അലിഫ് ലാം റാ. മനുഷ്യരെ അവന്‍റെ രക്ഷിതാവിന്‍റെ അനുമതി പ്രകാരം ഇരുട്ടുകളില്‍ നിന്ന് വെളിച്ചത്തിലേക്ക് കൊണ്ടുവരുവാന്‍ വേണ്ടി നിനക്ക് അവതരിപ്പിച്ചു തന്നിട്ടുള്ള ഗ്രന്ഥമാണിത്. അതായത്, പ്രതാപിയും സ്തുത്യര്‍ഹനും ആയിട്ടുള്ളവന്‍റെ മാര്‍ഗത്തിലേക്ക്.
ആകാശങ്ങളിലുള്ളതിന്‍റെയും ഭൂമിയിലുള്ളതിന്‍റെയും ഉടമയായ അല്ലാഹുവിന്‍റെ (മാര്‍ഗത്തിലേക്ക് അവരെ കൊണ്ട് വരുവാന്‍ വേണ്ടി). സത്യനിഷേധികള്‍ക്ക് കഠിനമായ ശിക്ഷയാല്‍ മഹാനാശം തന്നെ.
യാതൊരു റസൂലിനെയും തന്‍റെ ജനതയ്ക്ക് (കാര്യങ്ങള്‍) വിശദീകരിച്ച് കൊടുക്കുന്നതിന് വേണ്ടി, അവരുടെ ഭാഷയില്‍ (സന്ദേശം നല്‍കിക്കൊണ്ട്) അല്ലാതെ നാം നിയോഗിച്ചിട്ടില്ല. അങ്ങനെ താന്‍ ഉദ്ദേശിക്കുന്നവരെ അല്ലാഹു ദുര്‍മാര്‍ഗത്തിലാക്കുകയും, താന്‍ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുകയും ചെയ്യുന്നു. അവനത്രെ പ്രതാപിയും യുക്തിമാനുമായിട്ടുള്ളവന്‍.
നിന്‍റെ ജനതയെ ഇരുട്ടുകളില്‍ നിന്ന് വെളിച്ചത്തിലേക്ക് കൊണ്ട് വരികയും, അല്ലാഹുവിന്‍റെ (അനുഗ്രഹത്തിന്‍റെ) നാളുകളെപ്പറ്റി അവരെ ഓര്‍മിപ്പിക്കുകയും ചെയ്യുക എന്ന് നിര്‍ദേശിച്ചുകൊണ്ട് മൂസായെ നമ്മുടെ ദൃഷ്ടാന്തങ്ങളുമായി നാം അയക്കുകയുണ്ടായി. തികഞ്ഞ ക്ഷമാശീലമുള്ളവരും ഏറെ നന്ദിയുള്ളവരുമായ എല്ലാവര്‍ക്കും അതില്‍ ദൃഷ്ടാന്തങ്ങളുണ്ട്. തീര്‍ച്ച.
മൂസാ തന്‍റെ ജനതയോട് പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാണ്.) നിങ്ങള്‍ക്ക് കടുത്ത ശിക്ഷ ആസ്വദിപ്പിക്കുകയും, നിങ്ങളുടെ ആണ്‍മക്കളെ അറുകൊലനടത്തുകയും, നിങ്ങളുടെ പെണ്ണുങ്ങളെ ജീവിക്കാന്‍ വിടുകയും ചെയ്തുകൊണ്ടിരുന്ന ഫിര്‍ഔനിന്‍റെ കൂട്ടരില്‍ നിന്ന് നിങ്ങളെ രക്ഷപ്പെടുത്തിയ സന്ദര്‍ഭത്തില്‍ അല്ലാഹു നിങ്ങള്‍ക്കു ചെയ്ത അനുഗ്രഹം നിങ്ങള്‍ ഓര്‍മ്മിക്കുക. അതില്‍ നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള വമ്പിച്ച പരീക്ഷണമുണ്ട്.
മൂസാ പറഞ്ഞു: നിങ്ങളും, ഭൂമിയിലുള്ള മുഴുവന്‍ പേരും കൂടി നന്ദികേട് കാണിക്കുന്ന പക്ഷം, തീര്‍ച്ചയായും അല്ലാഹു പരാശ്രയമുക്തനും, സ്തുത്യര്‍ഹനുമാണ് (എന്ന് നിങ്ങള്‍ അറിഞ്ഞു കൊള്ളുക.)(1)
1) മനുഷ്യവര്‍ഗ്ഗം ഒന്നടങ്കം അല്ലാഹുവെ ധിക്കരിച്ചാലും അല്ലാഹുവിന് ഒന്നും നഷ്ടപ്പെടാനില്ല. അവര്‍ക്കാണെങ്കിലോ അളവറ്റ നഷ്ടം നേരിടേണ്ടി വരികയും ചെയ്യും.
