തീര്‍ച്ചയായും നിനക്ക് നാം പ്രത്യക്ഷമായ ഒരു വിജയം നല്‍കിയിരിക്കുന്നു.(1)
1) ഹുദൈബിയായില്‍ വെച്ച് നബി(ﷺ)യും ശത്രുക്കളും തമ്മിലുണ്ടായ സന്ധിയെയാണ് പ്രത്യക്ഷമായ വിജയമെന്ന് ഇവിടെ വിശേഷിപ്പിച്ചതെന്നാണ് പല വ്യാഖ്യാതാക്കളും അഭിപ്രായപ്പെട്ടിട്ടുള്ളത്. മക്കാ വിജയം ഉള്‍പ്പെടെ ഇസ്‌ലാം അറേബ്യയില്‍ നേടിയ വന്‍ വിജയങ്ങള്‍ക്ക് വഴിയൊരുക്കിയത് ഹുദൈബിയാ സന്ധിയാണ്. ആ സന്ധി കഴിഞ്ഞ് നബി(ﷺ) മദീനയിലേക്ക് മടങ്ങുമ്പോഴാണ് ഈ അധ്യായം അവതരിച്ചത്. മക്കാവിജയത്തെപ്പറ്റിയുള്ള ഒരു പ്രവചനമാണ് ഒന്നാം വചനമെന്നാണ് മറ്റു ചില വ്യാഖ്യാതാക്കള്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്. രണ്ടും ഉദ്ദേശ്യമാകാം.
നിന്‍റെ പാപത്തില്‍ നിന്ന്(2) മുമ്പ് കഴിഞ്ഞുപോയതും പിന്നീട് ഉണ്ടാകുന്നതും അല്ലാഹു നിനക്ക് പൊറുത്തുതരുന്നതിനു വേണ്ടിയും, അവന്‍റെ അനുഗ്രഹം നിനക്ക് നിറവേറ്റിത്തരുന്നതിനു വേണ്ടിയും, നിന്നെ നേരായ പാതയിലൂടെ നയിക്കുന്നതിന് വേണ്ടിയുമാകുന്നു അത്.
2) നയങ്ങളിലും സമീപനങ്ങളിലും വരുന്ന ചില്ലറ പിഴവുകളാണ് ഇവിടെ പാപം എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്.
അവനാകുന്നു സത്യവിശ്വാസികളുടെ ഹൃദയങ്ങളില്‍ ശാന്തി ഇറക്കികൊടുത്തത്.(3) അവരുടെ വിശ്വാസത്തോടൊപ്പം കൂടുതല്‍ വിശ്വാസം ഉണ്ടായിത്തീരുന്നതിന് വേണ്ടി. അല്ലാഹുവിന്നുള്ളതാകുന്നു ആകാശങ്ങളിലെയും ഭൂമിയിലെയും സൈന്യങ്ങള്‍. അല്ലാഹു സര്‍വ്വജ്ഞനും യുക്തിമാനുമായിരിക്കുന്നു.
3) ഹുദൈബിയ സന്ധിക്ക് മുമ്പ് ഒരു സംഘട്ടനമുണ്ടാകുമെന്ന ആശങ്കയുണ്ടായ സമയത്ത് ദൃഢവിശ്വാസമില്ലാത്ത ചിലര്‍ പിന്മാറിയപ്പോള്‍ നിഷ്‌കളങ്കമായ വിശ്വാസമുള്ള സ്വഹാബികള്‍ മരണം വരെ നബി(ﷺ)യോടൊപ്പം നിലകൊള്ളുമെന്ന് പ്രതിജ്ഞയെടുക്കുകയുണ്ടായി. ആ സത്യവിശ്വാസികളുടെ മനസ്സമാധാനത്തെപ്പറ്റിയാണ് ഇവിടെ പരാമര്‍ശിക്കുന്നത്.
