നീ വാക്ക് ഉച്ചത്തിലാക്കുകയാണെങ്കില്‍ തീര്‍ച്ചയായും അവന്‍ (അല്ലാഹു) രഹസ്യമായതും, അത്യന്തം നിഗൂഢമായതും അറിയും (എന്ന് നീ മനസ്സിലാക്കുക).(1)
1) അല്ലാഹുവെ കേള്‍പ്പിക്കാന്‍ വേണ്ടി പ്രാര്‍ത്ഥനയോ ഖുര്‍ആന്‍ പാരായണമോ ഉച്ചത്തിലാക്കേണ്ടതില്ല. കാരണം, അല്ലാഹു ഏതു ശബ്ദവും കേള്‍ക്കുന്നവനാണ്. എന്നാല്‍ ശബ്ദമുയര്‍ത്തി ചൊല്ലാന്‍ അല്ലാഹു നിര്‍ദേശിച്ച കാര്യങ്ങള്‍ അങ്ങനെ തന്നെ ചൊല്ലണം. അതില്‍ നമുക്കറിയാത്ത എന്തെങ്കിലും യുക്തി അടങ്ങിയിട്ടുണ്ടാകും.
അതായത് അദ്ദേഹം ഒരു തീ കണ്ട സന്ദര്‍ഭം.(2) അപ്പോള്‍ തന്‍റെ കുടുംബത്തോട് അദ്ദേഹം പറഞ്ഞു: നിങ്ങള്‍ നില്‍ക്കൂ; ഞാന്‍ ഒരു തീ കണ്ടിരിക്കുന്നു. ഞാന്‍ അതില്‍ നിന്ന് കത്തിച്ചെടുത്തുകൊണ്ട് നിങ്ങളുടെ അടുത്ത് വന്നേക്കാം. അല്ലെങ്കില്‍ തീയുടെ അടുത്ത് വല്ല വഴികാട്ടിയെയും ഞാന്‍ കണ്ടേക്കും.
2) മദ്‌യനില്‍ കുറെകാലം കഴിച്ചുകൂട്ടിയശേഷം സ്വദേശമായ ഈജിപ്തിലേക്ക് മടങ്ങുന്ന വഴിയില്‍ സീനാ താഴ്‌വരയില്‍ വെച്ചാണ് മൂസാ നബി (عليه السلام) തീ കണ്ടത്.
തീര്‍ച്ചയായും ഞാനാകുന്നു അല്ലാഹു. ഞാനല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. അതിനാല്‍ എന്നെ നീ ആരാധിക്കുകയും, എന്നെ ഓര്‍മിക്കുന്നതിനായി നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും ചെയ്യുക.
തീര്‍ച്ചയായും അന്ത്യസമയം വരികതന്നെ ചെയ്യും. ഓരോ വ്യക്തിക്കും താന്‍ പ്രയത്നിക്കുന്നതിനനുസൃതമായി പ്രതിഫലം നല്‍കപ്പെടാന്‍ വേണ്ടി ഞാനത് ഗോപ്യമാക്കി വെച്ചേക്കാം.
ആകയാല്‍ അതില്‍ (അന്ത്യസമയത്തില്‍) വിശ്വസിക്കാതിരിക്കുകയും തന്നിഷ്ടത്തെ പിന്‍പറ്റുകയും ചെയ്തവര്‍ അതില്‍ (വിശ്വസിക്കുന്നതില്‍) നിന്ന് നിന്നെ തടയാതിരിക്കട്ടെ. അങ്ങനെ സംഭവിക്കുന്ന പക്ഷം നീയും നാശമടയുന്നതാണ്.
അദ്ദേഹം പറഞ്ഞു: ഇത് എന്‍റെ വടിയാകുന്നു. ഞാനതിന്‍മേല്‍ ഊന്നി നില്‍ക്കുകയും, അത് കൊണ്ട് എന്‍റെ ആടുകള്‍ക്ക് (ഇല) അടിച്ചുവീഴ്ത്തിക്കൊടുക്കുകയും ചെയ്യുന്നു. അതുകൊണ്ട് എനിക്ക് വേറെയും ഉപയോഗങ്ങളുണ്ട്.
നീ അവനെ (കുട്ടിയെ) പെട്ടിയിലാക്കിയിട്ട് നദിയിലിട്ടേക്കുക. നദി ആ പെട്ടി കരയില്‍ തള്ളിക്കൊള്ളും. എനിക്കും അവന്നും ശത്രുവായിട്ടുള്ള ഒരാള്‍ അവനെ എടുത്തുകൊള്ളും.(6) (ഹേ; മൂസാ,) എന്‍റെ പക്കല്‍ നിന്നുള്ള സ്നേഹം നിന്‍റെ മേല്‍ ഞാന്‍ ഇട്ടുതരികയും ചെയ്തു. എന്‍റെ നോട്ടത്തിലായിക്കൊണ്ട് നീ വളര്‍ത്തിയെടുക്കപ്പെടാന്‍ വേണ്ടിയും കൂടിയാണത്.
6) ഇസ്രായീല്‍ വംശത്തില്‍ പിറക്കുന്ന ആണ്‍കുഞ്ഞുങ്ങളെ മുഴുവന്‍ കൊന്നുകളയാന്‍ ഫിര്‍ഔന്‍ (ഫറോവ ചക്രവര്‍ത്തി) ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇസ്രായീല്യരുടെ വിമോചകനും, അല്ലാഹുവിന്‍റെ പ്രവാചകനുമായ മൂസാ നബി(عليه السلام) ശത്രുവിന്‍റെ കൊട്ടാരത്തില്‍ വെച്ചുതന്നെ വളര്‍ത്തിയെടുക്കപ്പെടണമെന്നായിരുന്നു അല്ലാഹുവിന്‍റെ വിധി. അതു നടപ്പിലാക്കാന്‍ വേണ്ടി അല്ലാഹു സ്വീകരിച്ച തന്ത്രമത്രെ മൂസാ നബി(عليه السلام) ജനിച്ച ഉടനെ ഒരു പെട്ടിയിലാക്കി നദിയിലെറിയാന്‍ മാതാവിന് നല്‍കിയ നിര്‍ദേശം.
