(നബിയേ,) തന്‍റെ ഭര്‍ത്താവിന്‍റെ കാര്യത്തില്‍ നിന്നോട് തര്‍ക്കിക്കുകയും അല്ലാഹുവിങ്കലേക്ക് സങ്കടം ബോധിപ്പിക്കുകയും ചെയ്യുന്നവളുടെ വാക്ക് അല്ലാഹു കേട്ടിട്ടുണ്ട്. അല്ലാഹു നിങ്ങള്‍ രണ്ടു പേരുടെയും സംഭാഷണം കേട്ടുകൊണ്ടിരിക്കുകയാണ്. തീര്‍ച്ചയായും അല്ലാഹു എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാണ്.
നിങ്ങളുടെ കൂട്ടത്തില്‍ തങ്ങളുടെ ഭാര്യമാരെ മാതാക്കള്‍ക്ക് തുല്യമായി പ്രഖ്യാപിക്കുന്നവര്‍(1) (അബദ്ധമാകുന്നു ചെയ്യുന്നത്.) അവര്‍ (ഭാര്യമാര്‍) അവരുടെ മാതാക്കളല്ല. അവരുടെ മാതാക്കള്‍ അവരെ പ്രസവിച്ച സ്ത്രീകള്‍ അല്ലാതെ മറ്റാരുമല്ല. തീര്‍ച്ചയായും അവര്‍ നിഷിദ്ധമായ വാക്കും അസത്യവുമാണ് പറയുന്നത്. തീര്‍ച്ചയായും അല്ലാഹു അധികം മാപ്പുനല്‍കുന്നവനും പൊറുക്കുന്നവനുമാണ്.
1) റസൂലി(ﷺ)ന്റെ കാലത്ത് അറബികള്‍ക്കിടയില്‍ നിലവിലുണ്ടായിരുന്ന ഒരു ദുരാചാരമാണ് 'ദ്വിഹാര്‍'. 'ഇനിമേല്‍ നീയുമായുള്ള ലൈംഗികബന്ധം എനിക്ക് എന്റെ മാതാവുമായുള്ള ലൈംഗികബന്ധം പോലെ നിഷിദ്ധമാകുന്നു' എന്നു പ്രഖ്യാപിച്ചുകൊണ്ട് ഒരാള്‍ തന്റെ ഭാര്യയുമായുള്ള ബന്ധം വിഛേദിക്കുന്നതിന്നാണ് 'ദ്വിഹാര്‍' എന്ന് പറയുന്നത്.
തങ്ങളുടെ ഭാര്യമാരെ മാതാക്കള്‍ക്ക് തുല്യമായി പ്രഖ്യാപിക്കുകയും, പിന്നീട് തങ്ങള്‍ പറഞ്ഞതില്‍ നിന്ന് മടങ്ങുകയും ചെയ്യുന്നവര്‍, അവര്‍ പരസ്പരം സ്പര്‍ശിക്കുന്നതിനു മുമ്പായി ഒരു അടിമയെ മോചിപ്പിക്കേണ്ടതാണ്.(2) അത് നിങ്ങള്‍ക്കു നല്‍കപ്പെടുന്ന ഉപദേശമാണ്. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മജ്ഞാനമുള്ളവനാകുന്നു.
ഇനി വല്ലവന്നും (അടിമയെ) ലഭിക്കാത്ത പക്ഷം, അവര്‍ പരസ്പരം സ്പര്‍ശിക്കുന്നതിന് മുമ്പായി തുടര്‍ച്ചയായി രണ്ടുമാസക്കാലം നോമ്പനുഷ്ഠിക്കേണ്ടതാണ്. വല്ലവന്നും (അത്) സാധ്യമാകാത്ത പക്ഷം അറുപതു അഗതികള്‍ക്ക് ആഹാരം നല്‍കേണ്ടതാണ്. അത് അല്ലാഹുവിലും അവന്‍റെ ദൂതനിലും നിങ്ങള്‍ വിശ്വസിക്കാന്‍ വേണ്ടിയത്രെ. അവ അല്ലാഹുവിന്‍റെ പരിധികളാകുന്നു. സത്യനിഷേധികള്‍ക്ക് വേദനയേറിയ ശിക്ഷയുണ്ട്.