നൂഹിന്‍റെ ജനത, ആദ്, ഥമൂദ് സമുദായങ്ങള്‍, അവര്‍ക്ക് ശേഷമുള്ള അല്ലാഹുവിന്ന് മാത്രം (കൃത്യമായി) അറിയാവുന്ന ജനവിഭാഗങ്ങള്‍ എന്നിവരെല്ലാം അടങ്ങുന്ന നിങ്ങളുടെ മുന്‍ഗാമികളെപ്പറ്റിയുള്ള വര്‍ത്തമാനം നിങ്ങള്‍ക്ക് വന്നുകിട്ടിയില്ലേ? അവരുടെ റസൂലുകൾ വ്യക്തമായ തെളിവുകളും കൊണ്ട് അവരുടെ അടുക്കല്‍ ചെന്നു. അപ്പോള്‍ അവര്‍ തങ്ങളുടെ കൈകള്‍ വായിലേക്ക്(2) മടക്കിക്കൊണ്ട്, 'നിങ്ങള്‍ ഏതൊന്നുമായി അയക്കപ്പെട്ടിരിക്കുന്നുവോ, അതില്‍ ഞങ്ങള്‍ അവിശ്വസിച്ചിരിക്കുന്നു. തീര്‍ച്ചയായും നിങ്ങള്‍ ഞങ്ങളെ ഏതൊന്നിലേക്ക് ക്ഷണിക്കുന്നുവോ അതിനെപ്പറ്റി ഞങ്ങള്‍ അവിശ്വാസജനകമായ സംശയത്തിലാണ്' എന്ന് പറയുകയാണ് ചെയ്തത്
2) കോപം കൊണ്ട് കൈകടിച്ചു എന്നോ, പ്രതിഷേധം സൂചിപ്പിക്കാന്‍ വായ്‌പൊത്തി എന്നോ ആകാം വിവക്ഷ.
അവരിലേക്ക് നിയോഗിക്കപ്പെട്ട ദൂതന്‍മാര്‍ പറഞ്ഞു: ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടികര്‍ത്താവായ അല്ലാഹുവിന്‍റെ കാര്യത്തിലാണോ സംശയമുള്ളത്? നിങ്ങളുടെ പാപങ്ങള്‍ നിങ്ങള്‍ക്ക് പൊറുത്തുതരാനും, നിര്‍ണിതമായ ഒരു അവധി വരെ നിങ്ങള്‍ക്ക് സമയം നീട്ടിത്തരുവാനുമായി അവന്‍ നിങ്ങളെ ക്ഷണിക്കുന്നു. അവര്‍ (ജനങ്ങള്‍) പറഞ്ഞു: നിങ്ങള്‍ ഞങ്ങളെപ്പോലെയുള്ള മനുഷ്യര്‍ മാത്രമാകുന്നു. ഞങ്ങളുടെ പിതാക്കള്‍ ആരാധിച്ച് വരുന്നതില്‍ നിന്നു ഞങ്ങളെ പിന്തിരിപ്പിക്കാനാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നത്. അതിനാല്‍ വ്യക്തമായ വല്ല രേഖയും നിങ്ങള്‍ ഞങ്ങള്‍ക്ക് കൊണ്ട് വന്നുതരൂ.
അവരോട് അവരിലേക്കുള്ള (അല്ലാഹുവിൻ്റെ) ദൂതന്‍മാര്‍ പറഞ്ഞു: ഞങ്ങള്‍ നിങ്ങളെപ്പോലെയുള്ള മനുഷ്യന്‍മാര്‍ തന്നെയാണ്. എങ്കിലും, അല്ലാഹു തന്‍റെ ദാസന്‍മാരില്‍ നിന്ന് താന്‍ ഉദ്ദേശിക്കുന്നവർക്ക് (പ്രവാചകത്വമാകുന്ന) അനുഗ്രഹമേകുന്നു. അല്ലാഹുവിന്‍റെ അനുമതി പ്രകാരമല്ലാതെ നിങ്ങള്‍ക്ക് യാതൊരു തെളിവും കൊണ്ടുവന്ന് തരാന്‍ ഞങ്ങള്‍ക്കാവില്ല. അല്ലാഹുവിന്‍റെ മേലാണ് വിശ്വാസികള്‍ ഭരമേല്‍പിക്കേണ്ടത്.
അവിശ്വാസികള്‍ തങ്ങളിലേക്കുള്ള (അല്ലാഹുവിൻ്റെ) ദൂതന്‍മാരോട് പറഞ്ഞു: ഞങ്ങളുടെ നാട്ടില്‍ നിന്ന് നിങ്ങളെ ഞങ്ങള്‍ പുറത്താക്കുക തന്നെ ചെയ്യും. അല്ലാത്ത പക്ഷം നിങ്ങള്‍ ഞങ്ങളുടെ മതത്തിലേക്ക് തിരിച്ചുവന്നേ തീരു. അപ്പോള്‍ അവര്‍ക്ക് (ആ ദൂതന്‍മാര്‍ക്ക്) അവരുടെ രക്ഷിതാവ് സന്ദേശം നല്‍കി. തീര്‍ച്ചയായും നാം ആ അക്രമികളെ നശിപ്പിക്കുക തന്നെ ചെയ്യും.