നിന്‍റെ സഹോദരി നടന്നുചെല്ലുകയും 'ഇവന്‍റെ (കുട്ടിയുടെ) സംരക്ഷണമേല്‍ക്കാന്‍ കഴിയുന്ന ഒരാളെപ്പറ്റി ഞാന്‍ നിങ്ങള്‍ക്ക് അറിയിച്ചു തരട്ടെയോ' എന്ന് പറയുകയും ചെയ്യുന്ന സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു.) അങ്ങനെ നിന്‍റെ മാതാവിങ്കലേക്ക് തന്നെ നിന്നെ നാം തിരിച്ചേല്‍പിച്ചു. അവളുടെ കണ്‍കുളിര്‍ക്കുവാനും, അവള്‍ ദുഃഖിക്കാതിരിക്കുവാനും വേണ്ടി. നീ ഒരാളെ കൊല്ലുകയുണ്ടായി. എന്നിട്ട് (അതു സംബന്ധിച്ച്) മനഃക്ലേശത്തില്‍ നിന്ന് നിന്നെ നാം രക്ഷിക്കുകയും ചെയ്തു. പല പരീക്ഷണങ്ങളിലൂടെയും നിന്നെ നാം പരീക്ഷിക്കുകയുണ്ടായി. അങ്ങനെ മദ്‌യൻകാരുടെ കൂട്ടത്തില്‍ കൊല്ലങ്ങളോളം നീ താമസിച്ചു. പിന്നീട് ഹേ; മൂസാ, നീ (എന്‍റെ) ഒരു നിശ്ചയപ്രകാരം ഇതാ വന്നിരിക്കുന്നു.
അവര്‍ രണ്ടുപേരും പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവേ, അവന്‍ (ഫിര്‍ഔന്‍) ഞങ്ങളുടെ നേര്‍ക്ക് എടുത്തുചാടുകയോ, അതിക്രമം കാണിക്കുകയോ ചെയ്യുമെന്ന് ഞങ്ങൾ ഭയപ്പെടുന്നു.
അദ്ദേഹം (മൂസാ) പറഞ്ഞു: ഓരോ വസ്തുവിനും അതിന്‍റെ പ്രകൃതം നല്‍കുകയും, എന്നിട്ട് (അതിന്) വഴികാണിക്കുകയും(8) ചെയ്തവനാരോ അവനത്രെ ഞങ്ങളുടെ രക്ഷിതാവ്.
8) പരമാണു മുതല്‍ നക്ഷത്ര സമൂഹങ്ങള്‍ വരെയുള്ള പദാര്‍ഥത്തിൻ്റെ ഏതു രൂപവും കണിശമായ രൂപങ്ങളും കണിശമായ നിയമങ്ങളുമനുസരിച്ചാണ് വര്‍ത്തിക്കുന്നത്. എങ്ങും നിര്‍ണിതമായ ഭാവങ്ങള്‍, നിശ്ചിതമായ ചലനങ്ങള്‍. ഇതിനെല്ലാം മാർഗദർശനമേകിയവൻ അല്ലാഹുവാണ്.
നിങ്ങള്‍ക്കു വേണ്ടി ഭൂമിയെ തൊട്ടിലാക്കുകയും, നിങ്ങള്‍ക്ക് അതില്‍ വഴികള്‍ ഏര്‍പെടുത്തിത്തരികയും, ആകാശത്ത് നിന്ന് വെള്ളം ഇറക്കിത്തരികയും ചെയ്തവനത്രെ അവന്‍. അങ്ങനെ അത് (വെള്ളം) മൂലം വ്യത്യസ്ത തരത്തിലുള്ള സസ്യങ്ങളുടെ ജോടികള്‍ നാം (അല്ലാഹു) ഉല്‍പാദിപ്പിക്കുകയും ചെയ്തിരിക്കുന്നു.
അതില്‍ (ഭൂമിയില്‍) നിന്നാണ് നിങ്ങളെ നാം സൃഷ്ടിച്ചത്. അതിലേക്ക് തന്നെ നിങ്ങളെ നാം മടക്കുന്നു. അതില്‍ നിന്ന് തന്നെ നിങ്ങളെ മറ്റൊരു പ്രാവശ്യം നാം പുറത്തുകൊണ്ടുവരികയും ചെയ്യും.
നമ്മുടെ ദൃഷ്ടാന്തങ്ങളോരോന്നും നാം അവന്ന് (ഫിര്‍ഔന്ന്) കാണിച്ചുകൊടുക്കുക തന്നെ ചെയ്തു. എന്നിട്ടും അവന്‍ നിഷേധിച്ചു തള്ളുകയും നിരസിക്കുകയുമാണ് ചെയ്തത്.
