെ സഹായത്താല്‍ രക്ഷപ്പെട്ട യൂനുസ് നബി(عليه السلام)യുടെ അപരാഭിധാനമാണ് 'ദുന്നൂന്‍'.
22) അസ്സീറിയയുടെ തലസ്ഥാനമായിരുന്ന നീനവാ നഗരത്തിലാണ് യൂനുസ് നബി(عليه السلام) പ്രവാചകനായി നിയോഗിക്കപ്പെട്ടത്. നാട്ടുകാര്‍ തന്റെ പ്രബോധനം ചെവിക്കൊള്ളാത്തതിലുള്ള അമര്‍ഷം നിമിത്തം യൂനുസ് നബി(عليه السلام) നാടുവിട്ടുപോയി.
23) രാത്രിയുടെയും, കടലിന്റെയും, മത്സ്യത്തിന്റെ ഉദരത്തിന്റെയും ആകാശത്തിന്റെയും കൂടി ഇരുട്ട് ഉദ്ദേശിച്ചായിരിക്കാം 'ഇരുട്ടുകള്‍' എന്ന് ബഹുവചനത്തില്‍ പ്രയോഗിച്ചത്.
അറബി ഖുർആൻ വിവരണങ്ങൾ:
فَاسْتَجَبْنَا لَهٗ ۙ— وَنَجَّیْنٰهُ مِنَ الْغَمِّ ؕ— وَكَذٰلِكَ نُـجِی الْمُؤْمِنِیْنَ ۟
അപ്പോള്‍ നാം അദ്ദേഹത്തിന് ഉത്തരം നല്‍കുകയും ദുഃഖത്തില്‍ നിന്ന് അദ്ദേഹത്തെ നാം രക്ഷപ്പെടുത്തുകയും ചെയ്തു. സത്യവിശ്വാസികളെ അപ്രകാരം നാം രക്ഷിക്കുന്നു.
അറബി ഖുർആൻ വിവരണങ്ങൾ:
وَزَكَرِیَّاۤ اِذْ نَادٰی رَبَّهٗ رَبِّ لَا تَذَرْنِیْ فَرْدًا وَّاَنْتَ خَیْرُ الْوٰرِثِیْنَ ۟ۚۖ
സകരിയ്യായെയും (ഓര്‍ക്കുക.) അദ്ദേഹം തന്‍റെ രക്ഷിതാവിനെ വിളിച്ച് ഇപ്രകാരം പ്രാര്‍ത്ഥിച്ച സന്ദര്‍ഭം: എന്‍റെ രക്ഷിതാവേ, നീ എന്നെ ഏകനായി (പിന്തുടര്‍ച്ചക്കാരില്ലാതെ) വിടരുതേ. നീയാണല്ലോ അനന്തരാവകാശമെടുക്കുന്നവരില്‍ ഏറ്റവും ഉത്തമന്‍.
അറബി ഖുർആൻ വിവരണങ്ങൾ:
فَاسْتَجَبْنَا لَهٗ ؗ— وَوَهَبْنَا لَهٗ یَحْیٰی وَاَصْلَحْنَا لَهٗ زَوْجَهٗ ؕ— اِنَّهُمْ كَانُوْا یُسٰرِعُوْنَ فِی الْخَیْرٰتِ وَیَدْعُوْنَنَا رَغَبًا وَّرَهَبًا ؕ— وَكَانُوْا لَنَا خٰشِعِیْنَ ۟
അപ്പോള്‍ നാം അദ്ദേഹത്തിന് ഉത്തരം നല്‍കുകയും, അദ്ദേഹത്തിന് (മകന്‍) യഹ്‌യായെ നാം പ്രദാനം ചെയ്യുകയും, അദ്ദേഹത്തിന്‍റെ ഭാര്യയെ നാം (ഗര്‍ഭധാരണത്തിന്‌) പ്രാപ്തയാക്കുകയും ചെയ്തു. തീര്‍ച്ചയായും അവര്‍ (പ്രവാചകന്‍മാര്‍) ഉത്തമകാര്യങ്ങള്‍ക്ക് ധൃതികാണിക്കുകയും, ആശിച്ചുകൊണ്ടും, പേടിച്ചുകൊണ്ടും നമ്മോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നവരായിരുന്നു. അവര്‍ നമ്മോട് താഴ്മ കാണിക്കുന്നവരുമായിരുന്നു.