അതവന്‍ കീഴ്പോട്ടിറക്കാന്‍ ശ്രമിക്കും. അത് തൊണ്ടയില്‍ നിന്ന് ഇറക്കാന്‍ അവന്ന് കഴിഞ്ഞേക്കുകയില്ല. എല്ലായിടത്തു നിന്നും മരണം അവന്‍റെ നേര്‍ക്ക് വരും. എന്നാല്‍ അവന്‍ മരണപ്പെടുകയില്ല താനും. അതിന്‍റെ പിന്നാലെ തന്നെയുണ്ട് കഠോരമായ വേറെയും ശിക്ഷ.
തങ്ങളുടെ രക്ഷിതാവിനെ നിഷേധിച്ചവരെ, അവരുടെ കര്‍മ്മങ്ങളെ ഉപമിക്കാവുന്നത് കൊടുങ്കാറ്റുള്ള ഒരു ദിവസം കനത്ത കാറ്റടിച്ചു പാറിപ്പോയ വെണ്ണീറിനോടാകുന്നു. അവര്‍ പ്രവര്‍ത്തിച്ചുണ്ടാക്കിയതില്‍ നിന്ന് യാതൊന്നും അനുഭവിക്കാന്‍ അവര്‍ക്ക് സാധിക്കുന്നതല്ല.(5) അത് തന്നെയാണ് വിദൂരമായ മാര്‍ഗഭ്രംശം.
ആകാശങ്ങളും ഭൂമിയും അല്ലാഹു ശരിയായ ക്രമത്തിലാണ് സൃഷ്ടിച്ചിട്ടുള്ളതെന്ന് നീ കണ്ടില്ലേ? അവന്‍ ഉദ്ദേശിക്കുന്ന പക്ഷം നിങ്ങളെ അവന്‍ നീക്കം ചെയ്യുകയും, ഒരു പുതിയ സൃഷ്ടിയെ അവന്‍ കൊണ്ട് വരികയും ചെയ്യുന്നതാണ്.
അവരെല്ലാവരും അല്ലാഹുവിങ്കലേക്ക് പുറപ്പെട്ട് വന്നിരിക്കുകയാണ്.(6) അപ്പോഴതാ ദുര്‍ബലര്‍ അഹങ്കരിച്ചിരുന്നവരോട് പറയുന്നു: തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളുടെ അനുയായികളായിരുന്നല്ലോ. ആകയാല്‍ അല്ലാഹുവിന്‍റെ ശിക്ഷയില്‍ നിന്ന് അല്‍പമെങ്കിലും നിങ്ങള്‍ ഞങ്ങളില്‍ നിന്ന് ഒഴിവാക്കിത്തരുമോ? അവര്‍ (അഹങ്കരിച്ചിരുന്നവര്‍) പറയും: അല്ലാഹു ഞങ്ങളെ നേര്‍വഴിയിലാക്കിയിരുന്നെങ്കില്‍ ഞങ്ങള്‍ നിങ്ങളെയും നേര്‍വഴിയിലാക്കുമായിരുന്നു. നമ്മെ സംബന്ധിച്ചേടത്തോളം നാം ക്ഷമകേട് കാണിച്ചാലും ക്ഷമിച്ചാലും ഒരു പോലെയാകുന്നു. നമുക്ക് യാതൊരു രക്ഷാമാര്‍ഗവുമില്ല.
6) പരലോകത്ത് വരാനിരിക്കുന്ന ഒരു രംഗം മനുഷ്യരുടെ ചിന്ത തട്ടിയുണര്‍ത്താന്‍ വേണ്ടി അല്ലാഹു ഇവിടെ അവതരിപ്പിച്ചിരിക്കുകയാണ്.