എന്നാല്‍ ഇത് പോലെയുള്ള ജാലവിദ്യ തീര്‍ച്ചയായും ഞങ്ങള്‍ നിന്‍റെ അടുത്ത് കൊണ്ട് വന്ന് കാണിക്കാം. അതുകൊണ്ട് ഞങ്ങള്‍ക്കും നിനക്കുമിടയില്‍ നീ ഒരു അവധി നിശ്ചയിക്കുക. ഞങ്ങളോ നീയോ അത് ലംഘിക്കാവുന്നതല്ല. മദ്ധ്യമമായ ഒരു സ്ഥലത്തായിരിക്കട്ടെ അത്.(10)
10) 'സിവാ' എന്നും 'സുവാ' എന്നും പാഠഭേദമുണ്ട്. 'മകാനന്‍ സിവാ' എന്നാണെങ്കില്‍ വേറെ സ്ഥലം എന്നര്‍ഥം. 'മകാനന്‍ സുവാ' എന്നാണെങ്കില്‍ 'ഇരുവിഭാഗത്തിനും ഒരുപോലെ സൗകര്യപ്രദമായ സ്ഥലം', 'നിരപ്പായ സ്ഥലം', 'ഇരുവിഭാഗത്തിനും സമ്മതമായ സ്ഥലം' എന്നൊക്കെ അര്‍ത്ഥമാക്കാവുന്നതാണ്.
അദ്ദേഹം (മൂസാ) പറഞ്ഞു: നിങ്ങള്‍ക്കുള്ള അവധി ഉത്സവ ദിവസമാകുന്നു.(11) പൂര്‍വ്വാഹ്നത്തില്‍ ജനങ്ങളെ ഒരുമിച്ചുകൂട്ടേണ്ടതാണ്.
11) ഒരേ സമയത്ത് പരമാവധി ആളുകള്‍ക്ക് ജാലവിദ്യക്കെതിരില്‍ അല്ലാഹുവിൻ്റെ ദൃഷ്ടാന്തത്തിൻ്റെ ശക്തി തെളിയിച്ചു കാണിച്ചുകൊടുക്കാമല്ലോ എന്നുകരുതിയാണ് നാട്ടിലെ പൊതു ഉത്സവദിവസം മൂസാ (عليه السلام) തെരഞ്ഞെടുത്തത്.
മൂസാ അവരോട് പറഞ്ഞു: നിങ്ങള്‍ക്ക് നാശം! നിങ്ങള്‍ അല്ലാഹുവിന്‍റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കരുത്. ഏതെങ്കിലും ഒരു ശിക്ഷ മുഖേന അവന്‍ നിങ്ങളെ ഉന്‍മൂലനം ചെയ്തേക്കും. കള്ളം കെട്ടിച്ചമച്ചവനാരോ അവന്‍ തീര്‍ച്ചയായും പരാജയപ്പെട്ടിരിക്കുന്നു.
(ഇത് കേട്ടപ്പോള്‍) അവര്‍ (ആളുകള്‍) തമ്മില്‍ അവരുടെ കാര്യത്തില്‍ ഭിന്നതയിലായി.(12) അവര്‍ രഹസ്യസംഭാഷണത്തില്‍ ഏര്‍പെടുകയും ചെയ്തു.
12) മൂസാ നബി(عليه السلام)യുടെ താക്കീത് കേട്ടപ്പോള്‍ ചിലര്‍ക്ക് അദ്ദേഹത്തെ എതിര്‍ക്കുന്നതില്‍ എതിരഭിപ്രായമുണ്ടായി. പക്ഷേ, അവസാനം ദുരഭിമാനം അവരെ യോജിപ്പിച്ചു.
(ചര്‍ച്ചയ്ക്ക് ശേഷം) അവര്‍ പറഞ്ഞു: തീര്‍ച്ചയായും ഇവര്‍ രണ്ടുപേരും ജാലവിദ്യക്കാര്‍ തന്നെയാണ്. അവരുടെ ജാലവിദ്യകൊണ്ട് നിങ്ങളുടെ നാട്ടില്‍ നിന്ന് നിങ്ങളെ പുറന്തള്ളാനും നിങ്ങളുടെ മാതൃകാപരമായ മാര്‍ഗത്തെ നശിപ്പിച്ചുകളയാനും അവര്‍ ഉദ്ദേശിക്കുന്നു.
അതിനാല്‍ നിങ്ങളുടെ തന്ത്രം നിങ്ങള്‍ ഏകകണ്ഠമായി തീരുമാനിക്കുകയും എന്നിട്ട് നിങ്ങള്‍ ഒരൊറ്റ അണിയായി (രംഗത്ത്) വരുകയും ചെയ്യുക. മികവ് നേടിയവരാരോ അവരാണ് ഇന്ന് വിജയികളായിരിക്കുക.
നിന്‍റെ വലതുകയ്യിലുള്ളത് (വടി) നീ ഇട്ടേക്കുക. അവര്‍ ഉണ്ടാക്കിയതെല്ലാം അത് വിഴുങ്ങിക്കൊള്ളും. അവരുണ്ടാക്കിയത് ജാലവിദ്യക്കാരന്‍റെ തന്ത്രം മാത്രമാണ്. ജാലവിദ്യക്കാരന്‍ എവിടെച്ചെന്നാലും വിജയിയാവുകയില്ല.
അവന്‍ (ഫിര്‍ഔന്‍) പറഞ്ഞു: ഞാന്‍ നിങ്ങള്‍ക്ക് സമ്മതം തരുന്നതിന് മുമ്പ് നിങ്ങള്‍ അവനെ വിശ്വസിച്ച് കഴിഞ്ഞെന്നോ? തീര്‍ച്ചയായും നിങ്ങള്‍ക്ക് ജാലവിദ്യ പഠിപ്പിച്ചുതന്ന നിങ്ങളുടെ നേതാവ് തന്നെയാണവന്‍. ആകയാല്‍ തീര്‍ച്ചയായും ഞാന്‍ നിങ്ങളുടെ കൈകളും കാലുകളും എതിര്‍വശങ്ങളില്‍ നിന്നായി മുറിച്ചുകളയുകയും, ഈന്തപ്പനത്തടികളില്‍ നിങ്ങളെ ക്രൂശിക്കുകയും ചെയ്യുന്നതാണ്. ഞങ്ങളില്‍ ആരാണ്(13) ഏറ്റവും കഠിനമായതും നീണ്ടുനില്‍ക്കുന്നതുമായ ശിക്ഷ നല്‍കുന്നവന്‍ എന്ന് തീര്‍ച്ചയായും നിങ്ങള്‍ക്ക് മനസ്സിലാകുകയും ചെയ്യും.