സത്യവിശ്വാസികളെയും സത്യവിശ്വാസിനികളെയും താഴ്ഭാഗത്തു കൂടി നദികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ നിത്യവാസികളെന്ന നിലയില്‍ പ്രവേശിപ്പിക്കാന്‍ വേണ്ടിയത്രെ അത്. അവരില്‍ നിന്ന് അവരുടെ തിന്‍മകള്‍ മായ്ച്ചുകളയുവാന്‍ വേണ്ടിയും. അല്ലാഹുവിന്‍റെ അടുക്കല്‍ അത് ഒരു മഹാഭാഗ്യമാകുന്നു.
അല്ലാഹുവെപ്പറ്റി തെറ്റായ ധാരണവെച്ചുപുലര്‍ത്തുന്ന കപടവിശ്വാസികളെയും കപടവിശ്വാസിനികളെയും ബഹുദൈവവിശ്വാസികളെയും ബഹുദൈവവിശ്വാസിനികളെയും അവൻ ശിക്ഷിക്കുവാന്‍ വേണ്ടിയുമാണത്. അവരുടെ മേല്‍ തിന്‍മയുടെ വലയമുണ്ട്. അല്ലാഹു അവരുടെ നേരെ കോപിക്കുകയും അവരെ ശപിക്കുകയും, അവര്‍ക്ക് വേണ്ടി നരകം ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു. ചെന്നുചേരാനുള്ള ആ സ്ഥലം എത്രമോശം.
തീര്‍ച്ചയായും നിന്നോട് പ്രതിജ്ഞ ചെയ്യുന്നവര്‍ അല്ലാഹുവോട് തന്നെയാണ് പ്രതിജ്ഞ ചെയ്യുന്നത്. അല്ലാഹുവിന്‍റെ കൈ അവരുടെ കൈകള്‍ക്കു മീതെയുണ്ട്. അതിനാല്‍ ആരെങ്കിലും (അത്) ലംഘിക്കുന്ന പക്ഷം ലംഘിക്കുന്നതിന്‍റെ ദോഷഫലം അവന് തന്നെയാകുന്നു. താന്‍ അല്ലാഹുവുമായി ഉടമ്പടിയില്‍ ഏര്‍പെട്ട കാര്യം വല്ലവനും നിറവേറ്റിയാല്‍ അവന്ന് മഹത്തായ പ്രതിഫലം അവൻ നല്‍കുന്നതാണ്.
ഗ്രാമീണ അറബികളില്‍ നിന്ന് പിന്നോക്കം മാറി നിന്നവര്‍ നിന്നോട് പറഞ്ഞേക്കും: ഞങ്ങളുടെ സ്വത്തുക്കളുടെയും കുടുംബങ്ങളുടെയും കാര്യം ഞങ്ങളെ (നിങ്ങളോടൊപ്പം വരാന്‍ പറ്റാത്ത വിധം) വ്യാപൃതരാക്കികളഞ്ഞു. അത് കൊണ്ട് താങ്കള്‍ ഞങ്ങള്‍ക്കു പാപമോചനത്തിനായി പ്രാര്‍ത്ഥിക്കണം. അവരുടെ നാവുകള്‍ കൊണ്ട് അവര്‍ പറയുന്നത് അവരുടെ ഹൃദയങ്ങളിലുള്ളതല്ലാത്ത കാര്യമാണ്. നീ പറയുക: അപ്പോള്‍ അല്ലാഹു നിങ്ങള്‍ക്കു വല്ല ഉപദ്രവവും ചെയ്യാന്‍ ഉദ്ദേശിച്ചാല്‍ അല്ലെങ്കില്‍ അവന്‍ നിങ്ങള്‍ക്ക് വല്ല ഉപകാരവും ചെയ്യാന്‍ ഉദ്ദേശിച്ചാല്‍ അവന്‍റെ പക്കല്‍ നിന്ന് നിങ്ങള്‍ക്കു വല്ലതും അധീനപ്പെടുത്തിത്തരാന്‍ ആരുണ്ട്? അല്ല, നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ പറ്റി അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാകുന്നു.