തീര്‍ച്ചയായും അല്ലാഹുവെയും അവന്‍റെ ദൂതനെയും എതിര്‍ത്തു കൊണ്ടിരിക്കുന്നവര്‍ അവരുടെ മുമ്പുള്ളവര്‍ വഷളാക്കപ്പെട്ടത് പോലെ വഷളാക്കപ്പെടുന്നതാണ്. സുവ്യക്തമായ പല തെളിവുകളും നാം അവതരിപ്പിച്ചിട്ടുണ്ട്. സത്യനിഷേധികള്‍ക്ക് അപമാനകരമായ ശിക്ഷയുമുണ്ട്.
അല്ലാഹു അവരെയെല്ലാം ഉയിര്‍ത്തെഴുന്നേല്‍പിക്കുകയും, എന്നിട്ട് അവര്‍ പ്രവര്‍ത്തിച്ചതിനെപ്പറ്റി അവരെ വിവരമറിയിക്കുകയും ചെയ്യുന്ന ദിവസം. അല്ലാഹു അത് തിട്ടപ്പെടുത്തുകയും അവരത് മറന്നുപോകുകയും ചെയ്തു. അല്ലാഹു ഏത് കാര്യത്തിനും സാക്ഷിയാകുന്നു.
ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും അല്ലാഹു അറിയുന്നുണ്ടെന്ന് നീ കാണുന്നില്ലേ? മൂന്നു പേര്‍ തമ്മിലുള്ള യാതൊരു രഹസ്യസംഭാഷണവും അവന്‍ (അല്ലാഹു) അവര്‍ക്കു നാലാമനായികൊണ്ടല്ലാതെ ഉണ്ടാവുകയില്ല. അഞ്ചുപേരുടെ സംഭാഷണമാണെങ്കില്‍ അവന്‍ അവര്‍ക്കു ആറാമനായികൊണ്ടുമല്ലാതെ. അതിനെക്കാള്‍ കുറഞ്ഞവരുടെയോ, കൂടിയവരുടെയോ (സംഭാഷണം) ആണെങ്കില്‍ അവര്‍ എവിടെയായിരുന്നാലും അവന്‍ അവരോടൊപ്പമുണ്ടായിട്ടല്ലാതെ. പിന്നീട് ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍, അവര്‍ പ്രവര്‍ത്തിച്ചതിനെപ്പറ്റി അവരെ അവന്‍ വിവരമറിയിക്കുന്നതാണ്. തീര്‍ച്ചയായും അല്ലാഹു ഏത് കാര്യത്തെ പറ്റിയും അറിവുള്ളവനാകുന്നു.
രഹസ്യസംഭാഷണം നടത്തുന്നതില്‍ നിന്ന് വിലക്കപ്പെട്ടിട്ടുള്ളവരെ നീ കണ്ടില്ലേ? അവര്‍ ഏതൊന്നില്‍ നിന്നു വിലക്കപ്പെട്ടുവോ അതിലേക്കവര്‍ പിന്നീട് മടങ്ങുന്നു.(3) പാപത്തിനും അതിക്രമത്തിനും റസൂലിനെ ധിക്കരിക്കുന്നതിനും അവര്‍ പരസ്പരം രഹസ്യഉപദേശം നടത്തുകയും ചെയ്യുന്നു. അവര്‍ നിന്‍റെ അടുത്ത് വന്നാല്‍ നിന്നെ അല്ലാഹു അഭിവാദ്യം ചെയ്തിട്ടില്ലാത്ത രീതിയില്‍ അവര്‍ നിനക്ക് അഭിവാദ്യമര്‍പ്പിക്കുകയും ചെയ്യും.(4) ഞങ്ങള്‍ ഈ പറയുന്നതിന്‍റെ പേരില്‍ അല്ലാഹു ഞങ്ങളെ ശിക്ഷിക്കാതിരിക്കുന്നത് എന്തുകൊണ്ടാണെന്ന് അവര്‍ അന്യോന്യം പറയുകയും ചെയ്യും. അവര്‍ക്കു നരകം മതി. അവര്‍ അതില്‍ എരിയുന്നതാണ്. ആ പര്യവസാനം എത്ര ചീത്ത.
3) മുസ്‌ലിംകളോടൊപ്പം ഇടകലര്‍ന്ന് ജീവിച്ചിരുന്ന കപടവിശ്വാസികള്‍ മുസ്‌ലിംകള്‍ക്കെതിരില്‍ പലതരം ഉപജാപങ്ങളില്‍ ഏര്‍പ്പെടുന്നതായി വിവരം ലഭിച്ചപ്പോള്‍ പ്രത്യേക ഗ്രൂപ്പുകള്‍ ചേര്‍ന്ന് രഹസ്യസംഭാഷണം നടത്തുന്നത് നബി(ﷺ) നിരോധിക്കുകയുണ്ടായി. പക്ഷേ, കപടന്മാര്‍ ആ വിലക്ക് ലംഘിച്ചുകൊണ്ട് വീണ്ടും ഗൂഢാലോചനകളില്‍ ഏര്‍പ്പെടാന്‍ തുടങ്ങി. അതിനെപ്പറ്റിയാണ് ഇവിടെ പരാമര്‍ശിക്കുന്നത്.