അറബി ഖുർആൻ വിവരണങ്ങൾ:
وَالَّتِیْۤ اَحْصَنَتْ فَرْجَهَا فَنَفَخْنَا فِیْهَا مِنْ رُّوْحِنَا وَجَعَلْنٰهَا وَابْنَهَاۤ اٰیَةً لِّلْعٰلَمِیْنَ ۟
തന്‍റെ ഗുഹ്യസ്ഥാനത്തെ സൂക്ഷിച്ച ഒരുവളെ(മര്‍യം)യും (ഓര്‍ക്കുക). അങ്ങനെ അവളില്‍ നമ്മുടെ ആത്മാവില്‍ നിന്ന് നാം ഊതുകയും, അവളെയും അവളുടെ മകനെയും നാം ലോകര്‍ക്ക് ദൃഷ്ടാന്തമാക്കുകയും ചെയ്തു.
അറബി ഖുർആൻ വിവരണങ്ങൾ:
اِنَّ هٰذِهٖۤ اُمَّتُكُمْ اُمَّةً وَّاحِدَةً ۖؗ— وَّاَنَا رَبُّكُمْ فَاعْبُدُوْنِ ۟
(മനുഷ്യരേ,) തീര്‍ച്ചയായും ഇതാണ് നിങ്ങളുടെ മതം.(24) ഏകമതം. ഞാന്‍ നിങ്ങളുടെ രക്ഷിതാവും. അതിനാല്‍ നിങ്ങള്‍ എന്നെ ആരാധിക്കുവിന്‍.
24) പ്രവാചകന്മാരെല്ലാം ജനങ്ങളെ ക്ഷണിച്ചത്, ഒരൊറ്റ ആദർശത്തിലേക്കായിരുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം, മനുഷ്യരെല്ലാം ആരാധിക്കേണ്ടത് അവരുടെ റബ്ബായ അല്ലാഹുവിനെ മാത്രമാണ് എന്നതാകുന്നു.
അറബി ഖുർആൻ വിവരണങ്ങൾ:
وَتَقَطَّعُوْۤا اَمْرَهُمْ بَیْنَهُمْ ؕ— كُلٌّ اِلَیْنَا رٰجِعُوْنَ ۟۠
എന്നാല്‍ അവര്‍ക്കിടയില്‍ അവരുടെ കാര്യം അവര്‍ ശിഥിലമാക്കിക്കളഞ്ഞിരിക്കയാണ്‌. എല്ലാവരും നമ്മുടെ അടുത്തേക്കു തന്നെ മടങ്ങിവരുന്നവരത്രെ.
അറബി ഖുർആൻ വിവരണങ്ങൾ:
فَمَنْ یَّعْمَلْ مِنَ الصّٰلِحٰتِ وَهُوَ مُؤْمِنٌ فَلَا كُفْرَانَ لِسَعْیِهٖ ۚ— وَاِنَّا لَهٗ كٰتِبُوْنَ ۟
വല്ലവനും സത്യവിശ്വാസിയായിക്കൊണ്ട് സല്‍കര്‍മ്മങ്ങളില്‍ വല്ലതും ചെയ്യുന്ന പക്ഷം അവന്‍റെ പ്രയത്നത്തിന്‍റെ ഫലം നിഷേധിക്കപ്പെടുകയേയില്ല. തീര്‍ച്ചയായും നാം അത് എഴുതിവെക്കുന്നതാണ്‌.
അറബി ഖുർആൻ വിവരണങ്ങൾ:
وَحَرٰمٌ عَلٰی قَرْیَةٍ اَهْلَكْنٰهَاۤ اَنَّهُمْ لَا یَرْجِعُوْنَ ۟
നാം നശിപ്പിച്ചുകളഞ്ഞിട്ടുള്ള ഏതൊരു നാട്ടുകാരെ സംബന്ധിച്ചിടത്തോളവും അവര്‍ തിരിച്ചുവരാതിരിക്കുക എന്നത് അസംഭവ്യമാകുന്നു.(25)
25) ഭൗതികനാശത്തോടെ അവര്‍ക്കുള്ള ശിക്ഷ അവസാനിക്കുകയില്ല. അവസാനിക്കാത്ത ശിക്ഷ ആസ്വദിക്കാനായി അവര്‍ തിരിച്ചുവിളിക്കപ്പെടുക തന്നെ ചെയ്യും. വേറെയും ചില വ്യാഖ്യാനങ്ങള്‍ ഈ വചനത്തിന് നല്കപ്പെട്ടിട്ടുണ്ട്.
