വിശുദ്ധ ഖുർആൻ പരിഭാഷ - മലയാള പരിഭാഷ - ചെറിയ മുണ്ടം അബ്ദുൽ ഹമീദ് മദനി, കുഞ്ഞിമുഹമ്മദ് പറപ്പൂർ * - വിവർത്തനങ്ങളുടെ സൂചിക

XML CSV Excel API
Please review the Terms and Policies

പരിഭാഷ അദ്ധ്യായം: സൂറത്തുത്തൂർ   ആയത്ത്:

സൂറത്തുത്തൂർ

وَالطُّوْرِ ۟ۙ
ത്വൂര്‍ പര്‍വ്വതം തന്നെയാണ, സത്യം.
അറബി ഖുർആൻ വിവരണങ്ങൾ:
وَكِتٰبٍ مَّسْطُوْرٍ ۟ۙ
എഴുതപ്പെട്ട ഗ്രന്ഥം തന്നെയാണ, സത്യം.
അറബി ഖുർആൻ വിവരണങ്ങൾ:
فِیْ رَقٍّ مَّنْشُوْرٍ ۟ۙ
നിവര്‍ത്തിവെച്ച തുകലില്‍.
അറബി ഖുർആൻ വിവരണങ്ങൾ:
وَّالْبَیْتِ الْمَعْمُوْرِ ۟ۙ
അധിവാസമുള്ള മന്ദിരം (അൽ ബൈത്തുൽ മഅ്മൂർ) തന്നെയാണ, സത്യം.(1)
1) ഭൂമിയിലുള്ളവർ കഅ്ബയെ ത്വവാഫ് ചെയ്യുകയും അവിടെ വെച്ച് ഇബാദത്തുകൾ അനുഷ്ഠിക്കുകയും ചെയ്യുന്നതുപോലെ ഏഴാം ആകാശത്തുള്ള മലക്കുകളുടെ ഒരു ആരാധനാ കേന്ദ്രമാണ് ബൈത്തുൽ മഅ്മൂർ. ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ച ഹദീഥിൽ ഇക്കാര്യം വ്യക്തമായി വന്നിട്ടുണ്ട്.
അറബി ഖുർആൻ വിവരണങ്ങൾ:
وَالسَّقْفِ الْمَرْفُوْعِ ۟ۙ
ഉയര്‍ത്തപ്പെട്ട മേല്‍പുര (ആകാശം) തന്നെയാണ, സത്യം.
അറബി ഖുർആൻ വിവരണങ്ങൾ:
وَالْبَحْرِ الْمَسْجُوْرِ ۟ۙ
നിറഞ്ഞ സമുദ്രം തന്നെയാണ, സത്യം.
അറബി ഖുർആൻ വിവരണങ്ങൾ:
اِنَّ عَذَابَ رَبِّكَ لَوَاقِعٌ ۟ۙ
തീര്‍ച്ചയായും നിന്‍റെ രക്ഷിതാവിന്‍റെ ശിക്ഷ സംഭവിക്കുന്നത് തന്നെയാകുന്നു.
അറബി ഖുർആൻ വിവരണങ്ങൾ:
مَّا لَهٗ مِنْ دَافِعٍ ۟ۙ
അതു തടുക്കുവാന്‍ ആരും തന്നെയില്ല.
അറബി ഖുർആൻ വിവരണങ്ങൾ:
یَّوْمَ تَمُوْرُ السَّمَآءُ مَوْرًا ۟
ആകാശം ശക്തിയായി പ്രകമ്പനം കൊള്ളുന്ന ദിവസം.
അറബി ഖുർആൻ വിവരണങ്ങൾ:
وَّتَسِیْرُ الْجِبَالُ سَیْرًا ۟ؕ
പര്‍വ്വതങ്ങള്‍ (അവയുടെ സ്ഥാനങ്ങളില്‍ നിന്ന്‌) നീങ്ങി സഞ്ചരിക്കുകയും ചെയ്യുന്ന ദിവസം.