4) 'അസ്സലാമു അലൈക്കും' (നിങ്ങള്‍ക്ക് സമാധാനം ഉണ്ടായിരിക്കട്ടെ) എന്നാണ് അല്ലാഹു അംഗീകരിച്ച അഭിവാദ്യം. എന്നാല്‍ സലാം എന്ന വ്യാജേന കപടന്മാര്‍ മുസ്‌ലിംകളോട് പറഞ്ഞിരുന്നത് 'അസ്സാമു അലൈക്കും' (നിങ്ങള്‍ക്ക് മരണം) എന്നായിരുന്നു.
സത്യവിശ്വാസികളേ, നിങ്ങള്‍ രഹസ്യസംഭാഷണം നടത്തുകയാണെങ്കില്‍ അധര്‍മ്മത്തിനും അതിക്രമത്തിനും റസൂലിനെ ധിക്കരിക്കുന്നതിനും നിങ്ങള്‍ രഹസ്യസംഭാഷണം നടത്തരുത്. പുണ്യത്തിന്‍റെയും ഭയഭക്തിയുടെയും കാര്യത്തില്‍ നിങ്ങള്‍ രഹസ്യഉപദേശം നടത്തുക. ഏതൊരു അല്ലാഹുവിങ്കലേക്ക് നിങ്ങള്‍ ഒരുമിച്ചുകൂട്ടപ്പെടുമോ അവനെ നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുക.
സത്യവിശ്വാസികളേ, നിങ്ങള്‍ സദസ്സുകളില്‍ സൗകര്യപ്പെടുത്തി കൊടുക്കുക എന്ന് നിങ്ങളോടു പറയപ്പെട്ടാല്‍ നിങ്ങള്‍ സൗകര്യപ്പെടുത്തികൊടുക്കണം. എങ്കില്‍ അല്ലാഹു നിങ്ങള്‍ക്കും സൗകര്യപ്പെടുത്തിത്തരുന്നതാണ്. നിങ്ങള്‍ എഴുന്നേറ്റു പോകണമെന്ന് പറയപ്പെട്ടാല്‍ നിങ്ങള്‍ എഴുന്നേറ്റു പോകണം. നിങ്ങളില്‍ നിന്ന് വിശ്വസിച്ചവരെയും വിജ്ഞാനം നല്‍കപ്പെട്ടവരെയും അല്ലാഹു പല പടികള്‍ ഉയര്‍ത്തുന്നതാണ്. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു.
സത്യവിശ്വാസികളേ, നിങ്ങള്‍ റസൂലുമായി രഹസ്യസംഭാഷണം നടത്തുകയാണെങ്കില്‍ നിങ്ങളുടെ രഹസ്യസംഭാഷണത്തിന്‍റെ മുമ്പായി ഏതെങ്കിലുമൊരു ദാനം നിങ്ങള്‍ അര്‍പ്പിക്കുക.(5) അതാണു നിങ്ങള്‍ക്കു ഉത്തമവും കൂടുതല്‍ പരിശുദ്ധവുമായിട്ടുള്ളത്. ഇനി നിങ്ങള്‍ക്ക് (ദാനം ചെയ്യാന്‍) ഒന്നും കിട്ടിയില്ലെങ്കില്‍ തീര്‍ച്ചയായും അല്ലാഹു എറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
5) റസൂല്‍(സ)ന്റെ സദസ്സ് ഒരു തുറന്ന സദസ്സായിരുന്നു. സ്വഹാബികള്‍ക്ക് ആര്‍ക്കും അവിടെവെച്ച് റസൂലിനോട് കാര്യങ്ങള്‍ ചോദിച്ച് മനസ്സിലാക്കാമായിരുന്നു. റസൂല്‍(ﷺ) നല്കുന്ന മറുപടി എല്ലാവര്‍ക്കും കേട്ട് മനസ്സിലാക്കാന്‍ സൗകര്യപ്പെടുന്നുവെന്നതിനാല്‍ ഈ പൊതുസദസ്സ് ഒരു നല്ല പ്രബോധനോപാധികൂടിയായിരുന്നു.
എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായി റസൂലു(ﷺ)മായി വിവിധ വിഷയങ്ങളെ സംബന്ധിച്ച് രഹസ്യസംഭാഷണം നടത്തണമെന്ന് നിര്‍ബന്ധമുള്ള ചിലരുണ്ടായിരുന്നു. റസൂലി(ﷺ)നോട് സ്വകാര്യ സംഭാഷണം നടത്താന്‍ അവസരം ലഭിക്കുന്നത് ഒരു അഭിമാനപ്രശ്‌നമായി കരുതിയിരുന്ന സമ്പന്നരായിരുന്നു ഇവരില്‍ ഭൂരിഭാഗം. റസൂലി(ﷺ)ന്റെ സന്തതസഹചാരികളില്‍ പലരും ദരിദ്രരായിരുന്നു. അവരോടൊപ്പം സമയം ചെലവഴിക്കാനോ, അവര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കാനോ സാധിക്കാത്തവിധം സ്വകാര്യ സംഭാഷണങ്ങള്‍ കൂടുതല്‍ കൂടുതല്‍ അനുവദിക്കേണ്ടി വന്ന സാഹചര്യത്തിലാണ് അത്തരം സംഭാഷണങ്ങള്‍ നിയന്ത്രിക്കുന്നതിനും, സ്വകാര്യസംഭാഷണത്തിന് അവസരം തേടി വരുന്നവരുടെ ആത്മാര്‍ത്ഥത പരിശോധിക്കാനും വേണ്ടി റസൂലി(ﷺ)നോട് സ്വകാര്യ സംഭാഷണത്തില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ അതിന് മുമ്പായി ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും വേണ്ടി എന്തെങ്കിലും ദാനം ചെയ്യണമെന്ന് അനുശാസിക്കപ്പെട്ടത്. ഇത് ധനികര്‍ക്ക് മാത്രമുള്ള ശാസനയായിരുന്നുവെന്ന് പല വ്യാഖ്യാതാക്കളും വ്യക്തമാക്കിയിട്ടുണ്ട്.
നിങ്ങളുടെ രഹസ്യസംഭാഷണത്തിനു മുമ്പായി നിങ്ങള്‍ ദാനധര്‍മ്മങ്ങള്‍ അര്‍പ്പിക്കുന്നതിനെപ്പറ്റി നിങ്ങള്‍ ഭയപ്പെട്ടിരിക്കുകയാണോ?(6) എന്നാല്‍ നിങ്ങളത് ചെയ്യാതിരിക്കുകയും അല്ലാഹു നിങ്ങളുടെ നേരെ (പാപമോചനം കൊണ്ട്) മടങ്ങുകയും ചെയ്തിരിക്കയാല്‍ നിങ്ങള്‍ നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും അല്ലാഹുവെയും അവന്‍റെ റസൂലിനെയും നിങ്ങള്‍ അനുസരിക്കുകയും ചെയ്യുക.(7) അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു.
6) പിശുക്കുള്ള പലരും പിന്നീട് സ്വകാര്യ സംഭാഷണങ്ങള്‍ക്ക് ആവശ്യപ്പെട്ടുവരാതെയായി.
7) റസൂലു(ﷺ)മായി രഹസ്യസംഭാഷണം നടത്താന്‍ അവസരം ലഭിക്കുന്നതിലല്ല ഇസ്‌ലാമിന്റെ വിധിവിലക്കുകള്‍ പാലിക്കുന്നതിലാണ് മഹത്വം കുടികൊള്ളുന്നത്.
അല്ലാഹു കോപിച്ച ഒരു വിഭാഗ (യഹൂദര്‍) വുമായി മൈത്രിയില്‍ ഏര്‍പെട്ടവരെ (മുനാഫിഖുകളെ) നീ കണ്ടില്ലേ? അവര്‍ നിങ്ങളില്‍ പെട്ടവരല്ല. അവരില്‍ (യഹൂദരില്‍) പെട്ടവരുമല്ല. അവര്‍ അറിഞ്ഞു കൊണ്ട് കള്ള സത്യം ചെയ്യുന്നു.
അവരുടെ ശപഥങ്ങളെ അവര്‍ ഒരു പരിചയാക്കിത്തീര്‍ത്തിരിക്കുന്നു. അങ്ങനെ അവര്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് (ജനങ്ങളെ) തടഞ്ഞു. അതിനാല്‍ അവര്‍ക്ക് അപമാനകരമായ ശിക്ഷയുണ്ട്.