അറബി ഖുർആൻ വിവരണങ്ങൾ:
حَتّٰۤی اِذَا فُتِحَتْ یَاْجُوْجُ وَمَاْجُوْجُ وَهُمْ مِّنْ كُلِّ حَدَبٍ یَّنْسِلُوْنَ ۟
അങ്ങനെ യഅ്ജൂജ് - മഅ്ജൂജ് ജനവിഭാഗങ്ങള്‍ തുറന്നുവിടപ്പെടുകയും, അവര്‍ എല്ലാ കുന്നുകളില്‍ നിന്നും കുതിച്ചിറങ്ങി വരികയുമായാൽ.
അറബി ഖുർആൻ വിവരണങ്ങൾ:
وَاقْتَرَبَ الْوَعْدُ الْحَقُّ فَاِذَا هِیَ شَاخِصَةٌ اَبْصَارُ الَّذِیْنَ كَفَرُوْا ؕ— یٰوَیْلَنَا قَدْ كُنَّا فِیْ غَفْلَةٍ مِّنْ هٰذَا بَلْ كُنَّا ظٰلِمِیْنَ ۟
ആ സത്യവാഗ്ദാനം ആസന്നമായിരിക്കുന്നു.(26) അപ്പോഴതാ അവിശ്വസിച്ചവരുടെ കണ്ണുകള്‍ ഇമവെട്ടാതെ നിന്നു പോകുന്നു. ഞങ്ങളുടെ നാശമേ! ഞങ്ങള്‍ ഈ കാര്യത്തെപ്പറ്റി അശ്രദ്ധയിലായിപ്പോയല്ലോ. അല്ല; ഞങ്ങള്‍ അക്രമകാരികളായിപ്പോയല്ലോ (എന്നായിരിക്കും അവര്‍ പറയുന്നത്‌.)
26) യഅ്ജൂജ്-മഅ്ജൂജ് വിഭാഗങ്ങള്‍ക്ക് ഭൂമിയില്‍ സര്‍വത്ര കുഴപ്പം സൃഷ്ടിക്കാന്‍ സാധിക്കുക എന്നത് ലോകാവസാനം അകലെയല്ലെന്നതിന്നുള്ള സൂചനയാണെന്ന് ഈ വചനത്തില്‍ നിന്ന് ഗ്രഹിക്കാം.
അറബി ഖുർആൻ വിവരണങ്ങൾ:
اِنَّكُمْ وَمَا تَعْبُدُوْنَ مِنْ دُوْنِ اللّٰهِ حَصَبُ جَهَنَّمَ ؕ— اَنْتُمْ لَهَا وٰرِدُوْنَ ۟
തീര്‍ച്ചയായും നിങ്ങളും അല്ലാഹുവിനുപുറമെ നിങ്ങള്‍ ആരാധിക്കുന്നവയും നരകത്തിലെ ഇന്ധനമാകുന്നു. നിങ്ങള്‍ അതിലേക്ക് വന്നുചേരുക തന്നെ ചെയ്യുന്നതാണ്‌.
അറബി ഖുർആൻ വിവരണങ്ങൾ:
لَوْ كَانَ هٰۤؤُلَآءِ اٰلِهَةً مَّا وَرَدُوْهَا ؕ— وَكُلٌّ فِیْهَا خٰلِدُوْنَ ۟
ഇക്കൂട്ടര്‍ ദൈവങ്ങളായിരുന്നുവെങ്കില്‍ ഇവര്‍ അതില്‍ (നരകത്തില്‍) വന്നുചേരുകയില്ലായിരുന്നു. അവരെല്ലാം അതില്‍ നിത്യവാസികളായിരിക്കും.
