Check out the new design

വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ * - വിവർത്തനങ്ങളുടെ സൂചിക


പരിഭാഷ അദ്ധ്യായം: ഫത്ഹ്   ആയത്ത്:
وَهُوَ الَّذِیْ كَفَّ اَیْدِیَهُمْ عَنْكُمْ وَاَیْدِیَكُمْ عَنْهُمْ بِبَطْنِ مَكَّةَ مِنْ بَعْدِ اَنْ اَظْفَرَكُمْ عَلَیْهِمْ ؕ— وَكَانَ اللّٰهُ بِمَا تَعْمَلُوْنَ بَصِیْرًا ۟
ഹുദൈബിയ്യ സന്ധിയുടെ വേളയിൽ നിങ്ങളെ അക്രമിക്കുന്നതിനായി ഒരുങ്ങിപ്പുറപ്പെട്ട എൺപതോളം പേർ വരുന്ന മുശ്രിക്കുകളുടെ സംഘത്തെ നിങ്ങളിൽ നിന്ന് തടുത്തു നിർത്തിയവൻ അവനാകുന്നു. അവരോട് യുദ്ധം ചെയ്യാതെയും അവരെ ഉപദ്രവിക്കാതെയും നിങ്ങളെ തടുത്തു നിർത്തിയതും അവൻ (അല്ലാഹു) തന്നെ. മറിച്ച്, അവരെ തടവിലാക്കാൻ നിങ്ങൾക്ക് സാധിച്ചതിന് ശേഷം, അവരെ നിങ്ങൾ തന്നെ തടവിൽ നിന്ന് മോചിതരാക്കി. അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നത് നന്നായി കണ്ടറിയുന്നവനാകുന്നു. അവന് നിങ്ങളുടെ പ്രവർത്തനങ്ങളിൽ ഒന്നും തന്നെ അവ്യക്തമാവുകയില്ല.
അറബി ഖുർആൻ വിവരണങ്ങൾ:
هُمُ الَّذِیْنَ كَفَرُوْا وَصَدُّوْكُمْ عَنِ الْمَسْجِدِ الْحَرَامِ وَالْهَدْیَ مَعْكُوْفًا اَنْ یَّبْلُغَ مَحِلَّهٗ ؕ— وَلَوْلَا رِجَالٌ مُّؤْمِنُوْنَ وَنِسَآءٌ مُّؤْمِنٰتٌ لَّمْ تَعْلَمُوْهُمْ اَنْ تَطَـُٔوْهُمْ فَتُصِیْبَكُمْ مِّنْهُمْ مَّعَرَّةٌ بِغَیْرِ عِلْمٍ ۚ— لِیُدْخِلَ اللّٰهُ فِیْ رَحْمَتِهٖ مَنْ یَّشَآءُ ۚ— لَوْ تَزَیَّلُوْا لَعَذَّبْنَا الَّذِیْنَ كَفَرُوْا مِنْهُمْ عَذَابًا اَلِیْمًا ۟
അല്ലാഹുവിലും അവൻ്റെ ദൂതനിലും അവിശ്വസിക്കുകയും, നിങ്ങളെ മസ്ജിദുൽ ഹറമിൽ പ്രവേശിക്കുന്നതിൽ നിന്ന് തടയുകയും, ബലിമൃഗങ്ങളെ ഹറമിലെ ബലിപ്രദേശത്ത് എത്താതെ തടഞ്ഞു വെക്കുകയും ചെയ്തവരാകുന്നു അവർ. നിങ്ങൾക്ക് അറിയാത്ത, അല്ലാഹുവിൽ വിശ്വസിക്കുന്ന (മുസ്ലിംകളായ) ചില പുരുഷന്മാരെയും സ്ത്രീകളെയും നിങ്ങൾ നിഷേധികളോട് യുദ്ധം ചെയ്യുന്നതിനിടെ അറിയാതെ വധിച്ചു കളയാൻ സാധ്യതയില്ലായിരുന്നെങ്കിൽ മക്ക വിജയിച്ചടക്കാൻ അല്ലാഹു നിങ്ങൾക്ക് അനുമതി നൽകുമായിരുന്നു. നിങ്ങൾ അറിയാതെ അവരെ കൊലപ്പെടുത്തിയാൽ, അത് നിങ്ങൾക്കൊരു തെറ്റാവുകയും, അതിൻ്റെ പേരിൽ നിങ്ങൾ പിഴ ഒടുക്കേണ്ടി വരികയും ചെയ്യുമായിരുന്നു. (രഹസ്യമായി ഇസ്ലാമിൽ) വിശ്വസിച്ച മക്കയിലെ (മുസ്ലിംകളെ) പോലുള്ളവരെ അല്ലാഹു അവൻ്റെ കാരുണ്യത്തിൽ പ്രവേശിപ്പിക്കുന്നതിനത്രെ അത്. മക്കയിലെ വിശ്വാസികളും നിഷേധികളും വേറിട്ടു നിൽക്കുന്ന അവസ്ഥയിലായിരുന്നെങ്കിൽ, നാം അല്ലാഹുവിനെയും റസൂലിനെയും നിഷേധിച്ചവർക്ക് വേദനയേറിയ ശിക്ഷ തന്നെ നൽകുമായിരുന്നു.
അറബി ഖുർആൻ വിവരണങ്ങൾ:
اِذْ جَعَلَ الَّذِیْنَ كَفَرُوْا فِیْ قُلُوْبِهِمُ الْحَمِیَّةَ حَمِیَّةَ الْجَاهِلِیَّةِ فَاَنْزَلَ اللّٰهُ سَكِیْنَتَهٗ عَلٰی رَسُوْلِهٖ وَعَلَی الْمُؤْمِنِیْنَ وَاَلْزَمَهُمْ كَلِمَةَ التَّقْوٰی وَكَانُوْۤا اَحَقَّ بِهَا وَاَهْلَهَا ؕ— وَكَانَ اللّٰهُ بِكُلِّ شَیْءٍ عَلِیْمًا ۟۠