കാര്യം തീരുമാനിക്കപ്പെട്ട് കഴിഞ്ഞാല്‍ പിശാച് പറയുന്നതാണ്.(7) തീര്‍ച്ചയായും അല്ലാഹു നിങ്ങളോട് ഒരു വാഗ്ദാനം ചെയ്തു. സത്യവാഗ്ദാനം. ഞാനും നിങ്ങളോട് വാഗ്ദാനം ചെയ്തു. എന്നാല്‍ നിങ്ങളോട് (ഞാന്‍ ചെയ്ത വാഗ്ദാനം) ഞാന്‍ ലംഘിച്ചു. എനിക്ക് നിങ്ങളുടെ മേല്‍ യാതൊരു അധികാരവും ഉണ്ടായിരുന്നില്ല. ഞാന്‍ നിങ്ങളെ ക്ഷണിച്ചു. അപ്പോള്‍ നിങ്ങളെനിക്ക് ഉത്തരം നല്‍കി എന്ന് മാത്രം. ആകയാല്‍, നിങ്ങള്‍ എന്നെ കുറ്റപ്പെടുത്തേണ്ട, നിങ്ങള്‍ നിങ്ങളെത്തന്നെ കുറ്റപ്പെടുത്തുക. എനിക്ക് നിങ്ങളെ സഹായിക്കാനാവില്ല. നിങ്ങള്‍ക്ക് എന്നെയും സഹായിക്കാനാവില്ല. മുമ്പ് നിങ്ങള്‍ എന്നെ പങ്കാളിയാക്കിയിരുന്നതിനെ ഞാനിതാ നിഷേധിച്ചിരിക്കുന്നു.(8) തീര്‍ച്ചയായും അക്രമകാരികളാരോ അവര്‍ക്കാണ് വേദനയേറിയ ശിക്ഷയുള്ളത്.
7) പരലോകത്തെ മറ്റൊരു രംഗമാണ് അല്ലാഹു ഇവിടെ അവതരിപ്പിക്കുന്നത്. പിശാചിന്നും കൂട്ടാളികള്‍ക്കും നരകം വിധിക്കപ്പെട്ടു കഴിഞ്ഞതിനു ശേഷം, തന്റെ ദുര്‍ബോധനങ്ങള്‍ക്ക് വഴങ്ങി നരകാവകാശികളായിത്തീര്‍ന്നവരോട് പിശാച് നടത്തുന്ന പ്രസ്താവന അല്ലാഹു ഉദ്ധരിക്കുന്നു.
8) പിശാചിനെ അല്ലാഹുവിന് പങ്കാളിയാക്കുക എന്നത് രണ്ട് വിധത്തിലാകാം. ഒന്ന്, പിശാചിനെത്തന്നെ ആരാധിക്കുക. മറഞ്ഞ വഴിയിലൂടെ സഹായം ലഭിക്കാന്‍ വേണ്ടി പിശാചിനെ സേവിക്കുന്ന ധാരാളമാളുകള്‍ എക്കാലത്തും ഉണ്ടായിട്ടുണ്ട്. കേരളത്തിലെ ചാത്തന്‍ സേവാമഠങ്ങള്‍ പ്രസിദ്ധമാണല്ലോ. മാത്രമല്ല, അല്ലാഹുവല്ലാത്ത ആരെ ആരാധിച്ചാലും അത് പിശാചിനുള്ള ആരാധനയാണ്. രണ്ട്, പിശാചിൻ്റെ പ്രേരണയ്ക്ക് വഴങ്ങി വിവിധ വ്യക്തികളെയും ശക്തികളെയും ആരാധിക്കുക.
വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ പ്രവേശിപ്പിക്കപ്പെടുന്നതാണ്. അവരുടെ രക്ഷിതാവിന്‍റെ അനുമതിപ്രകാരം അവരതില്‍ നിത്യവാസികളായിരിക്കും. അവര്‍ക്ക് അവിടെയുള്ള അഭിവാദ്യം സലാം ആയിരിക്കും.
അല്ലാഹു നല്ല വചനത്തിന് എങ്ങനെയാണ് ഉപമ നല്‍കിയിരിക്കുന്നത് എന്ന് നീ കണ്ടില്ലേ? (അത്) ഒരു നല്ല മരം പോലെയാകുന്നു. അതിന്‍റെ മുരട് ഉറച്ചുനില്‍ക്കുന്നതും അതിന്‍റെ ശാഖകള്‍ ആകാശത്തേക്ക് ഉയര്‍ന്ന് നില്‍ക്കുന്നതുമാകുന്നു.
അതിന്‍റെ രക്ഷിതാവിന്‍റെ ഉത്തരവനുസരിച്ച് അത് എല്ലാ കാലത്തും അതിന്‍റെ ഫലം നല്‍കിക്കൊണ്ടിരിക്കും.(9) മനുഷ്യര്‍ക്ക് അവര്‍ ആലോചിച്ച് മനസ്സിലാക്കുന്നതിനായി അല്ലാഹു ഉപമകള്‍ വിവരിച്ചുകൊടുക്കുന്നു.
9) ഒരു കാറ്റിലും മറിഞ്ഞുവീഴാത്ത, ശാഖകള്‍ ഉയര്‍ന്ന് പടര്‍ന്നു നില്‍ക്കുന്ന, എല്ലാ കാലാവസ്ഥയിലും പഴങ്ങള്‍ നല്‍കുന്ന ഒരു നല്ല മരം പോരെ സുപ്രതിഷ്ഠിതവും, ഫലദായകവുമത്രെ സത്യസാക്ഷ്യം ഉദ്‌ഘോഷിക്കുന്ന സദ്‌വചനം.