അറബി ഖുർആൻ വിവരണങ്ങൾ:
لَهُمْ فِیْهَا زَفِیْرٌ وَّهُمْ فِیْهَا لَا یَسْمَعُوْنَ ۟
അവര്‍ക്ക് അവിടെ ഒരു തേങ്ങലുണ്ടായിരിക്കും. അവര്‍ അതില്‍ വെച്ച് (യാതൊന്നും) കേള്‍ക്കുകയുമില്ല.(27)
27) മറ്റൊരാളുടെ വിലാപം കേള്‍ക്കാന്‍ കഴിയാത്തവിധം ഭയവിഹ്വലരും പരിഭ്രാന്തരുമായിരിക്കും ഓരോരുത്തരും.
അറബി ഖുർആൻ വിവരണങ്ങൾ:
اِنَّ الَّذِیْنَ سَبَقَتْ لَهُمْ مِّنَّا الْحُسْنٰۤی ۙ— اُولٰٓىِٕكَ عَنْهَا مُبْعَدُوْنَ ۟ۙ
തീര്‍ച്ചയായും നമ്മുടെ പക്കല്‍ നിന്നു മുമ്പേ നന്‍മ ലഭിച്ചവരാരോ അവര്‍ അതില്‍ (നരകത്തില്‍) നിന്ന് അകറ്റിനിര്‍ത്തപ്പെടുന്നവരാകുന്നു.(28)
28) അല്ലാഹുവിന് പുറമെയുള്ള ആരാധ്യരെല്ലാം നരകത്തിലെ ഇന്ധനമാകുന്നു എന്ന് പറഞ്ഞതില്‍ നിന്ന് ഈസാ നബി(عليه السلام)യും, ഉസൈറും (عليه السلام), മലക്കുകളും ഏതെങ്കിലും ജനവിഭാഗങ്ങളാല്‍ ആരാധിക്കപ്പെടുന്ന പ്രവാചകന്മാരും സത്യവിശ്വാസികളും ഒഴിവാകുന്നു. കാരണം, അവരുടെ അറിവോ അംഗീകാരമോ കൂടാതെയാണല്ലോ അവര്‍ ആരാധിക്കപ്പെടുന്നത്.
അറബി ഖുർആൻ വിവരണങ്ങൾ:
لَا یَسْمَعُوْنَ حَسِیْسَهَا ۚ— وَهُمْ فِیْ مَا اشْتَهَتْ اَنْفُسُهُمْ خٰلِدُوْنَ ۟ۚ
അതിന്‍റെ നേരിയ ശബ്ദം പോലും അവര്‍ കേള്‍ക്കുകയില്ല. തങ്ങളുടെ മനസ്സുകള്‍ക്ക് ഇഷ്ടപ്പെട്ട സുഖാനുഭവങ്ങളില്‍ അവര്‍ നിത്യവാസികളായിരിക്കും.
അറബി ഖുർആൻ വിവരണങ്ങൾ:
لَا یَحْزُنُهُمُ الْفَزَعُ الْاَكْبَرُ وَتَتَلَقّٰىهُمُ الْمَلٰٓىِٕكَةُ ؕ— هٰذَا یَوْمُكُمُ الَّذِیْ كُنْتُمْ تُوْعَدُوْنَ ۟
ഏറ്റവും വലിയ ആ സംഭ്രമം അവര്‍ക്ക് ദുഃഖമുണ്ടാക്കുകയില്ല. മലക്കുകള്‍ അവരെ സ്വാഗതം ചെയ്യുന്നതാണ്. നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ടിരുന്ന നിങ്ങളുടേതായ ദിവസമാണിത് (എന്ന് അവരോടു പറയപ്പെടും). ‌
അറബി ഖുർആൻ വിവരണങ്ങൾ:
یَوْمَ نَطْوِی السَّمَآءَ كَطَیِّ السِّجِلِّ لِلْكُتُبِ ؕ— كَمَا بَدَاْنَاۤ اَوَّلَ خَلْقٍ نُّعِیْدُهٗ ؕ— وَعْدًا عَلَیْنَا ؕ— اِنَّا كُنَّا فٰعِلِیْنَ ۟
ഗ്രന്ഥങ്ങളുടെ ഏടുകള്‍ ചുരുട്ടുന്ന പ്രകാരം ആകാശത്തെ നാം ചുരുട്ടിക്കളയുന്ന ദിവസം! ആദ്യമായി സൃഷ്ടി ആരംഭിച്ചതു പോലെത്തന്നെ നാം അത് ആവര്‍ത്തിക്കുന്നതുമാണ്‌. നാം ബാധ്യതയേറ്റ ഒരു വാഗ്ദാനമത്രെ അത്‌. നാം (അത്‌) നടപ്പിലാക്കുക തന്നെ ചെയ്യുന്നതാണ്‌.