13) ഞാനോ, മൂസയോ, ആരാണ് ഏറ്റവും കടുത്ത ശിക്ഷ നൽകുവാൻ കഴിവുള്ളവനെന്ന് നിങ്ങള്‍ക്ക് മനസ്സിലാകും എന്നര്‍ഥം.
അവര്‍ പറഞ്ഞു: ഞങ്ങള്‍ക്ക് വന്നുകിട്ടിയ പ്രത്യക്ഷമായ തെളിവുകളെക്കാളും, ഞങ്ങളെ സൃഷ്ടിച്ചവനെക്കാളും നിനക്ക് ഞങ്ങള്‍ മുന്‍ഗണന നല്‍കുകയില്ല തന്നെ. അതിനാല്‍ നീ വിധിക്കുന്നതെന്തോ അത് വിധിച്ചു കൊള്ളുക. ഈ ഐഹികജീവിതത്തില്‍ മാത്രമേ നീ വിധിക്കുകയുള്ളൂ.
ഞങ്ങള്‍ ചെയ്ത പാപങ്ങളും, നീ ഞങ്ങളെ നിര്‍ബന്ധിച്ച് ചെയ്യിച്ച ജാലവിദ്യയും അവന്‍ ഞങ്ങള്‍ക്ക് പൊറുത്തുതരേണ്ടതിനായി ഞങ്ങള്‍ ഞങ്ങളുടെ രക്ഷിതാവില്‍ വിശ്വസിച്ചിരിക്കുന്നു. അല്ലാഹുവാണ് ഏറ്റവും ഉത്തമനും എന്നും നിലനില്‍ക്കുന്നവനും.(14)
14) 'ഏറ്റവും നല്ല പ്രതിഫലം നല്‍കുന്നവനും എന്നെന്നും നിലനില്‍ക്കുന്ന ശിക്ഷ നല്‍കുന്നവനും' എന്നും അര്‍ത്ഥമാക്കാവുന്നതാണ്.
അതായത് താഴ്ഭാഗത്തു കൂടി നദികള്‍ ഒഴുകുന്ന, സ്ഥിരവാസത്തിനുള്ള സ്വര്‍ഗത്തോപ്പുകള്‍. അവരതില്‍ നിത്യവാസികളായിരിക്കും. അതാണ് പരിശുദ്ധി നേടിയവര്‍ക്കുള്ള പ്രതിഫലം.
മൂസായ്ക്ക് നാം ഇപ്രകാരം ബോധനം നല്‍കുകയുണ്ടായി: എന്‍റെ ദാസന്‍മാരെയും കൊണ്ട് രാത്രിയില്‍ നീ പോകുക. എന്നിട്ട് അവര്‍ക്ക് വേണ്ടി സമുദ്രത്തിലൂടെ ഒരു ഉണങ്ങിയ വഴി(15) നീ ഏര്‍പെടുത്തികൊടുക്കുക. (ശത്രുക്കള്‍) പിന്തുടര്‍ന്ന് എത്തുമെന്ന് നീ പേടിക്കേണ്ടതില്ല. (യാതൊന്നും) നീ ഭയപ്പെടേണ്ടതുമില്ല.
15) വെള്ളം ഇരുവശത്തേക്കും മാറിനിന്നിട്ട് നനവു വറ്റിയ വഴി.
ഇസ്രായീല്‍ സന്തതികളേ, നിങ്ങളുടെ ശത്രുവില്‍ നിന്ന് നിങ്ങളെ നാം രക്ഷപ്പെടുത്തുകയും, ത്വൂര്‍ പര്‍വ്വതത്തിന്‍റെ വലതുഭാഗം നിങ്ങള്‍ക്ക് നാം നിശ്ചയിച്ച് തരികയും,(16) മന്നായും സല്‍വായും നിങ്ങള്‍ക്ക് നാം ഇറക്കിത്തരികയും ചെയ്തു.
16) അല്ലാഹുവിന്റെ വിധിവിലക്കുകള്‍ സ്വീകരിച്ചുകൊണ്ട് സീനാ താഴ്‌വരയില്‍ താമസിക്കാന്‍ അവര്‍ക്ക് സൗകര്യമേര്‍പ്പെടുത്തിക്കൊടുത്തു.
അദ്ദേഹം പറഞ്ഞു: അവരിതാ എന്‍റെ പിന്നില്‍ തന്നെയുണ്ട്. എന്‍റെ രക്ഷിതാവേ, നീ തൃപ്തിപ്പെടുന്നതിനു വേണ്ടിയാണ് ഞാന്‍ നിന്‍റെ അടുത്തേക്ക് ധൃതിപ്പെട്ട് വന്നിരിക്കുന്നത്.
അപ്പോള്‍ മൂസാ തന്‍റെ ജനങ്ങളുടെ അടുത്തേക്ക് കുപിതനും, ദുഃഖിതനുമായിക്കൊണ്ട് തിരിച്ചുചെന്നു. അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, നിങ്ങളുടെ രക്ഷിതാവ് നിങ്ങള്‍ക്ക് ഉത്തമമായ ഒരു വാഗ്ദാനം നല്‍കിയില്ലേ? എന്നിട്ട് നിങ്ങള്‍ക്ക് കാലം ദീര്‍ഘമായിപ്പോയോ? അഥവാ നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള കോപം നിങ്ങളില്‍ ഇറങ്ങണമെന്ന് ആഗ്രഹിച്ച് കൊണ്ട് തന്നെ എന്നോടുള്ള നിശ്ചയം നിങ്ങള്‍ ലംഘിച്ചതാണോ?