ദുഷിച്ച വചനത്തെ ഉപമിക്കാവുന്നതാകട്ടെ, ഒരു ദുഷിച്ച വൃക്ഷത്തോടാകുന്നു. ഭൂതലത്തില്‍ നിന്ന് അത് പിഴുതെടുക്കപ്പെട്ടിരിക്കുന്നു. അതിന്ന് യാതൊരു നിലനില്‍പുമില്ല.
ഐഹികജീവിതത്തിലും, പരലോകത്തും സുസ്ഥിരമായ വാക്കുകൊണ്ട് സത്യവിശ്വാസികളെ അല്ലാഹു ഉറപ്പിച്ച് നിര്‍ത്തുന്നതാണ്.(10) അക്രമകാരികളെ അല്ലാഹു ദുര്‍മാര്‍ഗത്തിലാക്കുകയും ചെയ്യും. അല്ലാഹു താന്‍ ഉദ്ദേശിക്കുന്നതെന്തോ അത് പ്രവര്‍ത്തിക്കുന്നു
10) ഒരു പരീക്ഷണത്തിലും പതറാതെ അചഞ്ചലരായി വര്‍ത്തിക്കാന്‍ സത്യവിശ്വാസികളെ അല്ലാഹു സഹായിക്കുമെന്ന് വിവക്ഷ. മരണസമയത്തും ഖബ്‌റിലെ ചോദ്യവേളയിലുമെല്ലാം അല്ലാഹു അവർക്ക് സ്ഥൈര്യം നൽകും.
അല്ലാഹുവിന്‍റെ അനുഗ്രഹത്തിന് (നന്ദികാണിക്കേണ്ടതിനു) പകരം നന്ദികേട് കാണിക്കുകയും, തങ്ങളുടെ ജനതയെ നാശത്തിന്‍റെ ഭവനത്തില്‍ ഇറക്കിക്കളയുകയും ചെയ്ത ഒരു വിഭാഗത്തെ(11) നീ കണ്ടില്ലേ?
11) അല്ലാഹു അവൻ്റെ അനുഗ്രഹമായിക്കൊണ്ട് മുഹമ്മദ് നബിﷺയെ നിയോഗിച്ചപ്പോൾ മക്കാ മുശ്‌രിക്കുകൾ ആ അനുഗ്രഹത്തിന് നന്ദികേട് കാണിക്കുകയും നിഷേധിക്കുകയുമാണ് ചെയ്തത്. അല്ലാഹു നല്‍കിയ സമൃദ്ധിക്കും, ഐശ്വര്യത്തിനും അവനോട് നന്ദി കാണിക്കുന്നതിനു പകരം ഏതെങ്കിലും ദേവീദേവന്മാര്‍ക്കോ പുണ്യാത്മാക്കള്‍ക്കോ നേര്‍ച്ച വഴിപാടുകള്‍ അര്‍പ്പിക്കാന്‍ പ്രേരിപ്പിക്കുന്നവര്‍ ജനങ്ങളെ നരകത്തിലിറക്കുകയാണ് ചെയ്യുന്നത്.
അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് (ജനങ്ങളെ) തെറ്റിച്ചുകളയാന്‍ വേണ്ടി അവര്‍ അവന്ന് ചില സമന്‍മാരെ ഉണ്ടാക്കി വെച്ചിരിക്കുന്നു. പറയുക: നിങ്ങള്‍ സുഖിച്ചുകൊള്ളൂ. നിങ്ങളുടെ മടക്കം നരകത്തിലേക്ക് തന്നെയാണ്.
വിശ്വാസികളായ എന്‍റെ ദാസന്‍മാരോട് നീ പറയുക: അവര്‍ നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, നാം അവര്‍ക്കു നല്‍കിയ ധനത്തില്‍ നിന്ന്, യാതൊരു ക്രയവിക്രയവും ചങ്ങാത്തവും നടക്കാത്ത ഒരു ദിവസം വരുന്നതിന് മുമ്പായി രഹസ്യമായും പരസ്യമായും അവര്‍ (നല്ല വഴിയില്‍) ചെലവഴിക്കുകയും ചെയ്തുകൊള്ളട്ടെ.
അല്ലാഹുവത്രെ ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുകയും, ആകാശത്തു നിന്ന് വെള്ളം ഇറക്കുകയും എന്നിട്ട് അതുമൂലം നിങ്ങളുടെ ഉപജീവനത്തിനായി കായ്കനികള്‍ ഉല്‍പാദിപ്പിക്കുകയും ചെയ്തത്. അവന്‍റെ കല്‍പന(നിയമ) പ്രകാരം കടലിലൂടെ, സഞ്ചരിക്കുന്നതിനായി അവന്‍ നിങ്ങള്‍ക്കു കപ്പലുകള്‍ വിധേയമാക്കിത്തരികയും ചെയ്തിരിക്കുന്നു.(12) നദികളെയും അവന്‍ നിങ്ങള്‍ക്ക് വിധേയമാക്കിത്തന്നിരിക്കുന്നു.