അറബി ഖുർആൻ വിവരണങ്ങൾ:
فَوَیْلٌ یَّوْمَىِٕذٍ لِّلْمُكَذِّبِیْنَ ۟ۙ
അന്നേ ദിവസം സത്യനിഷേധികള്‍ക്കാകുന്നു നാശം.
അറബി ഖുർആൻ വിവരണങ്ങൾ:
الَّذِیْنَ هُمْ فِیْ خَوْضٍ یَّلْعَبُوْنَ ۟ۘ
അതായത് അനാവശ്യകാര്യങ്ങളില്‍ മുഴുകി കളിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക്‌.
അറബി ഖുർആൻ വിവരണങ്ങൾ:
یَوْمَ یُدَعُّوْنَ اِلٰی نَارِ جَهَنَّمَ دَعًّا ۟ؕ
അവര്‍ നരകാഗ്നിയിലേക്ക് ശക്തിയായി പിടിച്ചു തള്ളപ്പെടുന്ന ദിവസം.
അറബി ഖുർആൻ വിവരണങ്ങൾ:
هٰذِهِ النَّارُ الَّتِیْ كُنْتُمْ بِهَا تُكَذِّبُوْنَ ۟
(അവരോട് പറയപ്പെടും:) ഇതത്രെ നിങ്ങള്‍ നിഷേധിച്ചു കളഞ്ഞിരുന്ന നരകം.
അറബി ഖുർആൻ വിവരണങ്ങൾ:
اَفَسِحْرٌ هٰذَاۤ اَمْ اَنْتُمْ لَا تُبْصِرُوْنَ ۟
അപ്പോള്‍ ഇത് മായാജാലമാണോ? അതല്ല, നിങ്ങള്‍ കാണുന്നില്ലെന്നുണ്ടോ?
അറബി ഖുർആൻ വിവരണങ്ങൾ:
اِصْلَوْهَا فَاصْبِرُوْۤا اَوْ لَا تَصْبِرُوْا ۚ— سَوَآءٌ عَلَیْكُمْ ؕ— اِنَّمَا تُجْزَوْنَ مَا كُنْتُمْ تَعْمَلُوْنَ ۟
നിങ്ങള്‍ അതില്‍ കടന്നു എരിഞ്ഞു കൊള്ളുക. എന്നിട്ട് നിങ്ങളത് സഹിക്കുക. അല്ലെങ്കില്‍ നിങ്ങള്‍ സഹിക്കാതിരിക്കുക. അത് രണ്ടും നിങ്ങള്‍ക്ക് സമമാകുന്നു. നിങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതിന് മാത്രമാണ് നിങ്ങള്‍ക്ക് പ്രതിഫലം നല്‍കപ്പെടുന്നത്‌.
അറബി ഖുർആൻ വിവരണങ്ങൾ:
اِنَّ الْمُتَّقِیْنَ فِیْ جَنّٰتٍ وَّنَعِیْمٍ ۟ۙ
തീര്‍ച്ചയായും ധര്‍മ്മനിഷ്ഠപാലിക്കുന്നവര്‍ സ്വര്‍ഗത്തോപ്പുകളിലും സുഖാനുഗ്രഹങ്ങളിലുമായിരിക്കും.
അറബി ഖുർആൻ വിവരണങ്ങൾ:
فٰكِهِیْنَ بِمَاۤ اٰتٰىهُمْ رَبُّهُمْ ۚ— وَوَقٰىهُمْ رَبُّهُمْ عَذَابَ الْجَحِیْمِ ۟
തങ്ങളുടെ രക്ഷിതാവ് അവര്‍ക്കു നല്‍കിയതില്‍ ആനന്ദം കൊള്ളുന്നവരായിട്ട്‌. ജ്വലിക്കുന്ന നരകത്തിലെ ശിക്ഷയില്‍ നിന്ന് അവരുടെ രക്ഷിതാവ് അവരെ കാത്തുരക്ഷിക്കുകയും ചെയ്യും.
അറബി ഖുർആൻ വിവരണങ്ങൾ:
كُلُوْا وَاشْرَبُوْا هَنِیْٓـًٔا بِمَا كُنْتُمْ تَعْمَلُوْنَ ۟ۙ
(അവരോട് പറയപ്പെടും:) നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിന്‍റെ ഫലമായി നിങ്ങള്‍ സുഖമായി തിന്നുകയും കുടിക്കുകയും ചെയ്തു കൊള്ളുക.