അല്ലാഹുവിലും അവൻ്റെ ദൂതരിലും അവിശ്വസിച്ചവർ തങ്ങളുടെ ഹൃദയങ്ങളിൽ (ഇസ്ലാമിന് മുൻപുള്ള അന്ധത നിറഞ്ഞ) ജാഹിലിയ്യതിൻ്റെ ധാർഷ്ട്യം - അവകാശങ്ങളെ പരിഗണിക്കാത്ത; കേവല ദേഹേഛകളിൽ നിലകൊള്ളുന്ന - ധാർഷ്ട്യം നിറച്ച സന്ദർഭം. ഹുദൈബിയ്യ സന്ധിയുടെ വർഷം, നബി -ﷺ- അവരുടെ നാട്ടിലേക്ക് പ്രവേശിക്കുന്നതിൽ അവർക്ക് കടുത്ത അഭിമാനക്ഷതം അനുഭവപ്പെട്ടു. അത് നബി -ﷺ- ക്ക് അവരുടെ മേൽ നൽകപ്പെട്ട വിജയമായി തോന്നിക്കപ്പെടുകയും, അവർ മോശമാക്കപ്പെടുകയും ചെയ്യുമോ എന്നവർ ഭയന്നു. അപ്പോൾ അല്ലാഹു അവൻ്റെ ദൂതൻ്റെ മേൽ അവനിൽ നിന്നുള്ള മനശാന്തി ഇറക്കി നൽകി. അതവൻ (ഇസ്ലാമിൽ) വിശ്വസിച്ചവർക്കും നൽകി. അതിനാൽ ബഹുദൈവാരാധകർ ചെയ്തു കൂട്ടിയതിലുള്ള ദേഷ്യത്തിൽ സമാനമായ പ്രതികരണം അവർ തിരിച്ചു നൽകിയില്ല. വിശ്വാസികൾക്ക് മേൽ അല്ലാഹു 'ലാ ഇലാഹ ഇല്ലല്ലാഹ്' (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല) എന്ന സത്യവചനം നിർബന്ധമാക്കുകയും, അതിന് യോജ്യമായ രൂപത്തിൽ നിലകൊള്ളാൻ അവരോട് കൽപ്പിക്കുകയും ചെയ്തു. അവർ അപ്രകാരം തന്നെ നിലകൊണ്ടു. മറ്റാരെക്കാളും (ഇസ്ലാമിൽ) വിശ്വസിച്ചവർ തന്നെയാണ് ആ വാക്കിന് ഏറ്റവും അർഹതയുള്ളവർ. അവരായിരുന്നു യോജ്യരായ അതിൻ്റെ വക്താക്കൾ; കാരണം അല്ലാഹു അവരുടെ ഹൃദയങ്ങളിലെ നന്മ അറിഞ്ഞിരിക്കുന്നു. അല്ലാഹു എല്ലാ കാര്യവും അറിയുന്നവനാകുന്നു. ഒന്നും തന്നെ അവന് അവ്യക്തമാവുകയില്ല.
അറബി ഖുർആൻ വിവരണങ്ങൾ:
لَقَدْ صَدَقَ اللّٰهُ رَسُوْلَهُ الرُّءْیَا بِالْحَقِّ ۚ— لَتَدْخُلُنَّ الْمَسْجِدَ الْحَرَامَ اِنْ شَآءَ اللّٰهُ اٰمِنِیْنَ ۙ— مُحَلِّقِیْنَ رُءُوْسَكُمْ وَمُقَصِّرِیْنَ ۙ— لَا تَخَافُوْنَ ؕ— فَعَلِمَ مَا لَمْ تَعْلَمُوْا فَجَعَلَ مِنْ دُوْنِ ذٰلِكَ فَتْحًا قَرِیْبًا ۟
അല്ലാഹു അവൻ്റെ ദൂതന് അവിടുത്തെ ഉറക്കത്തിൽ കാണിച്ചു കൊടുക്കുകയും, അവിടുന്ന് തൻ്റെ അനുചരന്മാരെ അറിയിക്കുകയും ചെയ്ത ആ സ്വപ്നം സത്യമായി സാക്ഷാൽക്കരിച്ചിരിക്കുന്നു. നബി -ﷺ- യും അവിടുത്തെ സ്വഹാബികളും അല്ലാഹുവിൻ്റെ ഭവനമായ കഅ്ബയിൽ ശത്രുക്കളിൽ നിന്ന് നിർഭയരായി പ്രവേശിക്കുകയും, അവരിൽ ചിലർ ഉംറ നിർവ്വഹിച്ചതിൻ്റെ അടയാളമായി മുടി വടിച്ചു കളഞ്ഞും, മുടി വെട്ടിയും പ്രവേശിക്കുമെന്നതായിരുന്നു ആ സ്വപ്നം. ഹേ (ഇസ്ലാമിൽ) വിശ്വസിച്ചവരേ! നിങ്ങൾക്ക് ഏറ്റവും അനുയോജ്യമാണെന്ന് നിങ്ങൾക്ക് അറിയാത്ത ചിലത് അല്ലാഹു അറിഞ്ഞിരിക്കുന്നു. അതിനാൽ പ്രസ്തുത സ്വപ്നം അതേ വർഷം തന്നെ സംഭവിക്കാതെ, സമീപസ്ഥമായ മറ്റൊരു വിജയമാണ് അവൻ നിങ്ങൾക്ക് നിശ്ചയിച്ചത്. നിങ്ങൾക്ക് അവൻ സൗകര്യപ്പെടുത്തി തന്ന ഹുദൈബിയ്യ സന്ധിയും, അതിനെ തുടർന്ന് ഹുദൈബിയ്യയിൽ പങ്കെടുത്ത വിശ്വാസികളുടെ കൈകളാൽ ലഭിച്ച ഖൈബർ യുദ്ധ വിജയവുമാണ് അത്.
അറബി ഖുർആൻ വിവരണങ്ങൾ:
هُوَ الَّذِیْۤ اَرْسَلَ رَسُوْلَهٗ بِالْهُدٰی وَدِیْنِ الْحَقِّ لِیُظْهِرَهٗ عَلَی الدِّیْنِ كُلِّهٖ ؕ— وَكَفٰی بِاللّٰهِ شَهِیْدًا ۟ؕ
അല്ലാഹു; അവനാകുന്നു തൻ്റെ ദൂതനായ മുഹമ്മദ് നബി -ﷺ- യെ വ്യക്തമായ വിശദീകരണവും സത്യ മതമായ ഇസ്ലാമും കൊണ്ട് അയച്ചത്. അതിന് എതിരായി നിലകൊള്ളുന്ന എല്ലാ മതങ്ങൾക്കും മുകളിൽ അതിനെ ഉന്നതമാക്കാൻ വേണ്ടി. അക്കാര്യം അല്ലാഹു സാക്ഷ്യം വഹിച്ചിരിക്കുന്നു. സാക്ഷിയായി അല്ലാഹു തന്നെ മതി.
അറബി ഖുർആൻ വിവരണങ്ങൾ:
ഈ പേജിലെ ആയത്തുകളിൽ നിന്നുള്ള പാഠങ്ങൾ:
• الصد عن سبيل الله جريمة يستحق أصحابها العذاب الأليم.
* അല്ലാഹുവിൻ്റെ മാർഗത്തിൽ നിന്ന് തടയുക എന്നത് വേദനാജനകമായ ശിക്ഷ അർഹിക്കുന്ന പാതകമാണ്.