അല്ലാഹു അവരെയെല്ലാം ഉയിര്‍ത്തെഴുന്നേല്‍പിക്കുന്ന ദിവസം. നിങ്ങളോടവര്‍ ശപഥം ചെയ്യുന്നത് പോലെ അവനോടും അവര്‍ ശപഥം ചെയ്യും. തങ്ങള്‍ (ഈ കള്ള സത്യം മൂലം) എന്തോ ഒന്ന് നേടിയതായി അവര്‍ വിചാരിക്കുകയും ചെയ്യും. അറിയുക: തീര്‍ച്ചയായും അവര്‍ തന്നെയാകുന്നു കള്ളം പറയുന്നവര്‍.
പിശാച് അവരെ കീഴടക്കി വെക്കുകയും അങ്ങനെ അല്ലാഹുവെ പറ്റിയുള്ള ഉല്‍ബോധനം അവര്‍ക്ക് വിസ്മരിപ്പിച്ചു കളയുകയും ചെയ്തിരിക്കുന്നു. അക്കൂട്ടരാകുന്നു പിശാചിന്‍റെ കക്ഷി. അറിയുക; തീര്‍ച്ചയായും പിശാചിന്‍റെ കക്ഷി തന്നെയാകുന്നു നഷ്ടക്കാര്‍.
അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരു ജനത അല്ലാഹുവോടും അവന്‍റെ റസൂലിനോടും എതിര്‍ത്തു നില്‍ക്കുന്നവരുമായി സ്നേഹബന്ധം പുലര്‍ത്തുന്നത് നീ കണ്ടെത്തുകയില്ല. അവര്‍ (എതിര്‍പ്പുകാര്‍) അവരുടെ പിതാക്കളോ, പുത്രന്‍മാരോ, സഹോദരന്‍മാരോ ബന്ധുക്കളോ ആയിരുന്നാല്‍ പോലും. അത്തരക്കാരുടെ(8) ഹൃദയങ്ങളില്‍ അല്ലാഹു വിശ്വാസം രേഖപ്പെടുത്തുകയും അവന്‍റെ പക്കല്‍ നിന്നുള്ള ഒരു ആത്മചൈതന്യം കൊണ്ട് അവന്‍ അവര്‍ക്ക് പിന്‍ബലം നല്‍കുകയും ചെയ്തിരിക്കുന്നു. താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ അവന്‍ അവരെ പ്രവേശിപ്പിക്കുകയും ചെയ്യും. അവരതില്‍ നിത്യവാസികളായിരിക്കും. അല്ലാഹു അവരെ പറ്റി തൃപ്തിപ്പെട്ടിരിക്കുന്നു. അവര്‍ അവനെ പറ്റിയും തൃപ്തിപ്പെട്ടിരിക്കുന്നു. അത്തരക്കാരാകുന്നു അല്ലാഹുവിന്‍റെ കക്ഷി. അറിയുക: തീര്‍ച്ചയായും അല്ലാഹുവിന്‍റെ കക്ഷിയാകുന്നു വിജയം പ്രാപിക്കുന്നവര്‍.
Contents of the translations can be downloaded and re-published, with the following terms and conditions:
1. No modification, addition, or deletion of the content.
2. Clearly referring to the publisher and the source (QuranEnc.com).
3. Mentioning the version number when re-publishing the translation.
4. Keeping the transcript information inside the document.
5. Notifying the source (QuranEnc.com) of any note on the translation.
6. Updating the translation according to the latest version issued from the source (QuranEnc.com).
7. Inappropriate advertisements must not be included when displaying translations of the meanings of the Noble Quran.
搜索结果:
API specs
Endpoints:
Sura translation
GET / https://quranenc.com/api/v1/translation/sura/{translation_key}/{sura_number} description: get the specified translation (by its translation_key) for the speicified sura (by its number)
Parameters: translation_key: (the key of the currently selected translation) sura_number: [1-114] (Sura number in the mosshaf which should be between 1 and 114)
Returns:
json object containing array of objects, each object contains the "sura", "aya", "translation" and "footnotes".
GET / https://quranenc.com/api/v1/translation/aya/{translation_key}/{sura_number}/{aya_number} description: get the specified translation (by its translation_key) for the speicified aya (by its number sura_number and aya_number)
Parameters: translation_key: (the key of the currently selected translation) sura_number: [1-114] (Sura number in the mosshaf which should be between 1 and 114) aya_number: [1-...] (Aya number in the sura)
Returns:
json object containing the "sura", "aya", "translation" and "footnotes".