അറബി ഖുർആൻ വിവരണങ്ങൾ:
مُتَّكِـِٕیْنَ عَلٰی سُرُرٍ مَّصْفُوْفَةٍ ۚ— وَزَوَّجْنٰهُمْ بِحُوْرٍ عِیْنٍ ۟
വരിവരിയായ് ഇട്ട കട്ടിലുകളില്‍ ചാരിയിരിക്കുന്നവരായിരിക്കും അവര്‍. വിടര്‍ന്ന കണ്ണുകളുള്ള വെളുത്ത തരുണികളെ നാം അവര്‍ക്ക് ഇണചേര്‍ത്തു കൊടുക്കുകയും ചെയ്യും.
അറബി ഖുർആൻ വിവരണങ്ങൾ:
وَالَّذِیْنَ اٰمَنُوْا وَاتَّبَعَتْهُمْ ذُرِّیَّتُهُمْ بِاِیْمَانٍ اَلْحَقْنَا بِهِمْ ذُرِّیَّتَهُمْ وَمَاۤ اَلَتْنٰهُمْ مِّنْ عَمَلِهِمْ مِّنْ شَیْءٍ ؕ— كُلُّ امْرِىۢ بِمَا كَسَبَ رَهِیْنٌ ۟
ഏതൊരു കൂട്ടര്‍ വിശ്വസിക്കുകയും അവരുടെ സന്താനങ്ങള്‍ വിശ്വാസത്തില്‍ അവരെ പിന്തുടരുകയും ചെയ്തിരിക്കുന്നുവോ അവരുടെ സന്താനങ്ങളെ നാം അവരോടൊപ്പം ചേര്‍ക്കുന്നതാണ്‌. അവരുടെ കര്‍മ്മഫലത്തില്‍ നിന്ന് യാതൊന്നും നാം അവര്‍ക്കു കുറവു വരുത്തുകയുമില്ല. ഏതൊരു മനുഷ്യനും താന്‍ സമ്പാദിച്ചു വെച്ചതിന് (സ്വന്തം കര്‍മ്മങ്ങള്‍ക്ക്‌) പണയം വെക്കപ്പെട്ടവനാകുന്നു.
അറബി ഖുർആൻ വിവരണങ്ങൾ:
وَاَمْدَدْنٰهُمْ بِفَاكِهَةٍ وَّلَحْمٍ مِّمَّا یَشْتَهُوْنَ ۟
അവര്‍ കൊതിക്കുന്ന തരത്തിലുള്ള പഴവും മാംസവും നാം അവര്‍ക്ക് അധികമായി നല്‍കുകയും ചെയ്യും.
അറബി ഖുർആൻ വിവരണങ്ങൾ:
یَتَنَازَعُوْنَ فِیْهَا كَاْسًا لَّا لَغْوٌ فِیْهَا وَلَا تَاْثِیْمٌ ۟
അവിടെ അവര്‍ പാനപാത്രം അന്യോന്യം കൈമാറികൊണ്ടിരിക്കും. അവിടെ അനാവശ്യവാക്കോ, അധാര്‍മ്മിക വൃത്തിയോ ഇല്ല.
അറബി ഖുർആൻ വിവരണങ്ങൾ:
وَیَطُوْفُ عَلَیْهِمْ غِلْمَانٌ لَّهُمْ كَاَنَّهُمْ لُؤْلُؤٌ مَّكْنُوْنٌ ۟
അവര്‍ക്ക് (പരിചരണത്തിനായി) ആൺകുട്ടികൾ അവരുടെ അടുത്ത് ചുറ്റിത്തിരിഞ്ഞു കൊണ്ടിരിക്കും. അവര്‍ സൂക്ഷിച്ച് വെക്കപ്പെട്ട മുത്തുകള്‍ പോലെയിരിക്കും.