• تدبير الله لمصالح عباده فوق مستوى علمهم المحدود.
* മനുഷ്യരുടെ പരിമിതമായ അറിവുകൾക്കപ്പുറം, അല്ലാഹു തൻ്റെ ദാസന്മാരുടെ നന്മക്ക് വേണ്ടി അവർക്ക് അനുയോജ്യമായത് ഒരുക്കുന്നു.

• التحذير من استبدال رابطة الدين بحمية النسب أو الجاهلية.
* അല്ലാഹുവിൻ്റെ മതമായ ഇസ്ലാമിൻ്റെ പേരിലുള്ളതല്ലാത്ത, തറവാടിൻ്റെയോ ജാഹിലിയ്യതിൻ്റെയോ പേരിലുള്ള എല്ലാ വിഭാഗീയതകളിൽ നിന്നുമുള്ള താക്കീത്.

• ظهور دين الإسلام سُنَّة ووعد إلهي تحقق.
* ഇസ്ലാമിൻ്റെ വിജയം അല്ലാഹുവിൻ്റെ നടപടിക്രമവും, തീർച്ചയായും സംഭവിക്കുക തന്നെ ചെയ്യുന്ന വാഗ്ദാനവുമാകുന്നു.

 
പരിഭാഷ അദ്ധ്യായം: ഫത്ഹ്
സൂറത്തുകളുടെ സൂചിക പേജ് നമ്പർ
 
വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ - വിവർത്തനങ്ങളുടെ സൂചിക

മർകസ് തഫ്സീർ പുറത്തിറക്കിയത്.

അടക്കുക