അല്ല, റസൂലും സത്യവിശ്വാസികളും ഒരിക്കലും അവരുടെ കുടുംബങ്ങളിലേക്ക് തിരിച്ചെത്തുകയേ ഇല്ല എന്ന് നിങ്ങള്‍ വിചാരിച്ചു. നിങ്ങളുടെ ഹൃദയങ്ങളില്‍ അത് അലംകൃതമായി തോന്നുകയും ചെയ്തു. ദുര്‍വിചാരമാണ് നിങ്ങള്‍ വിചാരിച്ചത്. നിങ്ങള്‍ തുലഞ്ഞ ഒരു ജനവിഭാഗമാകുന്നു.
ഗ്രാമീണ അറബികളില്‍ നിന്നും പിന്നോക്കം മാറി നിന്നവരോട് നീ പറയുക: കനത്ത ആക്രമണശേഷിയുള്ള ഒരു ജനവിഭാഗത്തെ നേരിടാനായി നിങ്ങള്‍ വഴിയെ വിളിക്കപ്പെടും. നിങ്ങള്‍ അവരുമായി യുദ്ധം ചെയ്യേണ്ടിവരും. അല്ലെങ്കിൽ (യുദ്ധം കൂടാതെ) അവർ മുസ്‌ലിംകൾ ആകണം. അപ്പോള്‍ നിങ്ങള്‍ അനുസരിക്കുന്ന പക്ഷം അല്ലാഹു നിങ്ങള്‍ക്ക് ഉത്തമമായ പ്രതിഫലം നല്‍കുന്നതാണ്. മുമ്പ് നിങ്ങള്‍ പിന്തിരിഞ്ഞു കളഞ്ഞതുപോലെ (ഇനിയും) പിന്തിരിഞ്ഞു കളയുന്ന പക്ഷം വേദനയേറിയ ശിക്ഷ അവന്‍ നിങ്ങള്‍ക്കു നല്‍കുന്നതുമാണ്.
അന്ധന്‍റെ മേല്‍ കുറ്റമില്ല. മുടന്തന്‍റെ മേലും കുറ്റമില്ല. രോഗിയുടെ മേലും കുറ്റമില്ല. വല്ലവനും അല്ലാഹുവെയും അവന്‍റെ റസൂലിനെയും അനുസരിക്കുന്ന പക്ഷം താഴ്ഭാഗത്ത് കൂടി നദികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ അവനെ പ്രവേശിപ്പിക്കുന്നതാണ്. വല്ലവനും പിന്തിരിഞ്ഞു കളയുന്ന പക്ഷം വേദനയേറിയ ശിക്ഷ അവന്നു നല്‍കുന്നതാണ്.
ആ മരത്തിന്‍റെ ചുവട്ടില്‍ വെച്ച് സത്യവിശ്വാസികള്‍ നിന്നോട് പ്രതിജ്ഞ ചെയ്തിരുന്ന സന്ദര്‍ഭത്തില്‍ തീര്‍ച്ചയായും അല്ലാഹു അവരെ പറ്റി തൃപ്തിപ്പെട്ടിരിക്കുന്നു. അവരുടെ ഹൃദയങ്ങളിലുള്ളത് അവന്‍ അറിയുകയും, അങ്ങനെ അവര്‍ക്ക് മനസ്സമാധാനം ഇറക്കികൊടുക്കുകയും, ആസന്നമായ വിജയം അവര്‍ക്ക് പ്രതിഫലമായി നല്‍കുകയും ചെയ്തു.
നിങ്ങള്‍ക്കു പിടിച്ചെടുക്കാവുന്ന ധാരാളം സമരാര്‍ജിത സ്വത്തുകള്‍ അല്ലാഹു നിങ്ങള്‍ക്ക് വാഗ്ദാനം നല്‍കിയിരിക്കുന്നു. എന്നാല്‍ ഇത് (ഖൈബറിലെ സമരാര്‍ജിത സ്വത്ത്) അവന്‍ നിങ്ങള്‍ക്ക് നേരത്തെ തന്നെ തന്നിരിക്കുകയാണ്. ജനങ്ങളുടെ കൈകളെ നിങ്ങളില്‍ നിന്ന് അവന്‍ തടയുകയും ചെയ്തിരിക്കുന്നു. സത്യവിശ്വാസികള്‍ക്ക് അതൊരു ദൃഷ്ടാന്തമായിരിക്കുവാനും, നേരായ പാതയിലേക്ക് നിങ്ങളെ അവന്‍ നയിക്കുവാനും വേണ്ടി.