അവര്‍ പറഞ്ഞു: ഞങ്ങള്‍ ഞങ്ങളുടെ ഹിതമനുസരിച്ച് താങ്കളോടുള്ള നിശ്ചയം ലംഘിച്ചതല്ല. എന്നാല്‍ ആ ജനങ്ങളുടെ ആഭരണചുമടുകള്‍ ഞങ്ങള്‍ വഹിപ്പിക്കപ്പെട്ടിരുന്നു.(17) അങ്ങനെ ഞങ്ങളത് (തീയില്‍) എറിഞ്ഞുകളഞ്ഞു. അപ്പോള്‍ സാമിരിയും അപ്രകാരം അത് (തീയില്‍) ഇട്ടു.(18)
17) ഫിര്‍ഔൻ്റെ വംശജരായ ഖിബ്ത്വികളുടെ (കോപ്റ്റുകളുടെ) ആഭരണങ്ങള്‍ വായ്പ വാങ്ങിക്കൊണ്ടാണ് ഇസ്രായീല്യര്‍ പലായനം നടത്തിയത്. തങ്ങള്‍ക്ക് ഒരു കല്യാണത്തിന് പങ്കെടുക്കാനുണ്ടെന്നു പറഞ്ഞുകൊണ്ടാണ് അവര്‍ സ്ഥലം വിട്ടത്. ഖിബ്ത്വികള്‍ക്ക് സംശയം തോന്നാതിരിക്കാന്‍ വേണ്ടിയാണ് ഇസ്‌റാഈല്യര്‍ ഇങ്ങനെയൊരു തന്ത്രം പ്രയോഗിച്ചത്. കടല്‍ കടന്ന് സീനായിലെത്തിയശേഷം ആ ആഭരണങ്ങള്‍ ഒന്നിച്ച് തീയിലെറിയാനാണ് അവര്‍ക്ക് കല്പന ലഭിച്ചത്.
18) ഇസ്‌റാഈല്യര്‍ക്കിടയിലുണ്ടായിരുന്ന, മനസ്സുകൊണ്ട് വിശ്വസിച്ചിട്ടില്ലാത്ത ഒരു കപടനായിരുന്നു സാമിരി.
എന്നിട്ട് അവര്‍ക്ക് അവന്‍ (ആ ലോഹം കൊണ്ട്) ഒരു മുക്രയിടുന്ന കാളക്കുട്ടിയുടെ രൂപം ഉണ്ടാക്കികൊടുത്തു.(19) അപ്പോള്‍ അവര്‍ (അന്യോന്യം) പറഞ്ഞു: നിങ്ങളുടെ ദൈവവും മൂസായുടെ ദൈവവും ഇതുതന്നെയാണ്. എന്നാല്‍ അദ്ദേഹം മറന്നുപോയിരിക്കുകയാണ്.
19) ആ ലോഹക്കാളയുടെ ഉള്ളിലൂടെ കാറ്റ് കടന്നുപോകുമ്പോള്‍ മുക്രയിടുന്ന പോലുള്ള ശബ്ദം പുറപ്പെടുമായിരുന്നു.
മുമ്പ് തന്നെ ഹാറൂന്‍ അവരോട് പറഞ്ഞിട്ടുണ്ടായിരുന്നു: എന്‍റെ ജനങ്ങളേ, ഇത് (കാളക്കുട്ടി) മൂലം നിങ്ങള്‍ പരീക്ഷിക്കപ്പെടുക മാത്രമാണുണ്ടായത്. തീര്‍ച്ചയായും നിങ്ങളുടെ രക്ഷിതാവ് പരമകാരുണികനത്രെ. അതുകൊണ്ട് നിങ്ങളെന്നെ പിന്തുടരുകയും, എന്‍റെ കല്‍പനകള്‍ നിങ്ങള്‍ അനുസരിക്കുകയും ചെയ്യുക.
അദ്ദേഹം (ഹാറൂന്‍) പറഞ്ഞു: എന്‍റെ ഉമ്മയുടെ മകനേ, നീ എന്‍റെ താടിയിലും തലയിലും പിടിക്കാതിരിക്കൂ. ഇസ്രായീല്‍ സന്തതികള്‍ക്കിടയില്‍ നീ ഭിന്നിപ്പുണ്ടാക്കിക്കളഞ്ഞു, എന്‍റെ വാക്കിന് നീ കാത്തുനിന്നില്ല. എന്ന് നീ പറയുമെന്ന് ഞാന്‍ ഭയപ്പെടുകയാണുണ്ടായത്.
അവന്‍ പറഞ്ഞു: അവര്‍ (ജനങ്ങള്‍) കണ്ടുമനസ്സിലാക്കാത്ത ഒരു കാര്യം ഞാന്‍ കണ്ടുമനസ്സിലാക്കി.(21) അങ്ങനെ (അല്ലാഹുവിന്റെ) ദൂതന്‍റെ കാല്‍പാടില്‍ നിന്ന് ഞാനൊരു പിടിപിടിക്കുകയും എന്നിട്ടത് ഇട്ടുകളയുകയും ചെയ്തു.(22) അപ്രകാരം ചെയ്യാനാണ് എന്‍റെ മനസ്സ് എന്നെ പ്രേരിപ്പിച്ചത്.
21) 'സാധാരണക്കാര്‍ക്ക് അറിയാത്ത ചില തന്ത്രങ്ങള്‍ ഞാന്‍ വശമാക്കി' എന്നായിരിക്കാം വിവക്ഷ.