അറബി ഖുർആൻ വിവരണങ്ങൾ:
وَاَقْبَلَ بَعْضُهُمْ عَلٰی بَعْضٍ یَّتَسَآءَلُوْنَ ۟
പരസ്പരം പലതും ചോദിച്ചു കൊണ്ട് അവരില്‍ ചിലര്‍ ചിലരെ അഭിമുഖീകരിക്കും.
അറബി ഖുർആൻ വിവരണങ്ങൾ:
قَالُوْۤا اِنَّا كُنَّا قَبْلُ فِیْۤ اَهْلِنَا مُشْفِقِیْنَ ۟
അവര്‍ പറയും: തീര്‍ച്ചയായും നാം മുമ്പ് നമ്മുടെ കുടുംബത്തിലായിരിക്കുമ്പോള്‍ ഭയഭക്തിയുള്ളവരായിരുന്നു.(2)
2) 'നാം മുമ്പ് നമ്മുടെ കുടുംബത്തിന്റെ കാര്യത്തില്‍ ഉത്കണ്ഠയുള്ളവരായിരുന്നു' എന്നും ചില വ്യാഖ്യാതാക്കള്‍ അര്‍ത്ഥം നല്കിയിട്ടുണ്ട്.
അറബി ഖുർആൻ വിവരണങ്ങൾ:
فَمَنَّ اللّٰهُ عَلَیْنَا وَوَقٰىنَا عَذَابَ السَّمُوْمِ ۟
അതിനാല്‍ അല്ലാഹു നമുക്ക് അനുഗ്രഹം നല്‍കുകയും, രോമകൂപങ്ങളില്‍ തുളച്ചു കയറുന്ന നരകാഗ്നിയുടെ ശിക്ഷയില്‍ നിന്ന് അവന്‍ നമ്മെ കാത്തുരക്ഷിക്കുകയും ചെയ്തു.
അറബി ഖുർആൻ വിവരണങ്ങൾ:
اِنَّا كُنَّا مِنْ قَبْلُ نَدْعُوْهُ ؕ— اِنَّهٗ هُوَ الْبَرُّ الرَّحِیْمُ ۟۠
തീര്‍ച്ചയായും നാം മുമ്പേ അവനോട് പ്രാര്‍ത്ഥിക്കുന്നവരായിരുന്നു. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു ഔദാര്യവാനും കരുണാനിധിയും.
അറബി ഖുർആൻ വിവരണങ്ങൾ:
فَذَكِّرْ فَمَاۤ اَنْتَ بِنِعْمَتِ رَبِّكَ بِكَاهِنٍ وَّلَا مَجْنُوْنٍ ۟ؕ
ആകയാല്‍ നീ ഉല്‍ബോധനം ചെയ്യുക. നിന്‍റെ രക്ഷിതാവിന്‍റെ അനുഗ്രഹത്താല്‍ നീ ഒരു ജ്യോത്സ്യനോ, ഭ്രാന്തനോ അല്ല.
അറബി ഖുർആൻ വിവരണങ്ങൾ:
اَمْ یَقُوْلُوْنَ شَاعِرٌ نَّتَرَبَّصُ بِهٖ رَیْبَ الْمَنُوْنِ ۟
അതല്ല, (മുഹമ്മദ്‌) ഒരു കവിയാണ്‌, അവന്ന് കാലവിപത്ത് വരുന്നത് ഞങ്ങള്‍ കാത്തിരിക്കുകയാണ് എന്നാണോ അവര്‍ പറയുന്നത്‌?
അറബി ഖുർആൻ വിവരണങ്ങൾ:
قُلْ تَرَبَّصُوْا فَاِنِّیْ مَعَكُمْ مِّنَ الْمُتَرَبِّصِیْنَ ۟ؕ
നീ പറഞ്ഞേക്കുക: നിങ്ങള്‍ കാത്തിരുന്നോളൂ. തീര്‍ച്ചയായും ഞാനും നിങ്ങളോടൊപ്പം കാത്തിരിക്കുന്നവരുടെ കൂട്ടത്തിലാകുന്നു.