12) കപ്പലുകള്‍ വെളളത്തില്‍ പൊങ്ങിക്കിടക്കുന്നതും, പായ്ക്കപ്പലുകള്‍ കാറ്റിൻ്റെ സഹായത്തോടെ നീങ്ങുന്നതുമൊക്കെ അല്ലാഹു നിശ്ചയിച്ച പ്രകൃതി നിയമമനുസരിച്ചു തന്നെയാകുന്നു.
സൂര്യനെയും ചന്ദ്രനെയും പതിവായി സഞ്ചരിച്ച് കൊണ്ടിരിക്കുന്ന നിലയില്‍ അവന്‍ നിങ്ങള്‍ക്കു വിധേയമാക്കി തന്നിരിക്കുന്നു. രാവിനെയും പകലിനെയും അവന്‍ നിങ്ങള്‍ക്കു വിധേയമാക്കിത്തന്നിരിക്കുന്നു.
നിങ്ങളവനോട് ആവശ്യപ്പെട്ടതില്‍ നിന്നെല്ലാം നിങ്ങള്‍ക്ക് അവന്‍ നല്‍കിയിരിക്കുന്നു. അല്ലാഹുവിന്‍റെ അനുഗ്രഹം നിങ്ങള്‍ എണ്ണുകയാണെങ്കില്‍ നിങ്ങള്‍ക്കതിന്‍റെ കണക്കെടുക്കാനാവില്ല. തീര്‍ച്ചയായും മനുഷ്യന്‍ മഹാ അക്രമകാരിയും വളരെ നന്ദികെട്ടവനും തന്നെ.
ഇബ്രാഹീം ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു.) എന്‍റെ രക്ഷിതാവേ, നീ ഈ നാടിനെ (മക്കയെ) നിര്‍ഭയത്വമുള്ളതാക്കുകയും, എന്നെയും എന്‍റെ മക്കളെയും ഞങ്ങള്‍ വിഗ്രഹങ്ങള്‍ക്ക് ആരാധന നടത്തുന്നതില്‍ നിന്ന് അകറ്റി നിര്‍ത്തുകയും ചെയ്യേണമേ.
എന്‍റെ രക്ഷിതാവേ! തീര്‍ച്ചയായും അവ (വിഗ്രഹങ്ങള്‍) മനുഷ്യരില്‍ നിന്ന് വളരെപ്പേരെ പിഴപ്പിച്ച് കളഞ്ഞിരിക്കുന്നു. അതിനാല്‍ എന്നെ ആര്‍ പിന്തുടര്‍ന്നുവോ അവന്‍ എന്‍റെ കൂട്ടത്തില്‍ പെട്ടവനാകുന്നു. ആരെങ്കിലും എന്നോട് അനുസരണക്കേട് കാണിക്കുന്ന പക്ഷം തീര്‍ച്ചയായും നീ ഏറെ പൊറുക്കുന്നവനും കരുണ ചൊരിയുന്നവനുമാണ്.
ഞങ്ങളുടെ രക്ഷിതാവേ, എന്‍റെ സന്തതികളില്‍ നിന്ന് (ചിലരെ) കൃഷിയൊന്നും ഇല്ലാത്ത ഒരു താഴ്‌വരയില്‍, നിന്‍റെ പവിത്രമായ ഭവനത്തിന്‍റെ (കഅ്ബയുടെ) അടുത്ത് ഞാനിതാ താമസിപ്പിച്ചിരിക്കുന്നു.(13) ഞങ്ങളുടെ രക്ഷിതാവേ, അവര്‍ നമസ്കാരം മുറപ്രകാരം നിര്‍വഹിക്കുവാന്‍ വേണ്ടിയാണ് (അങ്ങനെ ചെയ്തത്.) അതിനാല്‍ മനുഷ്യരില്‍ ചിലരുടെ മനസ്സുകളെ നീ അവരോട് ചായ്‌വുള്ളതാക്കുകയും, അവര്‍ക്ക് കായ്കനികളില്‍ നിന്ന് നീ ഉപജീവനം നല്‍കുകയും ചെയ്യേണമേ.(14) അവര്‍ നന്ദികാണിച്ചെന്ന് വരാം.
13) ഇബ്രാഹീം നബി(عليه السلام) പുത്രന്മാരില്‍ ഒരാളായ ഇസ്മാഈലി(عليه السلام)നെ മക്കയില്‍ താമസിപ്പിച്ചു. അദ്ദേഹത്തിന്‍റെ സന്തതിപരമ്പര കഅ്ബയുടെ പരിസരത്ത് അല്ലാഹുവിനെക്കുറിച്ച് ബോധമുളളവരായി വളരുകയായിരുന്നു ലക്ഷ്യം. കൃഷിയോഗ്യമല്ലാത്ത മക്കയില്‍ കായ്കനികള്‍ ലഭ്യമാകാനുളള സാധ്യത വളരെ വിരളമായിരുന്നു.