22) 'അല്ലാഹുവിന്റെ ദൂതനായ ജിബ്‌രീലിന്റെ കാല്പാടുകളില്‍ നിന്ന് ഒരു പിടി മണ്ണെടുത്ത് ആ ഉരുക്കിയ ലോഹത്തില്‍ ഞാന്‍ ഇട്ടു' എന്നാണ് മുൻഗാമികൾ ഈ ആയത്തിന് വിശദീകരണം നൽകിയിട്ടുള്ളത്.
അദ്ദേഹം (മൂസാ) പറഞ്ഞു: എന്നാല്‍ നീ പോ. തീര്‍ച്ചയായും നിനക്ക് ഈ ജീവിതത്തിലുള്ളത് 'തൊട്ടുകൂടാ' എന്ന് പറയലായിരിക്കും.(23) തീര്‍ച്ചയായും നിനക്ക് നിശ്ചിതമായ ഒരു അവധിയുണ്ട്. അത് അതിലംഘിക്കപ്പെടുകയേ ഇല്ല. നീ പൂജിച്ചുകൊണ്ടേയിരിക്കുന്ന നിന്‍റെ ആ ദൈവത്തിന്‍റെ നേരെ നോക്കൂ. തീര്‍ച്ചയായും നാം അതിനെ ചുട്ടെരിക്കുകയും, എന്നിട്ട് നാം അത് പൊടിച്ച് കടലില്‍ വിതറിക്കളയുകയും ചെയ്യുന്നതാണ്.
23) 'ലാമിസാസ' എന്നതിന്റെ അര്‍ഥം പരസ്പര സ്പര്‍ശമില്ല, അഥവാ പരസ്പര സമ്പര്‍ക്കമില്ല എന്നത്രെ. മൂസാ നബി(عليه السلام) സാമിരിക്ക് പൂര്‍ണമായ ഭ്രഷ്ട് കല്പിച്ചുവെന്നും, അങ്ങനെ സമൂഹവുമായുള്ള എല്ലാ ബന്ധവും വിഛേദിക്കപ്പെട്ട നിലയില്‍ അവന്‍ ആജീവനാന്തം കഴിയേണ്ടിവന്നുവെന്നുമാണ് വ്യാഖ്യാതാക്കള്‍ പറഞ്ഞിട്ടുള്ളത്.
നിങ്ങളുടെ ആരാധനകൾക്കർഹനായവൻ അല്ലാഹു മാത്രമാകുന്നു. അവനല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. അവന്‍റെ അറിവ് എല്ലാകാര്യത്തേയും ഉള്‍കൊള്ളാന്‍ മാത്രം വിശാലമായിരിക്കുന്നു.
അപ്രകാരം മുമ്പ് കഴിഞ്ഞുപോയ സംഭവങ്ങളെപ്പറ്റിയുള്ള വൃത്താന്തങ്ങളില്‍ നിന്ന് നാം നിനക്ക് വിവരിച്ചുതരുന്നു. തീര്‍ച്ചയായും നാം നിനക്ക് നമ്മുടെ പക്കല്‍ നിന്നുള്ള ബോധനം നല്‍കിയിരിക്കുന്നു.
അവരില്‍ ഏറ്റവും ന്യായമായ നിലപാടുകാരന്‍ 'ഒരൊറ്റ ദിവസം മാത്രമേ നിങ്ങള്‍ താമസിച്ചിട്ടുള്ളൂ'(24) എന്ന് പറയുമ്പോള്‍ അവര്‍ പറയുന്നതിനെപ്പറ്റി നാം നല്ലവണ്ണം അറിയുന്നവനാകുന്നു.
24) അനന്തതയുടെ നാളിലെത്തുമ്പോള്‍ ഭൗതികജീവിതമാകെ ഒരു ദിവസത്തോളം ഹ്രസ്വമായിരുന്നുവെന്ന് അവര്‍ക്കുതോന്നും.
അന്നേ ദിവസം വിളിക്കുന്നവന്‍റെ പിന്നാലെ അവനോട് യാതൊരു വക്രതയും കാണിക്കാതെ അവര്‍ പോകുന്നതാണ്. എല്ലാ ശബ്ദങ്ങളും പരമകാരുണികന് കീഴടങ്ങുന്നതുമാണ്. അതിനാല്‍ ഒരു നേര്‍ത്ത ശബ്ദമല്ലാതെ നീ കേള്‍ക്കുകയില്ല.
അന്നേ ദിവസം പരമകാരുണികന്‍ ആരുടെ കാര്യത്തില്‍ അനുമതി നല്‍കുകയും ആരുടെ വാക്ക് തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നുവോ അവന്നല്ലാതെ ശുപാര്‍ശ പ്രയോജനപ്പെടുകയില്ല.
എന്നെന്നും ജീവിച്ചിരിക്കുന്നവനും എല്ലാം നിയന്ത്രിക്കുന്നവനുമായുള്ളവന്ന് മുഖങ്ങള്‍ കീഴൊതുങ്ങിയിരിക്കുന്നു. അക്രമത്തിന്‍റെ ഭാരം ചുമന്നവന്‍ പരാജയമടയുകയും ചെയ്തിരിക്കുന്നു.
അപ്രകാരം അറബിയില്‍ പാരായണം ചെയ്യപ്പെടുന്ന ഒരു ഗ്രന്ഥമായി നാം ഇതിനെ അവതരിപ്പിച്ചിരിക്കുന്നു. ഇതില്‍ നാം താക്കീത് വിവിധ തരത്തില്‍ വിവരിച്ചിരിക്കുന്നു. അവര്‍ സൂക്ഷ്മതയുള്ളവരാകുകയോ, അവര്‍ക്കത് ബോധമുളവാക്കുകയോ ചെയ്യുന്നതിനുവേണ്ടി.