അറബി ഖുർആൻ വിവരണങ്ങൾ:
اَمْ تَاْمُرُهُمْ اَحْلَامُهُمْ بِهٰذَاۤ اَمْ هُمْ قَوْمٌ طَاغُوْنَ ۟ۚ
അതല്ല, അവരുടെ മനസ്സുകള്‍ അവരോട് ഇപ്രകാരം കല്‍പിക്കുകയാണോ? അതല്ല, അവര്‍ ധിക്കാരികളായ ഒരു ജനത തന്നെയാണോ?
അറബി ഖുർആൻ വിവരണങ്ങൾ:
اَمْ یَقُوْلُوْنَ تَقَوَّلَهٗ ۚ— بَلْ لَّا یُؤْمِنُوْنَ ۟ۚ
അതല്ല, അദ്ദേഹം (നബി) അത് കെട്ടിച്ചമച്ചു പറഞ്ഞതാണ് എന്ന് അവര്‍ പറയുകയാണോ? അല്ല, അവര്‍ വിശ്വസിക്കുന്നില്ല.
അറബി ഖുർആൻ വിവരണങ്ങൾ:
فَلْیَاْتُوْا بِحَدِیْثٍ مِّثْلِهٖۤ اِنْ كَانُوْا صٰدِقِیْنَ ۟ؕ
എന്നാല്‍ അവര്‍ സത്യവാന്‍മാരാണെങ്കില്‍ ഇതു പോലുള്ള ഒരു വൃത്താന്തം അവര്‍ കൊണ്ടുവരട്ടെ.
അറബി ഖുർആൻ വിവരണങ്ങൾ:
اَمْ خُلِقُوْا مِنْ غَیْرِ شَیْءٍ اَمْ هُمُ الْخٰلِقُوْنَ ۟ؕ
അതല്ല, യാതൊരു വസ്തുവില്‍ നിന്നുമല്ലാതെ അവര്‍ സൃഷ്ടിക്കപ്പെട്ടിരിക്കുകയാണോ? അതല്ല, അവര്‍ തന്നെയാണോ സ്രഷ്ടാക്കള്‍?
അറബി ഖുർആൻ വിവരണങ്ങൾ:
اَمْ خَلَقُوا السَّمٰوٰتِ وَالْاَرْضَ ۚ— بَلْ لَّا یُوْقِنُوْنَ ۟ؕ
അതല്ല, അവരാണോ ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചിരിക്കുന്നത്‌? അല്ല, അവര്‍ ദൃഢമായി വിശ്വസിക്കുന്നില്ല.
അറബി ഖുർആൻ വിവരണങ്ങൾ:
اَمْ عِنْدَهُمْ خَزَآىِٕنُ رَبِّكَ اَمْ هُمُ الْمُصَۜیْطِرُوْنَ ۟ؕ
അതല്ല, അവരുടെ പക്കലാണോ നിന്‍റെ രക്ഷിതാവിന്‍റെ ഖജനാവുകള്‍! അതല്ല, അവരാണോ അധികാരം നടത്തുന്നവര്‍?
അറബി ഖുർആൻ വിവരണങ്ങൾ:
اَمْ لَهُمْ سُلَّمٌ یَّسْتَمِعُوْنَ فِیْهِ ۚ— فَلْیَاْتِ مُسْتَمِعُهُمْ بِسُلْطٰنٍ مُّبِیْنٍ ۟ؕ
അതല്ല, അവര്‍ക്ക് (ആകാശത്തു നിന്ന്‌) വിവരങ്ങള്‍ ശ്രദ്ധിച്ചു കേള്‍ക്കാന്‍ വല്ല കോണിയുമുണ്ടോ? എന്നാല്‍ അവരിലെ ശ്രദ്ധിച്ച് കേള്‍ക്കുന്ന ആള്‍ വ്യക്തമായ വല്ല പ്രമാണവും കൊണ്ടുവരട്ടെ.(3)
3) ഉപരിലോകത്ത് നിന്നു കേട്ടറിഞ്ഞ വല്ല അറിവിന്റെയും അടിസ്ഥാനത്തിലാണ് ആ സത്യനിഷേധികള്‍ സംസാരിക്കുന്നതെന്നാണ് വാദമെങ്കില്‍ അങ്ങനെ കേട്ട വ്യക്തി അതിനുള്ള തെളിവുകള്‍ കൊണ്ടുവരേണ്ടതാണ് എന്നര്‍ത്ഥം.