14) ഇബ്രാഹീം നബി(عليه السلام)യുടെ പ്രാര്‍ത്ഥന അല്ലാഹു സ്വീകരിച്ചു. പില്‍ക്കാലത്ത് മക്ക കായ്കനികള്‍ ധാരാളമായി എത്തിച്ചേരുന്ന ഒരു ജനവാസ കേന്ദ്രമായിത്തീര്‍ന്നു.
ഞങ്ങളുടെ രക്ഷിതാവേ, തീര്‍ച്ചയായും ഞങ്ങള്‍ മറച്ചുവെക്കുന്നതും പരസ്യമാക്കുന്നതും എല്ലാം നീ അറിയും. ഭൂമിയിലുള്ളതോ ആകാശത്തുള്ളതോ ആയ യാതൊരു വസ്തുവും അല്ലാഹുവിന് അവ്യക്തമാകുകയില്ല.
എന്‍റെ രക്ഷിതാവേ, എന്നെ നീ നമസ്കാരം മുറപ്രകാരം നിര്‍വഹിക്കുന്നവനാക്കേണമേ. എന്‍റെ സന്തതികളില്‍ പെട്ടവരെയും (അപ്രകാരം ആക്കേണമേ) ഞങ്ങളുടെ രക്ഷിതാവേ, എന്‍റെ പ്രാര്‍ത്ഥന നീ സ്വീകരിക്കുകയും ചെയ്യേണമേ.
അക്രമികള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനെപ്പറ്റി അല്ലാഹു അശ്രദ്ധനാണെന്ന് നീ വിചാരിച്ച് പോകരുത്. കണ്ണുകള്‍ തള്ളിപ്പോകുന്ന ഒരു (ഭയാനകമായ) ദിവസം വരെ അവര്‍ക്കു സമയം നീട്ടികൊടുക്കുക മാത്രമാണ് ചെയ്യുന്നത്.
(അന്ന്) ബദ്ധപ്പെട്ട് ഓടിക്കൊണ്ടും, തലകള്‍ ഉയര്‍ത്തിപ്പിടിച്ച് കൊണ്ടും (അവര്‍ വരും.) അവരുടെ ദൃഷ്ടികള്‍ അവരിലേക്ക് തിരിച്ചുവരികയില്ല. അവരുടെ മനസ്സുകള്‍ ശൂന്യവുമായിരിക്കും.
മനുഷ്യര്‍ക്ക് ശിക്ഷ വന്നെത്തുന്ന ഒരു ദിവസത്തെപ്പറ്റി നീ അവര്‍ക്ക് താക്കീത് നല്‍കുക. അക്രമം ചെയ്തവര്‍ അപ്പോള്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, അടുത്ത ഒരു അവധി വരെ ഞങ്ങള്‍ക്ക് നീ സമയം നീട്ടിത്തരേണമേ. എങ്കില്‍ നിന്‍റെ വിളിക്ക് ഞങ്ങള്‍ ഉത്തരം നല്‍കുകയും, ദൂതന്‍മാരെ ഞങ്ങള്‍ പിന്തുടരുകയും ചെയ്തുകൊള്ളാം. നിങ്ങള്‍ക്കു (മറ്റൊരു ലോകത്തേക്കു) മാറേണ്ടിവരില്ലെന്ന് നിങ്ങള്‍ സത്യം ചെയ്തു പറഞ്ഞിട്ടുണ്ടായിരുന്നില്ലേ? (എന്നായിരിക്കും അവര്‍ക്ക് നല്‍കപ്പെടുന്ന മറുപടി.)
അവരവര്‍ക്കു തന്നെ ദ്രോഹം വരുത്തിവെച്ച ഒരു ജനവിഭാഗത്തിന്‍റെ വാസസ്ഥലങ്ങളിലാണ് നിങ്ങള്‍ താമസിച്ചിരുന്നത്. അവരെക്കൊണ്ട് നാം എങ്ങനെയാണ് പ്രവര്‍ത്തിച്ചതെന്ന് നിങ്ങള്‍ക്ക് വ്യക്തമായി മനസ്സിലായിട്ടുമുണ്ട്. നിങ്ങള്‍ക്ക് നാം ഉപമകള്‍ വിവരിച്ചുതന്നിട്ടുമുണ്ട്.