സാക്ഷാല്‍ രാജാവായ അല്ലാഹു അത്യുന്നതനായിരിക്കുന്നു. ഖുര്‍ആന്‍- അത് നിനക്ക് ബോധനം നല്‍കപ്പെട്ടുകഴിയുന്നതിനുമുമ്പായി - പാരായണം ചെയ്യുന്നതിനു നീ ധൃതി കാണിക്കരുത്.(25) എന്‍റെ രക്ഷിതാവേ, എനിക്കു നീ ജ്ഞാനം വര്‍ദ്ധിപ്പിച്ചു തരേണമേ എന്ന് നീ പറയുകയും ചെയ്യുക.
25) ഓരോ സന്ദര്‍ഭത്തിലും ജിബ്‌രീല്‍ എന്ന മലക്ക് അല്ലാഹുവിന്റെ സന്ദേശം കേള്‍പ്പിക്കുമ്പോള്‍ അത് കേള്‍പ്പിച്ചു തീരുന്നതിന്റെ മുമ്പ് തന്നെ നബി(ﷺ) അത് പാരായണം ചെയ്യാന്‍ തിടുക്കം കാണിച്ചിരുന്നു. മറന്നുപോകുമോ എന്ന ആശങ്ക നിമിത്തമായിരുന്നു അത്. അതിന്റെ ആവശ്യമില്ലെന്നും അറിവും ഓര്‍മശക്തിയും വര്‍ധിപ്പിച്ചു നല്കാന്‍ വേണ്ടി പ്രാര്‍ത്ഥിച്ചാല്‍ മതിയെന്നും അല്ലാഹു ഉണര്‍ത്തുന്നു.
അപ്പോള്‍ നാം പറഞ്ഞു: ആദമേ, തീര്‍ച്ചയായും ഇവന്‍ നിന്‍റെയും നിന്‍റെ ഇണയുടെയും ശത്രുവാകുന്നു. അതിനാല്‍ നിങ്ങളെ രണ്ടുപേരെയും അവന്‍ സ്വര്‍ഗത്തില്‍ നിന്ന് പുറം തള്ളാതിരിക്കട്ടെ (അങ്ങനെ സംഭവിക്കുന്ന പക്ഷം) നീ കഷ്ടപ്പെടും.
അങ്ങനെ അവര്‍ (ആദമും ഭാര്യയും) ആ വൃക്ഷത്തില്‍ നിന്ന് ഭക്ഷിച്ചു. അപ്പോള്‍ അവര്‍ ഇരുവര്‍ക്കും തങ്ങളുടെ ഗുഹ്യഭാഗങ്ങള്‍ വെളിപ്പെടുകയും, സ്വര്‍ഗത്തിലെ ഇലകള്‍ കൂട്ടിച്ചേര്‍ത്ത് തങ്ങളുടെ ദേഹം അവര്‍ പൊതിയാന്‍ തുടങ്ങുകയും ചെയ്തു. ആദം തന്‍റെ രക്ഷിതാവിനോട് അനുസരണക്കേട് കാണിക്കുകയും, അങ്ങനെ പിഴച്ചുപോകുകയും ചെയ്തു.
അവന്‍ (അല്ലാഹു) പറഞ്ഞു: നിങ്ങള്‍ രണ്ടുപേരും ഒന്നിച്ച് ഇവിടെ നിന്ന് ഇറങ്ങിപ്പോവുക. നിങ്ങളില്‍ ചിലര്‍ ചിലര്‍ക്ക് ശത്രുക്കളാകുന്നു. എന്നാല്‍ എന്‍റെ പക്കല്‍ നിന്നുള്ള വല്ല മാര്‍ഗദര്‍ശനവും നിങ്ങള്‍ക്ക് വന്നുകിട്ടുന്ന പക്ഷം, അപ്പോള്‍ എന്‍റെ മാര്‍ഗദര്‍ശനം ആര്‍ പിന്‍പറ്റുന്നുവോ അവന്‍ പിഴച്ചുപോകുകയില്ല, ദൗർഭാഗ്യമടയുകയുമില്ല.
എന്‍റെ ഉല്‍ബോധനത്തെ വിട്ട് വല്ലവനും തിരിഞ്ഞുകളയുന്ന പക്ഷം തീര്‍ച്ചയായും അവന്ന് ഇടുങ്ങിയ ഒരു ജീവിതമാണുണ്ടായിരിക്കുക. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ അവനെ നാം അന്ധനായ നിലയില്‍ എഴുന്നേല്‍പിച്ചു കൊണ്ടുവരുന്നതുമാണ്
അല്ലാഹു പറയും: അങ്ങനെത്തന്നെയാകുന്നു. നിനക്ക് നമ്മുടെ ദൃഷ്ടാന്തങ്ങള്‍ വന്നെത്തുകയുണ്ടായി. എന്നിട്ട് നീ അത് മറന്നുകളഞ്ഞു. അതുപോലെ ഇന്ന് നീയും വിസ്മരിക്കപ്പെടുന്നു.
അവര്‍ക്ക് മുമ്പ് നാം എത്രയോ തലമുറകളെ നശിപ്പിച്ചുകളഞ്ഞിട്ടുണ്ട് എന്ന വസ്തുത അവര്‍ക്ക് മാര്‍ഗദര്‍ശകമായിട്ടില്ലേ?(26) അവരുടെ വാസസ്ഥലങ്ങളില്‍ കൂടി ഇവര്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നുണ്ട്. ബുദ്ധിമാന്‍മാര്‍ക്ക് തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തങ്ങളുണ്ട്.
26) ധിക്കാരികളായ മുന്‍ഗാമികളുടെ പതനത്തില്‍ നിന്ന് അവര്‍ക്ക് ഗുണപാഠം ലഭിച്ചിട്ടില്ലേ എന്നര്‍ഥം.