അറബി ഖുർആൻ വിവരണങ്ങൾ:
اَمْ لَهُ الْبَنٰتُ وَلَكُمُ الْبَنُوْنَ ۟ؕ
അതല്ല, അവന്നു (അല്ലാഹുവിനു)ള്ളത് പെണ്‍മക്കളും നിങ്ങള്‍ക്കുള്ളത് ആണ്‍മക്കളുമാണോ?
അറബി ഖുർആൻ വിവരണങ്ങൾ:
اَمْ تَسْـَٔلُهُمْ اَجْرًا فَهُمْ مِّنْ مَّغْرَمٍ مُّثْقَلُوْنَ ۟ؕ
അതല്ല, നീ അവരോട് വല്ല പ്രതിഫലവും ചോദിച്ചിട്ട് അവര്‍ കടബാധ്യതയാല്‍ ഭാരം പേറേണ്ടവരായിരിക്കുകയാണോ?
അറബി ഖുർആൻ വിവരണങ്ങൾ:
اَمْ عِنْدَهُمُ الْغَیْبُ فَهُمْ یَكْتُبُوْنَ ۟ؕ
അതല്ല, അവര്‍ക്ക് അദൃശ്യജ്ഞാനം കരഗതമാവുകയും, അത് അവര്‍ രേഖപ്പെടുത്തിവെക്കുകയും ചെയ്യുന്നുണ്ടോ?
അറബി ഖുർആൻ വിവരണങ്ങൾ:
اَمْ یُرِیْدُوْنَ كَیْدًا ؕ— فَالَّذِیْنَ كَفَرُوْا هُمُ الْمَكِیْدُوْنَ ۟ؕ
അതല്ല, അവര്‍ വല്ല കുതന്ത്രവും നടത്താന്‍ ഉദ്ദേശിക്കുകയാണോ? എന്നാല്‍ സത്യനിഷേധികളാരോ അവര്‍ തന്നെയാണ് കുതന്ത്രത്തില്‍ അകപ്പെടുന്നവര്‍.
അറബി ഖുർആൻ വിവരണങ്ങൾ:
اَمْ لَهُمْ اِلٰهٌ غَیْرُ اللّٰهِ ؕ— سُبْحٰنَ اللّٰهِ عَمَّا یُشْرِكُوْنَ ۟
അതല്ല, അവര്‍ക്ക് അല്ലാഹുവല്ലാത്ത വല്ല ആരാധ്യനുമുണ്ടോ? അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നെല്ലാം അല്ലാഹു എത്രയോ പരിശുദ്ധനായിരിക്കുന്നു.
അറബി ഖുർആൻ വിവരണങ്ങൾ:
وَاِنْ یَّرَوْا كِسْفًا مِّنَ السَّمَآءِ سَاقِطًا یَّقُوْلُوْا سَحَابٌ مَّرْكُوْمٌ ۟
ആകാശത്തുനിന്ന് ഒരു കഷ്ണം വീഴുന്നതായി അവര്‍ കാണുകയാണെങ്കിലും അവര്‍ പറയും: അത് അടുക്കടുക്കായ മേഘമാണെന്ന്‌.(4)
4) അല്ലാഹുവിൽ നിന്നുള്ള സ്പഷ്ടമായ ദൃഷ്ടാന്തം കണ്ടാലേ വിശ്വസിക്കൂ എന്ന് ശഠിക്കുന്നവര്‍ ഒരിക്കലും വിശ്വസിക്കുകയില്ലെന്നും, റബ്ബിന്റെ ഏതു ദൃഷ്ടാന്തത്തെയും കേവലം ഒരു പ്രകൃതിപ്രതിഭാസമായി വ്യാഖ്യാനിക്കുകയാണ് അവര്‍ ചെയ്യുകയെന്നും ഈ വചനം നമുക്ക് മനസ്സിലാക്കിത്തരുന്നു.