നിങ്ങള്‍ക്ക് നേടിയെടുക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത മറ്റു നേട്ടങ്ങളും (അവന്‍ വാഗ്ദാനം ചെയ്തിരിക്കുന്നു.) അല്ലാഹു അവയെ വലയം ചെയ്തിരിക്കുകയാണ്. അല്ലാഹു ഏതു കാര്യത്തിനും കഴിവുള്ളവനാകുന്നു.
ആ സത്യനിഷേധികള്‍ നിങ്ങളോട് യുദ്ധത്തില്‍ ഏര്‍പെട്ടിരുന്നെങ്കില്‍ തന്നെ അവര്‍ പിന്തിരിഞ്ഞ് ഓടുമായിരുന്നു. പിന്നീട് ഒരു സംരക്ഷകനെയോ, സഹായിയെയോ അവര്‍ കണ്ടെത്തുകയുമില്ല.
അവര്‍ക്ക് (ശത്രുക്കള്‍ക്ക്) എതിരില്‍ നിങ്ങള്‍ക്ക് വിജയം നല്‍കിയതിന് ശേഷം(4) അവനാകുന്നു മക്കയുടെ ഉള്ളില്‍ വെച്ച് അവരുടെ കൈകള്‍ നിങ്ങളില്‍ നിന്നും നിങ്ങളുടെ കൈകള്‍ അവരില്‍ നിന്നും തടഞ്ഞു നിര്‍ത്തിയത്. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി കണ്ടറിയുന്നവനാകുന്നു.
4) ഹുദൈബിയാ സന്ധിക്ക് മുമ്പ് മുസ്‌ലിംകളുടെ നേരെ ആക്രമണത്തിന് മുതിര്‍ന്ന ഒരു സംഘം ആയുധധാരികളെ സ്വഹാബികള്‍ പിടിച്ചുകെട്ടി നബി(ﷺ)യുടെ മുമ്പില്‍ ഹാജരാക്കുകയും നബി(ﷺ) അവരെ വിട്ടയക്കുകയും ചെയ്തതിനെപ്പറ്റിയാണ് ഈ പരാമര്‍ശം.
(ഇസ്‌ലാമിനെ) നിഷേധിക്കുകയും, മസ്ജിദുൽ ഹറാമിൽ നിന്ന് നിങ്ങളെ തടയുകയും, ബലിമൃഗങ്ങളെ അവയുടെ നിശ്ചിത സ്ഥാനത്തെത്താന്‍ അനുവദിക്കാത്ത നിലയില്‍ തടഞ്ഞുനിര്‍ത്തുകയും ചെയ്തവരാകുന്നു അവര്‍.(5) നിങ്ങള്‍ക്ക് അറിഞ്ഞ് കൂടാത്ത സത്യവിശ്വാസികളായ ചില പുരുഷന്‍മാരെയും സത്യവിശ്വാസിനികളായ ചില സ്ത്രീകളെയും നിങ്ങള്‍ ചവിട്ടിത്തേക്കുകയും, എന്നിട്ട് (നിങ്ങള്‍) അറിയാതെ തന്നെ അവര്‍ നിമിത്തം നിങ്ങള്‍ക്ക് പാപം വന്നു ഭവിക്കാന്‍ ഇടയാവുകയും ചെയ്യില്ലായിരുന്നെങ്കില്‍ (അല്ലാഹു നിങ്ങളെ ഇരുവിഭാഗത്തെയും യുദ്ധത്തില്‍ നിന്ന് തടയുമായിരുന്നില്ല.) അല്ലാഹു തന്‍റെ കാരുണ്യത്തില്‍ താന്‍ ഉദ്ദേശിക്കുന്നവരെ ഉള്‍പെടുത്തേണ്ടതിനായിട്ടാകുന്നു അത്. അവര്‍ (മക്കയിലെ വിശ്വാസികളും സത്യനിഷേധികളും) വേറിട്ടിരുന്നെങ്കിൽ അവരിലെ സത്യനിഷേധികള്‍ക്ക് വേദനയേറിയ ശിക്ഷ നാം നല്‍കുക തന്നെ ചെയ്യുമായിരുന്നു.