അറബി ഖുർആൻ വിവരണങ്ങൾ:
وَلَقَدْ كَتَبْنَا فِی الزَّبُوْرِ مِنْ بَعْدِ الذِّكْرِ اَنَّ الْاَرْضَ یَرِثُهَا عِبَادِیَ الصّٰلِحُوْنَ ۟
ഭൂമിയുടെ അനന്തരാവകാശമെടുക്കുന്നത് എന്‍റെ സദ്‌വൃത്തരായ ദാസന്‍മാരായിരിക്കും എന്ന് 'ദിക്‌റി'ന് ശേഷം നാം സബൂറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌.(29)
29) ഇവിടെ 'ദിക്ര്‍' എന്ന പദം കൊണ്ടുള്ള വിവക്ഷ അല്ലാഹുവിങ്കലുള്ള മൂലഗ്രന്ഥമാണെന്നും, അതല്ല തൗറാത്താണെന്നും രണ്ടഭിപ്രായമുണ്ട്.. തദനുസൃതമായി 'സബൂര്‍' എന്ന പദത്തിന്റെ വിവക്ഷയെപ്പറ്റിയും രണ്ടഭിപ്രായമുണ്ട്; ദാവൂദ് നബി(عليه السلام)ക്ക് നല്‍കപ്പെട്ട വേദമെന്നും, കേവലം വേദഗ്രന്ഥമെന്നും.
അറബി ഖുർആൻ വിവരണങ്ങൾ:
اِنَّ فِیْ هٰذَا لَبَلٰغًا لِّقَوْمٍ عٰبِدِیْنَ ۟ؕ
തീര്‍ച്ചയായും ഇതില്‍ ആരാധനാ നിരതരായ ആളുകള്‍ക്ക് ഒരു സന്ദേശമുണ്ട്‌.
അറബി ഖുർആൻ വിവരണങ്ങൾ:
وَمَاۤ اَرْسَلْنٰكَ اِلَّا رَحْمَةً لِّلْعٰلَمِیْنَ ۟
ലോകര്‍ക്ക് കാരുണ്യമായിക്കൊണ്ടല്ലാതെ നിന്നെ നാം അയച്ചിട്ടില്ല.
അറബി ഖുർആൻ വിവരണങ്ങൾ:
قُلْ اِنَّمَا یُوْحٰۤی اِلَیَّ اَنَّمَاۤ اِلٰهُكُمْ اِلٰهٌ وَّاحِدٌ ۚ— فَهَلْ اَنْتُمْ مُّسْلِمُوْنَ ۟
പറയുക: നിങ്ങളുടെ ആരാധ്യൻ ഏക ആരാധ്യൻ മാത്രമാണ് എന്നത്രെ എനിക്ക് ബോധനം നല്‍കപ്പെടുന്നത്‌. അതിനാല്‍ നിങ്ങള്‍ മുസ്ലിംകളാകുന്നുണ്ടോ?
അറബി ഖുർആൻ വിവരണങ്ങൾ:
فَاِنْ تَوَلَّوْا فَقُلْ اٰذَنْتُكُمْ عَلٰی سَوَآءٍ ؕ— وَاِنْ اَدْرِیْۤ اَقَرِیْبٌ اَمْ بَعِیْدٌ مَّا تُوْعَدُوْنَ ۟
എന്നിട്ട് അവര്‍ തിരിഞ്ഞുകളയുകയാണെങ്കില്‍ നീ പറയുക: നിങ്ങളോട് ഞാന്‍ പ്രഖ്യാപിച്ചിട്ടുള്ളത് തുല്യമായ വിധത്തിലാകുന്നു.(30) നിങ്ങളോട് വാഗ്ദാനം ചെയ്യപ്പെടുന്ന കാര്യം ആസന്നമാണോ അതല്ല വിദൂരമാണോ എന്നെനിക്കറിഞ്ഞു കൂടാ.