അവരാല്‍ കഴിയുന്ന തന്ത്രം അവര്‍ പ്രയോഗിച്ചിട്ടുണ്ട്. അല്ലാഹുവിങ്കലുണ്ട് അവര്‍ക്കായുള്ള തന്ത്രം. അവരുടെ തന്ത്രം(15) നിമിത്തം പര്‍വ്വതങ്ങള്‍ നീങ്ങിപ്പോകാന്‍ മാത്രമൊന്നുമായിട്ടില്ല
15) 'മക്‌റുഹും' എന്ന വാക്കിന് അവരുടെ തന്ത്രം എന്നും, അവരോടുളള തന്ത്രം എന്നും അര്‍ത്ഥമാകാവുന്നതാണ്. അവര്‍ക്കായുളള അല്ലാഹുവിൻ്റെ തന്ത്രം കൊണ്ടുളള വിവക്ഷ അവര്‍ക്കുവേണ്ടി തന്ത്രപൂര്‍വ്വം ഒരുക്കിയിട്ടുളള ശിക്ഷ തന്നെ. അവരുടെ തന്ത്രം എന്ന് ഭാഷാന്തരപ്പെടുത്തുമ്പോള്‍ തന്ത്രത്തിൻ്റെ ഫലമായിരിക്കും വിവക്ഷിക്കപ്പെടുന്നത്.
ആകയാല്‍ അല്ലാഹു തന്‍റെ ദൂതന്‍മാരോട് ചെയ്ത വാഗ്ദാനം ലംഘിക്കുന്നവനാണെന്ന് നീ വിചാരിച്ച് പോകരുത്. തീര്‍ച്ചയായും അല്ലാഹു പ്രതാപിയും ശിക്ഷാനടപടി കൈക്കൊള്ളുന്നവനുമാണ്;
ഭൂമി ഈ ഭൂമിയല്ലാത്ത മറ്റൊന്നായും, അത് പോലെ ആകാശങ്ങളും മാറ്റപ്പെടുകയും(16) ഏകനും സര്‍വ്വാധികാരിയുമായ അല്ലാഹുവിങ്കലേക്ക് അവരെല്ലാം പുറപ്പെട്ട് വരുകയും ചെയ്യുന്ന ദിവസം.
16) പരലോകം നിലവില്‍ വരുമ്പോള്‍ ആകാശഭൂമികളുടെ ഘടനയൊക്കെ മാറുമെന്ന് നമുക്ക് ഇതില്‍ നിന്ന് മനസ്സിലാക്കാം.
ഓരോ വ്യക്തിക്കും താന്‍ സമ്പാദിച്ചുണ്ടാക്കിയതിനുള്ള പ്രതിഫലം അല്ലാഹു നല്‍കുവാന്‍ വേണ്ടിയത്രെ അത്. തീര്‍ച്ചയായും അല്ലാഹു അതിവേഗത്തില്‍ കണക്ക് നോക്കുന്നവനത്രെ.
ഇത് മനുഷ്യര്‍ക്ക് വേണ്ടി വ്യക്തമായ ഒരു ഉല്‍ബോധനമാകുന്നു. ഇതു മുഖേന അവര്‍ക്കു മുന്നറിയിപ്പ് നല്‍കപ്പെടേണ്ടതിനും, അവന്‍ ഒരേയൊരു ആരാധ്യന്‍ മാത്രമാണെന്ന് അവര്‍ മനസ്സിലാക്കുന്നതിനും ബുദ്ധിമാന്‍മാര്‍ ആലോചിച്ച് മനസ്സിലാക്കുന്നതിനും വേണ്ടിയുള്ള (ഉല്‍ബോധനം).
Prijevod značenja Plemenitog Kur'ana na malajalamski jezik - preveo Abdulhamid Hajder el-Medeni, izdato i štampano od strane Kompleksa kralja Fehda za štampanje Plemenitog Kur'ana u Medini, 1417. godine po Hidžri.
Contents of the translations can be downloaded and re-published, with the following terms and conditions:
1. No modification, addition, or deletion of the content.
2. Clearly referring to the publisher and the source (QuranEnc.com).
3. Mentioning the version number when re-publishing the translation.
4. Keeping the transcript information inside the document.
5. Notifying the source (QuranEnc.com) of any note on the translation.
6. Updating the translation according to the latest version issued from the source (QuranEnc.com).
7. Inappropriate advertisements must not be included when displaying translations of the meanings of the Noble Quran.
Rezultati pretraživanja:
API specs
Endpoints:
Sura translation
GET / https://quranenc.com/api/v1/translation/sura/{translation_key}/{sura_number} description: get the specified translation (by its translation_key) for the speicified sura (by its number)
Parameters: translation_key: (the key of the currently selected translation) sura_number: [1-114] (Sura number in the mosshaf which should be between 1 and 114)
Returns:
json object containing array of objects, each object contains the "sura", "aya", "translation" and "footnotes".
GET / https://quranenc.com/api/v1/translation/aya/{translation_key}/{sura_number}/{aya_number} description: get the specified translation (by its translation_key) for the speicified aya (by its number sura_number and aya_number)
Parameters: translation_key: (the key of the currently selected translation) sura_number: [1-114] (Sura number in the mosshaf which should be between 1 and 114) aya_number: [1-...] (Aya number in the sura)
Returns:
json object containing the "sura", "aya", "translation" and "footnotes".