5) ഉംറഃ നിര്‍വഹിക്കാന്‍ പുറപ്പെട്ട നബി(ﷺ)യെയും സ്വഹാബികളെയും ശത്രുക്കള്‍ തടഞ്ഞുനിര്‍ത്തുകയും, തുടര്‍ന്നുണ്ടായ സന്ധിയിലെ വ്യവസ്ഥ മാനിച്ചുകൊണ്ട് മക്കയില്‍ പ്രവേശിക്കാതെ അവര്‍ തിരിച്ചുപോരുകയുമാണ് ഉണ്ടായത്.
സത്യനിഷേധികള്‍ തങ്ങളുടെ ഹൃദയങ്ങളില്‍ ദുരഭിമാനം - ആ അജ്ഞാനയുഗത്തിന്‍റെ ദുരഭിമാനം - വെച്ചു പുലര്‍ത്തിയ സന്ദര്‍ഭം! അപ്പോള്‍ അല്ലാഹു അവന്‍റെ റസൂലിന്‍റെ മേലും സത്യവിശ്വാസികളുടെ മേലും അവന്‍റെ പക്കല്‍ നിന്നുള്ള മനസ്സമാധാനം ഇറക്കികൊടുത്തു. സൂക്ഷ്മത പാലിക്കാനുള്ള കല്‍പന സ്വീകരിക്കാന്‍ അവരെ നിര്‍ബന്ധിക്കുകയും ചെയ്തു. (അത് സ്വീകരിക്കാന്‍) കൂടുതല്‍ അര്‍ഹതയുള്ളവരും അതിന് അവകാശപ്പെട്ടവരുമായിരുന്നു അവര്‍. അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനായിരിക്കുന്നു.
അല്ലാഹു അവന്‍റെ ദൂതന്ന് സ്വപ്നം സത്യപ്രകാരം സാക്ഷാല്‍ക്കരിച്ചിരിക്കുന്നു. അതായത് അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം സമാധാനചിത്തരായി കൊണ്ട് തല മുണ്ഡനം ചെയ്തവരും മുടി വെട്ടിയവരും ആയികൊണ്ട് നിങ്ങള്‍ ഒന്നും ഭയപ്പെടാതെ മസ്ജിദുൽ ഹറാമിൽ പ്രവേശിക്കുക തന്നെ ചെയ്യുന്നതാണ് (എന്ന സ്വപ്നം.)(6) എന്നാല്‍ നിങ്ങളറിയാത്തത് അവന്‍ അറിഞ്ഞിട്ടുണ്ട്. അതിനാല്‍ അതിന്ന് പുറമെ സമീപസ്ഥമായ ഒരു വിജയം അവന്‍ ഉണ്ടാക്കിത്തന്നു.