30) 'അലാ സവാഇന്‍' എന്ന വാക്കിന് 'തുല്യമായിക്കൊണ്ട്', 'ശരിയായിക്കൊണ്ട്' എന്നൊക്കെ അര്‍ത്ഥമാകാവുന്നതാണ്. 'വിശ്വാസകാര്യങ്ങളും, വിധിവിലക്കുകളും, യുദ്ധവും സമാധാനവും സംബന്ധിച്ച കാര്യങ്ങളുമൊക്കെ ഞാന്‍ നിങ്ങളോട് പ്രഖ്യാപിച്ചിട്ടുള്ളത് ശരിയാംവിധത്തിലാണ്-അഥവാ എല്ലാവര്‍ക്കും ഒരുപോലെ ബാധകമായിക്കൊണ്ടാണ്' എന്ന് വിവക്ഷ.
അറബി ഖുർആൻ വിവരണങ്ങൾ:
اِنَّهٗ یَعْلَمُ الْجَهْرَ مِنَ الْقَوْلِ وَیَعْلَمُ مَا تَكْتُمُوْنَ ۟
തീര്‍ച്ചയായും സംസാരത്തില്‍ നിന്ന് പരസ്യമായിട്ടുള്ളത് അവന്‍ അറിയും. നിങ്ങള്‍ ഒളിച്ചുവെക്കുന്നതും അവന്‍ അറിയും.
അറബി ഖുർആൻ വിവരണങ്ങൾ:
وَاِنْ اَدْرِیْ لَعَلَّهٗ فِتْنَةٌ لَّكُمْ وَمَتَاعٌ اِلٰی حِیْنٍ ۟
എനിക്കറിഞ്ഞ് കൂടാ, ഇത് ഒരു വേള നിങ്ങള്‍ക്കൊരു പരീക്ഷണവും, അല്‍പസമയത്തേക്ക് മാത്രമുള്ള ഒരു സുഖാനുഭവവും ആയേക്കാം.
അറബി ഖുർആൻ വിവരണങ്ങൾ:
قٰلَ رَبِّ احْكُمْ بِالْحَقِّ ؕ— وَرَبُّنَا الرَّحْمٰنُ الْمُسْتَعَانُ عَلٰی مَا تَصِفُوْنَ ۟۠
അദ്ദേഹം (നബി) പറഞ്ഞു: എന്‍റെ രക്ഷിതാവേ, നീ യാഥാര്‍ത്ഥ്യമനുസരിച്ച് വിധികല്‍പിക്കേണമേ. നമ്മുടെ രക്ഷിതാവ് പരമകാരുണികനും നിങ്ങള്‍ പറഞ്ഞുണ്ടാക്കുന്നതിനെതിരില്‍ സഹായമര്‍ത്ഥിക്കപ്പെടാവുന്നവനുമത്രെ.
അറബി ഖുർആൻ വിവരണങ്ങൾ:
 
പരിഭാഷ അദ്ധ്യായം: സൂറത്തുൽ അൻബിയാഅ്
സൂറത്തുകളുടെ സൂചിക പേജ് നമ്പർ
 
വിശുദ്ധ ഖുർആൻ പരിഭാഷ - മലയാള പരിഭാഷ - ചെറിയ മുണ്ടം അബ്ദുൽ ഹമീദ് മദനി, കുഞ്ഞിമുഹമ്മദ് പറപ്പൂർ - വിവർത്തനങ്ങളുടെ സൂചിക

വിശുദ്ധ ഖുർആൻ ആശയ വിവർത്തനം മലയാളത്തിൽ, ചെറിയ മുണ്ടം അബ്ദുൽ ഹമീദ് മദനി, കുഞ്ഞിമുഹമ്മദ് പറപ്പൂർ എന്നിവരുടെ പരിഭാഷ

അടക്കുക