നിന്‍റെ രക്ഷിതാവിങ്കല്‍ നിന്ന് ഒരു വാക്കും(27) നിശ്ചിതമായ ഒരു അവധിയും മുമ്പേ പ്രഖ്യാപിക്കപ്പെട്ടില്ലായിരുന്നുവെങ്കില്‍ അത് (ശിക്ഷാനടപടി ഇവര്‍ക്കും) അനിവാര്യമാകുമായിരുന്നു.
27) മുഹമ്മദ് നബി(ﷺ)യുടെ സമുദായത്തെ ഉന്മൂലനം ചെയ്യുകയില്ലെന്നുള്ള അല്ലാഹുവിന്റെ നിശ്ചയമാണ് ഈ വാക്കുകൊണ്ടുള്ള വിവക്ഷ.
ആയതിനാല്‍ ഇവര്‍ പറയുന്നതിനെപ്പറ്റി ക്ഷമിക്കുക. സൂര്യോദയത്തിനു മുമ്പും, സൂര്യാസ്തമയത്തിന് മുമ്പും നിന്‍റെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം അവന്‍റെ പരിശുദ്ധിയെ നീ പ്രകീര്‍ത്തിക്കുകയും ചെയ്യുക. രാത്രിയില്‍ ചില നാഴികകളിലും, പകലിന്‍റെ ചില ഭാഗങ്ങളിലും നീ അവന്‍റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുക. നിനക്ക് സംതൃപ്തി കൈവന്നേക്കാം.
അവരില്‍ (മനുഷ്യരില്‍) പല വിഭാഗങ്ങള്‍ക്ക് നാം ഐഹികജീവിതാലങ്കാരം അനുഭവിപ്പിച്ചതിലേക്ക് നിന്‍റെ ദൃഷ്ടികള്‍ നീ പായിക്കരുത്. അതിലൂടെ നാം അവരെ പരീക്ഷിക്കാന്‍ (ഉദ്ദേശിക്കുന്നു.) നിന്‍റെ രക്ഷിതാവ് നല്‍കുന്ന ഉപജീവനമാകുന്നു കൂടുതല്‍ ഉത്തമവും നിലനില്‍ക്കുന്നതും.
നിന്‍റെ കുടുംബത്തോട് നീ നമസ്കരിക്കാന്‍ കല്‍പിക്കുകയും, അതില്‍ (നമസ്കാരത്തില്‍) നീ ക്ഷമാപൂര്‍വ്വം ഉറച്ചുനില്‍ക്കുകയും ചെയ്യുക. നിന്നോട് നാം ഉപജീവനം ചോദിക്കുന്നില്ല. നാം നിനക്ക് ഉപജീവനം നല്‍കുകയാണ് ചെയ്യുന്നത്. ധര്‍മ്മനിഷ്ഠയ്ക്കാകുന്നു ശുഭപര്യവസാനം.
അവര്‍ പറഞ്ഞു: അദ്ദേഹം (പ്രവാചകന്‍) എന്തുകൊണ്ട് ഞങ്ങള്‍ക്ക് തന്‍റെ രക്ഷിതാവിങ്കല്‍ നിന്ന് ഒരു ദൃഷ്ടാന്തം കൊണ്ടുവന്നു തരുന്നില്ല? പൂര്‍വ്വഗ്രന്ഥങ്ങളിലെ പ്രത്യക്ഷമായ തെളിവ് അവര്‍ക്ക് വന്നുകിട്ടിയില്ലേ?
ഇതിനു മുമ്പ് വല്ല ശിക്ഷ കൊണ്ടും നാം അവരെ നശിപ്പിച്ചിരുന്നുവെങ്കില്‍ അവര്‍ പറയുമായിരുന്നു: ഞങ്ങളുടെ രക്ഷിതാവേ, നീ എന്തുകൊണ്ട് ഞങ്ങളുടെ അടുത്തേക്ക് ഒരു ദൂതനെ അയച്ചുതന്നില്ല? എങ്കില്‍ ഞങ്ങള്‍ അപമാനിതരും നിന്ദിതരുമായിത്തീരുന്നതിന് മുമ്പ് നിന്‍റെ ദൃഷ്ടാന്തങ്ങളെ ഞങ്ങള്‍ പിന്തുടരുമായിരുന്നു.
Contents of the translations can be downloaded and re-published, with the following terms and conditions:
1. No modification, addition, or deletion of the content.
2. Clearly referring to the publisher and the source (QuranEnc.com).
3. Mentioning the version number when re-publishing the translation.
4. Keeping the transcript information inside the document.
5. Notifying the source (QuranEnc.com) of any note on the translation.
6. Updating the translation according to the latest version issued from the source (QuranEnc.com).
7. Inappropriate advertisements must not be included when displaying translations of the meanings of the Noble Quran.
搜索结果:
API specs
Endpoints:
Sura translation
GET / https://quranenc.com/api/v1/translation/sura/{translation_key}/{sura_number} description: get the specified translation (by its translation_key) for the speicified sura (by its number)
Parameters: translation_key: (the key of the currently selected translation) sura_number: [1-114] (Sura number in the mosshaf which should be between 1 and 114)
Returns:
json object containing array of objects, each object contains the "sura", "aya", "translation" and "footnotes".
GET / https://quranenc.com/api/v1/translation/aya/{translation_key}/{sura_number}/{aya_number} description: get the specified translation (by its translation_key) for the speicified aya (by its number sura_number and aya_number)
Parameters: translation_key: (the key of the currently selected translation) sura_number: [1-114] (Sura number in the mosshaf which should be between 1 and 114) aya_number: [1-...] (Aya number in the sura)
Returns:
json object containing the "sura", "aya", "translation" and "footnotes".