6) സ്വഹാബികളോടൊത്ത് താന്‍ സമാധാനപൂര്‍വം ഉംറഃ നിര്‍വഹിക്കുമെന്ന് സ്വപ്നദര്‍ശനമുണ്ടായതിന്റെ അടിസ്ഥാനത്തിലാണ് റസൂല്‍(ﷺ) സ്വഹാബികളെ കൂട്ടി മക്കയിലേക്ക് പുറപ്പെട്ടത്. പക്ഷേ ഖുറൈശികള്‍ വഴിയില്‍ അവരെ തടഞ്ഞുനിര്‍ത്തുകയും, ഒരു യുദ്ധത്തിന്റെ വക്കോളമെത്തിയ സംഘര്‍ഷം ഹുദൈബിയാ സന്ധിയില്‍ കലാശിക്കുകയും ഉംറഃ നിര്‍വഹിക്കാതെ റസൂലും സ്വഹാബികളും മദീനയിലേക്ക് മടങ്ങുകയുമാണുണ്ടായത്. നബി(ﷺ)യുടെ സ്വപ്നം സഫലമായില്ലെന്ന് പറഞ്ഞ് കപടവിശ്വാസികളും മറ്റും പരിഹസിക്കാന്‍ തുടങ്ങി. അവര്‍ക്കുള്ള മറുപടിയാണ് ഈ വചനം.
റസൂല്‍(ﷺ) കണ്ടത് പാഴ്ക്കിനാവല്ലെന്നും അല്ലാഹുവിന്റെ സത്യവാഗ്ദാനമാണെന്നും, മക്കയില്‍ ചെന്ന് സമാധാനപൂര്‍വം തീര്‍ത്ഥാടനം നടത്താന്‍ മുസ്‌ലിംകള്‍ക്ക് സാധിക്കുമെന്ന് ഉറപ്പാണെന്നും, അതിന്റെ മുന്നോടിയായിക്കൊണ്ടുള്ള നിര്‍ണായകമായ ഒരു വിജയമാണ് ഹുദൈബിയാ സന്ധിയിലൂടെ മുസ്‌ലിംകള്‍ നേടിയിരിക്കുന്നതെന്നും ഈ വചനം വ്യക്തമാക്കുന്നു. സന്ധിയുടെ അടിസ്ഥാനത്തില്‍ അടുത്തവര്‍ഷം തന്നെ റസൂലും(ﷺ) സ്വഹാബികളും സമാധാനപൂര്‍വം ഉംറഃ നിര്‍വഹിക്കുകയുണ്ടായി.
സന്മാര്‍ഗവും സത്യമതവുമായി തന്‍റെ റസൂലിനെ നിയോഗിച്ചത് അവനാകുന്നു. അതിനെ എല്ലാ മതത്തിനും മീതെ തെളിയിച്ചുകാണിക്കാന്‍ വേണ്ടി. സാക്ഷിയായിട്ട് അല്ലാഹു തന്നെ മതി.
മുഹമ്മദ് അല്ലാഹുവിന്‍റെ റസൂലാകുന്നു. അദ്ദേഹത്തോടൊപ്പമുള്ളവര്‍ സത്യനിഷേധികളുടെ നേരെ കര്‍ക്കശമായി വര്‍ത്തിക്കുന്നവരാകുന്നു. അവര്‍ അന്യോന്യം ദയാലുക്കളുമാകുന്നു. അല്ലാഹുവിങ്കല്‍ നിന്നുള്ള അനുഗ്രഹവും പ്രീതിയും തേടിക്കൊണ്ട് അവര്‍ കുമ്പിട്ടും സാഷ്ടാംഗം ചെയ്തും നമസ്കരിക്കുന്നതായി നിനക്ക് കാണാം. സുജൂദിന്‍റെ ഫലമായി അവരുടെ അടയാളം അവരുടെ മുഖങ്ങളിലുണ്ട്. അതാണ് തൗറാത്തില്‍ അവരെ പറ്റിയുള്ള ഉപമ. ഇന്‍ജീലില്‍ അവരെ പറ്റിയുള്ള ഉപമ ഇങ്ങനെയാകുന്നു:(7) ഒരു വിള, അത് അതിന്‍റെ കൂമ്പ് പുറത്ത് കാണിച്ചു. എന്നിട്ടതിനെ പുഷ്ടിപ്പെടുത്തി. എന്നിട്ടത് കരുത്താര്‍ജിച്ചു. അങ്ങനെ അത് കര്‍ഷകര്‍ക്ക് കൗതുകം തോന്നിച്ചു കൊണ്ട് അതിന്‍റെ കാണ്ഡത്തിന്‍മേല്‍ നിവര്‍ന്നു നിന്നു. (സത്യവിശ്വാസികളെ ഇങ്ങനെ വളര്‍ത്തിക്കൊണ്ട് വരുന്നത്) അവര്‍ മൂലം സത്യനിഷേധികളെ അരിശം പിടിപ്പിക്കാന്‍ വേണ്ടിയാകുന്നു. അവരില്‍ നിന്ന് വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്കു അല്ലാഹു പാപമോചനവും മഹത്തായ പ്രതിഫലവും വാഗ്ദാനം ചെയ്തിരിക്കുന്നു.