അറബി ഖുർആൻ വിവരണങ്ങൾ:
فَذَرْهُمْ حَتّٰی یُلٰقُوْا یَوْمَهُمُ الَّذِیْ فِیْهِ یُصْعَقُوْنَ ۟ۙ
അതിനാല്‍ അവര്‍ ബോധരഹിതരായി വീഴ്ത്തപ്പെടുന്ന അവരുടെ ആ ദിവസം അവര്‍ കണ്ടുമുട്ടുന്നത് വരെ നീ അവരെ വിട്ടേക്കുക.
അറബി ഖുർആൻ വിവരണങ്ങൾ:
یَوْمَ لَا یُغْنِیْ عَنْهُمْ كَیْدُهُمْ شَیْـًٔا وَّلَا هُمْ یُنْصَرُوْنَ ۟ؕ
അവരുടെ കുതന്ത്രം അവര്‍ക്ക് ഒട്ടും പ്രയോജനം ചെയ്യാത്ത, അവര്‍ക്ക് സഹായം ലഭിക്കാത്ത ഒരു ദിവസം.
അറബി ഖുർആൻ വിവരണങ്ങൾ:
وَاِنَّ لِلَّذِیْنَ ظَلَمُوْا عَذَابًا دُوْنَ ذٰلِكَ وَلٰكِنَّ اَكْثَرَهُمْ لَا یَعْلَمُوْنَ ۟
തീര്‍ച്ചയായും അക്രമം പ്രവര്‍ത്തിച്ചവര്‍ക്ക് അതിനു പുറമെയും ശിക്ഷയുണ്ട്‌. പക്ഷെ അവരില്‍ അധികപേരും മനസ്സിലാക്കുന്നില്ല.
അറബി ഖുർആൻ വിവരണങ്ങൾ:
وَاصْبِرْ لِحُكْمِ رَبِّكَ فَاِنَّكَ بِاَعْیُنِنَا وَسَبِّحْ بِحَمْدِ رَبِّكَ حِیْنَ تَقُوْمُ ۟ۙ
നിന്‍റെ രക്ഷിതാവിന്‍റെ തീരുമാനത്തിന് നീ ക്ഷമാപൂര്‍വ്വം കാത്തിരിക്കുക.(5) തീര്‍ച്ചയായും നീ നമ്മുടെ ദൃഷ്ടിയിലാകുന്നു. നീ എഴുന്നേല്‍ക്കുന്ന സമയത്ത് നിന്‍റെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം അവന്‍റെ പരിശുദ്ധിയെ നീ പ്രകീര്‍ത്തിക്കുകയും ചെയ്യുക.
5) 'നിന്റെ രക്ഷിതാവിന്റെ തീരുമാനം നീ ക്ഷമാപൂര്‍വം സ്വീകരിക്കുക' എന്നും അര്‍ത്ഥം നല്കപ്പെട്ടിട്ടുണ്ട്.
അറബി ഖുർആൻ വിവരണങ്ങൾ:
وَمِنَ الَّیْلِ فَسَبِّحْهُ وَاِدْبَارَ النُّجُوْمِ ۟۠
രാത്രിയില്‍ കുറച്ച് സമയവും നക്ഷത്രങ്ങള്‍ പിന്‍വാങ്ങുമ്പോഴും നീ അവന്‍റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുക.
അറബി ഖുർആൻ വിവരണങ്ങൾ:
 
പരിഭാഷ അദ്ധ്യായം: സൂറത്തുത്തൂർ
സൂറത്തുകളുടെ സൂചിക പേജ് നമ്പർ
 
വിശുദ്ധ ഖുർആൻ പരിഭാഷ - മലയാള പരിഭാഷ - ചെറിയ മുണ്ടം അബ്ദുൽ ഹമീദ് മദനി, കുഞ്ഞിമുഹമ്മദ് പറപ്പൂർ - വിവർത്തനങ്ങളുടെ സൂചിക

വിശുദ്ധ ഖുർആൻ ആശയ വിവർത്തനം മലയാളത്തിൽ, ചെറിയ മുണ്ടം അബ്ദുൽ ഹമീദ് മദനി, കുഞ്ഞിമുഹമ്മദ് പറപ്പൂർ എന്നിവരുടെ പരിഭാഷ

അടക്കുക