7) തൗറാത്ത് അഥവാ മൂസാ നബി(عليه السلام)ക്ക് അവതരിപ്പിക്കപ്പെട്ട വേദം അവികലമായ രൂപത്തില്‍ ഇന്ന് ലഭ്യമല്ല. ബൈബിള്‍ പഴയനിയമത്തിലെ പല പുസ്തകങ്ങളിലായി തൗറാത്തിലെ പല ഭാഗങ്ങള്‍ കാണപ്പെടുന്നതിനാല്‍ ബൈബിള്‍ പഴയനിയമമാണ് തൗറാത്തെന്ന് സാമാന്യമായി പറയപ്പെടുന്നു. പഴയനിയമത്തിലെ സംഖ്യാപുസ്തകത്തില്‍ സാഷ്ടാംഗ നിരതരായ സത്യവിശ്വാസികളെപ്പറ്റി പരാമര്‍ശിച്ചിട്ടുണ്ട്.
ഇന്‍ജീല്‍ അഥവാ ഈസാ നബി(عليه السلام)ക്ക് അവതരിപ്പിക്കപ്പെട്ട വേദവും അന്യൂനമായി നമ്മുടെ മുമ്പിലില്ല. ബൈബിള്‍ പുതിയനിയമത്തിലെ നാല് സുവിശേഷങ്ങളിലായി ഇന്‍ജീലിന്റെ പല ഭാഗങ്ങള്‍ കാണപ്പെടുന്നതിനാല്‍ ബൈബിള്‍ പുതിയനിയമമാണ് ഇന്‍ജീലെന്ന് സാമാന്യമായി പറയപ്പെടുന്നു. ഒരു വിത്ത് ക്രമപ്രവൃദ്ധമായി വളര്‍ന്ന് കരുത്താര്‍ജിക്കുന്നതിന്റെ ഉപമ മാര്‍ക്കോസ് സുവിശേഷത്തില്‍ കാണാം.
Contents of the translations can be downloaded and re-published, with the following terms and conditions:
1. No modification, addition, or deletion of the content.
2. Clearly referring to the publisher and the source (QuranEnc.com).
3. Mentioning the version number when re-publishing the translation.
4. Keeping the transcript information inside the document.
5. Notifying the source (QuranEnc.com) of any note on the translation.
6. Updating the translation according to the latest version issued from the source (QuranEnc.com).
7. Inappropriate advertisements must not be included when displaying translations of the meanings of the Noble Quran.
തിരയൽ ഫലങ്ങൾ:
API specs
Endpoints:
Sura translation
GET / https://quranenc.com/api/v1/translation/sura/{translation_key}/{sura_number} description: get the specified translation (by its translation_key) for the speicified sura (by its number)
Parameters: translation_key: (the key of the currently selected translation) sura_number: [1-114] (Sura number in the mosshaf which should be between 1 and 114)
Returns:
json object containing array of objects, each object contains the "sura", "aya", "translation" and "footnotes".
GET / https://quranenc.com/api/v1/translation/aya/{translation_key}/{sura_number}/{aya_number} description: get the specified translation (by its translation_key) for the speicified aya (by its number sura_number and aya_number)
Parameters: translation_key: (the key of the currently selected translation) sura_number: [1-114] (Sura number in the mosshaf which should be between 1 and 114) aya_number: [1-...] (Aya number in the sura)
Returns:
json object containing the "sura", "aya", "translation" and "footnotes".